ഏഴാമത്തെ നോമ്പിന്‍റെ അന്നാണ് പത്തുദിവസത്തെ എമര്‍ജന്‍സി വെക്കേഷന്, കുടുംബത്തെ സൌദിയില്‍ വിട്ടിട്ട് നാട്ടില്‍പ്പോയ ഞാന്‍ തിരികെയെത്തിയത്.

“നീയെല്ലാ നോമ്പും എടുത്തില്ലേ ?” വന്നപാടെ മകളോട് ചോദിച്ചു.

“ഇല്ല, ഉമ്മി പറഞ്ഞ് വാപ്പി വന്നട്ട്‌ പിടിച്ചാ മതീന്ന്”

“ങേ , ഡീ നീയങ്ങനെ പറഞ്ഞോ ?” ഞാന്‍ ഭാര്യയോട്‌ ചോദിച്ചു.

“ആദ്യത്തെ ദിവസം നോമ്പ് പിടിച്ചട്ട് ഇവിടക്കെടന്നെന്താരുന്നു ബഹളം. ‘ഉമ്മീ എനിക്ക് ചര്‍ദ്ദിക്കാന്‍ മുട്ടണ്ന്നും’ പറഞ്ഞിവിടെക്കെടന്ന്‍ ഓട്ടോം ചാട്ടോം, ‘ഉമ്മീ എനിക്ക് വയറുവേദന സഹിക്കാന്‍ പറ്റണില്ലാന്നും’ പറഞ്ഞു വയറും പൊത്തിപ്പിടിച്ചു സോഫെമ്മേ കെടന്നുരുളലും’ – ഒന്നും പറേണ്ട – ഭയങ്കരമാന പുകിലാര്ന്ന്. അതുകൊണ്ട് ഞാന്‍ പറഞ്ഞു – ഇനി വാപ്പി വന്നിട്ട് നീ ബാക്കി നോമ്പ് പിടിച്ചാ മതീന്ന്. എനിക്കീ രണ്ടു പുള്ളെരേ നോക്കാന്‍ തന്നെ സമയം കിട്ടണില്ല, അതിന്‍റെടെല്‍ ഇവള്‍ടെ കൂത്തോന്നും കാണാന്‍ നേരല്ല്യ” 

ഭാര്യ മുഖം വെട്ടിച്ചു നടന്നുപോയപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടു മുഖം കുനിച്ചിരിക്കുന്ന മോളുടെ തോളില്‍ത്തട്ടി പറഞ്ഞു – “സാരല്ല്യട്ടോ, നാളെ മുതല്‍ വാപ്പിക്കും മോള്‍ക്കും ഒന്നിച്ചു പിടിക്കാം”

“ങേ, അപ്പൊ ഇത്രേം ദിവസം വാപ്പീം പിടിച്ചില്ലേ?” പെട്ടെന്നുള്ള അവള്‍ടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി.

“നീയാള് കൊള്ളാല്ലോടീ. എനിക്ക് നോമ്പോക്കെ ഉണ്ടാര്ന്ന്. നാളെ മുതല്‍ ഒരുമിച്ചു പിടിക്കാമെന്നാ കവി – സോറി – വാപ്പി ഉദ്ദേശിച്ചത്”

ജുബൈലില്‍ സുബഹി ബാങ്ക് വിളിക്കുന്നത്‌ 3.30 നാണ്. 2-45 നു അലാം വച്ചു.

ഇളയമക്കള്‍ക്ക്‌ മുലപ്പാല് കൊടുക്കേണ്ടത് കൊണ്ട് ഭാര്യ നോമ്പെടുക്കുന്നില്ല. അതുകൊണ്ട് അവളെ വിളിക്കണ്ടാന്നും പറഞ്ഞിട്ടുണ്ട് – അതിനര്‍ത്ഥം ‘നിങ്ങക്ക് വേണേ തന്നത്താനെ വല്ലോം വച്ചുണ്ടാക്കി തിന്നോളിന്‍’ന്ന്.

അലാറം അടിച്ചപ്പോള്‍ ആദ്യം ഞാന്‍ ചായക്ക്‌ വെള്ളം വച്ചിട്ട് പല്ലുതേക്കാന്‍ പോയി. അപ്പോഴാണ്‌ മോളെ വിളിക്കുന്ന കാര്യം ഓര്‍മ്മ വന്നത്.

കുറെ നേരം കിടക്കയിലിട്ട് അങ്ങോടുമിങ്ങോടും ഉരുട്ടി പിരട്ടി കഴിഞ്ഞപ്പോള്‍ ആള്‍ എഴുന്നേറ്റു നിന്നു, പക്ഷെ തലയിപ്പോഴും അറുത്തിട്ട കോഴിയെപ്പോലെ താഴേക്ക്‌ തൂങ്ങിക്കിടക്കുകയാണ്.

“ഡീ, വേഗം ഓടിപ്പോയി പല്ലുതേച്ചിട്ട് വാ, ഇപ്പൊ ബാങ്ക് വിളിക്കും” ഒരുതരത്തില്‍ ഉന്തിത്തള്ളി അവളെ ബാത്ത്രൂമിലാക്കി ഞാന്‍ ചായ ഗ്ലാസ്സിലേക്ക്‌ പകര്‍ന്ന് അലമാരയില്‍ നിന്ന് ബിസക്ട്ടും ഈന്തപ്പഴവും, ഫ്രിഡ്ജില്‍ നിന്ന് ഫ്രൂട്സും ഒക്കെയെടുത്ത് മേശപ്പുറത്തു നിരത്തിയിട്ടും പല്ലുതേക്കാന്‍ പോയ ആളെ കാണാനില്ല !

“ഡീ” ബാത്ത്രൂമിന്‍റെ ഡോറില്‍ മൂന്നുനാല് തവണ തട്ടിയപ്പോള്‍ അകത്തു വാഷ് ബേസിനില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടു. ഹോ, ഇപ്പോഴാണ്‌ അവള് ശരിക്കും എണീറ്റത്.

ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം 3.15, ഇനി പതിനഞ്ചു മിനിട്ടേ ഉള്ളൂ. കുറച്ചു നേരത്തെ എഴുന്നെല്‍ക്കണ്ടതായിരുന്നു. ഇതിപ്പോ സുബഹി നമസ്കരിക്കാന്‍ പോയി നിന്ന് കുമ്പിടുമ്പോള്‍ ചായേം പഴെമോക്കെ തിരിച്ചു വരാഞ്ഞാല്‍ മതിയായിരുന്നു. ചായക്കാണേല്‍ മുടിഞ്ഞ ചൂടും, ഞാന്‍ ഊതിയാറ്റി കുടിക്കാന്‍ നോക്കുന്നതിനിടെ തിരിഞ്ഞവളെ നോക്കി – നല്ല കഥ, അവള് സോഫമേല്‍ ചരിഞ്ഞു കിടന്നുറങ്ങുന്നു.

“ഡീ, എഴുന്നെട്ടെ” വീണ്ടും ബഹളം കൂട്ടി അവളെ കുത്തിപ്പൊക്കി നേരെയാക്കി ഇരുത്തി. കൈവിടുമ്പോള്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരിനെപ്പോലെ വീണ്ടും അവള്‍ താഴേക്ക്‌ വീഴുന്നു. സമയം ആണെങ്കില്‍ 3.20 ആയി. രണ്ടു മൂന്നു തവണ കൂടി ഈ പ്രക്രിയയകള്‍ ആവര്‍ത്തിച്ചു മടുത്തപ്പോള്‍ സഹികെട്ട ഞാന്‍ അവളെ പൊക്കിയെടുത്ത് കിടക്കയില്‍ കൊണ്ടുപോയി കിടത്തി.

“നീ നോമ്പ് പിടിക്കണ്ട – ഹല്ലാ പിന്നെ” എന്ന് പറഞ്ഞ് തിരികെ വരാന്‍ തുനിയുമ്പോള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നുകൊണ്ട് അവള്‍ടെ ഡയലോഗ് – “അതിനു ഞാന്‍ നിയ്യത്ത് ചെയ്തിടുണ്ടല്ലോ, മദ്രസയിലെ ഉസ്താദ് പറഞ്ഞല്ലോ, ഇടയത്താഴം കഴിച്ചില്ലേലും നിയ്യത്ത് ചെയ്താ മതി – നോമ്പ് ശര്യാകൂന്ന് ?”

“ഓഹോ, അപ്പൊ ഇതൊക്കെ അറിഞ്ഞുകൊണ്ടുള്ള നിന്‍റെ നമ്പര്‍ ആയിരുന്നല്ലേടി മടിച്ചി. ഇനി മേലില്‍ നിന്നെ ഞാന്‍ ഇടയത്താഴം കഴിക്കാന്‍ വിളിക്കുന്ന പ്രശ്നമില്ല, വേണേ രാത്രി കാര്യായി എന്തേലും കഴിച്ചിട്ട് കിടന്നോട്ടാ”

അന്നത്തോടെ ഞാന്‍ അവളെ ഇടയത്താഴം കഴിക്കാന്‍ വിളിക്കല്‍ നിര്‍ത്തി. പക്ഷെ അവള്‍ ഇതുവരെയുള്ള എല്ലാ നോമ്പുകളും ഒരു മടിയും പരാതിയും കൂടാതെ എടുത്തിട്ടുണ്ട്. ഞാന്‍ കൂട്ടിനുള്ളത് കൊണ്ടാണോ എന്നറിയില്ല – മനം പിരട്ടലുമില്ല ഒരു വയറുവേദനയുമില്ല.

“പണ്ട് ഞാനും ഇതുപോലെ തന്നെയായിരുന്നു. ഉമ്മിച്ചി വെളുപ്പിനെ അത്താഴത്തിനു വിളിക്കുമ്പോള്‍ എന്ത് ചെയ്‌താല്‍ എഴുന്നേല്‍ക്കില്ല. ഇടയത്താഴം കഴിക്കാതെ തന്നെ നോമ്പ് പിടിക്കും” വെളുപ്പിന് നടന്ന സംഭവങ്ങള്‍ വിശദീകരിച്ച കൂട്ടത്തില്‍ ഞാന്‍ പകല്‍ ഭാര്യയോട്‌ പറഞ്ഞു.

“ആ വാപ്പാടെല്ലെ മോള് – മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ.?” ഭാര്യ അതിനിടെ താങ്ങാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല. ഞാന്‍ പിന്നേം ആരായി ?

Leave a Reply

Your email address will not be published.