1.

“മിമിക്രി മതി !”

കുഞ്ഞിക്കേള്വെട്ടന്‍ മേശമേല്‍ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു. ആ അടിയില്‍ അമ്പലക്കമ്മറ്റി പ്രസിഡന്‍റിന്‍റെ അധികാവും അവകാശവുണ്ടായിരുന്നു.

മുറിക്കുള്ളിലെ ബഹളം ഒതുങ്ങി.

അവിടെയും ഇവിടെയും നിന്ന് പതിഞ്ഞ ശബ്ദത്തില്‍ ഒറ്റപ്പെട്ട “അതെങ്ങനെ ശരിയാകും” “ഒരു കമ്മറ്റിയാകുമ്പോ പ്രസിഡന്‍റ് തനിച്ചങ്ങനെ തീരുമാനിക്കാനൊക്ക്വോ ?” തുടങ്ങിയ അടക്കം പറച്ചിലുകള്‍ മാത്രം.

“അത് ശരിയാകും. ഇക്കണ്ട കാലമത്രേം ഗാനമേള തന്നെയല്ലേ കേട്ടത് , ഇക്കൊല്ലം ആളോളൊന്നു ചിരിച്ചു രസിക്കട്ടെന്നേ.”

കുഞ്ഞിക്കേള്വെട്ടനത് പറഞ്ഞപ്പോള്‍ മൂപ്പരെ അനുകൂലിക്കുന്ന കണ്ണോമന കുമാരനും, കൂനന്‍ വാസുവും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. സദസ്സ് നിശബ്ദമായി.

“അപ്പൊ വേറൊന്നുല്ലല്ലോ ? എന്നാപ്പിന്നെ യോഗം പിരിച്ചു വിട്ടിരിക്കുന്നു”

കുഞ്ഞിക്കേള്വെട്ടന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ണോമനയും കൂനനും പിന്നാലെ കൂടി.

“അല്ല കുഞ്ഞിക്കേള്വെട്ട, മിമിക്രീന്നു പരേമ്പം ആരെയാ വിളിക്ക്വ ? കലാഭവന്‍ തന്നെ ആയിരിക്കും ല്ലേ ?” കുമാരന്‍ ചോദിച്ചു.

കുമാരന് കണ്ണോമന എന്ന് പേര് വീഴാന്‍ ഒരു കാരണമുണ്ട്. ഇഞ്ചക്കര ഗ്രാമത്തിലെ ആസ്ഥാനവേശ്യയാണ് ഓമന. തന്‍റെ തടിച്ചു മലര്‍ന്ന മുറുക്കിച്ചുവപ്പിച്ച കീഴ്ച്ചുണ്ടു കടിച്ചുപിടിച്ച് ഓമന കണ്ണടിച്ചു കാണിച്ചാല്‍ മനസ്സിളകിപ്പോകാത്ത ആമ്പെറന്നോമ്മാരോന്നും ഇഞ്ചക്കരയിലില്ല. അതിനപവാദം കുഞ്ഞിക്കേള്വെട്ടനെപ്പോലെ അപൂര്‍വ്വം ചില വ്യക്തിത്വങ്ങള്‍ മാത്രം. അവര്‍ക്കും ആഗ്രഹം തോന്നാഞ്ഞിട്ടല്ല, നാലുമുഴം നീളമുള്ള ഓമനയുടെ നാവിനെപ്പേടിച്ചവരൊക്കെ മാനം മര്യാദക്ക് ജീവിച്ചു പോകുന്നതാണ്.

പണ്ടൊരിക്കല്‍ ഓമനയുടെ “ഞാനാരോടും പറയാമ്പോണില്ലെ”ന്ന വാക്കും വിശ്വസിച്ച് അവളോട്‌ സേവകൂടാന്‍ ചെന്ന ശാന്തിക്കാരന്‍ നാരായണന്‍ മൂസ്സതിന്‍റെ അനുഭവം അവര്‍ക്കെല്ലാം ഓര്‍മ്മയുണ്ട്.

ഓമനയുടെ സ്ഥിരം പറ്റുകാരനാണ് കുമാരന്‍. പറ്റെന്നു പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ മാസപ്പടി തന്നെ. കുടിച്ചു വെളിവില്ലാതെയാവും മിക്കവാറും കുമാരന്‍ പോകുക. പടിക്കല്‍ നിന്നെ ഉച്ചത്തില്‍ നീട്ടി വിളിക്കും “ഓമനേ, എന്‍റെ കണ്ണേ”. അങ്ങനെ നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്ത പേരാണ് കണ്ണോമന.

“കലാഭാവനോക്കെ ഓള്‍ഡ്‌ ഫാഷനായീന്നു. നമ്മക്ക് ടീവിയിലെ റിയാലിറ്റി ഷോക്കാരേ കൊണ്ട്വരാം. അതിനാ ഇപ്പൊ ഡിമാന്‍റ്” കൂനന്‍ വാസു പറഞ്ഞു. അത് ശരിയാണെന്ന മട്ടില്‍ കുഞ്ഞിക്കേള്വെട്ടനും തലകുലുക്കി.

“പത്തു മത്യാടി മോളെ” കുമാരന്‍ വാസുവിനെ കളിയാക്കി.

“പത്തു നിന്‍റെ തള്ളക്ക് കൊണ്ടോയി കൊടുക്കടാ അലവലാതി” കൂനന്‍ അടിക്കാനായി കയ്യോങ്ങിയപ്പോള്‍ അത് പ്രതീക്ഷിച്ചു നിന്നിരുന്ന കുമാരന്‍ തഞ്ചത്തില്‍ ഒഴിഞ്ഞു മാറി.

കുഞ്ഞിക്കേള്വെട്ടന്‍ “അലവലാതികള്‍” എന്ന് പിറുപിറുത്തുകൊണ്ട് നടത്തത്തിനു വേഗം കൂട്ടി.

പേരുപോലെ തന്നെ കൂനന്‍ വാസുവിന്‍റെ മുതുകില്‍ നേരിയൊരു കൂനുണ്ട്. ഇഞ്ചക്കരയിലെ ഏതൊരു ആമ്പെറന്നോമ്മാരെയും പോലെ കൂനന്‍ വാസുവിനും ഓമനയുടെ അടുത്തു പോകാന്‍ പൂതി തോന്നിയിരുന്നു. പക്ഷെ കൂനനായ തന്നെയവള്‍ക്ക് ബോധിക്കുമോ എന്ന അപകര്‍ഷതയാല്‍ ആശ മനസ്സിലൊതുക്കി വാസു കടിച്ചു പിടിച്ചു നടന്നു.

ഒരുദിവസം ഉച്ചതിരിഞ്ഞ് പുഴക്കരയിലേക്ക് ചൂണ്ടയിടാന്‍ പോകുമ്പോഴാണ് ഓമന പുഴയില്‍ കുളി കഴിഞ്ഞ് ഈറനുടുത്ത് ഇളക്കിയിളക്കി വാസുവിനെതിരെ വന്നത്. പോലീസുകാരനെ കണ്ട പോക്കറ്റടിക്കാരനെപ്പോലെ വാസു ആ ഇടവഴിയില്‍ കിടന്നൊന്ന് പരിഭ്രമിച്ചു. എന്ത് ചെയ്യണം, പറയണം എന്നറിയാതെ ഇടവഴിയിലെ വേലിക്കരികില്‍ പുല്ലിലോക്കെ കാലുകൊണ്ട്‌ തട്ടിത്തട്ടി എന്തോ കളഞ്ഞു പോയമട്ടില്‍ അവിടെയുമിവിടെയും പരതുന്ന വാസുവിനെ നോക്കി കള്ളച്ചിരിയോടെ ഓമന ചോദിച്ചു – “എന്താ വാസ്വണ്ണാ നിങ്ങടെ സാമാനം വല്ലോം കളഞ്ഞു പോയാ ?”

വാസു തലയുയര്‍ത്തി ഓമനയെ നോക്കി. ഒരിളിഞ്ഞ ചിരിയോടെ ഇല്ലെന്ന അര്‍ത്ഥത്തില്‍ കണ്ണുകളിറുക്കി ഇരുചുമലുകളും മേലോട്ടുയര്‍ത്തി ചെവിയില്‍ മുട്ടിച്ചു.

“നിങ്ങളെ മാത്രം അങ്ങോട്ടെക്കൊന്നും കാണാനില്ലല്ലോ അണ്ണാ, നിങ്ങക്ക് നമ്മളെയൊന്നും പിടിക്കൂലല്ലേ, വെല്യ പുള്ളിയാ” വാസുവിന്‍റെ അരക്കെട്ടിലേക്കു നോക്കി അര്‍ഥം വച്ചുള്ള ഒരു ശ്രംഗാരച്ചിരിയോടെ ഓമന ചോദിച്ചു. ആ ചോദ്യത്തില്‍ നാണിച്ചു പോയ വാസു കൈ രണ്ടും മുന്നില്‍ക്കെട്ടി നാണിച്ചു ചരിഞ്ഞു നിന്ന് കാലിന്‍റെ പെരുവിരല്‍ കൊണ്ട് മണ്ണില്‍ കളം വരച്ചു.

“ഇന്ന് രാത്രി വീട്ടിലേക്കു വരൂന്നേ, ഞാന്‍ കാത്തിരിക്കും ട്ടോ” ചെവിയില്‍ പറഞ്ഞു കൊണ്ട് ഓമന ചൂണ്ടുവിരല്‍ കൊണ്ട് വാസുവിന്‍റെ ചെവിക്കുള്ളില്‍ ഉഴിഞ്ഞു. വാസു ഇക്കിളി കൊണ്ട് പുളഞ്ഞുപോയി.

അങ്ങനെ അന്ന് രാത്രി വാസുവും “ഓമന, ദി ബാങ്ക് ഓഫ് ഇഞ്ചക്കര” യില്‍ കന്നിയക്കൌണ്ട് തുടങ്ങി. കാര്യം കഴിഞ്ഞപ്പോള്‍ കാര്യമായ “ഡെപ്പോസിറ്റ്” പ്രതീക്ഷിച്ചു നിന്ന ഓമനക്കു നേരെ “ഞാന്‍ നീ സ്നേഹത്തോടെ വിളിച്ചത് കൊണ്ട് വന്നതല്ലേ ?” എന്ന മട്ടില്‍ മടിക്കുത്തില്‍ നിന്ന് ഒരു പത്തുരൂപയെടുത്ത്‌ നിവര്‍ത്തിക്കാട്ടി ഓമനയെ അടിമുടി കണ്ണുകള്‍ കൊണ്ടുഴിഞ്ഞ് ഒരു അര്‍ഥം വച്ചുള്ള ശ്രുംഗാരച്ചിരിയോടെ ചോദിച്ചത്രേ – “പത്തു മതിയാടി മോളെ”

“പ്ഭാഫാ” ഒരാട്ടായിരുന്നു ഓമനയുടെ ആദ്യ പ്രതികരണം.

വാസു കുഞ്ഞിലെ കുടിച്ച മുലപ്പാല്‍ പോലും കക്കിപ്പോകുന്ന തെറികള്‍ പിന്നാലെ വന്നു.

വാസു വീട്ടില്‍ ചെന്ന് കാശെടുത്തു കൊണ്ടുവന്നു കൊടുക്കും വരെ തന്‍റെ വീട്ടുപടിക്കല്‍ നിന്നുള്ള ഓമനയുടെ തെറിപറച്ചില്‍ നീണ്ടുനിന്നു. അതിലെ നടന്നു പോയ ഓമനയുടെ തെറിപറച്ചിലിന്‍റെ കാരണമന്വേഷിച്ചവരോടെല്ലാം അവള്‍ കൂനന്‍റെ കാര്യം പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു കൊടുത്തു.

എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുട്ടികള്‍ പോലും കൂനനെ നോക്കി “പത്തു മതിയാടി മോളെ” എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ ചീത്ത വിളിച്ചു മടുത്ത കൂനന്‍ ഗത്യന്തരമില്ലാതെ നാടുവിട്ടു.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടുകാര്‍ എല്ലാം മറന്നു കാണുമെന്ന വിശ്വാസത്തോടെ നാട്ടിലേക്ക് തിരിച്ചെത്തിയ കൂനനോട് ഇഞ്ചക്കരക്ക് ടിക്കറ്റെടുക്കാന്‍ പത്തിന്‍റെ നോട്ടു നീട്ടിയപ്പോള്‍ കണ്ടക്ടര്‍ ചോദിച്ചത്രേ – “പത്തു മത്യാടി മോളെ”.
2.

“നിങ്ങളേടായിരുന്നു ഇത്രീം നേരം ?”

നടയില്‍ വച്ചിരുന്ന കിണ്ടിയില്‍ നിന്ന് കാല്‍കഴുകി ഇറയത്തെക്കു കയറുന്ന കുഞ്ഞിക്കേള്വെട്ടനെ നോക്കി നാരായണ്യെട്ടത്തി തെല്ലമര്‍ഷത്തോടെ ചോദിച്ചു.

ഉത്സവത്തിന്‍റെ കൊടിയിറക്കത്തിന്‍റന്ന് ഗാനമേള വേണോ മിമിക്രി വേണോ എന്ന സുപ്രധാനതീരുമാനമെടുക്കാനുള്ള യോഗം കഴിഞ്ഞു വരുന്ന വഴിയാണെന്ന് കുഞ്ഞിക്കേള്വെട്ടന്‍ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ “കുടുമ്മത്തിലെ ഒരു കാര്യോം അന്വേഷിക്കാതെ തെക്കുവടക്കു നടന്നോ, കുഴീലെക്കെടുക്കാറായി, മക്കളും മക്കട മക്കളുമായി അപ്പഴാ കുഞ്ഞു കുട്ടി കളി” എന്നിങ്ങനെ നാരായണ്യെട്ടത്തി നൂറുകൂട്ടം പരിദേവനങ്ങളുടെ കെട്ടഴിച്ചെനെ. അതുകൊണ്ട് അങ്ങനെയൊരാള്‍ അവിടെ നില്‍ക്കുന്നുണ്ടെന്നോ തനിക്കുനേരെ അങ്ങനെയൊരു ചോദ്യം ഉയര്‍ന്നെന്നോ ഭാവിക്കാതെ കുഞ്ഞിക്കേള്വെട്ടന്‍ വാതില്‍പ്പടിയില്‍ മുട്ടാതിരിക്കാന്‍ തലയല്‍പ്പം കുനിച്ച് അകത്തേക്ക് കയറിപ്പോയി. പിന്നാലെ അവ്യക്തമായി എന്തോ പിറുപിറുത്തുകൊണ്ട് നാരായണ്യെട്ടത്തിയും.

“നാണീ”

ഊണുകഴിഞ്ഞു വന്നു കിടക്കാന്‍ നേരം താഴെ പായില്‍ തനിക്കെതിരായി ചരിഞ്ഞു കിടക്കുന്ന നാരായണ്യെട്ടത്തിയെ കുഞ്ഞിക്കേള്വെട്ടന്‍ വിളിച്ചു. സ്നേഹം കൂടുമ്പോള്‍ കുഞ്ഞിക്കേള്വെട്ടന്‍ അങ്ങനാണ് വിളിക്കാറ്. വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ തുടങ്ങിയ ശീലമാണ് – ഇന്ന് പ്രായമായി, ആണ്‍മക്കള്‍ രണ്ടുപേരും ജോലിയും കുടുംബവുമോക്കെയായി അന്യദിക്കിലേക്ക് പോയി. ഈ കുഗ്രാമത്തില്‍ കഴിയുന്ന അച്ഛനെയും അമ്മയെയും തങ്ങളുടെ കൂടെ വന്നു താമസിക്കുവാന്‍ അവരെപ്പോഴും വിളിക്കാറുണ്ട്. പക്ഷെ ഈ ഇഞ്ചക്കര വിട്ടൊരു കളിക്കും കുഞ്ഞിക്കേള്വെട്ടനും നാരായണ്യെട്ടത്തിയും ഇല്ല.

“ഉം” നാരായണ്യെട്ടത്തി മൃദുവായി മൂളി.

“നെനക്ക് മിമിക്രി ഇഷ്ടാണോ ?”

നാരായണ്യെട്ടത്തി കിടന്നകിടപ്പിലോന്നു തിരിഞ്ഞ് കുഞ്ഞിക്കേള്വെട്ടനെ ഒന്ന് നോക്കി. കുഴപ്പമൊന്നും കാണുന്നില്ല. ഈയിടെയായി ഇടയ്ക്കിടെ പരസ്പരബന്ധമില്ലാതെ പിച്ചും പേയും പറയുന്നത് കേള്‍ക്കാം. അടുത്ത തവണ രാരിച്ചന്‍ വരുമ്പോ ടൌണിലെ ആശുപത്രീലൊന്നു കൊണ്ടോയി കാണിക്കാന്‍ പറയണം. ആ തന്മാത്ര സിനിമേല്‍ മോഹന്‍ലാലിന് വന്ന പോലത്തെ വല്ല അസുഖോം ആണെലോ , ന്‍റെ ദേവ്യേ ! – നാരായണ്യെട്ടത്തി ദീര്‍ഘമായൊന്നു നിശ്വസിച്ചു.

“നീയെന്താ ഇങ്ങനെ നോക്കണേ ? ചോയിച്ചതിനുത്തരം പറ – നെനക്കിഷ്ടാണോ മിമിക്രി ?”

ഓഹോ അപ്പോള്‍ പിച്ചും പേയുമല്ല. നാരായണ്യെട്ടത്തി പായില്‍ എഴുന്നേറ്റിരുന്നു.

“ഈ നട്ടപ്പാതിരക്കു നിങ്ങളെന്താപ്പോ മിമിക്രി കളിക്കാന്‍ പുവ്വാ ?”

“എട്യേ – ഇക്കുറി കൊടിയിറക്കത്തിന്‍റന്ന് ഗാനമേളയല്ല, മിമിക്രിയാ” അത് പറയുമ്പോള്‍ കുഞ്ഞിക്കേള്വെട്ടന്‍റെ കണ്ണുകള്‍ തിളങ്ങി.

“കിന്നരിക്കാതെ അവിടെ വല്ലോം കെടന്നൊറങ്ങാന്‍ നോക്ക് ന്‍റെ കേള്വെട്ടാ” നാരായണ്യെട്ടത്തി തിരിഞ്ഞു കിടന്ന് ഇനിയൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന മട്ടില്‍ പുതുപ്പുകൊണ്ട് തലവഴി മൂടി.

“കലാബോധമില്ലാത്ത വര്‍ഗ്ഗം”

നിരാശയോടെ കുഞ്ഞിക്കേള്വെട്ടന്‍ മച്ചിലേക്ക് നോക്കിക്കിടന്നു.

അധികം കഴിഞ്ഞില്ല നാരായണ്യെട്ടത്തിയുടെ നേര്‍ത്ത കൂര്‍ക്കംവലി താളാത്മകമായി മുറിയില്‍ ഉയര്‍ന്നു തുടങ്ങി. അതിന്‍റെ താളത്തില്‍ എപ്പോഴോ കുഞ്ഞിക്കേള്വെട്ടനും ഉറങ്ങിപ്പോയി.
3.

സെക്രട്ടറി രാമന്‍ പൊതുവാള്‍ രണ്ടുമൂന്നു വട്ടം കണ്ണുകാണിച്ചിട്ടും മനസില്ലാ മനസ്സോടെയാണ് വൈസ്പ്രസിഡന്‍റ് കണാരേട്ടന്‍ അധ്യക്ഷന്‍റെ കസേരയിലേക്ക് കയറിയിരുന്നത്. ഇരുന്നിട്ടും ഇരുപ്പുരക്കാതെ കുഞ്ഞിക്കേള്വെട്ടന്‍റെ മടിയിലാണ് താനിരിക്കുന്നതെന്ന ഭാവത്തില്‍ കണാരേട്ടന്‍ ഇടയ്ക്കിടെ പുളഞ്ഞുകൊണ്ടിരുന്നു.

“അപ്പൊ തുടങ്ങ്വല്ലേ” രാമന്‍ പൊതുവാള്‍ കസേരയില്‍ നിന്നെഴുന്നേറ്റു നിന്ന് ബാക്കി കമ്മറ്റിയംഗങ്ങളെ നോക്കിപ്പറഞ്ഞു.

“ഈ ഉത്സവത്തിന്‍റെ കൊടിയിറക്കിത്തിന്‍റെ തിരക്കുകള്‍ക്കിടയിലും നമ്മളിവിടെ അടിയന്തിരമായി കൂടിയിരിക്കുന്നത് എന്തിനെന്നു എല്ലാവര്‍ക്കും അറിയാമല്ലോ. നമ്മുടെ എല്ലമെല്ലാമായിരുന്ന കുഞ്ഞിക്കേള്വെട്ടന്‍ ഇന്നുച്ചതിരിഞ്ഞ് നമ്മളെയെല്ലാം വിട്ടു പോയി. ഈയൊരവസ്ഥയില്‍ നേരത്തെ നിശ്ചയിരുന്ന പ്രകാരമുള്ള കലാപരിപാടികള്‍ തുടര്‍ന്നു നടത്തണോ വേണ്ടയോ എന്നതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാനാണ് അടിയന്തിരമായി ഈ കമ്മറ്റി വിളിച്ചു ചേര്‍ത്തത്. കുഞ്ഞിക്കേള്വെട്ടന്‍റെ അഭാവത്തില്‍ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന മുന്‍ വൈസ്പ്രസിഡന്‍റും ഇനിയുള്ള പ്രസിഡന്‍റുമായ കണാരേട്ടനെ അഭിപ്രായം പറയാന്‍ ക്ഷണിച്ചു കൊള്ളുന്നു.”

കുറച്ചു സമയം പരിപൂര്‍ണ്ണ നിശബ്ദതയിലാണ്ട് കിടന്നശേഷം സദസ്സ് അംഗങ്ങളുടെ അടക്കിപ്പിച്ച സംസാരങ്ങളുടെ മര്‍മ്മരത്തിലേക്ക് വീണു.

“ന്നാലും കൊടിയിറങ്ങാന്‍ ഇത്ര കുറച്ചു സമയം ഇരിക്കെ കുഞ്ഞിക്കേള്വെട്ടന്‍ ഇങ്ങനെയൊരു ചതി ചെയ്യൂന്നു വിചാരിച്ചില്ല” കൂനന്‍ വാസു പതറിയ ശബ്ദത്തില്‍ തൊട്ടടുത്തിരുന്ന കുമാരന്‍റെ കാതില്‍ പറഞ്ഞു. എന്ത് ചെയ്യാന്‍, എല്ലാം ദൈവവിധി എന്ന മട്ടില്‍ കുമാരന്‍ മുകളിലേക്ക് നോക്കി കൈമലര്‍ത്തിക്കാണിച്ചു.

“സുഹൃത്തുക്കളെ” കണാരേട്ടന്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. സദസ്സ് വീണ്ടും നിശബ്ദമായി.

“നമ്മുടെ കുഞ്ഞിക്കേള്വെട്ടന്‍ മരിച്ചു കിടക്കുമ്പോള്‍ മനസ്സറിഞ്ഞു ചിരിക്കാന്‍ കഴിയ്വോ നമുക്ക് ? അതുകൊണ്ട് കുഞ്ഞിക്കേള്വെട്ടനോടുള്ള ആദരസൂചകമായി മിമിക്രിയെങ്കിലും വേണ്ടെന്നു വെക്കണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.” തികച്ചും അനൌപചാരികമായി അതുപറഞ്ഞു കൊണ്ട് കണാരേട്ടന്‍ ഇരുന്നു. കൂടുതലൊന്നും തന്നെക്കൊണ്ട് പറയാന്‍ സാധിക്കില്ലെന്ന മട്ടില്‍ കണാരേട്ടന്‍ തോളില്‍ നിന്ന് രണ്ടാം മുണ്ടെടുത്ത് കണ്ണടയൂരി നനഞ്ഞ കണ്ണുകള്‍ ഒപ്പി.

“എനിക്കൊരു കാര്യം പറയാനുണ്ട്‌” സദസ്സില്‍ നിന്ന് മൂശാരി രാഘവന്‍ എഴുന്നേറ്റു നിന്നു. എല്ലാ കണ്ണുകളും രാഘവനിലെക്കായി. കാലങ്ങളായി അമ്പലക്കമ്മറ്റി ട്രഷററാണ് മൂശാരി രാഘവന്‍.

“മിമിക്രി ട്രൂപ്പുകാര്‍ നേരത്തെ തന്നെ സ്ഥലത്തെത്തിച്ചെര്‍ന്നിട്ടുണ്ട്. പരിപാടി തടസ്സം കൂടാതെ നടക്കും എന്ന പ്രതീക്ഷയില്‍ അവര്‍ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയുമാണ്. അതുപോലെ നാട്ടുകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിലൊക്കെ ഏറെ പ്രധാനപ്പെട്ട ഒരു കാര്യം” ഒന്ന് നിര്‍ത്തി എല്ലാവരുടെയും ശ്രദ്ധ തന്നില്‍ തന്നെയാണെന്ന്ഉറപ്പുവരുത്തിയ ശേഷം ഒന്ന് മുരടനക്കി രാഘവന്‍ തുടര്‍ന്നു.

“ഈ മിമിക്രി ഇവിടെ നടത്താന്‍ ഏറ്റവുമധികം താല്‍പര്യവും മുന്‍കൈയും എടുത്തത് മരിച്ചു പോയ കുഞ്ഞിക്കേള്വെട്ടനാണെന്നതാണ്. ഇന്ന് ഉത്സവത്തിന്‍റെ കൊടിയിറക്കത്തിന് പ്രധാന പരിപാടിയായി മിമിക്രി നടന്നില്ലെങ്കില്‍ ഏറ്റവുമധികം ദുഖിക്കുക കുഞ്ഞിക്കേള്വെട്ടന്‍റെ ആത്മാവായിരിക്കും.”

“ഗാനമേള നടത്താന്‍ ഏറ്റവും കൂടുതല്‍ കുഞ്ഞിക്കേള്വെട്ടനുമായി തര്‍ക്കിച്ചത് ഇവനായിരുന്നു. ഇവന്‍ പക വീട്ടേണ്” വാസു കുമാരന്‍റെ കാതില്‍ അമര്‍ഷത്തോടെ പറഞ്ഞു. കുമാരന്‍ “ശ്ശ്” എന്ന് ചുണ്ടില്‍ ചൂടുവിരല്‍ ചേര്‍ത്തുകാണിച്ചു.

വാസുവിന്‍റെയും കുമാരന്‍റെയും കുശുകുശുക്കല്‍ കണ്ടെങ്കിലും കാണാത്ത മട്ടില്‍ രാഘവന്‍ തുടര്‍ന്നു.

“അത് കൊണ്ട് എനിക്ക് പറയാനുള്ളത്, നമുക്ക് കുഞ്ഞിക്കേള്വെട്ടന്‍റെ ഭാര്യ നാരായണ്യെട്ടത്തിയോട് ചോദിക്കാം. മിമിക്രി നടത്തണ്ട എന്നാണു അവര്‍ പറയുന്നതെങ്കില്‍ വേണ്ടെന്നു വെക്കാം. ഇല്ലെങ്കില്‍ പരിപാടികള്‍ അതിന്‍റെ മുറക്ക് നടക്കട്ടെ”

ആ അഭിപ്രായം എല്ലാവര്ക്കും സ്വീകാര്യമായിത്തോന്നി. യോഗത്തില്‍ പങ്കെടുത്തവരെല്ലാം കണാരേട്ടന്‍റെ നേതൃത്ത്വത്തില്‍ കുഞ്ഞിക്കേള്വെട്ടന്‍റെ വീട്ടിലേക്കു തിരിച്ചു.
4.

വീടിന്‍റെ അകത്തെ മുറിയില്‍ പായില്‍ തലഭാഗത്ത് നിലവിളക്ക് കത്തിച്ചു വച്ച നിലയില്‍ താടികെട്ടി വെള്ളപുതപ്പിച്ച്‌ കുഞ്ഞിക്കേള്വെട്ടനെ കിടത്തിയിരുന്നു. തൊട്ടടുത്ത് ഒരു പ്രതിമകണക്കെ നിര്‍വ്വികാരയായി കുഞ്ഞിക്കേള്വെട്ടന്‍റെ മുഖത്തേക്ക് നോക്കി നാരായണ്യെട്ടത്തി നിലത്ത് ചമ്രം പടിഞ്ഞിരുന്നു.

“നീയൊന്നു നാരായണ്യെട്ടത്തിയോട് ഇത്രടം വരാന്‍ പറയൂ” നാരായണ്യെട്ടത്തിയുടെ തൊട്ടടുത്തിരുന്നിരുന്ന ഭാര്യ കമലാക്ഷിയമ്മയെ കൈകാണിച്ചു വിളിച്ച് കണാരേട്ടന്‍ ചെവിയില്‍ മന്ത്രിച്ചു.

“എന്തിനാ ?” കമലാക്ഷിയമ്മ ചോദ്യഭാവത്തില്‍ മന്ത്രിച്ചു.

“നീയ് പറയണ കേള്‍ക്ക്” കണാരേട്ടനു ദേഷ്യം വന്നു. കമലാക്ഷിയമ്മ മുഖം വീര്‍പ്പിച്ചു നടന്നു ചെന്ന് നാരായണ്യെട്ടത്തിയോട് ചെവിയിലെന്തോ മന്ത്രിച്ചു. നാരായണ്യെട്ടത്തി മുഖമുയര്‍ത്തി സംശയത്തോടെ കണാരേട്ടനെ നോക്കി.

“ഒന്നിങ്ങോട് വരൂ” എന്ന ഭാവത്തില്‍ കൈകാണിച്ചു വിളിച്ചു കൊണ്ട് കണാരേട്ടന്‍ അകത്തെ മുറിയിലേക്ക് നടന്നു. നാരായണ്യെട്ടത്തി കണാരേട്ടനെ പിന്തുടര്‍ന്ന് മുറിക്കുള്ളിലെത്തി.

“അതെ, നാരായണ്യെട്ടത്തി. ഈയൊരവസ്ഥയില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ വല്ലാത്ത സങ്കടമുണ്ട്” കണാരേട്ടന്‍ മുഖവുരയോടെ തുടങ്ങി. നാരായണ്യെട്ടത്തി തെല്ലമ്പരപ്പോടെ കണാരേട്ടനെ നോക്കി.

“രാരിച്ചന്‍ തിരുവനന്തപുരത്തുന്നും, മോനിച്ചന്‍ ബാംഗ്ലൂരുന്നും എത്തുമ്പോ താമസിക്ക്വോല്ലോ. എന്തായാലും അതുകഴിഞ്ഞേ സംസ്കാരം നടത്താനോക്കൂ. ഇന്ന് ഉത്സവകൊടിയിറക്കാണെന്ന് അറിയാല്ലോ. മിമിക്രി നടത്തണമെന്ന് ഏറ്റവും കൂടുതല്‍ താല്പര്യം കുഞ്ഞിക്കേള്വെട്ടനായിരുന്നു. പക്ഷെ ഈയൊരവസ്ഥയില്‍ …. എന്താ നാരായണ്യെട്ടത്യെ നിങ്ങള്‍ടെ അഭിപ്രായം. അതെന്തു തന്നെയായാലും അതുപോലെ ചെയ്യാമെന്നാ എല്ലാരുടെം തീരുമാനം.”

“പരിപാടികള്‍ നടക്കട്ടെ” അതുപറഞ്ഞു കൊണ്ട് നാരായണ്യെട്ടത്തി മുറിയില്‍ നിന്ന് പുറത്തേക്ക് നടന്നു. കണ്ണുകള്‍ക്ക്‌ ഒരു നേര്‍ത്ത മൂടല്‍ , അതുപക്ഷേ സാരിയുടെ തുമ്പെടുത്ത് കണ്ണൊന്നമര്‍ത്തിത്തുടച്ചപ്പോള്‍ ശരിയായി. വീണ്ടും പൂര്‍വ്വസ്ഥാനത്ത് ചേതനയറ്റ കുഞ്ഞിക്കേള്വെട്ടന്‍റെ മുഖത്തേക്കുറ്റു നോക്കി നാരായണ്യെട്ടത്തിയിരുന്നു.
5.

“ഏതാനും നിമിഷങ്ങള്‍ക്കകം കോമഡി കസിന്‍സ് അവതരിപ്പിക്കുന്ന മിമിക്സ് പരേഡ് ആരംഭിക്കുകയായി.” മൈക്കിലൂടെ അനൌണ്സ്മെന്‍റ് മുഴങ്ങി.

“എന്തിനാ നീ മാത്രം ഇവിടെയിരിക്കണേ, പോയി പരിപാടി കണ്ടു വന്നോളൂ. എന്തായാലും രാരിച്ചനും മോനിച്ചനും എത്ത്യാലല്ലേ എന്തേലും ചെയ്യാമ്പറ്റൂ. ഞാനുണ്ടല്ലോ ഇവിടെ” അടുത്തിരുന്ന കമലാക്ഷിയമ്മയെ നോക്കി നാരായണ്യെട്ടത്തി പറഞ്ഞു. കമലാക്ഷിയമ്മ അര്‍ദ്ധമനസ്സോടെ ഒരുനിമിഷം കൂടി അവിടെയിരുന്ന ശേഷം, “ഞാനുടനെ എത്തിയേക്കാം ഏടത്ത്യെ” എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റു പോയി.

മിമിക്രി ആരംഭിച്ചു. ലൌഡ് സ്പീക്കരുകളുടെ ത്രസിപ്പിക്കുന്ന ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ കാണികളുടെ പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തിലൂടെ അലയടിച്ചു മരിച്ചു കിടക്കുന്ന കുഞ്ഞിക്കേള്വെട്ടന്‍റെയും അടുത്തിരിക്കുന്ന നാരായണ്യെട്ടത്തിയുടെയും കാതുകളിലുമെത്തി.

“ദാ, കേള്‍ക്കുന്നില്ലേ, ആളോള് രസിക്കുന്നുണ്ട്” വീണ്ടും കുഞ്ഞിക്കേള്വെട്ടനോടൊപ്പം തനിച്ചായ വേളയില്‍ വിളറിവെളുത്ത ആ മുഖത്തേക്ക് നോക്കി നാരായണ്യെട്ടത്തി ചോദിച്ചു.

“എന്നോട് ചോദിച്ചില്ലേ, മിമിക്രി ഇഷ്ടാണോന്ന് , എനിക്കിഷ്ടാ” അത് പറയുമ്പോള്‍ നാരായണ്യെട്ടത്തി ഒന്ന് ചെറുതായി തേങ്ങിപ്പോയി.

അപ്പോള്‍ കുഞ്ഞിക്കേള്വെട്ടന്‍ മുഖം ചരിച്ച് നാരായണ്യെട്ടത്തിയെ നോക്കി ചെറുതായൊന്നു ചിരിച്ചു.

“ആഹ, എല്ലാം കേട്ടു കെടക്കേണല്ലേ ? ഇങ്ങളങ്ങോട്ടെണീറ്റിരി വാ കേള്വെട്ടാ, ഇവിടെങ്ങുപ്പോ ആരൂല്ല. ഇന്നും കൂട്യേ ഇങ്ങനെ മിണ്ടീം പറഞ്ഞും ഇരിക്കാമ്പറ്റ്വെ”

കുഞ്ഞിക്കേള്വെട്ടന്‍ താടിയിലെ കെട്ടൂര്‍ത്തിയെടുത്ത് താഴെയിട്ട് പുതച്ചിരുന്ന വെള്ളത്തുണി മാറ്റി എഴുന്നേറ്റ് പായില്‍ ചമ്രം പടിഞ്ഞിരുന്നു. അമ്പലപ്പറമ്പിലെ വേദിയില്‍ നിന്ന് മിമിക്രിയിലെ തമാശകള്‍ അന്തരീക്ഷത്തിലെങ്ങും പറന്നു നടക്കുന്നുണ്ടായിരുന്നു. ഓരോ തമാശ കേള്‍ക്കുമ്പോഴും ഇരുവരും പൊട്ടിച്ചിരിച്ചു. ഒടുവില്‍ മിമിക്രി അവസാനിച്ചപ്പോള്‍ ഒരു നെടുനിശ്വാസത്തോടെ കുഞ്ഞിക്കേള്വെട്ടന്‍ പറഞ്ഞു.

“ഇപ്പൊ കേട്ടതിനെക്കാളുമൊക്കെ വെല്യൊരു തമാശ ഞാന്‍ നിന്നോട് പറയട്ടെ നാണ്യേ ?”

“അതെന്താത് ?”

“ചത്ത പ്രേതങ്ങളെ പേടിക്കണ്ട – ഓര് പാവങ്ങളാ. ജീവനുള്ള ഭൂതങ്ങളെയാണ് ശരിക്കും പേടിക്കണ്ടേ”

അപ്പോഴേക്കും അകലെ ഇടവഴിയില്‍ നിന്ന് കാല്‍പ്പെരുമാറ്റങ്ങളും അടക്കിപ്പിടിച്ച സംസാരങ്ങളും കേട്ടു തുടങ്ങിയിരുന്നു. ടോര്‍ച്ചുകളില്‍ നിന്നുള്ള വെളിച്ചം വൃത്തങ്ങള്‍ തീര്‍ത്ത് പടികടന്ന്‍ മുറ്റത്തേക്ക് പ്രവേശിച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞിക്കേള്വെട്ടന്‍ പായില്‍ വെള്ളത്തുണി കൊണ്ട് കഴുത്തുവരെ പുതച്ച് മൂടി നീണ്ടു നിവര്‍ന്നു നിശ്ചലനായി കിടന്നു.

“താടിയിലെ കേട്ടാരാ ഊരി മാറ്റ്യെ ?” താഴെക്കിടന്നിരുന്ന തുണിയെടുത്ത് താടി കെട്ടിക്കൊടുക്കുമ്പോള്‍ നാരായണ്യെട്ടത്തിയെ നോക്കി കണാരേട്ടന്‍ ചോദിച്ചു. അതൊന്നും കേള്‍ക്കാതെ നാരായണ്യെട്ടത്തി എന്തോ ഓര്‍ത്തു ചിരിക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെ രാരിച്ചന്‍ കുഞ്ഞിക്കേള്വെട്ടന്‍റെ ചിതക്ക്‌ തീകൊളുത്തി. കുഞ്ഞിക്കേള്വെട്ടന്‍റെ ശരീരം അഗ്നിനാളങ്ങള്‍ നക്കിത്തുടച്ച് കൊണ്ട്പോയി. അപ്പോഴും നാരായണ്യെട്ടത്തി കുഞ്ഞിക്കേള്വെട്ടനോട് എന്തൊക്കെയോ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.

 

 

 

2 Comments for this entry

  • Anonymous says:

    കൊളളാം ചിരി പ്രതീകഷിച്ച് വന്ന് ഒരു തുള്ളി കണ്ണീരോടെ മടക്കം

  • Anonymous says:

    കൊളളാം ചിരി പ്രതീകഷിച്ച് വന്ന് ഒരു തുള്ളി കണ്ണീരോടെ മടക്കം

Leave a Reply

Your email address will not be published.