Untitled-1

“സായിപ്പേ, വേഗം എണീക്ക് സായിപ്പേ, ഒരു കാര്യംണ്ട്”

“ആരാടാ ഈ നട്ടപ്പാതിരക്ക് വാതില് തല്ലിപ്പോളിക്കണേ” ടോണിയേട്ടന്‍ ശാപവാക്കുകളോടെ എഴുന്നേറ്റു വാതില്‍ തുറന്നു.

“ആഹാ – സായിപ്പ് നല്ല പിമ്പിരിയാണല്ല.” കതകു തള്ളിത്തുറന്നു മുറിക്കകത്തേക്ക് കയറിക്കൊണ്ട്‌ പൌലോച്ചന്‍ പറഞ്ഞു.

“എന്താടോ കാര്യം?” വിട്ടുമാറാത്ത ഉറക്കച്ചടവിന്‍റെ നീരസത്തോടെ ടോണിയെട്ടന്‍ ചോദിച്ചു.

“അതെ, സായിപ്പിന്‍റെ ആ മാനേജരില്ലേ ? അങ്ങേരെ ദാ ദിപ്പോ മാര്‍ക്കറ്റ് റോഡില്‍ വച്ച് വണ്ടിയിടിച്ച് – തല തെറിച്ചു പോണത് ഞാന്‍ കണ്ട്”

“ങേ സാം സാറിനെയോ” ടോണിയെട്ടന്‍റെ ഉറക്കം ഒക്കെ പമ്പ കടന്നു. അര മണിക്കൂറെ ആയുള്ളൂ സീറോക്ക് ബാറില്‍ നിന്ന് രണ്ടുപേരും പാര്‍ട്ടി കഴിഞ്ഞു പിരിഞ്ഞിട്ട്. സാം സാര്‍ ഇന്നിത്തിരി കൂടുതല്‍ അടിച്ചിട്ടുണ്ടായിരുന്നു. കൊണ്ട് ചെന്നാക്കാം എന്ന് ടോണിയേട്ടന്‍ പറഞ്ഞതാ – കേട്ടില്ല. പതിവ് പോലെ തനിയെ പൊയ്ക്കൊള്ളാം എന്നും പറഞ്ഞു ബൈക്കോടിച്ചു പോയി. ബുള്ളറ്റു സ്റ്റാര്‍ട്ട് ചെയ്തു പോകുന്നത് വരെ ടോണിയെട്ടന്‍ കൂടെ ഉണ്ടായിരുന്നു.

“ആ അങ്ങേരടെ പേരൊന്നും എനിക്കറീല്ല, സായിപ്പിന്‍റെ കൂടെ ഇവിടെ വന്നിരുന്നു ഇടയ്ക്കു സ്മോള്‍ അടിക്കുന്ന നിങ്ങടെ മാനേജര്‍ ഇല്ലേ – അങ്ങേരു തന്നെ”

“എന്നിട്ട് അങ്ങേരെ എങ്ങോട്ടാ കൊണ്ട് പോയത്?” ടോണിയെട്ടന്‍ ഷര്‍ട്ട് എടുത്തിട്ടു കൊണ്ട് ചോദിച്ചു.

“ആ – അതൊന്നും എനിക്കറില്ല. ഞാന്‍ സെക്കണ്ട് ഷോ കഴിഞ്ഞു വരുന്ന വഴിയായിരുന്നു സംഭവം. ജനറല്‍ ആശുത്രിലേക്ക് ആയിരിക്കും കൊണ്ടോയത്. എനിക്ക് ഒറക്കം വരുന്നു, രാവിലെ എണീക്കണ്ടതാ” പൌലോച്ചന്‍ ഒരു കോട്ടുവായിട്ടു കൊണ്ട് നടന്നു പോയി.

ജനറല്‍ ആശുപത്രിയിലെ റിസപ്ഷന്‍ കൌണ്ടറില്‍ മേശമേല്‍ തലചായ്ച്ചു ഉറങ്ങുന്ന നേര്‍സ് ടോണിയെട്ടന്‍ അഞ്ചാറുവിളി വിളിച്ച ശേഷമാണ് തലപൊക്കിയത്.

“എന്താടോ ” ടോണിയെട്ടനെ , പാക്കിസ്ഥാന്‍ പട്ടാളക്കാരനെ നോക്കുന്ന ഇന്ത്യന്‍ ജവാനെ പോലെ നേര്‍സ് ഒന്ന് രൂക്ഷമായി നോക്കി.

“ഇപ്പൊ മാര്‍ക്കറ്റ് റോഡില്‍ വച്ച് വണ്ടിയിടിച്ച സാം വര്‍ഗീസ്‌, എവിടെയാ കിടക്കുന്നെ ?”

“ഓ – ഇപ്പൊ കൊണ്ടന്ന ആക്സിഡന്റ്റ് കേസാണോ , ജനറല്‍ വാര്‍ഡില്‍ ഉണ്ട്”

ടോണിയെട്ടന്‍ വാര്‍ഡ്‌ മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും അങ്ങനെ ഒരാളെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. വീണ്ടും റിസ്പഷനിലെ ആ പൂതനയോട് തന്നെ ചോദിക്കാം എന്നു കരുതി വാര്‍ഡില്‍ നിന്ന് പുറത്തേക്കു നടക്കുമ്പോള്‍ സാം സാറിന്‍റെ ഭാര്യ ആനിചെച്ചി കയ്യില്‍ എന്തോ പൊതിയുമായി വാര്‍ഡിലേക്ക് വരുന്നു.

“ആ ടോണി അറിഞ്ഞാരുന്നോ?” ആനിചെച്ചി ചോദിച്ചു.

“സാര്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു ചേച്ചി . ഞാന്‍ റൂമിലെത്തി ഉറക്കം പിടിച്ചപ്പഴാ ലോഡ്ജിലെ പണിക്കാരന്‍ പൌലോച്ചന്‍ വന്നു വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞത്. എന്നിട്ടിപ്പോ സാറിനു എങ്ങനെണ്ട് ?”

“ഓ – അങ്ങേര്‍ക്കു ഒരു കുഴപ്പവും ഇല്ല. ടോണി വാ” ആനിചെച്ചി ടോണിയെട്ടന് വഴി കാട്ടി മുന്നേ നടന്നു.

ടോണിയെട്ടന്‍ നേരത്തെ നോക്കി തിരികെ പോയ കട്ടിലുകളില്‍ ഒന്നില്‍ കിടന്നിരുന്ന ഒരു മൊട്ടത്തലയന്‍റെ അടുത്ത് ആനിചെച്ചി നിന്നു.

ടോണിയേട്ടന്‍ സംശയത്തോടെ ആനിചേച്ചിയുടെ മുഖത്തേക്ക് നോക്കി.

“ദാ കിടക്കുന്നു” ആനിചെച്ചി കട്ടിലില്‍ കിടക്കുന്ന ആ ആളെ തന്നെ ചൂണ്ടിക്കാണിച്ചു പറഞ്ഞു.

“ഇതോ…ഇത്” ടോണിയെട്ടന്‍ സംശയത്തോടെ കണ്ണടച്ച് ഉറങ്ങുന്ന ആ മനുഷ്യന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ദൈവമേ ഇത് സാം സാര്‍ ആണല്ലോ. ഇതെന്താ ആശുപത്രിക്കാര്‍ തല ഷേവ് ചെയ്തോ? തലക്കു ഓപ്പറേഷന്‍ വല്ലോം വേണോ ചേച്ചി ?”

“ങേ അപ്പൊ ഇത്ര അടുത്ത കൂട്ടുകാര്‍ ആയിട്ടും ടോണിക്കറിയില്ലേ? സാമിന്‍റെ തലമുടി വിഗ്ഗാടോ?”

അപ്പോള്‍ ഇതാണ് പൌലോച്ചന്‍ കണ്ടെന്നു പറഞ്ഞ തെറിച്ചു പോയ തല – ടോണിയെട്ടന് ചിരി അടക്കാന്‍ സാധിച്ചില്ല. ടോണിയെട്ടന്‍ കാര്യം പറയും വരെ ആനിചെച്ചി അമ്പരപ്പോടെ ടോണിയെട്ടനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ അവരും ചിരിച്ചു പോയി.

2 Comments for this entry

Leave a Reply

Your email address will not be published.