തങ്ങള്‍ ഒരുമിച്ചഭിനയിച്ച കുറെ പടങ്ങൾ തുടര്‍ച്ചയായി ഹിറ്റായപ്പോൾ ഭൂരിപക്ഷം സിനിമാക്കാരെയും പോലെതന്നെ രാശിയിലൊക്കെ അന്ധമായി വിശ്വസിക്കുന്ന കുഞ്ചാക്കോ ബോബനും, ബിജു മേനോനും ചേര്‍ന്നൊരു പദ്ധതിയിട്ടു.

ഇനി നമ്മളില്‍ ആര്‍ക്കെങ്കിലും അവസരം വന്നാല്‍, രണ്ടു പേരും ഒരുമിച്ചേ അഭിനയിക്കൂ എന്നും, രണ്ടാള്‍ക്കും കൂടിയുള്ള പ്രതിഫലം ഒന്നായി തന്നാല്‍ മതിയെന്നും ആവശ്യപ്പെടുക. ഫീല്‍ഡില്‍ തങ്ങളുടെ തെളിഞ്ഞു നില്‍കുന്ന സമയം പരമാവധി മുതലെടുക്കുക എന്ന ലളിതമായ ബിസിനസ് ലക്ഷ്യത്തോടെ സൂപ്പർസ്റ്റാറിന്‍റെ പ്രതിഫലമാണ് ഇരുവരും മനസ്സില്‍ കണ്ടത്.

അങ്ങനെയിരിക്കെ ഒരു പുതിയ സംവിധായകന്‍ ഡേറ്റ് ചോദിച്ചു ചാക്കോച്ചനെ സമീപിച്ചു. ചാക്കോച്ചന്‍ തങ്ങളുടെ സംയുക്തതീരുമാനം അദ്ദേഹത്തെ അറിയിച്ചു.

“അതിപ്പോ ചാക്കോച്ചാ, ബിജു മേനോന് പറ്റിയ വേഷമോന്നും ഈ ചിത്രത്തില്‍ ഇല്ലല്ലോ ?”

“അതൊന്നും പറഞ്ഞാല്‍ പറ്റില്ല. അഭിനയിക്കുന്നേല്‍ ഞങ്ങളോരുമിച്ച്, ഇല്ലേ സാര്‍ വേറെ നായകനെ തപ്പിക്കോ”

കുഞ്ചാക്കോ അറുത്തു മുറിച്ചു പറഞ്ഞു.

സംവിധായകന്‍ ധര്‍മ്മസങ്കടത്തിലായി.

ചാക്കോച്ചനെ മനസ്സില്‍ കണ്ട് പാടുപെട്ടെഴുതിയ തിരക്കഥയാണ് – അയാള്‍ തന്നെ അഭിനയിച്ചില്ലെങ്കില്‍ ഒരു തൃപ്തിക്കുറവ്. പെര്‍ഫെക്ഷന്‍റെ കാര്യത്തില്‍ കടുകിട വിട്ടുവീഴ്ച്ചയില്ലാത്തവന്‍ എന്ന് ചുരുങ്ങിയകാലം കൊണ്ട് ഫിലിം ഇന്‍ഡസ്ട്രിയില്‍ പേരും നേടിയിട്ടുണ്ട്.

ഒടുവില്‍ ചാക്കോച്ചന്‍റെ കടുംപിടുത്തത്തിനുമുന്നില്‍ ഗത്യന്തരമില്ലാതെ സംവിധായകന് സമ്മതിക്കേണ്ടി വന്നു.

“അല്ല, നിങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടി ഒരു പ്രതിഫലം എന്ന് പറയുമ്പോള്‍ ?” പോകാന്‍ നേരം സംവിധായകന്‍ സംശയം ചോദിച്ചു.

“അതൊന്നും നിങ്ങള്‍ അറിയണ്ട, ഞങ്ങള്‍ തുല്യമായി വീതിച്ചുകൊള്ളാം”

“എങ്കില്‍ താങ്കളുടെ ഇഷ്ടം പോലെ” സംവിധായകന്‍ യാത്രപറഞ്ഞു പോയപ്പോള്‍ത്തന്നെ ചാക്കോച്ചന്‍ ബിജു മേനോനെ ഫോണില്‍ വിളിച്ചു പറഞ്ഞു , മൂപ്പര്‍ക്കും ഭയങ്കര സന്തോഷം.

ഷൂട്ടിംഗ് ഒരു ദിവസം പിന്നിട്ടപ്പോഴാണ് കുഞ്ചാക്കോ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കിയത് – ബിജു മേനോന് ഈ പടത്തില്‍ പേരെഴുതിക്കാണിക്കുമ്പോഴേ വെടികൊണ്ട് മരിക്കുന്നയാളുടെ ഗസ്റ്റ് റോളാണത്രെ !

Leave a Reply

Your email address will not be published.