“ഹായ് എന്ത് ഭംഗിയാ ഈ പെയിന്‍റിംഗിന് ? – ശരിക്കും ജീവനുള്ളത് പോലെ, അല്ലെ ഭാമ ?”

“അതെ – ഇത് വനജയാണ്”

“വനജയോ ? അതാരാ ?”

“ഒന്ന് പറഞ്ഞു കൊടുക്കൂ മുത്തശ്ശി വനജയുടെ കഥ”

“മോള്‍ക്ക്‌ വനജയുടെ കഥ കേള്‍ക്കണമല്ലേ , പറയാം. ദാ ആ വലിയ ചിത്രം കണ്ടോ ?”

സതി ഹാളിന്‍റെ ഭിത്തിയില്‍ തൂക്കിയിരുന്ന ആ വലിയ ചിത്രത്തിലേക്ക് നോക്കി , ആജാനബാഹുവായ ഒരു കൊമ്പന്‍മീശക്കാരന്‍. ക്രൌര്യം സ്ഫുരിക്കുന്ന കണ്ണുകള്‍, ഒറ്റ നോട്ടത്തില്‍ പേടി തോന്നിക്കുന്ന രൂപം”

“അതായിരുന്നു ഈ തറവാട്ടിലെ കാരണവര്‍. ഈ വനജ ഇവിടത്തെ അടിച്ചു തളിക്കാരിയുടെ മകളായിരുന്നു.വനജയുടെ ഈ ചിത്രം വരച്ചതാരെന്നരിയാമോ ?”

“ഇല്ല മുത്തശ്ശി”

“ഇത് വരച്ചത് കാരണവരുടെ ഇളയ മകന്‍ ഉദയന്‍, അവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു”

ഒന്ന് നിര്‍ത്തി പതിഞ്ഞ ശബ്ദത്തില്‍ മുത്തശ്ശി തുടര്‍ന്നു.

“അവരുടെ ഈ ബന്ധം കാരണവര്‍ക്ക്‌ സഹിക്കാന്‍ പറ്റിയില്ല. ഇതില്‍ നിന്ന് പിന്മാറാന്‍ ഒരുപാട് ഉപദേശിച്ചെങ്കിലും ഉദയന്‍ ചെവിക്കൊണ്ടില്ല. അങ്ങനെയിരിക്കെ ഒരുദിവസം വനജയുടെ മൃതദേഹം വീടിനു പിന്നെ കുളത്തില്‍ കണ്ടെത്തി”

“വനജയെ കാരണവര്‍ …? സതി പൂര്‍ത്തീകരിച്ചില്ല.

“ഉറപ്പില്ല, എല്ലാവരും അങ്ങനെയാ വിശ്വസിക്കുന്നെ. എന്തായാലും അന്നത്തോടെ ഉദയന്‍ ഈ വീടുവിട്ടു പോയി. പിന്നെ ഒരിക്കലും അവന്‍ തിരിച്ചു വന്നില്ല”

“എന്ത് ഭംഗിയാല്ലേ വനജയെ കാണാന്‍..പാവം വനജ .” കൈത്തലം കൊണ്ട് പെയിന്‍റിംഗിലെ പൊടി തുടച്ചുകൊണ്ട് സതി പറഞ്ഞു.

“വരൂ സതീ, ഊണ് റെഡിയാക്കി അമ്മ കാത്തിരിക്കുന്നുണ്ടാകും”

മൂവരും താഴേക്കിറങ്ങിപ്പോയി.

പിറ്റേ ദിവസം ഉച്ചകഴിഞ്ഞപ്പോള്‍ സതി തനിച്ച് പെയിന്‍റിംഗുകള്‍ സൂക്ഷിച്ചിരുന്ന ഹാളിലെത്തി.

അവള്‍ അവിടെയെല്ലാം തിരഞ്ഞെങ്കിലും വനജയെ കണ്ടെത്താനായില്ല.

“ഇനി ആരെങ്കിലും എടുത്തു കൊണ്ടുപോയിക്കാണുമോ ?” സതി സ്വയം ചോദിച്ചു.

അവളുടെ നോട്ടം ഭിത്തിയില്‍ തൂക്കിയിരുന്ന കാരണവരുടെ ചിത്രത്തില്‍ പതിഞ്ഞു – ഇന്നലെ കണ്ടതിലും ആ കണ്ണുകളിലെ ചുവപ്പ് വര്‍ദ്ധിച്ചിരിക്കുന്നത് പോലെ. നിശ്ചയമായും ആ മുഖത്ത് ക്രൌര്യഭാവം അധികരിച്ചിരിക്കുന്നു.

അവള്‍ക്കു ഒരു സന്ദേഹം തോന്നി.

അവള്‍ ആ ചിത്രത്തിനരികിലേക്ക് നടന്നു ചെന്നു.

പിന്നെ ആ ചിത്രത്തിന് പിന്നില്‍ കൈയെത്തിച്ചു പരതി , അവള്‍ പ്രതീക്ഷിച്ചത് പോലെ ചുരുട്ടിയ നിലയില്‍ വനജയുടെ ചിത്രം അവിടെയുണ്ടായിരുന്നു !

: menu

Leave a Reply

Your email address will not be published.