യാത്ര ആരംഭിക്കുന്നു

നവംബര്‍ ഒന്നാം തീയതി വൈകുന്നേരം നാലു മണിയോടടുപ്പിച്ച് ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററില്‍ നിന്നുള്ള ഹാജിമാരെയും വഹിച്ചു കൊണ്ടുള്ള ബസ്സ് പുണ്യ ഭൂമിയായ മദീനയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ബസ്സിലെ സീറ്റുകള്‍ എല്ലാം (വഴിക്ക് ദമ്മാമില്‍ നിന്നും കയറാനുള്ള ഒരു കുടുംബത്തിന്‍റെ രണ്ടു സീറ്റുകള്‍ ഒഴിച്ച്) ഫുള്‍ ആയിരുന്നു. ബസ്‌ പുറപ്പെട്ട ഉടനെ ഞങ്ങളുടെ ഗ്രൂപ്പിന്‍റെ അമീര്‍ (നേതാവ്‌) ആയ ഇബ്രാഹിം ഉസ്താദ്‌ ഹജ്ജിനെ കുറിച്ചും, ഹജ്ജ്‌ കര്‍മ്മങ്ങള്‍ക്കിടെ നിര്‍വ്വഹിക്കേണ്ട പ്രാര്‍ത്ഥനകളെ കുറിച്ചും മൈക്കിലൂടെ സംസാരിച്ചു തുടങ്ങുകയും അതിനെ കുറിച്ച് പ്രതിപാദിക്കുന്ന കൈപ്പുസ്തകങ്ങളും, ലഘുലേഘകളും വിതരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം ഓരോ പ്രാര്‍ഥനയും എല്ലാവരും മനപാഠം ആക്കാന്‍ നിര്‍ദ്ദേശിക്കുകയും , മനപാഠമാക്കിയോ എന്ന് ഓരോരുത്തരുടെയും അടുത്ത് ചെന്ന് പലതവണ അദ്ദേഹം പരിശോധിക്കുകയും ചെയ്തു. ചെറുപ്പത്തില്‍ മദ്രസയില്‍ പഠിക്കുമ്പോള്‍ അറബി കാണാതെ പഠിച്ചതോഴിച്ചാല്‍ അതിനു ശേഷം മതത്തെക്കുറിച്ച് പഠിക്കാന്‍ എല്ലാം മലയാളത്തിലുള്ള വിവര്‍ത്തനങ്ങള്‍ ആണ് ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്. പലരെയും പോലെ ,മനസ്സിലാകാത്ത അറബിയില്‍ പ്രാര്‍ഥിക്കുന്നത് അര്‍ത്ഥ ശൂന്യമാണ് എന്ന വാദഗതിയും എന്‍റെ മനസ്സില്‍ വേരുറച്ചിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയില്‍ ഉരുവിടുന്ന വാക്കുകള്‍ക്ക് അറബി ഭാഷയിലൂടെ സാധ്യമാകുന്ന അര്‍ഥവ്യാപ്തി മറ്റൊരു ഭാഷയിലൂടെയും സാധ്യമാകില്ല എന്ന്‍ ഉസ്താദ്‌ പറഞ്ഞു മനസ്സിലാക്കി തന്നു. അറബിയില്‍ അര്‍ഥം മനസ്സിലാക്കി പഠിച്ചു പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നതിലെ മഹത്വങ്ങളും അദ്ദേഹം പറഞ്ഞു തന്നതോടെ ആദ്യം തോന്നിയ മടുപ്പ് താല്പര്യത്തിലേക്ക് വഴി മാറി. ഒരു കൊച്ചു കുട്ടിയുടെ ഏകാഗ്രമനസ്സോടെ അവ ഉരുവിട്ടു പഠിക്കുവാനും, പഠിച്ചത് ഉസ്താദിനെ ചൊല്ലിക്കെള്‍പ്പിച്ചു കിട്ടുന്ന മനസംതൃപ്തിയില്‍ നിര്‍വൃതിയടയാനും കഴിഞ്ഞത് യാത്രയുടെ ക്ലേശം തന്നെ കുറച്ചു തന്നു. ഹജ്ജ്‌ കര്‍മ്മങ്ങളുടെ വേളകളില്‍  ആ പ്രാര്‍ത്ഥനകള്‍ സ്വന്തമായി പഠിച്ച് ഉരുവിട്ടത് മനസ്സിന് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവും, സംതൃപ്തിയും ചില്ലറയായിരുന്നില്ല. ഇക്കാര്യത്തില്‍ ഏറെ ശുഷ്കാന്തി കാണിച്ച ഇബ്രാഹിം ഉസ്താദിനോടുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങുന്നില്ല. പടച്ചവന്‍ അദ്ദേഹത്തിന് അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ – ആമീന്‍.

സൗദി അറേബ്യയില്‍ പെട്രോള്‍ ബങ്കുകള്‍ക്ക്- അത് ഏതു കുഗ്രാമത്തില്‍ ആയാലും- ചില സവിശേഷതകള്‍ ഉണ്ടായിരിക്കും. അവിടെ ഒരു പള്ളി, ബാത്ത്റൂം സൗകര്യം , റെസ്റ്റൊറന്റ്റ്‌ , പീടിക എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ദാമ്മാമിലെക്കുള്ള വഴിയില്‍ ബസ്‌ ഒരു പെട്രോള്‍ ബങ്കില്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ആദ്യം പള്ളിയില്‍ പോയി നമസ്കരിച്ചു. അത്താഴം കഴിക്കാന്‍ സമയം ആകാത്തതിനാല്‍ ഞങ്ങള്‍ അടുത്ത സൌകര്യപ്രദമായ പെട്രോള്‍ ബങ്കില്‍ നിര്‍ത്താം എന്നുള്ള ധാരണയോടെ യാത്ര തുടര്‍ന്നു. ഇടക്ക് ദമ്മാമില്‍ നിന്നുള്ള ഹാജിമാരുടെ സംഘങ്ങള്‍ അടങ്ങിയ രണ്ടു ബസുകള്‍ കൂടി ചേര്‍ന്ന് ഒരു കൊണ്വോയ് ആയാണ് ഞങ്ങള്‍ യാത്ര തുടര്‍ന്നത്. ദമ്മാം സംഘത്തിന്‍റെ അമീര്‍ ജബ്ബാര്‍ ഉസ്താദ്‌ ആണ്. അദ്ദേഹവും വളരെ നല്ല ഒരു പണ്ഡിതന്‍ ആണ്. ഹജ്ജിന്‍റെ വേളയില്‍ കൂടുതല്‍ സമയം തങ്ങുന്ന മിനയിലെ ടെന്‍റില്‍ വച്ച് അദ്ദേഹവും മറ്റു പണ്ഡിതന്മാരും നടത്തിയ പ്രഭാഷണങ്ങള്‍ ഞങ്ങള്‍ എല്ലാവരുടെയും മനസ്സുകളില്‍ പകര്‍ന്നു തന്ന പ്രകാശത്തിന്‍റെ പൊന്‍കിരണങ്ങള്‍ ഞങ്ങളുടെ ആരാധനകളുടെ പൂര്‍ണ്ണതയില്‍ ചെലുത്തിയ സ്വാധീനം വര്‍ണ്ണനകള്‍ക്കും അതീതം തന്നെ‍. ഇടക്ക് ഭക്ഷണം കഴിക്കാന്‍ മൂന്നു ബസ്സുകളും ഹൈവേയിലുള്ള ഒരു പെട്രോള്‍ ബങ്കില്‍ നിര്‍ത്തി. അവിടെ ഞങ്ങള്‍ മൂന്നു ബസുകളിലെയും ആളുകള്‍ വെറും നിലത്ത് വിരിച്ച ടാര്‍പോളിന്‍ ഷീറ്റുകളില്‍ ഇരുന്നു ഭക്ഷണം കഴിച്ചു.

ഭക്ഷണ ശേഷം ബാത്ത്‌റൂമില്‍ കൊണ്ട് പോയപ്പോള്‍ “ഇവിടെ ഒരു വൃത്തിയുമില്ല” എന്ന് പറഞ്ഞു ആറുവയസ്സുകാരി മകള്‍ ബഹളം കൂട്ടി.

ഞാന്‍ പറഞ്ഞു ” മോളെ – ഇനിയുള്ള നമ്മുടെ യാത്രകളില്‍ ഒരു പക്ഷെ ഇതിലും വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍ ആയിരിക്കാം നമുക്ക് ലഭിക്കുക. അത് കൊണ്ട് നീ ഇങ്ങനെ ഒന്നും വാശി പിടിക്കല്ലേ” എന്‍റെ സ്നേഹമസൃണമായ വാക്കുകള്‍ കേട്ട് അവള്‍ മനസ്സില്ലാ മനസ്സോടെ വഴങ്ങി. ഹജ്ജിന്‍റെ ഏറ്റവും വലിയ സന്ദേശം – അല്ലെങ്കില്‍ ഹജ്ജ്‌ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം – നമ്മുടെ അഹങ്കാരത്തിന് നല്‍കുന്ന അടി ആണെന്നത് ഓരോരുത്തരും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഇന്നലെ വരെ പട്ടു മെത്തകളില്‍ ഉറങ്ങി , ഡൈനിംഗ് ടേബിളുകളില്‍ ഇരുന്നു ഉണ്ട് ശീലിച്ച നമ്മള്‍ റോഡരികുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നു….വൃത്തി ഹീനമായ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

മോളെ കൂടെ കൊണ്ട് പോകാന്‍ അവസാന നിമിഷം വരെ പദ്ധതി ഇല്ലാതിരുന്നതിനാല്‍ ബസ്സില്‍ അവള്‍ക്ക് പ്രത്യേകം സീറ്റ്‌ ഉണ്ടായിരുന്നില്ല. എന്‍റെ മടിയില്‍ ആണ് അവളെ കിടത്തി ഉറക്കിയത്. അത് എന്‍റെ ഉറക്കം പൂര്‍ണ്ണമായും നഷ്ടപ്പെടുത്തി. ഒരു വേള അറിയാതെ ഒന്ന് മയങ്ങിപ്പോയ പോയ ഞാന്‍ ഉണര്‍ന്നെണീറ്റപ്പോള്‍ മകളുടെ കാലുകള്‍ എന്‍റെ മടിയിലും തല താഴെയും ! അതോടെ മകളെ മടിയില്‍ കിടത്തിക്കൊണ്ട് തന്നെ അല്‍പ്പം മയങ്ങാം എന്ന വ്യാമോഹങ്ങള്‍ എല്ലാം കാറ്റില്‍ പറന്നു.

മദീനയില്‍

                                                 മദീനയിലുള്ള സുഹൃത്ത്‌ ഫവാസിനോടൊപ്പം 

ഞങ്ങള്‍ പിറ്റേന്ന് രാവിലെ പത്തരയോടെ തന്നെ മദീനയില്‍ എത്തിച്ചേര്‍ന്നു. അന്നും, അതിന്‍റെ തലേ ദിവസവുമായി മദീനയില്‍ തമ്പടിച്ചിരുന്ന ഹാജിമാരെല്ലാം മക്കയിലേക്ക് യാത്ര ആയിക്കഴിഞ്ഞിരുന്നതിനാല്‍ മദീനയില്‍ അത്ര തിരക്ക് അനുഭവപ്പെട്ടില്ല. നേരെ ഞങ്ങള്‍ ഹോട്ടലിലേക്ക് ആനയിക്കപ്പെട്ടു. എനിക്കും, അലി , ജാരിസ്‌ എന്നീ രണ്ടു സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി അടുത്തടുത്ത്‌ ആയി (പുരുഷന്മാര്‍ക്കും , സ്ത്രീകള്‍ക്കും വെവ്വേറെ) മൂന്നു വീതം ആളുകള്‍ക്ക് താമസിക്കാവുന്ന രണ്ടു മുറികള്‍ താഴത്തെ നിലയില്‍ തന്നെ ലഭിച്ചു. വേഗം തന്നെ എല്ലാവരും ഓരോരുത്തരായി കുളിച്ചു വസ്ത്രം മാറി. മദീന പള്ളിയിലേക്ക് ഒരു അഞ്ചു മിനിട്ട് നടക്കാവുന്ന ദൂരം മാത്രം. ഞാനും , ജാരിസും , അലിയും പിന്നെ ഞങ്ങളുടെ ഭാര്യമാരും , എന്‍റെ മകള്‍ ഹനാനും മദീന പള്ളിയില്‍ എത്തി. (ഞങ്ങളുടെ കൂട്ടത്തില്‍ രണ്ടു കൈക്കുഞ്ഞുങ്ങളെ ഒഴിച്ചാല്‍ ആകെയുള്ള കുട്ടി ആണ് എന്‍റെ മകള്‍. മറ്റുള്ളവര്‍ എല്ലാവരും തങ്ങളുടെ മക്കളെ ബന്ധുക്കളെ ഏല്‍പ്പിച്ചിട്ടാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ക്ക് ജുബൈലിലോ, ദാമ്മാമിലോ, കോബാറിലോ ബന്ധുക്കള്‍ ഇല്ല- ആകെ ഉള്ളത് ജിദ്ദയില്‍ ഭാര്യയുടെ ഉമ്മയുടെ അനിയത്തി ആണ്. എന്നാല്‍ ഞങ്ങളുടെ യാത്രയില്‍ ജെദ്ദ വഴി പോകുന്നില്ല. അവര്‍ക്ക് 450 കിലോമീറ്റര്‍ അകലെയുള്ള മദീനയില്‍ വന്നു മകളെ കൂട്ടിക്കൊണ്ടു പോകാനും കഴിയില്ല. അത് കൊണ്ട് എന്ത് ബുദ്ധിമുട്ടിയാലും അവളെ കൂടെ കൂട്ടാന്‍ തന്നെ ഞങ്ങളെ നിര്‍ബന്ധിതരാക്കി. മകളെ കൂടെ കൂട്ടിയത്  അഭിമുഘീകരിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഏറെ പ്രയാസപ്പെടുതുന്നതയിരിക്കും എന്ന ഒരു തോന്നല്‍ ഞങ്ങളില്‍ താല്‍ക്കാലികമായെങ്കിലും ജനിപ്പിച്ചിരുന്നെങ്കിലും പടച്ചവന്‍റെ അപാരമായ അനുഗ്രഹത്താല്‍ യാത്രയിലുടനീളം അവള്‍ ഞങ്ങള്‍ക്ക് ഒരിക്കല്‍ പോലും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല എന്നതില്‍ ഞാന്‍ പടച്ചവനെ സ്തുതിക്കുന്നു. മാത്രമല്ല മിന ടെന്‍റില്‍ അവള്‍ക്കു ലഭിച്ച കൂട്ടുകാരെ ചൊല്ലിയും, ചെല്ലുന്നിടത്തെല്ലാം കണ്ടുമുട്ടിയ പുരുഷാരത്തെകുറിച്ചും എല്ലാം പറയുമ്പോള്‍ പിന്നീട് അവള്‍ ഏറെ സന്തോഷവതി ആയിരുന്നുതാനും !

മദീന പള്ളിക്കുള്ളില്‍ ,അന്ന് പ്രവാചകന്‍റെ വീടിനും പള്ളിക്കും ഇടയില്‍ നിലനിന്നിരുന്ന , സ്വര്‍ഗ്ഗപ്പൂങ്കാവനത്തിന്‍റെ ഭാഗം എന്ന് നബി തിരുമേനി വിശേഷിപ്പിച്ചിട്ടുള്ള റൌള ഷരീഫില്‍ – തിരക്ക് മൂലം അല്‍പം കഷ്ടപ്പെട്ടിട്ടാണെങ്കിലുംനമസ്കരിക്കാന്‍ സാധിച്ചു . ആദ്യമായാണ്‌ മദീന സന്ദര്‍ശിക്കുന്നത്. പലരും പറഞ്ഞു കേട്ടിട്ടുള്ള മദീനയുടെ കുളിര്‍മ്മയും, ശാന്തതയും ഞങ്ങള്‍ക്കും അനുഭവഭേദ്യമായി. പ്രവാചകനും , അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട അബൂബക്കര്‍(റ.അ) ഉമര്‍ (റ.അ) എന്നിവരും അന്ത്യവിശ്രമം കൊളളുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചു. റസൂലുളളായെയും ശ്രേഷ്ഠരായ രണ്ടു സഹാബി വര്യന്മാരെയും അവര്‍ അന്ത്യവിശ്രമം ചെയ്യുന്ന ഇടത്ത് അഭിവാദ്യം ചെയ്യാന്‍ ഉള്ള ഭാഗ്യം നല്‍കിയ അല്ലാഹുവിന് സ്തുതി !!

വൈകുന്നേരം ആയിഷ (റ.അ) യും മറ്റു സഹാബി വര്യന്മാരും അന്ത്യ വിശ്രമം കൊള്ളുന്ന കബറിടങ്ങള്‍ കൂടി സന്ദര്‍ശിച്ചു. ഒരിടത്തും അലങ്കാരങ്ങളോ , ഉയര്‍ത്തിപ്പണിയലുകളോ ഇല്ല. അന്നവരെ അടക്കം ചെയ്തപ്പോള്‍ ഉള്ള അതെ നിലയില്‍ മണ്ണോടു ചേര്‍ന്ന് ആ വിശുദ്ധ വ്യക്തികളുടെ കബറിടങ്ങള്‍ നിലകൊള്ളുന്നു. ഉയര്‍ത്തിപ്പനണിയാനും, ആരാധനാകേന്ദ്രങ്ങള്‍ ആക്കാനും ആണെങ്കില്‍  പ്രവാചകന്‍റെയും , അനുച്ചരന്മാരുടെതിലും മികച്ചവരുടെ കബറുകള്‍ വേറെ എതുണ്ട് ? ഇസ്ലാമില്‍ കബാര്‍ ആരാധനകളെ ശക്തമായി എതിര്‍ക്കുന്ന  ഖുര്‍ആന്‍ വാക്യങ്ങളും , ഹദീസ്‌ ഉദ്ദരണികളും അവിടെ പല വലിയ ബോര്‍ഡുകളിലും എഴുതി വച്ചിരിക്കുന്നു. എന്നിട്ടും ഖബറുകള്‍ കെട്ടിപ്പോക്കാനും, മരിച്ചവരോട് സഹായാഭ്യര്‍ത്ഥനകള്‍ നടത്തി അവിടം പ്രാര്‍ത്ഥനാലയങ്ങള്‍ ആക്കാനും നമ്മുടെ നാട്ടില്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍  ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് മതത്തെ കച്ചവടച്ചരക്കാക്കാനുള്ള ചില സ്ഥാപിത താല്പര്യക്കാരുടെ  കച്ചവടതാല്‍പര്യങ്ങള്‍ മാത്രമാണെന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാവും.

ഇഷാ നമസ്കാരവും മദീനയില്‍ വച്ച് നിര്‍വ്വഹിച്ച ശേഷം രാത്രി എട്ടു മണിയോടെ ഞങ്ങള്‍ ഹോട്ടല്‍ റൂമുകളില്‍ തിരികെ എത്തി, കുളിച്ച് ഇഹ്റാമിന്‍റെ  വസ്ത്രം(പുരുഷന്മാര്‍ക്ക് രണ്ടു കഷണം വെള്ളത്തുണി – ഒന്ന് ഉടുക്കാനും , ഒന്ന് പുതക്കാനും – ഇത് കൂടാതെ തുന്നിയ വസ്ത്രങ്ങള്‍ ഒന്നും ശരീരത്തില്‍ ധരിക്കാന്‍ പാടില്ല) ധരിച്ചു. എല്ലാവരും ബസ്സുകളില്‍ കയറി. മക്കയിലേക്ക് പോകുന്ന വഴിയില്‍ ആദ്യം ഉഹദ് യുദ്ധം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ശേഷം മദീനയിലുള്ള പ്രവാചകന്‍ (സ.അ) ആദ്യമായി പണി കഴിപ്പിച്ച കുബ്ബ പള്ളി സന്ദര്‍ശിച്ച് അവിടെ നമസ്കരിച്ചു. പിന്നീട് മദീന-മക്ക വഴിയിലുള്ള മീഖാത്തില്‍ വച്ച് രണ്ടു റക്അത്ത് നമസ്കരിച്ച ശേഷം എല്ലാവരും ഉമ്രക്കുള്ള ഇഹ്റാമില്‍(ഉമ്ര ചെയ്യാന്‍ മനസ്സില്‍ കരുതിയുറപ്പിക്കുക) പ്രവേശിച്ചു.(മക്കയില്‍ എത്തിയ ശേഷം ആദ്യം ഉമ്ര നിര്‍വ്വഹിച്ച ശേഷം ഇഹ്രാമില്‍ നിന്ന് ഒഴിവായി പിന്നീട് അറഫ ദിനത്തിന്‍റെ തലേന്ന് വൈകുന്നേരം ഹജ്ജിനുള്ള ഇഹ്റാമില്‍ പ്രവേശിക്കാന്‍ ആണ് എല്ലാവരും തീരുമാനിച്ചിരിക്കുന്നത്. ഹജ്ജ്‌ അതിന്‍റെ കര്‍മ്മങ്ങളുടെ എണ്ണത്തില്‍ അല്‍പം വ്യത്യസ്തത പുലര്‍ത്തുന്ന മൂന്നു രീതികളില്‍ നിര്‍വ്വഹിക്കാം – അതില്‍ ഏറ്റവും ഉത്തമമായ രീതി എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത് ഇതാണ്)

മക്ക

പിറ്റേന്ന് രാവിലെ അഞ്ചു മണിയോടടുപ്പിച്ചു മക്കയില്‍ മസ്ജിദുല്‍ ഹറാമിനോടടുപ്പിച്ചു വണ്ടി നിര്‍ത്തി. അവിടെ അടുത്ത് കണ്ട പള്ളിയുടെ ബാത്റൂകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ആ പള്ളിയില്‍ പ്രഭാത നമസ്കാരം പൂര്‍ത്തിയാക്കിയ ശേഷം ഹറമില്‍ പോയി ഉമ്ര നിര്‍വ്വഹിച്ചു പത്തരയോടെ സഫ-മര്‍വ്വയില്‍ നിന്ന് പുറത്തിറങ്ങുന്ന ബാബുസ്സലം എന്നാ വാതിലിന്നടുത്തു എത്തിച്ചേരാന്‍ ആണ് അമീരന്മാരില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഓരോരുത്തരും ഒറ്റക്കും, കൂട്ടമായും ഹറമിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഞങ്ങളും അലിയുടെ കുടുംബവും ഒരുമിച്ചു നീങ്ങാന്‍ തീരുമാനിച്ചെങ്കിലും എന്‍റെ ഭാര്യക്ക് പിണഞ്ഞ രണ്ടു മറവികള്‍ ഞങ്ങള്‍ക്ക് തിരിച്ചടിയായി. ഒന്ന് – നമസ്കരിക്കുമ്പോള്‍ കാലില്‍ അണിയാന്‍ ഉള്ള സോക്സ് എടുക്കുവാന്‍ അവള്‍ മറന്നു.

രണ്ട് – അവളുടെ മൊബൈല്‍ ഫോണ്‍ എടുക്കുവാന്‍ മറന്നു !

അലിയെയും ഫാമിലിയും വിട്ട് ഞങ്ങള്‍ സോക്സ് വാങ്ങാന്‍ കട തിരഞ്ഞു നടന്നു. കുറെ തിരച്ചിലുകള്‍ക്കൊടുവില്‍ ഒരു കടയില്‍ നിന്നും സോക്സ് കിട്ടി. ഹറമില്‍ എത്തിയപ്പോള്‍ ദമ്മാമില്‍ നിന്നുള്ള , കുഞ്ഞു കുട്ടികള്‍ ഉള്‍പ്പെടെയുള്ള രണ്ട് കുടുംബങ്ങളെ കണ്ടു ,എനിക്ക് അല്‍പം ആശ്വാസം ആയി. ഭാര്യയെ അവരുടെ കൂടെ ബാത്റൂമില്‍ പറഞ്ഞയച്ചു. അവരുടെ ആണുങ്ങള്‍ ബാത്റൂമില്‍ പോയപ്പോള്‍ അവിടെ തനിച്ചു നില്‍ക്കെണ്ടല്ലോ എന്ന് കരുതി ഞാനും ,മോളും അവരോടൊപ്പം കൂടെ പോയി. അവര്‍ ബാത്റൂമില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ മകളുടെ കൈപിടിച്ചു പുറത്തു നിന്നു. തിരക്കിന്‍റെ കാര്യം പറഞ്ഞില്ലല്ലോ? ഒരു നിമിഷം ഇമ ചിമ്മിയാല്‍ ബാത്റൂമില്‍ നിന്നും അവര്‍ ഇറങ്ങിപ്പോകുന്നത് കാണാതെ വരുമെന്നതിനാല്‍ ഏറെ ശ്രദ്ധിച്ചാണ് ഞാന്‍ നിന്നിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യങ്ങളുടെ പരമ്പര അവിടെ തുടങ്ങുകയായിരുന്നു. ബാത്ത്റൂം വൃത്തിയാക്കുന്ന ജോലിക്കാര്‍  അവര്‍ അകത്തു കടന്ന ബാത്രൂമിന്‍റെ വാതിലുകള്‍ അകത്തു നിന്നു ബന്ധിച്ചു. ഞാന്‍ അല്‍പം പരിഭ്രാന്തനായി. അവിടെ കണ്ട യുണിഫോം അണിഞ്ഞ ഒരാളോട് ഞാന്‍ “ഈ അകത്തുള്ള ആളുകള്‍ ഏതു വഴിയിലൂടെ ആണ് വെളിയില്‍ വരിക” എന്ന് ഹിന്ദിയില്‍ ചോദിച്ചു. അയാള്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് തൊട്ടടുത്ത ബത്ത്രൂമിന്റെ മുന്നിലേക്ക്‌ ഞാന്‍ നില്‍പ്പിന്‍റെ സ്ഥാനം മാറ്റി. എന്നാല്‍ ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞിട്ടും അവര്‍ പുറത്തു വരാത്തത് കണ്ടു ഞാന്‍ ഭാര്യയും , അവരുടെ ഭാര്യമാരും കയറിപ്പോയ ബാത്രൂമിനടുത്തേക്ക് മകളെയും കൊണ്ട് നടന്നു. ഞാന്‍ അവിടെയെത്തുമ്പോള്‍ അവര്‍ രണ്ട് പേരും ഭാര്യാസമേതരായി അവിടെ നിന്നു പുറപ്പെടുവാന്‍ തുടങ്ങുന്നു. അവര്‍ക്കരികിലേക്ക് ഓടിച്ചെന്ന് ഞാന്‍ ,അവരുടെ കൂടെ വന്ന എന്‍റെ ഭാര്യ എവിടെ എന്ന് ചോദിച്ചു. ജുബൈലില്‍ നിന്നു വന്ന വേറെ ചില സ്ത്രീകള്‍ അകത്തുണ്ട്- ഭാര്യ അവരോടൊപ്പം ഉണ്ട് എന്ന് അവര്‍ പറഞ്ഞു. അവര്‍ ഹറമിലേക്ക് പോയി.

ഞാന്‍ വീണ്ടും അവളെ കാത്തു ബാത്ത്റൂമിന്‍റെ മുന്നില്‍ നില്‍പ്പായി. സമയം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ ബാത്ത്റൂം ആയതിനാല്‍ എത്തി നോക്കാനും പറ്റില്ല. വിളിച്ചന്വേഷിക്കാന്‍ അവളുടെ കൈയ്യില്‍ മൊബൈലും  ഇല്ല. വീണ്ടും ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൂടി കടന്നു പോയപ്പോള്‍ ഞാന്‍ ഏറെ അസ്വസ്ഥനായി. ഈ തിരക്കില്‍ നഷ്ടപ്പെട്ടു പോയ – ഭാഷ പോലും അറിയാത്ത വ്യക്തിയെ  എങ്ങനെ കണ്ടു പിടിക്കും എന്നോര്‍ത്ത് ഞാന്‍ ഏറെ പരിഭ്രാന്തനായി. ആരെ വിളിക്കും ? ആരോടന്വേഷിക്കും ? പിന്നെ ഞാന്‍ ആലോചിച്ചു – എന്തായാലും തിരികെ എത്തിച്ചേരണം എന്ന് പറഞ്ഞ സമയത്തോടടുക്കുകയാണ്. ഞാന്‍ മൂലം മറ്റുള്ള എല്ലാവരും കഷ്ടപ്പെടുവാന്‍ പാടില്ല. അല്ലാഹുവിന്‍റെ അതിഥികള്‍ ആയിട്ടല്ലേ നാം ഇവിടെ എത്തിയിരിക്കുന്നത് ? അതുകൊണ്ട് അവനെ തന്നെ ഭരമെല്‍പ്പിക്കാം. ആദ്യം മകളെയും കൂട്ടി ഉമ്ര നിര്‍വ്വഹിക്കാം. പടച്ചവന്‍ തന്നെ അവളെ സുരക്ഷിതമായി എന്‍റെ അടുത്ത് എത്തിക്കും. ഞാന്‍ മകളെയും കൂട്ടി കഅബയെ ലക്ഷ്യമാക്കി നടന്നു. കഅബയുടെ വാതിലിന് നേരെ ഉള്ള മഖാമു ഇബ്രാഹീമിന് നേരെ ദിശയില്‍ ഉള്ള സ്റ്റാന്‍ഡില്‍ ചെരുപ്പുകള്‍ വച്ച ശേഷം ഞാന്‍ മകളുടെ കൈ പിടിച്ചു തളത്തിലെക്കിറങ്ങി. തവാഫ് (പ്രദക്ഷിണം) ആരംഭിച്ചു. ഏഴു തവാഫിനിടയിലും മുഖ്യ പ്രാര്‍ത്ഥന ഭാര്യയെ സുരക്തിതമായി എന്‍റെ അടുത്ത് എത്തിക്കണേ എന്നായിരുന്നു. മകളോടും അങ്ങിനെ പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ചു. ഭാര്യയെ കുറിച്ച് ഓര്‍ത്ത്‌ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. പലപ്പോഴും പരസ്പരം കലഹിക്കാറുണ്ടെങ്കിലും , അവളെ കുത്തുവാക്കുകള്‍ പറഞ്ഞു നോവിക്കാറുണ്ടെങ്കിലും അവളെ വേര്‍പിരിയുക എന്നത് എനിക്ക് ആലോചിക്കാന്‍ പോലും ആവാത്തതാണ് എന്ന സത്യം എനിക്ക് ശരിക്കും ബോധ്യമായ നിമിഷങ്ങള്‍ ! തിരക്കുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ തവാഫ് വേഗം പൂര്‍ത്തിയാക്കി. ഒരു മടിയും കാണിക്കാതെ മകള്‍ എന്നോടൊപ്പം നടന്നു. തവാഫ് കഴിഞ്ഞു ഞങ്ങള്‍ സഇയ് (സഫ-മര്‍വ്വ കുന്നുകള്‍ക്കിടയില്‍ ഏഴു തവണ നടക്കല്‍) ചെയ്യാന്‍ സഫ ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴി ചെരുപ്പുകള്‍ എടുത്ത് സഫ -മര്‍വ്വക്കിടയില്‍  അടുത്തായി ഉള്ള – പോലീസുകാര്‍ ഇരുന്നു വിശ്രമിച്ചിരുന്ന – ഒരു സ്റ്റാന്‍റിനുള്ളില്‍ വച്ച് സഇയ് തുടങ്ങി. അവസാനത്തോടടുക്കുമ്പോള്‍ മകള്‍ നടന്നു ക്ഷീണിച്ചെന്നു തോന്നിയപ്പോള്‍ ഞാന്‍ അവളെ എടുത്ത് നടക്കാന്‍ മുതിര്‍ന്നു. എന്നാല്‍ എന്നെ അതിശയിപ്പിച്ചു കൊണ്ട് അവള്‍ “എന്നെ താഴെയിറക്കൂ-ഞാന്‍ തനിയെ നടന്നോളം” എന്ന് പറഞ്ഞു കൊണ്ട് പൂര്‍വാധികം ഉണര്‍വ്വോടെ നടക്കുകയാണുണ്ടായത്.

സഇയ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ മുടി വെട്ടണം. മര്‍വ്വയില്‍ നിന്നിറങ്ങുന്ന വാതിലിലൂടെ ഞാന്‍ മകളുടെ കൈ പിടിച്ചു വെളിയിലെക്കിറങ്ങി. വെളിയില്‍ മുകളിലെ നിലയില്‍ ബാര്‍ബര്‍ ഉണ്ടാകും. മുടി വെട്ടിയ ശേഷം തിരികെ വരുമ്പോള്‍ ചെരിപ്പെടുക്കാം എന്ന് തീരുമാനിച്ച് സിമന്‍റ് റോഡിലൂടെ നഗ്നപാദരായി ഞങ്ങള്‍ മുകളിലേക്ക് നടന്നു. മുകളില്‍ ഒരു പാക്കിസ്ഥാനി പത്തു റിയാലിന് എന്‍റെ മുടി വെട്ടിച്ചെറുതാക്കി തന്നു. അതോടെ ഞാന്‍ ഉമ്രയില്‍ നിന്നു വിരമിച്ചു. താഴേക്ക്‌ നടക്കുമ്പോള്‍ വീണ്ടും ഭാര്യയെ എവിടെ ചെന്ന് അന്വേഷിക്കും എന്ന പരിഭ്രാന്തി എന്നെ അലട്ടി ത്തുടങ്ങി. ഏതായാലും ആദ്യം പോയി ചെരിപ്പെടുക്കാം. മര്‍വ്വയുടെ ഇറങ്ങി വന്ന വാതിലിലൂടെ തന്നെ തിരികെ കയറി സഇയ് ചെയ്യുന്ന ജനങ്ങളോടൊപ്പം അല്‍പം നടന്നു ചെരുപ്പ് വച്ചിരിക്കുന്ന സ്ഥലത്തെത്താം എന്ന കണക്ക് കൂട്ടലില്‍ മുന്നോട്ടു നടക്കവേ തൊട്ടു മുന്നില്‍ ഒരു പരിചിത ശബ്ദം ” ഇക്കാ” ഞാന്‍ നോക്കുമ്പോള്‍ – അല്‍ഹംദുലില്ലാ – തൊട്ടു മുന്നില്‍ എന്‍റെ ഭാര്യ !!! ഞാന്‍ ഒരു നിമിഷം പോലും തിരയാതെ , ആരെയും വിളിച്ചന്വേഷിക്കാതെ പടച്ച തമ്പുരാന്‍ അവളെ എന്‍റെ തൊട്ടു മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തിത്തന്നിരിക്കുന്നു ! എന്‍റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അത്ഭുത പരതന്ത്രനായ നിമിഷം , സര്‍വ്വേശ്വരന് ഏറ്റവും നന്ദി പറഞ്ഞ നിമിഷം !! ആത്മാര്‍ഥമായ-പൂര്‍ണ്ണ വിശ്വാസത്തോടെയുള്ള പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും എന്ന് വെളിവായ നിമിഷം !!!അവള്‍ ഉംറയും നിര്‍വ്വഹിച്ചിട്ടുണ്ട്. പടച്ചവന് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ മൂവ്വരും ബാബുസ്സലാം എന്ന വാതിലിന്നടുത്തേക്ക് നടന്നു.

അവിടെ എല്ലാവരും ഒരുമിച്ചു കൂടിയപ്പോള്‍ വീണ്ടും അടുത്ത നിര്‍ദ്ദേശം വന്നു. എല്ലാവര്‍ക്കും രാവിലെ കണ്ടു പരിചയം ഉള്ള സൗദി പോസ്റ്റിന്‍റെ ഓഫീസിനു മുന്നിലെത്താന്‍. പോകുന്ന വഴി അവിടെ റോഡരുകില്‍ കണ്ട ഒരു കടയില്‍ നിന്നും ഉച്ചഭക്ഷണപ്പൊതി ഒരെണ്ണം വാങ്ങി. സൗദി പോസ്ട്ടിന് മുന്നില്‍ ഉള്ള ഒരു പാര്‍ക്കിംഗ് ഏരിയയില്‍ എല്ലാവരും ബസ്‌ വരുന്നത് കാത്തിരിക്കുന്നു. വീണ്ടും റോഡരുകില്‍ ഇരുന്നു ഒരു ഉച്ച ഭക്ഷണം. സ്വതവേ ഹോട്ടല്‍ ഭക്ഷണം ഇഷ്ടമല്ലാത്ത ഭാര്യ വേണ്ടെന്നു പറഞ്ഞതിനാല്‍ ഞാനും , മകളും കൂടി അത് കഴിച്ചു.

അന്ന് വൈകുന്നേരത്തോടെ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കപ്പെട്ട മിനയിലെ ടെന്‍റില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ജുബൈല്‍ – ദമ്മാം കാര്‍ മാത്രം എത്തിച്ചേര്‍ന്നിട്ടുള്ളൂ എന്നതിനാല്‍ കൂടുതലും ടെന്‍റുകള്‍ കാലിയാണ്. അത് കൊണ്ട് ഞങ്ങള്‍ യാത്രയുടെ ക്ഷീണം അകറ്റാന്‍ ഊഴം കാത്ത് ഓരോ കുളിയും പാസാക്കി ഉമ്രയുടെ വസ്ത്രങ്ങള്‍ ഒഴിവാക്കി സാധാരണ വസ്ത്രം ധരിച്ച് ഓരോരുത്തര്‍ക്കും വേണ്ടി പേരെഴുതി ഒട്ടിച്ചിട്ടുള്ള , കഷ്ടിച്ച് രണ്ടടി വീതിയുള്ള , താഴെ അടുപ്പിച്ചടുപ്പിച്ചു ഇട്ടിട്ടുള്ള കൊച്ചു കിടക്കകളിലേക്ക് ചാഞ്ഞു. ഏസി ഓണ്‍ ചെയ്തു മുഴുവന്‍ ടെന്‍റും തണുത്ത്  വരുന്നത് വരെ പലരും ചൂടിനെക്കുറിച്ചു പരാതി പറഞ്ഞു കൊണ്ടിരുന്നു – എന്നാല്‍ ഭൂരിഭാഗവും അത് ശ്രദ്ധിക്കാതെ മയക്കത്തിലേക്ക്‌ വീണു കഴിഞ്ഞിരുന്നു.

പിറ്റേന്ന് ഉച്ച കഴിഞ്ഞാണ് സൗദി അറേബ്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നും ഇസ്ലാഹി സെന്‍റര്‍ മുഖേന വരുന്ന ഹാജിമാര്‍ വന്നു ചേര്‍ന്നത്‌. അതോടെ ആകെ ആളുകളുടെ എണ്ണം 660 ആയി. ഇത്രയും പേര്‍ക്ക് ഉള്ള ടോയ്‌ലറ്റ്‌ സൗകര്യം പരിമിതമായിരുന്നതിനാല്‍ എല്ലായ്പ്പോഴും അവക്ക് മുന്നില്‍ നീണ്ട ക്യൂകള്‍ ഉണ്ടായിരുന്നു(എന്നാല്‍ പിന്നീടാണ് മറ്റു ടെന്‍റുകളെ അപേക്ഷിച്ചു എത്ര വലിയ സൌകര്യം ആയിരുന്നു ഞങ്ങള്‍ക്ക് ഇവര്‍ ഏര്‍പ്പെടുത്തി തന്നത് എന്ന് മനസ്സിലാക്കിയത്)

പിറ്റേന്ന് മുഴുവന്‍ വിശ്രമവും , നമസ്കാരവും, ഖുര്‍ആന്‍ പാരായണവും, ദിക്റുകളും ഒക്കെ ആയി മിനയിലെ ടെന്‍റില്‍ തന്നെ കഴിച്ചു കൂട്ടി. ഓരോ നമസ്കാരാനന്തരവും പണ്ഡിതന്മാര്‍ ക്ലാസുകള്‍ നടത്തിയിരുന്നു. അതില്‍ ഈ നിമിഷങ്ങളുടെ പ്രാധാന്യവും , ഇത് നേടാന്‍ സാധിക്കാതെ എത്രയോ നിര്‍ഭാഗ്യവാന്മാര്‍ ആയ ആളുകള്‍ ദുഖിതരായി കഴിയുന്നു എന്ന കാര്യവും, ഇവിടെ എത്തിച്ചേരാന്‍ ഭാഗ്യം കിട്ടിയ നമ്മള്‍ ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും പ്രാര്‍ഥനയില്‍ കഴിച്ചു കൂട്ടേണ്ടതിന്‍റെ പ്രാധാന്യവും ഒക്കെ അവര്‍ എടുത്തു പറഞ്ഞത് ഞങ്ങളുടെ മനസ്സുകളെ ഏറെ സ്വാധീനിച്ചു. അന്നത്തെ ദിവസം ദൈവത്തിനു ഏറെ പ്രിയംകരമായ രീതിയില്‍ തന്നെ ചെലവഴിക്കാന്‍ സാധിച്ചു. പിറ്റേന്ന് പ്രഭാതത്തില്‍ ഹജ്ജിന്‍റെ ഒഴിവാക്കാന്‍ ആവാത്ത നാല് കാര്യങ്ങളില്‍ ഒന്നായ അറഫയില്‍ നില്‍ക്കല്‍ ആണ്. അന്ന് ഉച്ചക്ക് നമസ്കാരത്തിന് മുന്‍പ്‌ തന്നെ ആ ടെന്‍റില്‍ സന്നിഹിതരായിരുന്ന എല്ലാവരും തന്നെ കുളിച്ച് ഹജ്ജിന്‍റെ ഇഹ്റാമില്‍ പ്രവേശിച്ചു. ഇഷാ നമസ്കാരം കഴിഞ്ഞ് ക്ലാസ്‌ കഴിഞ്ഞ  ഉടനെ തന്നെ എല്ലാവരും ഉറങ്ങാന്‍ കിടന്നു.

അറഫയിലേക്ക്

ബാത്രൂമിലെ വമ്പന്‍ ക്യൂ പ്രതീക്ഷിച്ചു വളരെ നേരത്തെ തന്നെ അലാറം വച്ചുണര്‍ന്നു എങ്കിലും മറ്റുള്ളവരും എന്നെപ്പോലെ ചിന്തിക്കുന്നവര്‍ ആയിരുന്നതിനാല്‍ സാമാന്യം നല്ലൊരു ക്യൂ തന്നെ ഇതിനകം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ക്യൂവിന്‍റെ പിന്നില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു ” പുറത്തു പബ്ലിക്‌ ബാത്ത്റൂം കാലിയായി കിടക്കുന്നു.” കേട്ട പാടെ കുറെ ആളുകള്‍ പുറത്തേക്കോടി. ക്യംബിനകത്ത്‌ പ്രവേശിക്കാന്‍ നിര്‍ബന്ധമായി കാണിക്കേണ്ട കയ്യിലണിയുന്ന ബാഡ്ജ് എടുത്തിട്ടില്ലായിരുന്നതിനാല്‍ , എന്‍റെ കിടക്കയില്‍ നിന്നും ബാട്ജെടുത്തു ഞാന്‍ അവിടെ എത്താന്‍ വൈകി. എന്തായാലും ടെന്‍റിനകത്തെ അത്ര വലിയ ക്യൂ ഇല്ല. ഏതാണ്ട് അര മണിക്കൂര്‍ കൊണ്ട് പല്ല് തേപ്പ്, കുളി തുടങ്ങിയ പരിപാടികള്‍ കഴിഞ്ഞു ടെന്‍റിനകത്തു തിരികെയെത്തി. ചായ ഉണ്ടാക്കാനുള്ള ചൂടുവെള്ളവും , തേയില, പഞ്ചസാര, പാല്‍ എന്നിവയും ബിസ്കറ്റുകളും എല്ലാം രണ്ടു മേശകളില്‍ ആര്‍ക്കും എപ്പോഴും യഥേഷ്ടം എടുത്തു കുടിക്കാന്‍ പാകത്തിന് വെളിയില്‍ വച്ചിട്ടുണ്ടെങ്കിലും ഞാന്‍ ആ ഭാഗത്തേക്ക്‌ നോക്കിയത് പോലും ഇല്ല. ചായ കുടിച്ചാല്‍ എങ്ങാനും ടോയ്ലറ്റില്‍ പോകാന്‍ തോന്നിയാലോ എന്ന ഭയം ആയിരുന്നു. സുബ്ഹി നമസ്കാരാനന്തരം “ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍” എന്ന് മലയാളത്തില്‍ പ്ലെക്കാര്‍ടെന്തിയ സൗദി യുവാക്കളായ വാളണ്ടിയര്‍മാര്‍ക്ക്  പിന്നാലെ അഞ്ചു ലൈന്‍ ആയി എല്ലാവരും മിന വണ്‍ റെയില്‍വേ സ്റ്റെഷനിലേക്ക് നടന്നു. നാലുപാടും നിന്ന് ജസമുദ്രം റെയില്‍വേ സ്റ്റെഷനിലേക്ക് ഒഴുകുന്നു. ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ചു. അവര്‍ പിന്നില്‍ ആണ്. അഞ്ചു മിനിട്ട് കൊണ്ട് നടന്നെത്താവുന്ന സ്റ്റേഷനില്‍ എത്താന്‍ ഏകദേശം അര മണിക്കൂറില്‍ കൂടുതല്‍ എടുത്തു. ആളുകള്‍ ട്രെയിനില്‍ കയറി പോകുന്നതനുസരിച്ച് കുറേശ്ശെ ആളുകളെ മാത്രമേ സെക്യൂരിറ്റിക്കാര്‍ സ്റ്റേഷനകത്തേക്ക് കടത്തി വിടുന്നുള്ളൂ. ഏതാനും സമയത്തെ കാത്തിരിപ്പിനോടുവില്‍ എന്നെയും അകത്തേക്ക് കയറ്റി വിട്ടു. പിന്നെ ട്രെയിന്‍ വരുന്നതും കാത്തു പ്ലാട്ഫോമില്‍ നീണ്ട ക്യൂ. അല്‍പ സമയത്തിന് ശേഷം പച്ചയും ,മഞ്ഞയും നിറത്തിലുള്ള മെട്രോ ട്രെയില്‍ പ്ലാട്ഫോമില്‍ വന്നു നിന്നു. പ്ലാറ്റ്ഫോമിലെയും ട്രെയിനിലെയും ഓട്ടോമാറ്റിക്‌ വാതിലുകള്‍ തുറന്നു. ഞങ്ങള്‍ അകത്തു പ്രവേശിച്ചു. അല്‍പ സമയത്തിനകം ട്രെയില്‍ ഞങ്ങളെയും കൊണ്ട് അറഫ വണ്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

അറഫയില്‍ എത്തിയപ്പോള്‍ സ്റ്റേഷന് പുറത്തിറങ്ങാനും നീണ്ട നിശ്ചലമായ ക്യൂ. നേരം നന്നായി പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു. പിന്നെ സ്റ്റെഷനിലേക്ക് വന്നതു പോലെ തന്നെ പ്ലേക്കാര്‍ട് ഏന്തിയ വാളണ്ടിയര്‍മാര്‍ക്ക് പിന്നില്‍ ക്യൂകള്‍ രൂപപ്പെട്ടു. അവക്ക് പിന്നാലെ ശാന്തരായി ഹാജിമാര്‍ അറഫയില്‍ തങ്ങള്‍ക്ക് ഒരുക്കപ്പെട്ട സ്ഥലത്തേക്ക് നീങ്ങി. ഭാര്യയും , മകളും ഇപ്പോഴും മിന വണ്‍ സ്റ്റേഷനില്‍ തന്നെ ആണെന്ന് വിളിച്ചു ചോദിച്ചപ്പോള്‍ അറിഞ്ഞു. ഞങ്ങള്‍ അറഫയില്‍ ഒരു താല്‍ക്കാലിക ടെന്‍റിലേക്ക് ആനയിക്കപ്പെട്ടു. എല്ലാവരും കയറിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം ഞെരുക്കം അനുഭവപ്പെട്ടെങ്കിലും റോഡരികിലും , വെളിമ്പറമ്പുകളിലും കഴിയാന്‍ വിധിക്കപ്പെട്ട മറ്റു ഹാജിമാരുടെ അവസ്ഥ കേട്ടപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് സ്വര്‍ഗ്ഗീയ സൌകര്യങ്ങള്‍ ആണെന്ന് മനസ്സിലായി. ചായ, ലഘുഭക്ഷണം,വെള്ളം  എന്നിവ ആര്‍ക്കും, എപ്പോഴും, എത്ര വേണമെങ്കിലും എടുക്കാന്‍ പാകത്തില്‍ യഥേഷ്ടം സജ്ജീകരിച്ചിരുന്നു. ഞാന്‍ ടെന്‍റില്‍ കയറിയ ശേഷം ഭാര്യയും മകളും വരുന്നത് കാത്തു നില്‍ക്കാനായി വീണ്ടും വെളിയിലെക്കിറങ്ങി. ഏതാനും നിമിഷങ്ങള്‍ക്കകം അവരും സുരക്ഷിതമായി ഞങ്ങളോടൊപ്പം വന്നു ചേര്‍ന്നു. തലേദിവസത്തെയും അന്നത്തെയും ക്ഷീണം കൊണ്ട് മകള്‍ എന്‍റെ അടുത്ത് കിടന്ന് ഉറക്കം തുടങ്ങി. ഒരു കൈകൊണ്ട്  അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് മറുകൈയില്‍ ഖുര്‍ആന്‍ പിടിച്ച് ഞാന്‍ ഓതിത്തുടങ്ങി.

അറഫയില്‍ ചെയ്യേണ്ടത് ഉച്ചക്കും , വൈകുന്നേരവും ഉള്ള നമസ്കാരങ്ങള്‍ ചുരുക്കി ഉച്ചക്ക് തന്നെ ഒരുമിച്ചു നിര്‍വ്വഹിച്ച ശേഷം സന്ധക്കുള്ള മഗ്രിബ് നമസ്കാര സമയം വരെ പ്രാര്‍ഥനകളില്‍ കഴിച്ചു കൂട്ടല്‍ ആണ്. തൃപ്തികരമായ രീതിയില്‍ ഖുര്‍ആന്‍ പാരായണത്തിലും , ദിക്റ്കളിലും , ദുആകളിലും മുഴുകി അറഫയില്‍ സന്ധ്യ വരെ കഴിച്ചു കൂട്ടാന്‍ സാധിച്ച ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ആ താല്‍ക്കാലിക ടെന്‍റിനോട് യാത്ര പറഞ്ഞു. ഇനി ഉള്ള യാത്ര മുസ്ദലിഫയിലേക്ക്.

മുസ്ദലിഫ

അറഫയില്‍ നിന്ന് ട്രെയിനില്‍ മുസ്ദലിഫയിലേക്ക്. എന്‍റെ ഭാര്യയോടും മകളോടും ഒപ്പം സുഹൃത്ത്‌ അലിയും, ഭാര്യയും ഉണ്ട്. മുസ്ദലിഫയില്‍ അന്ന് രാത്രി കഴിയുക എന്നത് മാത്രമേ ഉള്ളൂ. അവിടെ വേറെ പ്രാര്‍ഥനകള്‍ ഒന്നും നിര്‍ബന്ധമില്ല. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്ലേക്കാര്‍ടെന്തിയ വോളണ്ടിയര്‍മാര്‍ക്ക് പിന്നാലെ നടന്നു ഞങ്ങള്‍ക്കായി ഒരുക്കിയ സ്ഥലത്തെത്തി. കാര്‍പ്പെറ്റ് വിരിച്ച സ്ഥലം ഒക്കെ നേരത്തെ എത്തിയ ഹാജിമാര്‍ സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. സുഹൃത്ത്‌ അലി അയാളുടെ കൈയില്‍ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് വിരിച്ച് ഒരു സ്ഥലം ഞങ്ങള്‍ക്ക് വേണ്ടി കണ്ടെത്തിയിട്ടുണ്ടായിരുന്നു. എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ബെഡ് ഷീറ്റ് ഞാന്‍ എന്‍റെയും അലിയുടെയും ,ഭാര്യമാര്‍ക്ക് സ്ത്രീകളുടെ ഭാഗത്ത്‌ വിരിക്കാന്‍ നല്‍കിയ ശേഷം ഞങ്ങള്‍ താഴെ വിരിച്ച ആ ബെഡ്ഷീറ്റില്‍ തന്നെ നമസ്കാരം നിര്‍വ്വഹിച്ചു. വുളു(അംഗശുദ്ധി) വരുത്തുവാന്‍ വെള്ളം അന്വേഷിച്ചപ്പോള്‍ ആണ് ഒരു കാര്യം ശ്രദ്ധിച്ചത് – അവിടെ വെള്ളമോ, ബാത്ത്റൂം സൌകര്യമോ ഇല്ല. തല്ക്കാലം ജലദൌര്‍ലഭ്യം ഉണ്ടാകുമോള്‍ മണല്‍ ഉപയോഗിച്ച് നിര്‍വ്വഹിക്കാവുന്ന “തയമ്മം” ചെയ്തു ഞങ്ങള്‍ ഇരുവരും നമസ്കരിച്ചു. പിന്നെ അറഫയില്‍ നിന്ന് ഓരോരുത്തര്‍ക്കും നല്‍കിയ ഭക്ഷണപ്പൊതികള്‍ തുറന്ന് ഒന്നോ രണ്ടോ സാധനങ്ങള്‍ ഭക്ഷിച്ചു. പിന്നെ ആ വിരിപ്പില്‍ നീണ്ടു നിവര്‍ന്നു കിടന്നു. താഴെ മണ്ണ്‍ നിരപ്പല്ലാത്തതിനാല്‍ മലര്‍ന്നു കിടക്കാന്‍ സാധിക്കുന്നില്ല. ചരിഞ്ഞു കിടന്നു. തലയിണ വച്ച് ശീലിച്ചതിനാല്‍ കിടപ്പ് ബുദ്ധിമുട്ട് തോന്നിയതിനാല്‍ കൈ മടക്കി വച്ച് കൈത്തണ്ടയില്‍ തല ചായ്ച്ചു. ഈ അവസ്ഥയില്‍ ഉറക്കം എന്നത് ഒരു വിദൂര സ്വപ്നം മാത്രമാണെന്ന് മനസ്സിലായി. തുറന്ന ആകാശത്തില്‍ തലയ്ക്കു നേരെ മുകളില്‍ തന്നെ നേരെ കണ്ണില്‍ തറക്കുന്ന രീതിയില്‍ പ്രകാശിക്കുന്ന ശക്തമായ ഒരു സ്ട്രീറ്റ്‌ ലൈറ്റ്‌. വെളിച്ചം കണ്ടാല്‍ -പ്രത്യേകിച്ച് ട്യൂബ് ലൈറ്റ്‌- എനിക്ക് ഒട്ടും ഉറക്കം വരില്ല. വെറുതെ ഒരു കൌതുകത്തിന് വേണ്ടി സ്ത്രീകളുടെ ഭാഗത്തേക്ക്‌ ഒന്ന് നോക്കിയപ്പോള്‍ കിടക്കുന്ന സ്ത്രീകള്‍ക്കിടയില്‍ എന്‍റെ ഭാര്യ മാത്രം എഴുന്നേറ്റ് വിദൂരതയിലേക്ക് മിഴികള്‍ അയച്ചിരിക്കുന്നുണ്ട്. പല കാര്യത്തിലും ഞങ്ങള്‍ തമ്മില്‍ നല്ല സാമ്യം തന്നെ എന്ന് ചെറുചിരിയോടെ മനസ്സിലോര്‍ത്തു. മണിമാളികകളില്‍ ഉറങ്ങുന്ന രാജാവിനെയും, തെരുവില്‍ ഉറങ്ങുന്ന വെറും ദരിദ്രനെയും പൊടിക്കാറ്റ് പാറുന്ന മുസ്ലിദഫയുടെ മേല്‍ക്കൂരയില്ലാത്ത മാനത്തിന്‍റെ അരക്ഷിതത്വത്തിന്‍റെ കീഴില്‍ ഒരു ദിവസമെങ്കിലും സമന്മാരാക്കുന്ന സര്‍വ്വശക്തന് സ്തുതി – മനുഷ്യന്‍റെ മനസ്സുകളില്‍ നിന്ന് അഹങ്കാരം എന്ന വിപത്തിനെ വേരോടെ പിഴുതെറിയാന്‍ .ഇനിയും കേട്ടുകേള്‍വി മാത്രമുള്ള പ്രപഞ്ചനാഥന്‍റെ കല്‍പ്പനക്ക് സാധിക്കുന്നെങ്കില്‍ – ഈ ജനകോടികളുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയ വിശ്വാസം എന്നെന്നും അങ്ങിനെ തന്നെ നിലനില്‍ക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.

രാത്രി രണ്ടു മണിയോടടുപ്പിച്ചു ഒന്ന് കണ്ണ് ചിമ്മിയപ്പോള്‍ മിനയിലേക്ക് തിരികെ പോകാന്‍ നിര്‍ദ്ദേശം വന്നു എന്ന് പറഞ്ഞ് അലി വിളിച്ചുണര്‍ത്തി. സാധാരണ നിലയില്‍ സുബ്ഹി നമസ്കാരം വരെ മുസ്ദലിഫയില്‍ കഴിച്ചു കൂട്ടിയ ശേഷമാണ് മിനയിലെക്കുള്ള മടക്കം. എന്നാല്‍ ജലദൌര്‍ബല്യം , പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഉള്ള സൗകര്യം ഇല്ലായ്മ എന്നിവ പരിഗണിച്ചു മടങ്ങാന്‍ ഞങ്ങളുടെ അമീറന്മാരായപണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാത്രിയുടെ മൂന്നില്‍ ഒരു ഭാഗം മാത്രമെ മുസ്ദലിഫയില്‍  കഴിച്ചു കൂട്ടല്‍  നിര്‍ബന്ധം ഉള്ളൂ എന്ന് അവര്‍ വിശദീകരിച്ചു തന്നു. കൂടാതെ രാവിലെ ജമ്രയില്‍ കല്ലെറിയാന്‍ പോകാന്‍ അര്‍ദ്ധരാത്രി തന്നെ മുസ്ദലിഫയില്‍ നിന്ന് പുറപ്പെടാന്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും,ദുര്‍ബലര്‍ക്കും ഇളവും ഉണ്ട്. അങ്ങനെ ഞങ്ങള്‍ ജമ്രയിലേക്ക് പുറപ്പെടുവാനായി റെയില്‍വേസ്റ്റെഷനിലേക്ക് യാത്രയായി.

ജമ്രത്തുല്‍ അക്ബ

സൂര്യന്‍ ഉദിച്ച ശേഷമാണ് വലിയ ജമ്ര എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമ്രത്തുല്‍ അക്ബയില്‍ ഏഴു കല്ലുകള്‍ എറിയേണ്ടത്. ഇതിനായുള്ള കടലമണിയോളം വലിപ്പമുള്ള ചെറുകല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ചിരുന്നു. ഞങ്ങള്‍ എത്തുമ്പോള്‍ വെളുപ്പിന് നാല് മണിയോടടുതിട്ടെയുള്ളൂ. ആദ്യം തന്നെ പബ്ലിക്‌ ടോയ്‌ലറ്റ്‌ കണ്ടു പിടിച്ചു. പ്രഭാത കൃത്യങ്ങള്‍ നിര്വ്വഹിച്ചു. പിന്നെ കയ്യില്‍ ഉണ്ടായിരുന്ന ബെഡ് ഷീറ്റുകള്‍ റോഡരികില്‍ സൌകര്യപ്രദമായ  ഒരിടത്ത് വിരിച്ച് സുബ്ഹി ബാങ്ക് വിളിക്ക് കാതോര്‍ത്ത് അവിടെയിരുന്നു. 5.08 നു ബാങ്ക് വിളിച്ചപ്പോള്‍ കൂട്ടമായി അലിയുടെ നേത്രത്വത്തില്‍ നമസ്കരിച്ചു. വഴി യാത്രക്കാരായ ചിലരും ഞങ്ങളുടെ കൂടെ നമസ്കരിച്ചു. പിന്നെ സൂര്യന്‍ ഉദിക്കുന്നത് വരെ അവിടെ തന്നെ കാത്തിരുന്നു. അഞ്ചു മിനിറ്റ് നടന്നാല്‍ അഞ്ചു നിലകളില്‍ ആയി സ്ഥിതി ചെയ്യുന്ന  ജമ്രകളില്‍ ഏറ്റവും മുകളിലെ  നിലയില്‍ എത്താം. നേരം പുലരാരായപ്പോള്‍ ജമ്രയിലേക്ക് നടന്നു.

ജമ്രയില്‍ കല്ലെറിയാന്‍ അത്രയധികം തിരക്കില്ല. ആളുകള്‍ പുലരും വരെ കഴിച്ചു കൂട്ടിയ ശേഷം മുസ്ദലിഫയില്‍ നിന്ന് വന്നു തുടങ്ങിയിട്ടേയുള്ളൂ. ഏറ്റവും ആദ്യം ഉള്ളത് ചെറിയ ജമ്ര,. മൂന്നാമത്തെ ജമ്രയില്‍ മാത്രമേ ഇന്ന് എറിയാവൂ. “അല്ലാഹു അക്ബര്‍” എന്ന് പറഞ്ഞു കൊണ്ട് ഒന്നിന് പിറകെ ഒന്നായി ഏഴു കല്ലുകളും എറിഞ്ഞു. പിന്നെ എലിവേറ്റര്‍ വഴി താഴേക്ക്‌. അടുത്തായിരിക്കും എന്ന വിശ്വാസത്തില്‍ മിനയിലെ ടെന്‍റിലേക്ക് നടന്നു പോകാം എന്ന തീരുമാനം ഞങ്ങള്‍ എടുത്തു. നേരെ കണ്ട വിശാലമായ റോഡിലൂടെ നടന്നു തുടങ്ങി. ഇനി ഇന്ന് ചെയ്യാന്‍ അവശേഷിച്ചിട്ടുള്ള കാര്യങ്ങള്‍ ബലിയറുക്കല്‍, തല മുണ്ഡനം ചെയ്യല്‍ എന്നിവയാണ്. ബലിയറുക്കാന്‍ ഉള്ള പണം തലേ ദിവസം തന്നെ ഇസ്ലാഹി സെന്‍റര്‍ വാളണ്ടിയര്‍മാര്‍ സ്വീകരിച്ചിരുന്നു. അക്കാര്യം നമ്മള്‍ ഒന്നും അറിയേണ്ടതില്ല-ആ കര്‍മ്മം അവര്‍ തന്നെ നമുക്ക് വേണ്ടി നിര്‍വ്വഹിച്ചു കൊള്ളും. വഴിയില്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ വന്‍ ക്യൂ. അവിടെ കാത്തു നിന്നാല്‍ ഉച്ച ആയാലും മുടി എടുക്കാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ക്ക് തോന്നി. അത് കൊണ്ട് നേരെ മുന്നോട്ടു നടന്നു. മിനയിലേക്ക് പോകുവാന്‍ വ്യക്തമായ  ദിശാ സൂചക ബോര്‍ഡുകളുടെ അപര്യാപ്തത  ഞങ്ങളുടെ മനസ്സിലുള്ള ഏകദേശ ദിശ കണക്കാക്കി നടക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. അങ്ങിനെ നടന്നു നടന്നു ഏതാനും പാലങ്ങളും , റോഡുകളും താണ്ടി പൊരി വെയിലില്‍ ഞങ്ങള്‍ നടന്നു. എതിര്‍ ദിശയിലേക്ക് മുസ്ദലിഫയില്‍ നിന്നും ഹറമില്‍ നിന്നും ജനം പ്രവഹിക്കുന്നു. അതിനെതിരെ ശക്തമായ ഒഴുക്കിനെതിരെ നീന്തുന്ന പോലെ ക്ലേഷകരമായി ഇഞ്ചോടിഞ്ച് ഞങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. ആണുങ്ങളായ ഞങ്ങള്‍ പോലും ഒരുവേള മനസ്സാന്നിധ്യം കൈവിട്ടു തളര്‍ന്നു പോകുമോ എന്ന്‍തോന്നിയപ്പോള്‍ മനപൂര്‍വ്വം അത് മുഖത്ത് കാണിക്കാതെ വേഗം നടക്കൂ -അല്പം കൂടിയേ ഉള്ളൂ എന്ന് പറഞ്ഞു ഞങ്ങള്‍ ഭാര്യമാരെയും മകളെയും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഏകദേശം ഒമ്പതു -പത്തു കിലോമീറ്റര്‍ താണ്ടി വിയര്‍ത്തു കുളിച്ചു ക്ഷീണിച്ചു ഞങ്ങള്‍ ടെന്‍റില്‍ തിരികെ എത്തി. പിറ്റേന്ന് മുതല്‍ മൂന്നു ദിവസം ഉച്ച കഴിഞ്ഞു മൂന്നു ജമ്രകളിലും കല്ലെറിയാന്‍ ട്രെയിനില്‍ പോയി വന്നപ്പോള്‍ ആണ് എത്ര മാത്രം മണ്ടന്‍ തീരുമാനം ആയിരുന്നു ഞങ്ങള്‍ ട്രെയിനില്‍ വരാതിരിക്കാന്‍ എടുത്തതെന്ന് മനസിലായത്.

കുളിക്കുന്നതിനു മുന്നേ മുടി കളയണം – ഒരു ബാര്‍ബറെഅന്വേഷിച്ചു പുറത്തിറങ്ങി. അലിയെ മൊബൈലില്‍ വിളിക്കുമ്പോള്‍ ക്യാമ്പില്‍ നിന്നിറങ്ങി നേരെ ഇടത്തേക്ക് നടന്നു വരുവാന്‍ അലി എന്നോട് പറഞ്ഞു. അതാ മതിലിന്‍റെ ബേസ്മെന്‍റില്‍ കുനിഞ്ഞിരിക്കുന്ന അലിയുടെ തലയില്‍  കത്തിവച്ചു നില്‍ക്കുന്ന ഒരു കൊച്ചു സൗദി ബാര്‍ബര്‍ ! ഏകദേശം കാല്‍ മണിക്കൂര്‍ കാത്തുനില്‍പ്പിനോടുവില്‍ എന്‍റെ ഊഴം വന്നു. പരിചയക്കുറവിന്‍റെ അടയാളമായി അലിയുടെ തലയില്‍ അവിടവിടെ കണ്ട ചോരപ്പാടുകള്‍ ഒരു നിമിഷം എന്നെ ഒന്ന് ചിന്തിപ്പിച്ചു-ഇവന്‍റെ കയ്യില്‍ ഒരു പരീക്ഷണവസ്തുവാക്കാന്‍ എന്‍റെ തല വിട്ടു കൊടുക്കണോ ?. പക്ഷെ എന്തും വരട്ടെ എന്ന് ആശ്വസിച്ചു റബ്ബില്‍ വിശ്വാസം അര്‍പ്പിച്ചു അവന്‍റെ മൂര്‍ച്ചയേറിയ കത്തിക്ക് കീഴെ ശിരസ്സ്‌ നമിച്ചു കണ്ണടച്ചിരുന്നു. ഓരോ രോമാകൂപവും നിലംപതികുമ്പോള്‍ ഹജ്ജിന്‍റെ ഭാഗമായി തലമുണ്ഡനം ചെയ്യുന്നവര്‍ക്ക് വേണ്ടി പാപമോചനത്തിനായി മൂന്നു തവണ പ്രാര്‍ത്തിച്ച പ്രവാചക വചനം ഒരു കുളിരായി മനസ്സില്‍ പെയ്തിറങ്ങുകയായിരുന്നു.എന്തായാലും ദൈവാനുഗ്രഹത്താല്‍ ക്യാമ്പില്‍ ആളുകള്‍ തീരെ കുറവായിരുന്നതിനാല്‍ വേഗം തന്നെ കുളിക്കാനും സൗകര്യം കിട്ടി. ഇനി ഇന്ന് മുഴുവന്‍ വിശ്രമിച്ചു നാളെ സുബ്ഹി നമസ്കാരാനന്തരം ഹറമില്‍ പോയി ഹജ്ജിന്‍റെ നിര്‍ബന്ധമായ തവാഫും , സഇയും നിര്‍വ്വഹിക്കണം. അതിനു ശേഷം ഉച്ച കഴിഞ്ഞു ജമ്രകളില്‍ കല്ലെറിയണം.

വീണ്ടും ഹറമില്‍

കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും ഇന്ന് മഹത്തായ ഒരു സൗകര്യം കിട്ടി – മോളെ ക്യാമ്പില്‍ വനിതാ വോളണ്ടിയര്‍മാരുടെ അടുത്താക്കി പോകാന്‍ സാധിച്ചു. അവള്‍ക്കും അത് താല്പര്യം ആയിരുന്നു -കാരണം രണ്ടു ദിവസം കൊണ്ട് കുറെ കൂട്ടുകാരെ അവിടെ കിട്ടിയിട്ടുണ്ട്. അങ്ങിനെ സുബ്ഹി നമസ്കാരാനന്തരം ഞങ്ങള്‍ ട്രെയിനില്‍ കയറി ജമ്ര സ്റേഷനില്‍ ഇറങ്ങി. അവിടെ നിന്ന് ഹറമിലേക്കുള്ള തുരംഗം വഴി കാല്‍നടയായി യാത്ര ചെയ്തു ഹറമില്‍ എത്തി. ഹജ്ജ്‌ തീര്‍തഥാടകര്‍ക്ക് വേണ്ടി സൗദി ഗവണ്‍മെന്‍റ് ഒരുക്കിയിട്ടുള്ള സൌകര്യങ്ങള്‍ സ്തുത്യര്‍ഹം തന്നെയാണ്. ലോകത്തില്‍ ഒരിടത്തും ഇത്രയധികം ജനക്കൂട്ടം ഒരുമിച്ച് , ഇത്രയും നീണ്ട കാലയളവില്‍ താമസിച്ച് ഒരു പൊതുവായ ഒരു കര്‍മ്മത്തിനായി ഒരുമിച്ച് കൂടാറില്ല എന്ന് അറിയുമ്പോഴേ ഈ രാജ്യം ചെയ്യുന്ന മഹത്തായ സേവനത്തിന്‍റെ വില മനസ്സിലാക്കൂ. ഈ വര്‍ഷത്തെ ഔദ്യോഗിക കണക്കനുസരിച്ച് ഹജ്ജ്‌ ചെയ്യാന്‍ എത്തിയവര്‍ 30 ലക്ഷം ആയിരുന്നു. എന്നാല്‍ അതിലും എത്രയോ ഏറെ ആണ് ഔദ്യോഗികമായ രേഖകള്‍ ഇല്ലാതെ എത്തിച്ചേര്‍ന്ന ഹാജിമാര്‍. ഞങ്ങള്‍ മക്കയുടെ അതിര്‍ത്തി കടക്കുമ്പോള്‍ സൌദി ഗവണ്‍മെന്‍റ് നല്‍കിയ ഔദ്യോഗിക രേഖ (തസ്രീഹ്) ഒരുമിച്ചു കലക്റ്റ്‌ ചെയ്തു ബസ്‌ ഡ്രൈവര്‍ ചെക്ക്‌പോയിന്‍റിലെ ഉദ്യോഗസ്ഥനെ കാണിച്ചു ബോധ്യപ്പെടുത്തിയിരുന്നു. അത് കൂടാതെ ബസ്സിനകത്തു കയറി വന്നും ഉദ്യോഗസ്ഥര്‍ ആളുകളുടെ ഐഡന്‍റിറ്റി പരിശോധിച്ചിരുന്നു. ഇത്രയും സുരക്ഷാ പരിശോധനകള്‍ കടന്നു മക്കയുടെ പരിധിയില്‍ എത്താന്‍ ആളുകള്‍ ഏതു മാര്ഗ്ഗമാണോ സ്വീകരിക്കുന്നത് ? എന്തായാലും ഒരു ഗവണ്‍മെന്‍റിനെ കബളിപ്പിച്ചു കൊണ്ട് നിര്‍വ്വഹിക്കുന്ന ഹജ്ജ്‌ അത് ചെയ്യുന്നവര്‍ ഇഛിക്കുന്ന ഫലം തന്നെയാണോ നല്‍കുന്നത് എന്ന കാര്യം ഒരു ചോദ്യ ചിഹ്നം തന്നെയാണ്. ആളുകളുടെ സൌകര്യത്തിനു വേണ്ടിയാണ് നിയമങ്ങള്‍. അത് ലംഘിക്കുന്നത് – അത് ഏതു ആവശ്യത്തിന് വേണ്ടിയായാലും , ഏതു രാജ്യത്ത് വച്ചായാലും കുറ്റകരം  തന്നെ .

തവാഫ് ചെയ്യാന്‍ നല്ല തിരക്കായിരുന്നു. ഹറമില്‍ കഅബക്ക് ചുറ്റും താഴെയും, രണ്ടും , മൂന്നും നിലകളിലും തവാഫ് ചെയ്യാം. രണ്ടും മൂന്നും നിലകളില്‍ തവാഫ് ചെയ്യുന്നതിന് ഏറ്റവും താഴെ നടക്കുന്നതിനെ അപേക്ഷിച്ച് ഏറെ ദൂരം നടക്കേണ്ടതുണ്ട്. തിരക്കുണ്ടെങ്കിലും ഏറ്റവും താഴെ തന്നെ തവാഫ് ചെയ്യാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ആദ്യത്തില്‍ ഞാനും,അലിയും ഞങ്ങള്‍ രണ്ടു പേരുടെയും ഭാര്യമാരും ഒരുമിച്ചായിരുന്നെങ്കിലും അഭൂതപൂര്‍വ്വമായ തിരക്ക് ഞങ്ങളെ വേര്‍പിരിച്ചു. ഞാന്‍ ഭാര്യയുടെ അടുത്ത് നിന്ന് മാറിപ്പോകാതിരിക്കാന്‍ ഏറെ ക്ലേശിച്ചു. തവാഫും ,സഇയും പൂര്‍ത്തിയാക്കിയ ശേഷം ഞങ്ങള്‍ നേരത്തെ തീരുമാനിച്ചുറച്ച പ്രകാരം മര്‍വ്വയില്‍ നിന്നിറങ്ങുമ്പോള്‍ നേരെ കാണുന്ന ലഗേജ്‌ ലോക്കര്‍ – 7 നു മുന്നില്‍ കണ്ടു മുട്ടാനായി പുറത്തിറങ്ങി. അലിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ പള്ളിക്കകത്താണ് . ഉച്ച നമസ്കാരം കഴിഞ്ഞേ പുറത്തിറങ്ങുന്നുള്ളൂ എന്ന് പറഞ്ഞു. അല്‍പ സമയത്തിനുള്ളില്‍ ബാങ്ക് വിളിച്ചു. പള്ളിക്ക് വെളിയില്‍ നിന്ന് ഞങ്ങള്‍ നമസ്കരിച്ചു. അല്‍പ നേരത്തിനുള്ളില്‍ അലിയും ,ഭാര്യയും വന്നെത്തി. ഞങ്ങള്‍ നേരെ പുറത്തേക്കു നടന്നു. പോകുന്ന വഴി ഒരു ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം വാങ്ങി , ഒരു അടച്ചിട്ട കടയുടെ മുന്നില്‍ നിലത്തിരുന്നു കഴിച്ചു. വീണ്ടും  തിരിച്ചു ജമ്രയിലേക്ക് പോകാന്‍ നടന്നു തുടങ്ങുമ്പോള്‍  വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ടാക്സിക്കാരനോട് അലി ജമ്ര വരെ പോകാന്‍ ചാര്‍ജ്‌  എത്രയാകും എന്ന് ചോദിച്ചു. “മുന്നൂറു റിയാല്‍!!! ”

വെറും രണ്ടു കിലോമീറ്ററിനു മുന്നൂറു റിയാല്‍ !!!

അധികം സംസാരിക്കാന്‍ നില്‍ക്കാതെ  , റോഡരികില്‍ നിന്ന് സംഘടിപ്പിച്ച കാര്‍ട്ടന്‍ ബോക്സിന്‍റെ കഷണം വെയിലുള്ള സ്ഥലങ്ങളില്‍ തലയില്‍ മറയായി ചൂടിക്കൊണ്ട് ടണല്‍ വഴി തിരികെ നടന്ന്  ജമ്രയില്‍ എത്തിയപ്പോഴേക്കും കല്ലെറിയാന്‍ ഉള്ള സമയം ആയിരുന്നു. തലേ ദിവസം  തന്നെ മിനയില്‍ നിന്ന് ശേഖരിച്ചു അര ലിറ്ററിന്‍റെ മിനറല്‍ വാട്ടര്‍ കുപ്പികളില്‍ ശേഖരിച്ചിരുന്ന കല്ലുകള്‍ പുറത്തെടുത്തു 21 വീതം എണ്ണിത്തിട്ടപ്പെടുത്തി കൈകളില്‍ സൂക്ഷിച്ചു കൊണ്ട് ഞങ്ങള്‍ ക്കും ,ജമ്രകള്‍ക്കടുതെത്തി. ആദ്യത്തെ ജമ്രയില്‍ എറിഞ്ഞ ശേഷം അതിന്‍റെ വലതു വശത്തേക്ക് മാറി നിന്നും , രണ്ടാമത്തെ ജമ്രയില്‍ എറിഞ്ഞ ശേഷം അതിന്‍റെ ഇടതു വശത്തേക്കും മാറി നിന്നും ആകാശത്തേക്ക് കൈകള്‍  ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. മൂന്നാമത്തെ ജമ്രയില്‍ എറിഞ്ഞ ശേഷം പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിട്ടില്ലാത്തതിനാല്‍ അവിടെ പ്രാര്‍ത്ഥിച്ചില്ല. തിരികെ റെയില്‍വേ സ്റ്റെഷനിലേക്ക് നടന്നു. ആ നടപ്പില്‍ ആണ് ആ പാലത്തിനു താഴെ ഉള്ള റോഡുകളിലൂടെ ആളുകള്‍ ഉറുമ്പുകളെ പോലെ നടന്നു പോകുന്ന ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. എന്‍റെ മൂന്നു സുഹൃത്തുക്കളെ കണ്ടു മുട്ടിയ അവസരങ്ങളിലും, പിന്നെ ഈയൊരു അവസരത്തിലും മാത്രമേ ഞാന്‍ ക്യാമറ കൈയില്‍ എടുത്തുള്ളൂ. ചില ആളുകള്‍ ഹജ്ജ്‌ നിര്‍വ്വഹിക്കുകയാണോ , അതോ വല്ല ഡോക്യുമെന്ററി നിര്‍മ്മിക്കുകയാണോ എന്ന് സംശയം തോന്നുമാറ് ഷൂട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണുമ്പോള്‍ മിനയിലെ ടെന്‍റില്‍ കേട്ട വാക്കുകള്‍ മനസ്സിലെത്തും – “ഹജ്ജിനു വരാന്‍ കഴിയാതെ ആയിരക്കണക്കിന് ആളുകള്‍ മനസ്സ് വിഷമിക്കുമ്പോള്‍ ഇവിടെക്കെത്താന്‍ ഭാഗ്യം നല്‍കിയ സര്‍വ്വെശ്വരനെ സ്തുതിക്കുക !”

                ജമ്ര – റെയില്‍വേ സ്റ്റെഷനിലെക്കുള്ള പാലത്തിനു മുകളില്‍ നിന്നുള്ള കാഴ്ച


                                                                       മുബീറിനെ കണ്ടു മുട്ടിയപ്പോള്‍

ട്രെയിനില്‍ ജമ്ര സ്റ്റേഷനില്‍ നിന്ന് മിന വണ്ണിലേക്ക് അഞ്ചു മിനിറ്റ് ദൂരം മാത്രം ! പിന്നെ സ്റ്റേഷനില്‍ നിന്ന് ടെന്‍റിലേക്ക് വേറെ ഒരു അഞ്ചു മിനിട്ട്. എല്ലാം കൂടി ഒരു പതിനഞ്ചു മിനിറ്റ്‌ !! ഇതിനാണ് ഞങ്ങള്‍ തലേ ദിവസം രണ്ടോ മൂന്നോ മണിക്കൂറുകള്‍ പൊരി വെയിലത്ത്‌ നടന്നു തളര്‍ന്നത് !!!

അവസാന രണ്ടു ദിവസങ്ങള്‍

പ്രധാനപ്പെട്ട കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി ബാക്കിയുള്ളത് രണ്ടു ദിവസങ്ങളില്‍ (അയ്യാമുത്തശ്രീക്‌ എന്നാണു ജമ്രകളില്‍ ഉച്ചക്ക് ശേഷം കല്ലെറിയുന്ന – അറഫക്ക് പിറ്റേന്ന് മുതല്‍ ഉള്ള -ഈ മൂന്നു ദിവസങ്ങളെ പറയുന്നത്) കല്ലെറിയലും പിന്നെ മൂന്നാം ദിവസം തിരികെ പോകുന്നതിനു മുന്‍പുള്ള വിടവാങ്ങല്‍ തവഫും മാത്രം. രണ്ടാം ദിനം ട്രെയിനില്‍ തന്നെ കല്ലെറിയാന്‍ പോയി തിരികെയെത്തി. മകളെ ക്യാമ്പില്‍ തന്നെ ആക്കി. പിന്നെ ക്യാമ്പിലെ നമസ്കാരങ്ങളും , പ്രഭാഷണങ്ങളും , സംശയ നിവാരണത്തിനായുള്ള പ്രത്യേക വേദികളും. രണ്ടാം ദിവസം ഒരു സുഹൃത്തിന്‍റെ കൂടെ ഹജ്ജിനായി നാട്ടില്‍ നിന്ന് എത്തിച്ചേര്‍ന്നിട്ടുള്ള എന്‍റെ ഭാര്യുടെ ഉമ്മയെയും, ബാപ്പയും കാണാന്‍ പോയി. അവര്‍ ഹജ്ജിനായി ഒരു മാസം മുന്നേ സൌദിയില്‍ എത്തിച്ചേര്‍ന്ന  അന്ന് മുതല്‍ ഫോണില്‍ പരസ്പരം ബന്ധപ്പെടാനെ സാധിച്ചിട്ടുള്ളൂ. ഭാര്യയെയും, മകളെയും കൊണ്ട് വഴി അന്വേഷിച്ച് അലയുന്നതിനു മുന്‍പ്‌ ഞാന്‍ പോയി വഴി കണ്ടു പിടിച്ചു വന്നതിനു ശേഷം അവരെയും കൊണ്ട് പോകുന്നതാണ് നല്ലത്. ഏറെ ബുദ്ധിമുറ്റാതെ തന്നെ അവരുടെ ടെന്‍റ് കണ്ടു പിടിക്കാന്‍ സാധിച്ചു. ഞങ്ങളുടെ ടെന്‍റില്‍ നിന്നും ഏകദേശം ഒരു അര മണിക്കൂര്‍ നടക്കാന്‍ ഉണ്ട്. എന്നെ കണ്ടതും രണ്ടു പേര്‍ക്കും ഏറെ സന്തോഷമായി. ഭാര്യയെയും, മകളെയും നാളെ രാവിലെ കൊണ്ട് വരാം എന്ന് ഞാന്‍ പറഞ്ഞു. മകള്‍ക്ക് കൊടുക്കാന്‍ ഉപ്പ ഒരു പ്ലാസ്റ്റിക്‌ ക്യാരി ബാഗ് തന്നു – അവര്‍ക്ക് പലപ്പോഴായി ഇവിടെ ലഭിച്ച വിശിഷ്ട ഭക്ഷ്യ വസ്തുകള്‍ ആണ്! അതും തൂക്കിപ്പിടിച്ചു തിരികെ നടക്കുന്ന ക്ലേശം ഓര്‍ത്തെങ്കിലും അവരുടെ സ്നേഹസമ്മാനം നിരസിക്കാന്‍ മനസ്സ് അനുവദിച്ചില്ല. അല്‍പസമയം അവരുടെ കൂടെ ചെലവഴിച്ച് തിരികെ പോന്നു.(പിറ്റേന്ന് രാവിലെ ഞങ്ങള്‍ മൂവ്വരും കൂടി അവരെ കാണാന്‍ പോയി. ആദ്യ ദിവസം തനിച്ചു ചെന്നപ്പോള്‍ സെക്യൂരിറ്റി എന്നെ അകത്തു വിട്ടിരുന്നില്ല. എന്നാല്‍ ഇന്ന് അകത്തു കയറാന്‍ അനുവദിച്ചു – കുടുംബം കൂടെ ഉള്ളതിന്‍റെ ഒരു മെച്ചം. ആ ക്യാമ്പില്‍ അയ്യായിരത്തില്‍ അധികം ആളുകള്‍ ഉണ്ടത്രേ ! അവിടത്തെഅവസ്ഥ കണ്ടു ഞങ്ങള്‍ ഞെട്ടി. “ഉമ്മ എങ്ങനെ ഇവിടെ കഴിയുന്നു” എന്ന് ചോദിച്ചു ഭാര്യ അത്ഭുതപ്പെടുന്നത് കണ്ടു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ ക്യാമ്പ്‌ ഒരു സ്വര്‍ഗ്ഗമായി ഞങ്ങള്‍ക്ക് തോന്നി. ഏകദേശം അര മണിക്കൂറിനു ശേഷം ഞങ്ങള്‍ തിരികെ പോന്നു. തിരികെ നടക്കുമ്പോള്‍ ഭാര്യയുടെ മുഖത്തെ വിഷമവും , കണ്ണുകളില്‍ പൊടിയുന്ന കണ്ണുനീരും ഞാന്‍ മനപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു !)

മൂന്നാം ദിവസം ഉച്ചകഴിഞ്ഞു കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം ഏകദേശം നാല് മണിയോടടുപ്പിച്ചു ഞങ്ങള്‍ മിനയോട് വിടവാങ്ങി. അതിനു മുന്‍പായി ആ ടെന്‍റിന്‍റെ ഉടമസ്ഥനായ സൗദി , ക്യാമ്പിലെ മുഴുവന്‍ വാളണ്ടിയര്‍മാര്‍ , ഹാജിമാര്‍ എന്നിവര്‍ പങ്കെടുത്ത ഒരു സംഗമം നടന്നു. അതില്‍ സംസാരിച്ച സൌദിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പണ്ഡിതന്‍റെ വാക്കുകള്‍ ഞങ്ങളെ ഏറെ വികാരഭരിതര്‍ ആക്കി. സൗദി പറഞ്ഞത് ഏകദേശം ഇങ്ങനെ ആയിരുന്നു.

“ഈ കാലയളവില്‍ ഞാന്‍ ഈ ടെന്‍റ് ജെര്‍മന്‍കാര്‍, പാക്കിസ്ഥാനികള്‍, മിസ്രികള്‍, ബംഗ്ലാദേശികള്‍ എന്നിങ്ങനെ പല ആളുകള്‍ക്കും നല്‍കിയിട്ടുണ്ട്. പക്ഷെ അവരെല്ലാം ബിസിനസുകാര്‍ ആയിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കൂട്ടം ഹാജിമാരെ കാണുന്നത്. നിങ്ങളുടെ അച്ചടക്കവും, പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുകളും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നയും, കുടുംബത്തെയും കൂടി ഉള്‍പ്പെടുത്തുക. അടുത്ത വര്‍ഷവും ഈ ടെന്‍റ് ഈ സംഘാടകര്‍ക്ക്  തന്നെ നല്‍കണം എന്ന് എന്‍റെ മനസ്സ് അതിയായി ആഗ്രഹിക്കുന്നു”

ആ വാക്കുകള്‍ ഞങ്ങളെ ഏറെ അഭിമാനപുളകിതരും , കൃതജ്ഞരും ആക്കി. കണ്ണുകളില്‍ നിന്ന് ഉരുണ്ടു വീണ രണ്ടു തുള്ളി കണ്ണുനീര്‍ തന്നെ അതിനുള്ള തെളിവ് !

ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള  ഹറമിലേക്ക് എത്താന്‍ ബസ്‌ ഒന്നര മണിക്കൂറോളം സമയം എടുത്തു.ഹറമില്‍ നിന്നേറെ അകലെയാണ് ബസ്‌ നിര്‍ത്താന്‍ അനുവദിച്ചത് – അത് കൊണ്ട് അല്പം നടക്കേണ്ടി വന്നു. പതിവ് പോലെ ഞാനും അലിയും , ഞങ്ങളുടെ കുടുംബങ്ങളും ആയിരുന്നു ഇത്തവണയും ഒരുമിച്ച്.എത്തിയ പാടെ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു. ഞങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിയും – ഞാനും മോളും ഒരു ഗ്രൂപ്‌. അലിയും, അലിയുടെ ഭാര്യയും, എന്‍റെ ഭാര്യയും വേറെ ഗ്രൂപ്‌. തവാഫ് കഴിഞ്ഞ ഉടനെ ലോക്കര്‍ റൂമിനു മുന്നില്‍ കണ്ടു മുട്ടും.

                            ഹറമില്‍ വച്ച് കാണാന്‍ എത്തിയ പ്രിയ സുഹൃത്ത്‌ ലാലാ ദുജ

ഞങ്ങള്‍ തിരക്കൊഴിവാക്കാന്‍ മൂന്നാം നിലയില്‍ ആണ് തവാഫ് ചെയ്തത്. ആദ്യത്തെ റൌണ്ട് കഴിഞ്ഞപ്പോള്‍ തന്നെ മകള്‍ ഉറക്കത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ അവള്‍ നടത്തത്തിനിടെ ഉറങ്ങി ത്തുടങ്ങി. ഇടയ്ക്കിടെ സംസം നിറച്ച സംഭാരണികള്‍ക്കിടയില്‍ എത്തുമ്പോള്‍ ഞാന്‍ നടത്തം നിര്‍ത്തി തണുത്ത സംസം വെള്ളം അവളെ കൊണ്ട് കുടിപ്പിക്കുകയും , അവളുടെ മുഖം കഴുകിക്കുകയും ചെയ്ത് അവളുടെ ഉറക്കച്ചടവ് മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ പിന്നില്‍ നിന്ന് പാഞ്ഞു വരുന്ന വീല്‍ ചെയറുകള്‍ കാലില്‍ ഇടിച്ചു വേദനിക്കാതിരിക്കാന്‍ ഞാന്‍ അവളെ എടുത്തു നടന്നു. അങ്ങിനെ ഏകദേശം രണ്ടു-രണ്ടര മണിക്കൂറോളം എടുത്തു ഞങ്ങള്‍ തവാഫ് പൂര്‍ത്തിയാക്കാന്‍ ! തവാഫിന് ശേഷം ഞങ്ങള്‍ താഴെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥലത്ത് കണ്ടു മുട്ടി. ഞങ്ങള്‍ ഒരുമിച്ച്  നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന സ്ഥലത്തേക്ക് നടന്നു. കുറെ ആളുകള്‍ തിരികെ എത്തി അവിടെ കാത്തു നില്‍ക്കുന്നുണ്ട്. രാത്രി പതിനൊന്നരയോടെ ബസ്‌ ഞങ്ങള്‍ നില്‍ക്കുന്നിടതെത്തി. എല്ലാവരും ബസ്സില്‍ കയറി.അങ്ങനെ  ഞങ്ങള്‍ വിശുദ്ധ നഗരത്തോട് വിട പറഞ്ഞു.

ഹജ്ജ്‌ എന്നെ പഠിപ്പിച്ചത്

രണ്ടു കഷണം വെള്ളത്തുണി ഉടുക്കാനും , നഖം, മുടി എന്നിവ കളയാതിരിക്കാനും , ചീത്ത വാക്കുകളോ പ്രവര്‍ത്തിയോ ഉണ്ടാകാതിരിക്കാനും , ഭാര്യുമായി ബന്ധപ്പെടല്‍ ഒഴിവാക്കാനും , കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യാനും, സഫാ – മര്‍വ്വകള്‍ക്കിടയില്‍ നടക്കാനും , അറഫയില്‍ നിന്ന് പ്രാര്‍ത്ഥിക്കാനും, മുസ്ദലിഫയില്‍ വെറുതെ കിടന്നുറങ്ങാനും, ജമ്രയില്‍ കല്ലെറിയാനും, ബലി അറുക്കുവാനും, തല മുണ്ഡനം ചെയ്യുവാനും , മിനയിലെ ടെന്റില്‍ കിടന്നുറങ്ങാനും ദൈവം കല്പ്പിച്ചതിലെ പ്രായോഗികതയെക്കുറിച്ചു ചിന്തിച്ചു ഉറക്കം കളയാതെ , ഈ ലോകത്തില്‍ മനുഷ്യന്‍റെ നിസ്സാരമായ ബുദ്ധിക്ക് മനസ്സിലാക്കാന്‍ സാധിക്കാവുന്നതിലും അപ്പുറം എത്രയോ കാര്യങ്ങള്‍ ഉണ്ടെന്ന സത്യം മനസ്സിലാക്കി , എന്തിനെന്ന ചോദ്യം ഉയര്‍ത്താതെ അവന്‍റെ ആജ്ഞകള്‍ക്ക് കീഴ്പ്പെട്ട് , അക്ഷരം പ്രതി അനുസരിച്ച് കൊണ്ട് ജീവിക്കുക എന്ന രീതിയിലേക്ക് മനുഷ്യന്‍റെ മനസ്സിനെ പരുവപ്പെടുത്തി എടുക്കുക എന്നതാണ് ഹജ്ജിന്‍റെ ലക്ഷ്യമെന്ന് ഞാന്‍ മനസിലാക്കുന്നു. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നാവുന്ന ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ നിറഞ്ഞ മനസ്സോടെ ചെയ്തു തീര്‍ക്കാന്‍  ത്യാഗസന്നദ്ധവും സര്‍വ്വോപരി സൃഷ്ടാവില്‍ അടിയുറച്ച വിശ്വാസവും ഉള്ള ഒരു മനസ്സ് വേണ്ടതുണ്ട്. ഒരു അവിശ്വാസിയെ സംബന്ധിച്ച് എങ്ങനെയും ഇതൊന്നു തീര്‍ന്നിരുന്നെങ്കില്‍ തിരികെ പോകാമായിരുന്നു എന്ന് അവന്‍റെ മനസ്സില്‍ തോന്നും – എന്നാല്‍ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് പുണ്യ ഭൂമിയെ വിട്ടു പിരിയുമ്പോള്‍ കരള്‍ വിങ്ങും.

അറഫയിലെക്ക് കുത്തിയൊഴുകുന്ന ജനസമുദ്രത്തില്‍ താന്‍ എന്ന വ്യക്തി ഒന്നുമല്ല എന്ന നിസ്സാരതയും,  നാളെ വിചാരണ നാളില്‍ താന്‍ നേരിടേണ്ടി വരേണ്ട സര്‍വ്വശക്തന്‍റെ കോടതിയുടെ ഒരു ചെറിയ രൂപവും അവന്‍റെ മനസ്സില്‍ പതിയുന്നു. മുസ്ദലിഫയില്‍ മേല്ക്കൂരയില്ലാതെ ആകാശത്തിനു കീഴെ , വെറും മണ്ണില്‍ പായ വിരിച്ച് , പൊടിക്കാറ്റെറ്റു കിടക്കുമ്പോള്‍ അവന്‍ ഏറ്റവും നിസ്സാരന്‍ ആകുന്നു. പിന്നെ കൊച്ചു കുഞ്ഞുങ്ങളെ പോലെ-എന്നാല്‍ ഏറെ ശ്രദ്ധയോടെ – ജമ്രകളില്‍ എറിയുവാന്‍ കല്ല്‌ ശേഖരിക്കുമ്പോള്‍ അവന്‍റെ മനസ്സ് കളങ്കമില്ലാത്ത ശിശുവിന്‍റെതാവുന്നു. മിനയിലെ ടെന്റുകളില്‍ തനിക്ക് താല്‍ക്കാലികമായി അനുവദിക്കപ്പെട്ട സ്ഥലത്ത് ,താന്‍ സ്വരുക്കൂട്ടിയ സൌകര്യങ്ങള്‍ എല്ലാം എന്നെന്നെക്കും വെടിഞ്ഞ് യാത്രയാവുമ്പോള്‍ അത് നശ്വരമായ ഈ ലോകത്തിന്‍റെ ഒരു കൊച്ചു പരിഛെദമാകുന്നു. പരിശുദ്ധ ഖുര്‍ആനില്‍ അള്ളാഹു പറഞ്ഞിരിക്കുന്നത് എത്ര ശരിയാണ് – “ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്”. ഹജ്ജിന്‍റെ ചുരുങ്ങിയ ദിവസങ്ങളില്‍ നല്ലവനായി ദൈവകല്പ്പനകള്‍ക്ക് വഴിപ്പെട്ട് ജീവിക്കുന്നതിലല്ല – മറിച്ച് ഹജ്ജില്‍ നിന്ന് നേടിയെടുത്ത വിശുദ്ധിയും, ഊര്‍ജ്ജവും ജീവിതാവസാനം വരെ  നിലനിര്‍ത്തുമ്പോള്‍ ആണ് ഒരു ഹാജി “ഇപ്പോള്‍ ഉമ്മ പ്രസവിച്ച കുഞ്ഞിനെപ്പോലെ ” പരിശുദ്ധി നേടിയെടുക്കുക. “പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗ്ഗം അല്ലാതെ പ്രതിഫലമില്ല” എന്ന് പറഞ്ഞിരിക്കുന്നതും ഈ അര്‍ത്ഥത്തില്‍ തന്നെയാണ്.

നമ്മുടെ നാട്ടില്‍ പരക്കെ നിലനിക്കുന്ന ഒരു ചിന്താഗതിയാണ് ഹജ്ജു ചെയ്യാന്‍ ഉള്ള സമയം മനുഷ്യന്‍റെ പ്രായം വാര്‍ധക്യത്തില്‍ എത്തുമ്പോള്‍ ആണ് എന്നത്. ഹജ്ജിനായ്‌ എത്തിച്ചേരുന്ന വന്ദ്യവയോധികരായ ഇന്ത്യന്‍ ഹാജിമാരെ കാണുമ്പോള്‍ ആ തോന്നല്‍ ഉറപ്പാകുന്നു. ഹജ്ജിനിടെ മരണപ്പെടുന്ന ഇന്ത്യന്‍ ഹാജിമാരുടെ എണ്ണവും ഈ കണക്കുകള്‍ അടിവരയിടുന്നു.എന്നാല്‍ അത് തികച്ചും തെറ്റായ ഒരു ചിന്താഗതിയാണ്. എന്‍റെ അഭിപ്രായത്തില്‍ ഒരു മനുഷ്യന്‍ ഹജ്ജ്‌ നിര്‍വ്വഹിക്കേണ്ടത് ,സാധ്യമെങ്കില്‍ അവന്‍ യൌവനത്തിന്‍റെ ചോരത്തിളപ്പില്‍ നില്‍ക്കുമ്പോള്‍ ആണ്. 34 വയസ്സില്‍ ഹജ്ജിനു പോകുന്നു എന്ന് കേട്ടപ്പോള്‍ നാട്ടിലുള്ള പലരും നെറ്റി ചുളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞാന്‍ അവരോടു പറഞ്ഞ മറുപടി ” കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യാന്‍ ആണ് പറഞ്ഞിരിക്കുന്നത് , ദൈവം അനുഗ്രഹിച്ച് ഇപ്പോള്‍ എനിക്ക് അതിനുള്ള കഴിവുണ്ട് – പക്ഷെ നാളേക്ക് മാറ്റി വച്ചാല്‍ ഒരുപക്ഷെ എനിക്ക് അതിനു സാധിച്ചില്ലെങ്കില്‍ ദൈവത്തിന്‍റെ കോടതിയില്‍ ഞാന്‍ കുറ്റക്കാരന്‍ ആയാലോ?”  ഹജ്ജ്‌ ഒരു മനുഷ്യന്‍റെ മനസ്സിനെ തുടര്‍ന്നുള്ള ജീവിതം നാഥന്‍റെ മാര്‍ഗ്ഗത്തില്‍ അവന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കുവാന്‍ പരുവപ്പെടുത്തിയെടുക്കുന്നു.

വിധിവിലക്കുകള്‍ അനുസരിച്ച്  ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയായി  ജീവിച്ചു മരിക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ – ആമീന്‍ !

 

*തെറ്റുകള്‍ ഉണ്ടാവാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ഥിക്കുന്നു. ഈ വിവരണം ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയില്‍ ഉപകാരപ്രദമായാല്‍ ഞാന്‍ കൃതാര്‍ത്ഥനായി

2 Comments for this entry

  • Ebrahim says:

    Very good one. Inspirational.Thank you very much my dear Poly-mate.

  • Ibrahim Faisy says:

    നാല് വര്‍ഷങ്ങള്‍ക്കപ്പുറം താങ്കള്‍ എഴുതിയ ഈ അനുഭവം ഇന്ന് വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. അല്ലാഹു സ്വീകരിക്കട്ടെ …….

Leave a Reply

Your email address will not be published.