ബാല്യത്തില്‍ എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു.

സ്കൂളിലും, ഓത്തുപള്ളിയിലും ഒന്നിച്ചു പഠിച്ച അവളെന്‍റെ ജീവനായിരുന്നു.

കൌമാരത്തിലേക്കെത്തിയപ്പോള്‍ എന്നില്‍ അവളോടുള്ള ഇഷ്ടം പ്രണയമായി മാറി.

തുറന്നു പറഞ്ഞാല്‍ നഷ്ടപ്പെട്ടാലോ എന്ന ഭയം എന്നെ അവളില്‍ നിന്നകറ്റി.

അടുത്തടുത്ത കോളേജുകളില്‍ പഠിച്ചിട്ടും, ദിവസവും ഒരേ ബസ് സ്റ്റോപ്പില്‍ നിന്ന് ഒരേ ബസില്‍ യാത്ര ചെയ്തിട്ടും അവള്‍ കാണാതെയല്ലാതെ അവളുടെ കണ്ണുകളിലേക്ക് പോലും നോക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു.

എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞു !

കോളേജില്‍ ചേര്‍ന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ കണ്ടിഷ്ടപ്പെട്ടു.

പക്ഷെ അവള്‍ക്കിങ്ങോട്ട് ആ ഇഷ്ടം ഇല്ലായിരുന്നു.- എന്നിട്ടും പ്രതീക്ഷയോടെ ഞാന്‍ പിന്നാലെ നടന്നു.

ഒരു മാസം കഴിഞ്ഞപ്പോള്‍ അവള്‍ കോളേജില്‍ വരാതായി – അന്വേഷിച്ചപ്പോള്‍ അവളുടെ വീടിനടുത്തുള്ള സുഹൃത്ത്‌ പറഞ്ഞു – “അവളുടെ കല്യാണം കഴിഞ്ഞെടാ”

മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ മറ്റൊരു പെണ്‍കുട്ടിയോട് പ്രണയം തോന്നി.

കുറെ നാള്‍ പിന്നാലെ നടന്ന് അവസാനം ധൈര്യം സംഭരിച്ച് അവളെ ചെന്നുകണ്ടു കാര്യം പറഞ്ഞു.

അവളുടെ മറുപടി എന്നെ ഞെട്ടിച്ചു “എന്‍റെ വിവാഹം കഴിഞ്ഞതാണ് !”

ഒടുവില്‍ എന്‍റെ വിവാഹവും കഴിഞ്ഞു.

എന്‍റെ ശനിദശ അവസാനിച്ചോ എന്നറിയാനുള്ള ആഗ്രഹത്തോടെ ഫേസ്ബുക്കില്‍ ഒരു വിവാഹിതയുമായി പ്രണയത്തിലായി.

ആദ്യമായി ഒരു പെണ്‍കുട്ടി ഇങ്ങോട് ഇഷ്ടമാണെന്ന് പറഞ്ഞ ത്രില്ലില്‍ അഹങ്കരിച്ചു നടന്ന എന്നെ ഒരുദിവസം അവളും ഞെട്ടിച്ചു.

“നിന്നെ പരിചയപ്പെട്ടതില്‍ പിന്നെ എനിക്കെന്‍റെ ഭര്‍ത്താവിനോട് ഒരിക്കലും തോന്നിയിട്ടില്ലാത്ത ഇഷ്ടം തോന്നുന്നെടാ”

ചിലപ്പോള്‍ വാര്‍ധക്യത്തിലെങ്കിലും എന്‍റെ ശനിദശ മാറുമായിരിക്കും !

Leave a Reply

Your email address will not be published.