ജോലിസ്ഥലത്ത് അമിതമായ ആത്മാര്‍ഥത ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തന്നെക്കാള്‍ ആത്മാര്‍ഥതയുള്ള കീഴ്ജീവനക്കാരനെ ഭാവിയില്‍ തനിക്കെതിരെ വളര്‍ന്നു വരുന്ന ഒരു ഭീഷണിയായിക്കരുതി പാര വച്ചില്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതിന് ഒരു ബോസ്സിനെയും കുറ്റം പറയാന്‍ ഒക്കില്ല. രാജാവിനെക്കാൾ വലിയ രാജഭക്തി വേണ്ടെന്ന് ചുരുക്കം.

ബോസിനോട് ഓഫീസിനുള്ളിലോ, പുറത്തോ വച്ച് ലൂസ് ടോക്കിനു പോകാതിരിക്കുക (സോറി, ലൂസ് ടോക്കിനു പകരം പറ്റിയ പഞ്ചുള്ള മലയാളം വാക്ക് കിട്ടുന്നില്ല). ഒരുമിച്ചു യാത്ര ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ബോസ് അനൌദ്യോഗിക വിഷയങ്ങള്‍ എടുത്തിട്ടാലും അങ്ങുമിങ്ങും തൊടാത്ത മറുപടികള്‍ കൊടുത്ത് വെറും കേള്‍വിക്കാരനാവുക. അതേസമയം അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് ബോസിന് തോന്നുകയും വേണം.

കഴിയുമെങ്കില്‍ മേലുദ്യോഗസ്ഥരോട് അല്‍പ്പസ്വല്‍പ്പം മസില്‍ പിടിച്ചു നില്‍ക്കുക. അധികം എയര്‍ പിടിച്ച് അവസാനം ഉള്ള മസില്‍ കളയാതെ സൂക്ഷിക്കുക – സമയവും , സന്ദര്‍ഭവും അവനവന്‍റെ കപ്പാസിറ്റിയും കൂടി നോക്കി വേണമെന്ന് ചുരുക്കം.

ബോസ് നേരിട്ട് നിങ്ങളോടാവശ്യപ്പെടാതെ, മറ്റുള്ളവരെ ഏല്‍പ്പിച്ചിരിക്കുന്ന ജോലികള്‍ സ്വയം ഏറ്റെടുത്തു ചെയ്യാതിരിക്കുക. പിന്നെ അതിനെ നേരം കാണൂ.

നിങ്ങള്‍ ഓഫീസില്‍ ആണ് ജോലി ചെയ്യുന്നതെങ്കില്‍ ജോലിചെയ്യുന്ന മേശ ഒരിക്കലും പൂര്‍ണ്ണമായി വൃത്തിയാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ലപോലെ വൃത്തിയായിക്കിടക്കുന്ന മേശ – “ഇവിടെ മൂത്രമോഴിക്കരുത്” എന്നെഴുതി വച്ചിരിക്കുന്നിടത്ത് മൂത്രമൊഴിക്കാന്‍ സൌകര്യമുണ്ടെന്ന് പറയാതെ പറയുന്നത് പോലെ – നിങ്ങള്‍ക്കൊരു ജോലിയുമില്ലെന്ന് ആരിലും തെറ്റിധാരണ വളര്‍ത്തും.

സഹപ്രവര്‍ത്തകരെക്കുറിച്ച് നിങ്ങള്‍ അവരുടെ കുറ്റം പറയുകയാണെന്ന് ബോസിന് തോന്നുന്ന വിധത്തില്‍ ഒരിക്കലും മോശമായി സംസാരിക്കാതിരിക്കുക. നിങ്ങള്‍ മറ്റുള്ളവരുടെ കുറ്റം പറയുമ്പോള്‍ നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞതും ശരിയാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും.

അര്‍ഹതയുള്ള കാശ് കണക്കു പറഞ്ഞു വാങ്ങുക. കൂടുതല്‍ നല്ലപിള്ള ചമഞ്ഞ് കിട്ടാനുള്ളത് വേണ്ടെന്നു വച്ചാല്‍ പിന്നെ അര്‍ഹതയുള്ളത് കൂടി തരാതിരിക്കാന്‍ കമ്പനി ശ്രമിക്കും.

അര്‍ഹമായ അവകാശങ്ങള്‍ ചോദിച്ചു തന്നെ വാങ്ങുക – ഒരിക്കലും കമ്പനി അറിഞ്ഞു തരുമെന്ന് വ്യാമോഹിക്കരുത്.

ബോസ് വരുന്നതിനു മുന്‍പ് ഓഫീസില്‍ വരിക. പക്ഷെ ബോസ് ആവശ്യപ്പെടാത്ത പക്ഷം ഓഫീസ് സമയം കഴിയുമ്പോള്‍ കൃത്യമായി സ്ഥലം വിടുക. ഓഫീസ് സമയം കഴിഞ്ഞു സ്വസ്ഥമായിരുന്നു പഞ്ചാരയടിക്കാനുള്ള ബോസ്സിന്‍റെ സ്വതന്ത്രത്തില്‍ കൈകടത്തുന്നവരെ സഹിക്കാന്‍ ലോകത്തൊരു ബോസ്സിനും കഴിയില്ല. ബോസ് വിദേശടൂറിനും “ഞാനിതു കഴിഞ്ഞാല്‍ നേരെ വീട്ടിലേക്കു പോകുമെന്ന്” പറഞ്ഞു മുങ്ങുന്ന ‘മീറ്റിംഗുകള്‍ക്കും’ പോകുമ്പോള്‍ നിങ്ങള്‍ക്കും ഇഷ്ടം പോലെ മുങ്ങാമല്ലോ.

Leave a Reply

Your email address will not be published.