മുഖത്തെ രോമവളര്‍ച്ചയുടെ കാര്യത്തില്‍ ദൈവാനുഗ്രഹം തെല്ലുകുറവുള്ള ഒരു മനുഷ്യനാണ് അയമൂട്ടി. മൂപ്പര്‍ക്കതില്‍ കാര്യമായ അപകര്‍ഷതയുമുണ്ട്.

പെണ്ണ് കെട്ടാന്‍ പറഞ്ഞുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ തന്‍റെ പ്രതിരോധമെല്ലാം നശിച്ചു തുടങ്ങിയപ്പോഴാണ് അവസാനകയ്യെന്ന നിലക്ക് അയമൂട്ടി വാരികയില്‍ ആരോഗ്യപംക്തിയിലെ ഡോക്ടര്‍ക്ക് കത്തെഴുതിയത് –

“ഹോര്‍മോണ്‍ കുറവാണ് കാരണം” – മരുന്നിനു പോലും മുടിയില്ലാത്ത കഷണ്ടിത്തലയില്‍ കൈയോടിച്ചു കൊണ്ട് ഡോക്ടര്‍ മറുപടിയെഴുതി.

അതും വായിച്ച്, സ്വന്തം നാട്ടുകാരറിഞ്ഞാല്‍ പറഞ്ഞുണ്ടാക്കിയേക്കാവുന്ന പുകിലോര്‍ത്ത് പേടിച്ച അയമൂട്ടി രണ്ടു പഞ്ചായത്തപ്പുറമുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി താടീം മീശേം വളരാനുള്ള ഹോര്‍മോണ്‍ ചോദിച്ചു.

മുഖത്തെ രോമാമില്ലായ്മ കൊണ്ട് പൊറുതിമുട്ടി കാലാകാലങ്ങളായി നാട്ടുകാരാല്‍ കളിയാക്കപ്പെട്ടു കൊണ്ടിരിക്കുന്ന മെഡിക്കല്‍ സ്റ്റോറുകാരന്‍ അവറാന്‍ തന്‍റെ നേര്‍ക്കുനേരെ നിന്ന് കളിയാക്കാന്‍ ധൈര്യപ്പെട്ട ‘വരത്തനെ’ അതിശയത്തോടെ നോക്കി ഒരുനിമിഷം നിന്നുപോയി.

നേരം പരപരാവെളുക്കുമ്പോള്‍ വാതിലിന്‍റെ കട്ട്ലപ്പടിയില്‍ തൂങ്ങി മസില്‍ ഉരുട്ടിപ്പെരുപ്പിച്ചു വച്ചിരിക്കുന്ന കനപ്പെട്ട വലതുകൈ അയമൂന്‍റെ ഇടതു ചെകിട് നോക്കി, സ്വന്തം ദേശീയ റെക്കോഡ് തകര്‍ക്കാന്‍ വാശിയോടെ ഡിസ്ക് എറിയുന്ന വികാസ് ഗൌഡയെപ്പോലെ, ഒരു വീശുവീശി.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ കുറച്ചു സമയം അന്തരീക്ഷത്തില്‍ ഫ്രീയായി സ്റ്റാര്‍ വാര്‍സ് കണ്ടോണ്ടുനിന്ന അയമുവിന് അവറാന്‍റെ ഇടതുകൈയും ഉയരുന്നത് കണ്ടപ്പോഴാണ്, ഒരുകരണത്തടി കൊണ്ടാല്‍ മറുകാരണം കൂടി കാട്ടിക്കൊടുത്ത് കിട്ടിയ അടിയുടെ എണ്ണം ബാലന്‍സ് ചെയ്യാന്‍ താന്‍ യേശുക്രിസ്തുവിന്‍റെ അനുയായിയോന്നുമല്ലല്ലോയെന്ന് ഒരു മിന്നല്‍പ്പിണര്‍ പോലെ തിരിച്ചറിവുണ്ടായത്.

അവറാന്‍റെ ‘കൈ തന്‍റെ മുഖത്തെത്തും മുന്നേ’ ചാടിയോടി സൈക്കിളില്‍ കയറി എങ്ങനെയും ആ പഞ്ചായത്ത് വിടുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ എഴുന്നേറ്റു നിന്ന് ആഞ്ഞു ചവിട്ടുമ്പോള്‍ എതിരെ വന്ന ഇളംകാറ്റ് അയമുവിന്‍റെ മനോഹര മുഖത്തെ തഴുകിത്തലോടി കടന്നു പോയി. അയമുവിന് വലതുകവിളത്ത് സുഖമുള്ള തണുപ്പും, ഇടതുകവിളത്ത് കത്തുന്ന പുകച്ചിലും ഒരേസമയം അനുഭവപ്പെട്ടു.

“ഹോ, ഏതു ഹോര്‍മോണ്‍ മരുന്ന് തേച്ചാലും ഈ അടികൊണ്ട കവിളത്തു താടിരോമം പോയിട്ട് പൂടരോമം പോലും കിളിര്‍ക്കുന്ന ലക്ഷണമില്ല” കാര്യം മനസ്സിലായില്ലെങ്കിലും അടികൊണ്ടെന്ന മ്യാരക സത്യം തിരിച്ചറിഞ്ഞ അയമു ഇടതുകവിളില്‍ തടവിക്കൊണ്ട് സങ്കടത്തോടെ ഓര്‍ത്തുപോയി.

ഈ സംഭവം നടന്നിട്ട് മൂന്നു മാസം പോലും തികഞ്ഞില്ല. അങ്ങനെയിരിക്കെയാണ് പിറ്റേന്ന് പെണ്ണ്കാണാന്‍ പോകേണ്ട കാര്യമോര്‍ത്തു ടെന്‍ഷനടിച്ച് പാലത്തിന്‍റെ കൈവരിയിലില്‍, താഴെ മതിലിലോട്ടിച്ച – ആരോ മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ കീറിക്കൊണ്ടുപോയ – ഷക്കീലയുടെ പോസ്റ്ററിലേക്ക് നോക്കി നിരാശനായി കുറ്റിബീഡീം വലിച്ചിരിക്കുന്ന അയമൂട്ടിയോട്, കടന്നല്‍കൂടിനെ അനുസ്മരിപ്പിക്കുന്ന സ്വന്തം നെഞ്ചത്ത് തട്ടി ആധാരത്തിലെ മുരളിയുടെയും, കിരീടത്തിലെ തിലകന്‍റെയും ഭാവങ്ങള്‍ മാറിമാറി മുഖത്തുമിന്നിമറയിച്ചു കൊണ്ട് ഉറ്റചങ്ങാതി പരമു പറഞ്ഞത് –

“നീ വിഷമിക്കണ്ട അയമു, ഈ സെയിം പോസ്റ്റര്‍ ചന്തയില്‍ അന്ത്രുമാന്‍റെ പീടികെടെ പിന്നില്‍ ഒട്ടിച്ചത് ഇന്നലെരാത്രി ആരും കാണാതെ ഇളക്കിയെടുത്തു ഞാന്‍ വീട്ടിലെ ചായ്പ്പില്‍ ഒളിച്ചു വച്ചിട്ടുണ്ട്. നിനക്ക് ഷക്കീലെടെ കീറാത്ത പോസ്റ്റര്‍ ഞാന്‍ തരും, നീ ബീഡി താഴെയിട്. നിന്‍റെ ചെങ്ങായി പരമുവാടാ പറയുന്നേ, ബീഡി താഴെയിടടാ, ഇല്ലെങ്കി ചുണ്ട് പൊള്ളിപ്പോകും”

പറഞ്ഞു തീര്‍ന്നില്ല അയമൂട്ടിയുടെ കരുവാളിച്ച ചുണ്ട് വലിച്ച് തീര്‍ന്ന ബീഡിക്കുറ്റിയുടെ ചൂടില്‍ പൊള്ളി.

“അതൊന്നുമല്ലടാ പ്രശ്നം” രോമാമില്ലായ്മയാണ് തന്‍റെ യഥാര്‍ത്ഥ പ്രശ്നമെന്ന ആ ഭീകരസത്യം പൊള്ളിയ ചുണ്ടില്‍ നാവുനീട്ടി ഉമിനീര്‍ പുരട്ടുന്നതിനിടയില്‍ പരമുവിനോട്‌ അയമു പറഞ്ഞു.

കുറേനേരം അയമു തെക്കോട്ടും, പരമു വടക്കോട്ടും പരസ്പരം പുറംചാരിയിരുന്നു ചിന്തിച്ചതിനോടുവില്‍ പരമുവിന്‍റെ തലയില്‍ ഒരു അഞ്ചുകൊല്ലം ഗ്യാരണ്ടിയുള്ള പതിനഞ്ചു വാട്ട്സിന്‍റെ ഒരു LED ബള്‍ബ് കത്തി. അവന്‍ അയമുവിനാ ഐഡിയ പറഞ്ഞു കൊടുത്തു –

“താടീം മീശേം പറ്റെ ട്രിം ചെയ്യുക. വളര്‍ന്നു കൊള്ളുമെന്ന് പെണ്‍വീട്ടുകാര്‍ കരുതിക്കൊള്ളും.”

അത് തരക്കേടില്ലല്ലോ , ‘ഇവന്‍റെ പേട്ടത്തലയില്‍ ഇതിനും മാത്രം ബുദ്ധിയുണ്ടോ ?” എന്ന് ചിന്തിച്ച് അപകര്‍ഷത കൂട്ടി വീട്ടിലെത്തിയ അയമു, ഗള്‍ഫുകാരന്‍ അളിയന്‍റെ മുറിയില്‍ പെങ്ങള്‍ കാണാതെ പമ്മിപ്പമ്മിക്കയറി അലമാരയില്‍ ഒളിപ്പിച്ചുവച്ചിരുന്ന ഫോറിന്‍ ട്രിമ്മറെടുത്ത് മുണ്ടിനടിയില്‍ ഒളിച്ചു പിടിച്ച് കുളിമുറിയില്‍ പോയി കാര്യം സാധിച്ചു.

പിറ്റേന്ന് ബ്രോക്കര്‍ കുഞ്ഞായ്മ്മദിന്‍റെ കൂടെ പുറപ്പെടുവോളം തന്‍റെ താടിയും മീശയും ട്രിം ചെയ്ത കാര്യം വീട്ടുകാരുടെ ആരുടെയെങ്കിലും നാവില്‍ നിന്ന് കേള്‍ക്കാന്‍ കൊതിച്ചു അയമൂട്ടി അവര്‍ക്കുമുന്നില്‍ ‘പറഞ്ഞത് കേട്ടില്ല’ എന്ന മട്ടില്‍ തൊട്ടടുത്തേക്ക്‌ മുഖമടുപ്പിച്ചും മറ്റും കുറെയധികം പരിശ്രമിച്ചു നോക്കിയെങ്കിലും കിം ഫലം.

അങ്ങനെ അയമൂട്ടിയും കുഞ്ഞായ്മ്മദും കൂടി പെണ്ണിന്‍റെ വീട്ടിലെത്തി.

ലഡു, ജിലേബി, അവലോസുണ്ട തുടങ്ങിയ പലഹാരങ്ങളോട് മല്‍പ്പിടുത്തം നടത്തി വായ കഴച്ചു തുടങ്ങിയപ്പോഴാണ് കുഞ്ഞായ്മ്മദ് അക്കാര്യം ഓര്‍ത്തത് – പെണ്ണിനെ കണ്ടില്ലല്ലോ.

മൂന്നാന്‍റെ ആക്രാന്തം കണ്ടു സാക്ഷാല്‍ അയമൂട്ടിക്കു പോലും നാണക്കേട്‌ തോന്നിയെങ്കിലും മൂന്നാന്‍ ആയതുകൊണ്ടും പെണ്ണിനെ കാണേണ്ടത് തന്‍റെ മാത്രം ആവശ്യമായത് കൊണ്ടും, അറഞ്ചംപുറഞ്ചം കടിക്കുന്ന മൂട്ടകളെ “ഇവരൊന്നു പോയിക്കഴിയട്ടെ- മൂട്ടബോംബ് കിട്ടിയില്ലേൽ ആറ്റം ബോംബ്‌ വച്ചായാലും നിന്നെയൊക്കെ കൊല്ലുമെടാ പ – മൂ – ട്ടക്ക് ഡ്രാക്കുളയിലുണ്ടായ ഹൈഫണ്‍ മക്കളെ” എന്ന് മനസ്സിൽ പ്രാകിക്കൊണ്ട്‌ അതിഥികൾ മൂട്ടയുള്ള കാര്യം അറിയാതിരിക്കാൻ അവര്‍ക്കുമുന്നില്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മുഖഭാവത്തോടെയിരിക്കുന്ന ആതിഥേയന്‍റെ മട്ടിൽ, തുടക്കം മുതലേ ആ നേരം വരെ ക്ഷമയോടെ ഇളിച്ചു കൊണ്ടിരിക്കുകയായിരുന്നു അയമൂട്ടി.

“മോളെ, ആമിനുട്ടി ഇങ്ങോട്ട് ബരിന്‍” പെണ്ണിന്‍റെ വാപ്പ വിളിച്ചു.

പുതുപ്പെണ്ണ്‍ ആമിനുട്ടി മന്ദം മന്ദം അന്നനടയില്‍ പ്രവേശിച്ചു.

“ഇവള്‍ക്ക് ആമിനുട്ടി എന്നതിന് പകരം ആനക്കുട്ടി എന്ന പേരായിരുന്നു ഒന്നൂടെ ചേര്‍ച്ച” – മനസ്സില്‍ തോന്നിയ കാര്യം പറയാതെ മൂന്നാന്‍ അയമുവിനെ നോക്കി, ആദ്യരാത്രി വേണേ ഇന്ന് തന്നെ നടത്താനും ഞാന്‍ റെഡിയാണെന്ന മട്ടില്‍ കണ്ണും തള്ളി വെള്ളമിറക്കിയിരുക്കുന്ന അയമുവിനെക്കണ്ട് ‘കഷ്ടം’ എന്ന് അറിയാതെ പതുക്കെ പറഞ്ഞു പോയെങ്കിലും ഭാഗ്യത്തിന് ആരുമത് കേട്ടില്ല.

“നാണിക്കണ്ട, ചെക്കനോട് എന്തേലും ചോയിക്കാനോണ്ടെങ്കി ചോയിച്ചോളിന്‍”

വാപ്പയുടെ പെര്‍മിഷന്‍ കിട്ടാന്‍ കാത്തു നിന്നിരുന്ന മട്ടില്‍ ആന കരിമ്പിന്‍കാട്ടില്‍ കയറിയ ആക്രാന്തഭാവത്തോടെ ആമിനുട്ടി അയമൂട്ടിയുടെ മുഖത്തേക്ക് നോക്കിയതും അവളുടെ മോന്ത കാറ്റുപോയ ഫുട്ട്ബോള് പോലെ ചുരുങ്ങിപ്പോയി.

“യ്യേ, ഈ ചെക്കന് മീശേം താടീം ഇല്ല. മീശേം താടീം ഇല്ലാത്ത ചെക്കനെ നിക്ക് മാണ്ട” ആമിനുട്ടി ചിണുങ്ങിക്കൊണ്ടു തള്ളവിരല്‍ കൊണ്ട് തറയിലെ ടൈല്‍സ് കുഴിച്ചു പൊട്ടിക്കാന്‍ നോക്കി.

“അ, അ, അ…അതൊക്കെ ഇക്കാലത്തെ ക്ലീഷേ ആണെന്നേ”

പുരോഗമനചിന്താഗതിക്കാരനായ, ഫേസ്ബുക്കില്‍ ചെറിയൊരു പോസ്റ്റ്‌ മുതലാളി കൂടിയായ ബ്രോക്കര്‍ കുഞ്ഞായ്മ്മദ്, അര്‍ഥം അറിയില്ലെങ്കിലും വിശ്വാസയോഗ്യമെന്ന് തോന്നിപ്പിക്കാനായി അന്നേവരെ കേട്ടിട്ടുള്ളതില്‍ അല്‍പ്പം കനപ്പെട്ട വാക്കുതന്നെ എടുത്തു കീച്ചി.

“ഏയ്‌, അതൊന്നും അല്ല. ട്രിം ചെയ്തിട്ടേ ഉള്ളൂ” കാടികുടിക്കാന്‍ പോകുന്ന ആടിന്‍റെ ആക്ഷനോടെ അയമൂട്ടി മോന്ത കുഞ്ഞായ്മ്മദിന്‍റെ മുഖത്തെക്കടുപ്പിച്ചു.

“എന്തൂട്ട്, ട്രിമ്മെന്ന്‍ ബെച്ച എന്തൂട്ടാ ?” കുഞ്ഞായ്മ്മദ് അന്തം വിട്ടു ചോദിച്ചു.

“ക്ലീഷേ എന്ന് ബച്ചാ ക്ലീന്‍ ഷേവിന്‍റെ ചുരുക്കപ്പെരാണെന്നൊക്കെ ഞമ്മക്കറിയാ, പക്കെങ്കി ഞമ്മ ക്ലീഷേ ചെയ്തിട്ടില്ല, ട്രിമ്മേ ചെയ്തിട്ടോള്ളൂ”

പെണ്ണും വീട്ടുകാരും ‘അന്യന്‍റെ’ വാദം കേള്‍ക്കുന്ന ജഡ്ജിനെപ്പോലെ ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരിക്കെ, പതുക്കെ ബ്രോക്കറുടെ ട്രേഡ് മാര്‍ക്കായ നിവരാത്ത കാലന്‍കുടയും കക്ഷത്തിലിറുക്കി കയ്യിലിരുന്ന ബാലന്‍സ് മിക്സ്ചര്‍ കൂടി വായിലെക്കിട്ടു ചവച്ചുകൊണ്ട് പിന്നാലെ ദയനീയസ്വരത്തില്‍ ‘ഇക്കാ കുഞ്ഞായ്മ്മദ്ക്കാ’ എന്നൊക്കെ വിളിച്ചു കൊണ്ട് വരുന്ന അയമൂട്ടിയെ മൈന്‍ഡ് ചെയ്യാതെ ബ്രോക്കര്‍ കുഞ്ഞായ്മ്മദ് മെല്ലെ അവിടെനിന്നും സ്കൂട്ടായി.

Leave a Reply

Your email address will not be published.