മലയാളികളെ ആരും മാര്‍ക്കറ്റിംഗ് പഠിപ്പിക്കേണ്ട.

മരത്തടിയില്‍ പുറം ചൊറിയാനുള്ള കൈ വരെ ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കുന്നവനാണ് മലയാളി.

വിറ്റ്കാശാക്കാന്‍ പറ്റുന്നതൊക്കെ വിഷയം കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്ന സമയത്ത് നിരത്തി വെക്കുകയാണ് പതിവ്.

“കാറ്റുള്ളപ്പോള്‍ തൂറ്റുക” എന്ന് പഴമക്കാര്‍ പറഞ്ഞത് എഫ് ബിയുടെ വരവ് മുന്‍കൂട്ടി അറിഞ്ഞിട്ടായിരിക്കുമോ ?

(ഹേയ് ആകാന്‍ സാധ്യതയില്ല – എന്നാലും ഇനി ആയിരിക്കുമോ – ആകുന്നെങ്കില്‍ ആകട്ടെല്ലേ – ഹല്ലാ പിന്നെ !)

ഉദാഹരണം – സന്തോഷ്‌ പണ്ഡിറ്റിനെ വിറ്റ് കഞ്ഞികുടിക്കുന്ന ഏഷ്യാനെറ്റ്.

ട്രെന്‍ഡുകള്‍ ആണ് എക്കാലത്തെയും ട്രെന്‍ഡ് – മുഖപുസ്തകവും അതില്‍ നിന്ന് ഭിന്നമല്ല.

മലയാളീ ഹൌസും, പര്‍ദ്ദയും ഒക്കെ വിഷയമാക്കാന്‍ പറ്റിയ മുറ്റ് ട്രെന്‍ഡുകള്‍ ആണെങ്കിലും അബ്ബാസിനെ കുറിച്ച് സ്റ്റാറ്റസ് ഇട്ട്, അബ്ബാസിനെ ടാഗ് ചെയ്യുക എന്നതാണ് മിനിമം ഗാരണ്ടിയുള്ള ഇപ്പോഴത്തെ ട്രെന്‍ഡ്.

മുഖപുസ്തകത്തിലും വാര്‍ത്താമാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന സുന്ദരനായ അബ്ബാസ് (നുണ പറഞ്ഞാലെങ്കിലും ഒരു പത്തു ലൈക് കൂടുതല്‍ പോരുന്നെങ്കില്‍ പോരട്ടെന്നെ) ഒരു സഹൃദയന്‍ കൂടിയായതിനാല്‍ മൂപ്പരെ ടാഗ് ചെയ്യുന്ന ഏതു കൂതറ പോസ്റ്റിനും മൂപ്പരുടെ വക ഒരു ലൈക്കും കമന്‍റും ഗാരണ്ടി.

ഇങ്ങനെ പോസ്റ്റിട്ടു ടാഗ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണെന്ന് വച്ചാല്‍, അബ്ബാസ് ലൈക്കോ, കമന്റോ ഇട്ടാല്‍ അബ്ബാസിന്‍റെ പതിനായിരക്കണക്കിനു സുഹൃത്തുക്കളുടെ വാളില്‍ നോട്ടിഫിക്കേഷന്‍ വരും.

ഒരു കാരണവുമില്ലാതെ അബ്ബാസിക്ക ലൈക്കില്ല – കമന്‍റില്ല എന്ന ധാരണയില്‍ അവരില്‍ പലരും കണ്ണും പൂട്ടി ലൈക്കുമ്പോള്‍, ഒന്നുമറിയാതെ ഒരു നല്ല എണ്ണം ലൈക്കുകള്‍ നമ്മക്കും ചുളുവില്‍ ഇങ്ങു പോന്നെ….?

വേറെ ഒരു കാര്യം അബ്ബാസിനെ പ്രതിപാദിക്കാതെ ഇട്ട പോസ്റ്റിലും അബ്ബാസിന്‍റെ ലൈക്കോ കമന്റോ വാങ്ങുക എന്നതാണ് – ഇതിനു മൂന്ന് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഒന്ന്
——-
നമ്മുടെ പോസ്റ്റ്‌ അബ്ബാസിന്‍റെ വാളില്‍ എങ്ങനെയെങ്കിലും ഡിസ്പ്ലേ ആകാനും, അത് മൂപ്പര്‍ വായിക്കാനും, അതിഷ്ടപ്പെട്ട് അബ്ബാസ് ലൈക്കടിക്കാനുംപ്രാര്‍ഥിക്കുക എന്നതാണ് – എന്നാല്‍ ഇത് പലപ്പോഴും അത്ര പ്രായോഗികമല്ല – കാരണം അടുത്ത സുഹൃത്തുകള്‍ അല്ലാത്തവരുടെ കൂതറപോസ്ട്ടിനോന്നും ആ പ്രൊഫൈലില്‍ നിന്ന് ലൈക്കോ കമന്‍റോ ഇറങ്ങുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കണ്ട !

രണ്ട്
——–
പോസ്റ്റിട്ട ശേഷം യാതൊരു ഉളുപ്പുമില്ലാതെ അബ്ബാസിന്‍റെ ഇന്ബോക്സിലേക്ക് ഇടിച്ചങ്ങു കയറുക, എന്നിട്ട്

“അബ്ബസിക്ക നിങ്ങളോട് സംഭവം തന്നെ ആണുട്ടോ. നിങ്ങടെ എല്ലാ പോസ്റ്റും ഞാന്‍ കുത്തിയിരുന്നു വായിക്കാറുണ്ട്. നിങ്ങളെ ഇന്നലെ സ്വപ്നം കണ്ടു ഞെട്ടിയെഴുന്നെട്ടെന്ന്‍ ഇന്നലെക്കൂടി എന്‍റെ ഭാര്യ പറഞ്ഞേയുള്ളൂ. നമ്മടെ വാളിലും വല്ലപ്പോഴും ഒക്കെ ഒന്ന് വന്നേക്കണേ”

എന്ന് ഒരു രണ്ടു കുത്തിന്‍റെയും ഒരു ബ്രാക്കറ്റിന്‍റെയും ധൈര്യത്തില്‍ കണ്ണുമടച്ചു വച്ചൊരു കാച്ച് കാച്ചുക എന്നതാണ്.

അബ്ബാസ് തീരെ ജാഡ ഇല്ലാത്ത ആളായത് കൊണ്ട് മെസ്സേജ് വായിച്ച ഉടനെ നിങ്ങളുടെ ലേറ്റസ്റ്റ് പോസ്റ്റില്‍ ഒരു ലൈക്കെങ്കിലും ഉറപ്പ് .

ഇതിന്‍റെ ദോഷവശം രണ്ടു മൂന്നു തവണ ആവര്‍ത്തിക്കുമ്പോള്‍ അബ്ബസിനായാലും ദേഷ്യം വരാമെന്നും “ഭായി ഒരു പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ ലൈക്കാന്‍ ഫേസ്ബുക്ക് അനുവദിക്കുന്നില്ല” എന്ന് ഒരുലോഡ് പുച്ഛം കലര്‍ന്ന മറുപടി പ്രതീക്ഷിക്കുകയും ചെയ്യാം എന്നതാണ്. (അനുഭവത്തിന്‍റെ വെളിച്ചത്തില്‍)

മൂന്ന്
———-
അബ്ബാസിന്‍റെ ഫ്രണ്ട്സിനെയും , മൂപ്പരെ ഓടിച്ചിടുന്നവരെയും (ഫോളോവേര്‍സ്) കൂട്ടി ‘പൈനായിരം’ പേരുണ്ടെങ്കിലും ലൈക്ക് പരമാവധി മൂവായിരമേ കിട്ടുന്നുള്ളൂ – അപ്പോള്‍ ബാക്കി ഏഴായിരം പേര്‍ക്ക് അബ്ബാസിനോട് പുഞ്ഞമോ, ദേഷ്യമോ അസൂയയോ ആയിരിക്കും – അവരുടെ ലൈക് തനിക്കു കിട്ടാന്‍ സാധ്യതയില്ലേ എന്നൊരു ബ്രിട്ടാസിയന്‍ ശൈലിയിലുള്ള പണ്ഡിറ്റീയന്‍ വീക്ഷണകോണകം.

“അബ്ബാസ് പോസ്റ്റുകള്‍ കുത്തിപ്പോക്കുന്നു, അബാസിനു തീരെ ഗ്ലാമര്‍ ഇല്ല, അബ്ബാസ് എഴുതി തുടങ്ങിയപ്പോള്‍ അഞ്ചു ലൈക്കെ കിട്ടിയിരുന്നുള്ളൂ, അബ്ബസിനെക്കാള്‍ നന്നായി ബോബനും മോളിയും തമാശ പറയും” എന്നൊക്കെ പറഞ്ഞു പോസ്റ്റിട്ടാല്‍ അബ്ബാസ് വിരോധികളും (അബ്ബാസിന്‍റെ എല്ലാ പോസ്റ്റിലും നിവൃത്തികേട് കൊണ്ട് ഗുളിക കഴിക്കും പോലെ സ്ഥിരമായി കമന്‍റിടുന്ന ചിലര്‍ ആദ്യം പോയി ഈ വക പോസ്റ്റിലും ലൈക് അടിക്കും എന്നത് എലിയെ പിടിക്കാന്‍ വച്ച കെണിയില്‍ തുരപ്പന്‍ പെട്ടു എന്നത് പോലെ കഥയിലെ ബോണസ് ട്വിസ്റ്റ്‌ ! ) ശുക്രന്‍ ഉച്ചിയില്‍ ഉദിച്ചു നില്‍ക്കുന്ന സമയം ആണെങ്കില്‍ – തന്‍റെ ഭാഗം സരസമായി ന്യായീകരിച്ചു പോസ്റ്റ്‌, അതിട്ടവന്‍റെ തലയ്ക്കു തന്നെ മറിച്ചിടുന്ന വിധത്തില്‍ സാക്ഷാല്‍ അബ്ബാസിന്‍റെ തന്നെയും ഒരു രസികന്‍ കമന്‍റും ലഭിച്ചേക്കാം !

ഞാന്‍ ഈ പോസ്റ്റ്‌ ഇടാന്‍ കാരണം – ഇന്നലെ സുഹൃത്ത്‌ അയച്ചു തന്ന മൂന്നാമത്തെ കാറ്റഗറിയില്‍ പെട്ട ഒരു പോസ്റ്റും അതിലെ അബ്ബാസിന്‍റെ പ്രതികരണവും വായിച്ചു ചിരിച്ചു പോയത് കൊണ്ടാണ്.

അബ്ബാസ് ഒരിക്കല്‍ ഇട്ട പോസ്റ്റ്‌ കുത്തിപ്പൊക്കാനും , പോക്കാതിരിക്കാനും അബ്ബാസിന് സ്വതന്ത്രം ഉണ്ട്.

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അസൂയക്കും കുശുമ്പിനും മരുന്നില്ല എന്നും പറയാം

(അബ്ബാസിനെ കുറിച്ച് പോസ്റ്റിട്ടാല്‍ ഫേസ്ബുക്കിലെ ‘കപടസാദാചരക്കാര്‍’ ഓടിയെത്തി തന്നെ തലങ്ങും വിലങ്ങും ആക്രമിച്ചു കൊന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും അതിനു ശേഷം ഇക്കിളിയാക്കി ചിരിപ്പിക്കുക കൂടി ചെയ്യുമെന്ന് പേടിയോടെ (?) പോസ്റ്റിട്ട എന്‍റെ സുഹൃത്ത്‌ റയിയെ അന്ന് കളിയാക്കിയതിന്‍റെ പേരില്‍ ഞാന്‍ എന്നെത്തന്നെ ഒരു ലോഡ് പുജ്ഞം കൊണ്ട് മൂടുന്നു)

ആരെയും ടാഗ് ചെയ്യാതിരിക്കുന്നതാണ് മാന്യത എന്ന് സാക്ഷാല്‍ അബ്ബാസ് തന്നെ ഇന്നലെ പ്രസ്താവിച്ചെങ്കിലും ലൈക്കും കമന്‍റും പ്രതീക്ഷിച്ചു തന്നെ ഞാന്‍ അബ്ബാസിനെ ടാഗ് ചെയ്യുന്നു – “മാനം വിറ്റും ലൈക് നേടിയാല്‍ മാനക്കേടാ ലൈക് മാറ്റും” എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ ?

ങേ – അതെപ്പോ എന്ന് നെറ്റിചുളിക്കാന്‍ വരട്ടെ , ആ – ഇന്നലെ അങ്ങനെയും ഒരു പോസ്റ്റ്‌ എഫ്ബിയില്‍ കണ്ടു –

“ലൈകും പണവും ഒരു പോലെയാണ് – എത്ര കിട്ടിയാലും മതിയാവില്ലത്രേ !”

ആലോചിച്ചപ്പോള്‍ സംഗതി ശരിയല്ലേ ?

വാല്‍ – 1
————-
ഇനി ഇതെഴുതിയതിന്‍റെ പേരില്‍ ക്ലോസ് ഫ്രണ്ട്സിന്‍റെ ഗണത്തില്‍ പെടുത്തി ഇടുന്ന എല്ലാ ചളി പോസ്റ്റുകള്‍ക്കും ഒരു ലൈക്കെങ്കിലും തന്നില്ലെങ്കിലും മണ്ണത്തൂര്‍ വിത്സണ്‍ സാറിനെപ്പോലെ ഓന്‍ ചുവന്ന ബട്ടണ്‍ പ്രയോഗിക്കില്ലെന്ന് വിശ്വസിക്കുന്നു.

കാരണം ഓന്‍റെ മോത്തേക്ക് നോക്ക്യാ അറീല്ലേ – ഓന്‍ ലീഗാ (അതോണ്ട് പച്ച ബട്ടണ്‍ മാത്രേ പ്രയോഗിക്കാന്‍ സാധ്യതയുള്ളൂ)

വാല്‍ – 2
————-
എനിക്ക് സ്റ്റാറ്റസിനുള്ള വിഷയം കിട്ടുന്നത് പള്ളിയില്‍ പോകുമ്പോഴും വരുമ്പോഴും (എങ്ങനെ – എന്തെഴുതണം എന്ന് ആലോചിക്കാന്‍ നമസകരിക്കുമ്പോഴും) ആണെന്ന് ഒരു എഫ്.ബി സുഹൃത്തിനോട്‌ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി

“പിശാചിന്‍റെ ഓരോ കളികളെ”

പക്ഷെ ഒന്നാലോചിച്ചാല്‍ പിശാചു ചെയ്യുന്നത് ഒരു നല്ല കാര്യമല്ലെ ?

സ്റ്റാറ്റസിട്ടു ലൈക്ക് വാങ്ങാനെങ്കിലും പള്ളിയില്‍ പോകാന്‍ തോന്നിക്കുന്നുണ്ടല്ലോ (ഇനി പോകുന്ന വഴിക്ക് സ്റ്റാറ്റസ് കിട്ടാത്ത ദിവസമാണെങ്കില്‍ നമസ്കാരവും നേരെ ചൊവ്വേ നടക്കും)

വാല്‍ – 3
————-
രണ്ടു വാല്‍ തന്നെ പതിവില്ലാത്തതാണ് – അപ്പഴാ ഓന്‍റെയൊരു മൂന്നാമത്തെ വാല്‍ !

ഇനി പുതിയ പതിവോക്കെ തുടങ്ങിയിട്ട് വേണം ഫേസ്ബുക്കിലെ ബുജികള്‍ എല്ലാം കൂടി എന്നെ ഓടിച്ചിട്ട്‌ “ഫോളോ” ചെയ്യാന്‍ !

Leave a Reply

Your email address will not be published.