പോസ്റ്റിടാൻ വിഷയമില്ലാതെ വിഷമിച്ചിരിക്കുന്ന ശശി മുതലാളിയോട് ദയവുതോന്നിയിട്ടെന്ന വ്യാജേന ഒരു കുസൃതിച്ചിരിയോളിച്ചു പിടിച്ചുകൊണ്ട് ഭാര്യ ശാന്ത ചോദിച്ചു.

“ചേട്ടന് പോസ്റ്റിടാനുളള വിഷയമോരെണ്ണം ഞാന്‍ തരട്ടെ ?”

“ചില കാര്യങ്ങള്‍ പറയണോ എന്ന് ചോദിക്കേണ്ട കാര്യമില്ല ശാന്തേ” ഒരുനിമിഷത്തെക്ക് ശശി ടീവിയില്‍ കല്യാണ്‍ജുവല്ലറിയുടെ പരസ്യം പറയുന്ന ആളായി.

“എങ്കിൽ സിങ്കിൽ കിടക്കുന്ന പാത്രങ്ങളൊക്കെ കഴുകിത്താ. നിങ്ങള്‍ പാത്രം കഴുകുന്ന ഫോട്ടോ ഞാനെടുത്തു തരാം.അത് എഫ്ബീൽ പോസ്റ്റിയാൽ ഇഷ്ടം പോലെ ലൈക്കും കമന്‍റും കിട്ടില്ലേ ?” 

“അതങ്ങ് കോത്താഴം പളളീപ്പോയി പറഞ്ഞാ മതി”

മനസ്സിൽപ്പൊട്ടിയ ചെറിയ ലഡുക്കഷണങ്ങൾ ശാന്ത കാണാതെ ചവച്ചിറക്കി റിമോട്ടുമായി സെറ്റിയിലേക്ക് ഒന്നൂടെ അമർന്നിരുന്നു കൊണ്ട് ഗൂഡമായൊരു മന്ദസ്മിതത്തോടെ ശശി പറഞ്ഞു.

ഐഡിയ ചീറ്റിപ്പോയ സങ്കടത്തോടെ, ഉച്ചക്ക് കുടിച്ച പഴങ്കഞ്ഞിയുടെ രുചി വായില്‍ വരുന്നതു പോലുള്ള ഒരേമ്പക്കവുമിട്ട്, ഒരു ഡിഷ്‌വാഷർ പോലും വാങ്ങിത്തരാത്ത കഞ്ചൂസന്‍ ഭർത്താവെന്ന് മനസ്സില്‍ പ്രാകിക്കൊണ്ട്‌ ശാന്ത ദേഷ്യം മുഴുവന്‍ സിങ്കില്‍ കിടക്കുന്ന പാത്രങ്ങളോട് തീര്‍ത്തു.

അവസാനം കഴുകാൻ ഒരൊറ്റപ്പാത്രംമാത്രം അവശേഷിച്ചപ്പോൾ ശശി ശാന്തയെ തളളിമാറ്റി, ബാക്ക്ഗ്രൗണ്ടിൽ ശാന്ത കഴുകി അടുക്കിവച്ചിരിക്കുന്ന പാത്രങ്ങൾ കാണും വിധത്തിൽ ലാസ്റ്റ്പാത്രം മാത്രം കയ്യിലെടുത്തു പിടിച്ച് പാത്രം കഴുകുന്ന സെൽഫിയെടുത്ത് “ഭാര്യയെ അടുക്കളയില്‍ പാത്രം കഴുകാന്‍ സഹായിക്കുന്നു” എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റി ശശി വാരിക്കൂട്ടിയത് ഒരു മണിക്കൂറിനുള്ളില്‍ 500 ലൈക് !

Leave a Reply

Your email address will not be published.