കാലം 2001.

വിരസത സ്ഥായീഭാവമണിഞ്ഞ പതിവു ഞായറാഴ്ച സാഹായ്നങ്ങളിലൊന്നില്‍ ശംഖുമുഖം കടപ്പുറത്തിരുന്നു ഞാനെന്‍റെ ചൈനക്കാരി ചാറ്റ് ഫ്രാണ്ടിനെക്കുറിച്ചു സംസാരിച്ചതിന്‍റെ തൊട്ടടുത്ത ദിവസം വൈകിട്ട് ജോലി കഴിഞ്ഞു വന്ന ഞാന്‍ ലോഡ്ജിലെ മുറി തുറക്കുന്ന ശബ്ദം കേട്ടാണ് തൊട്ടടുത്ത റൂമിലെ രാജീവന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയിട്ടതു പറഞ്ഞത് – “ഭായി, വേഗം റെഡിയായിക്കോ, ഓസിനൊരു കള്ളുകുടിയുണ്ട്”

Abstract-II-by-Andy-Atalla-30x40-620x462

ആയുര്‍വ്വേദ കോളേജിനടുത്തുള്ള നാലുതീയേറ്റര്‍ സമുച്ചയത്തിനു പിന്നിലൂടെ കടന്നുപോകുന്ന, ഇടക്കിടെ ഇണ ചേര്‍ന്നു നീണ്ടു പുളഞ്ഞു കിടക്കുന്ന റെയില്‍വേട്രാക്കിലൂടെ, കഷ്ടിച്ച് ഇരുപതു മിനിറ്റ് നടന്നാല്‍ പേട്ടയിലെത്താം. രാജീവന്‍ തന്നെയാണതു രണ്ടും നിര്‍ദ്ദേശിച്ചത് – റെയില്‍വേ ട്രാക്കെന്ന മാര്‍ഗ്ഗവും, നടക്കാമെന്നുള്ള ആശയവും.

“ആരെയാണു നമ്മള്‍ കാണാന്‍ പോകുന്നത് ?” നടത്തം ഏകദേശം കാല്‍ഭാഗം പിന്നിട്ടു കഴിഞ്ഞപ്പോഴായിരിക്കണം ഞാനത് ചോദിച്ചത്.

ഇതിനിടെ റെയില്‍വേ ട്രാക്കിലൂടെയുള്ള നടത്തത്തിനിടയില്‍ രാജീവനില്‍ ഒളിഞ്ഞിരുന്ന കുസൃതിക്കുട്ടി തെല്ലും അനുസരണയില്ലാതെ പുറത്തുവന്നിട്ടുണ്ടായിരുന്നു. ഇരുകൈകളും വിടര്‍ത്തിപ്പിടിച്ച് ഇടയ്ക്കിടെ ബാലന്‍സ് തെറ്റി വീഴാനാഞ്ഞ് പാളത്തിലൂടെ നടക്കുന്നതിന്‍റെ രസത്തിനിടയിലാണ് എനിക്കുനേരെ നോക്കാതെ വലിയൊരു തമാശ പറയുന്ന മട്ടില്‍ രാജീവനതു പറഞ്ഞത് – “ഭായി ഇതുവരെ ഒരു സിനിമാ പ്രോഡ്യൂസറെ നേരില്‍ കണ്ടിട്ടില്ലല്ലോ – ഉവ്വോ ?”

എന്തിനെന്ന ചോദ്യം ആകാംക്ഷയെക്കാളേറെ ഒരതിശയമായി ചുണ്ടുകള്‍ വിടാന്‍ മടിച്ചെന്നെ ചുറ്റിക്കറങ്ങുന്നത് തിരിച്ചറിഞ്ഞെന്ന പോലെ ഒരു കുസൃതിച്ചിരിയോടെ അവന്‍ കൂട്ടിച്ചേര്‍ത്തു – “ഭായിടെ കഥ നമുക്കൊരു സിനിമയാക്കാം”

“എന്‍റെ കഥയോ ? അതേത്” ഞാന്‍ ആശ്ചര്യപ്പെട്ടു.

“ഇന്നലെ കടപ്പുറത്തു വച്ചു പറഞ്ഞ ചാറ്റ് കഥയില്ലേ – അത് തന്നെ. സംഭവം കൊള്ളാം, വെറൈറ്റിയുണ്ട്”

സിനിമ എനിക്കിഷ്ടമാണ്. എങ്കിലും നാളിന്നുവരെ ഒരു സിനിമാക്കാരനെയും തിരശ്ശീലയെന്ന സാങ്കല്‍പ്പികമായാലോകത്തിനിപ്പുറം യഥാര്‍ത്ഥ ലോകത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. സിനിമ തുടങ്ങും മുന്നേ സംവിധായകന്‍റെ പേരിനു മുന്‍പ് അല്‍പ്പം വലുതായി എഴുതിക്കാണിക്കുന്ന വെറുമൊരു പേരുമാത്രമായിരുന്നു എനിക്ക് നിര്‍മ്മാതാവ്. എന്‍റെ കഥ സിനിമയാക്കുകയാണെങ്കില്‍ സംവിധായകന്‍ ആരായിരിക്കും എന്ന്‍ ഞാന്‍ ചോദിച്ചില്ല. തിരുനന്തപുരം ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കുഗ്രാമത്തില്‍ കൃഷിക്കാരനായ അച്ഛന്‍റെയും കൂലിപ്പണിക്കാരിയായ അമ്മയുടെയും മകനായി അരപ്പട്ടിണിയിലേക്ക് ജനിച്ചു വീണ രാജീവന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ പഠിപ്പുകഴിഞ്ഞ് പട്ടണത്തിലേക്ക് നാടുവിടുകയായിരുന്നു. സെക്രട്ടറിയേറ്റില്‍ സൂപ്രണ്ടായിരുന്ന ഒരു പട്ടരുടെ വീട്ടില്‍ ജോലിക്കാരനായി കയറിപ്പറ്റിയ അവനെ പഠിക്കാനുള്ള അവന്‍റെ താല്‍പര്യം കണ്ട് പട്ടത്തിയമ്മാള്‍ പഠിപ്പിച്ചു. രാജീവന്‍ ഡിഗ്രികഴിഞ്ഞ വര്‍ഷം സര്‍വ്വീസിലിരിക്കെ തന്നെ പട്ടര്‍ മരിച്ചു – ഹൃദയാഘാതം. അപ്പാ സര്‍വ്വീസിലിരിക്കെ മരിച്ചതിനാല്‍ സെക്രട്ടറിയേറ്റില്‍ തന്നെ ലഭിച്ച ഒഴിവിലേക്ക് മദ്രാസില്‍ പിജിക്കു പഠിച്ചു കൊണ്ടിരുന്ന ഇളയമകന്‍ നാട്ടിലെത്തി ജോലിക്കുകയറി. പട്ടത്തിയമ്മാളെ മദ്രാസിലെ മൂത്തമകള്‍  വന്നു നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി. കൂടെച്ചെല്ലാന്‍ രാജീവനെയും അമ്മാള്‍ നിര്‍ബന്ധിച്ചതാണ്‌, രാജീവനും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അമ്മാളുടെ മകളുടെ ഭര്‍ത്താവ് അമ്മാവിയറിയാതെ രഹസ്യമായവനെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തലസ്ഥാനനഗരിയില്‍ ലോഡ്ജില്‍ താമസിക്കുന്നത് എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. ഇടക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തകരപ്പരമ്പിലുള്ള ഒരു സുഹൃത്തിന്‍റെ സ്റ്റുഡിയോയില്‍ ഡിജിറ്റല്‍ എഡിറ്റിംഗ് ജോലികള്‍ ചെയ്ത് ആ ആഴ്ച ജീവിക്കാനുള്ള പുസ്തകങ്ങളും ഭക്ഷണവും വാങ്ങാനുള്ള പണമുണ്ടാക്കും. പരിചയപ്പെട്ട ദിവസം ഏറ്റവുമാദ്യം അവനെന്നോട് പറഞ്ഞത് ഒരു സിനിമാസംവിധായകനാകുകയാണ് തന്‍റെ സ്വപ്നമെന്നാണ്.

പേട്ട റെയില്‍വെസ്റ്റേഷനില്‍ ഞങ്ങള്‍ നടന്നെത്തുമ്പോള്‍ സന്ധ്യയായിക്കഴിഞ്ഞിരുന്നു. സ്റ്റേഷനുള്ളിലൂടെ കയറി പുറത്തിറങ്ങി അഞ്ചു മിനിറ്റ് മെയിന്‍ റോഡിലൂടെ നടന്നശേഷം രാജീവന്‍ ടാറിടാത്ത ഒരിടവഴിയിലേക്ക് കൈചൂണ്ടി ദിശ മാറി നടത്തം തുടര്‍ന്നു. ആ ഇടവഴിക്കുചുറ്റുമുള്ള പട്ടണത്തിന്‍റെ പ്രൌഡികളോന്നുമില്ലാത്ത ലാളിത്യമാര്‍ന്ന അന്തരീക്ഷം അന്യം നിന്നുകൊണ്ടിരിക്കുന്ന ഗ്രാമത്തിന്‍റെ വിശുദ്ധിപോലെ എന്നിലേക്കിറങ്ങി വന്നു.

കറുപ്പില്‍ വെളുത്ത അക്ഷരങ്ങളില്‍ ‘കെ.പി പ്രഭാകരന്‍’ എന്നെഴുതിയ, താഴ്ഭാഗം വിവിധ ഡിസൈനുകളില്‍ വളച്ച ഇരുമ്പുപട്ടകളാലും മുകള്‍ഭാഗം ഇരുമ്പുഷീറ്റിലും തീര്‍ത്ത അവിടവിടെ കാലപ്പഴക്കം തുരുമ്പിന്‍റെ രൂപത്തില്‍ കുഴികള്‍ വീഴ്ത്തിയ ഗേറ്റ്, സാക്ഷമാറ്റി തള്ളിത്തുറന്ന് രാജീവന്‍ അകത്തേക്ക് കയറുമ്പോള്‍ മതിലിനോട് ചേര്‍ന്നുള്ള കൂട്ടില്‍ കിടന്ന് ഒരു പട്ടി ദുര്‍ബലമായി കുരച്ചു. ഞാന്‍ തെല്ലൊന്നറച്ചു പിന്നോക്കം മാറാനോരുമ്പെട്ടപ്പോള്‍ പെട്ടെന്ന് വീടിന്‍റെ മുന്‍വാതില്‍ തുറന്നു.

“പേടിക്കേണ്ട, കൂട്ടിലിട്ടിരിക്കുകയാണ്” വെളുക്കെച്ചിരിച്ചുകൊണ്ട് മദ്ധ്യവയസ്സുവിട്ട് വാര്‍ദ്ധക്യത്തിലെക്ക് കാലൂന്നിത്തുടങ്ങിയ ഒരു മനുഷ്യന്‍ – രാജീവ് നേരത്തെ പറഞ്ഞിരുന്ന സിനിമാ നിര്‍മ്മാതാവ് പ്രഭാകരേട്ടന്‍ !

“വരൂ, അത് സാരമില്ല” ചെരുപ്പഴിച്ചു കൊണ്ടിരുന്ന എന്നെനോക്കി ഒരു സിനിമാക്കാരന്‍റെ ജാഡകളെതുമില്ലാതെ പ്രഭാകരേട്ടന്‍ പറഞ്ഞു. കാലില്‍ ഷൂസിട്ടുകൊണ്ടുതന്നെ രാജീവന്‍ എനിക്കുമുന്നേ അകത്തു പ്രവേശിച്ചിരുന്നു. എങ്കിലും ഞാന്‍ ചെരുപ്പഴിച്ചു വച്ചാണ് അകത്തു കടന്നത്. എന്‍റെ ആ പ്രവൃത്തിയില്‍ പ്രഭാകരേട്ടന്‍റെ മുഖത്തൊരു പ്രത്യേകപുഞ്ചിരി പരക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“ഇരിക്കൂ” സ്വീകരണമുറിയിലെ പഴക്കം തോന്നിക്കുന്ന മൂന്നുപേര്‍ക്കിരിക്കാവുന്ന സെറ്റിയിലേക്ക് ചൂണ്ടി പറഞ്ഞുകൊണ്ട് തൊട്ടടുത്തുകിടന്നിരുന്ന സിംഗിള്‍ സെറ്റിയില്‍ പ്രഭാകരേട്ടന്‍ അമര്‍ന്നിരുന്നു.

ചെവികള്‍ക്കു മുകളിലും തലയ്ക്കുപിന്നിലും മാത്രമായി അതിരുകള്‍ മാറ്റി നിശ്ചയിക്കപ്പെട്ട ആവര്‍ത്തിച്ചു ഡൈ ചെയ്തു ചെമ്പിച്ച നീളന്‍ മുടി. മുഖത്ത് ഏതൊരു ക്ഷുരകനെയും കൊതിപ്പിക്കും പോലെ കറുപ്പിലും വെളുപ്പിലും ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന ശ്മശ്രുക്കള്‍. പണ്ടെങ്ങോ കാവിനിറമായിരുന്നെന്നു തോന്നിപ്പിക്കുന്ന കാലപ്പഴക്കം നിറം കവര്‍ന്നെടുത്ത ഉടുമുണ്ട്. തോളില്‍ മുഷിഞ്ഞു വിളറിയ ഒരു രണ്ടാംമുണ്ട്, മുഖത്തൊരു പരാജിതന്‍റെ സദാക്ഷീണിതഭാവം മറക്കാന്‍ ഫിറ്റ്‌ ചെയ്ത കൃത്രിമപ്പുഞ്ചിരി. ഞാന്‍ ആദ്യമായി നേരില്‍ക്കാണുന്ന സിനിമാ പ്രോഡ്യൂസര്‍ – പ്രഭാകരേട്ടന്‍ !

ടീപ്പോയില്‍ മൂന്നു ഗ്ലാസുകളും, അഞ്ചുലിറ്ററിന്‍റെ ഒരു പെറ്റ് ബോട്ടില്‍ സോഡയും, രണ്ടു പ്ലേറ്റുകളില്‍ വറുത്ത നിലക്കടലയും, ഒരു ഫുള്‍ബോട്ടില്‍ ബ്രാണ്ടിയും ഓറഞ്ച് നിറമുള്ള ഒരു ഐസ് ബക്കറ്റും ഞങ്ങള്‍ അതിഥികളെക്കാത്ത് നിരന്നിരിക്കുന്നുണ്ടായിരുന്നു.

“പ്രഭാകരേട്ടനെ അറിയില്ലേ ?” പരമ്പരാഗത മുറകള്‍ തെറ്റിക്കാതെയെന്നോണം കൌതുകകരമായ ചില പ്രത്യേക അംഗവിക്ഷേപങ്ങലോടെ കുപ്പി തുറന്ന്‍ മൂന്നു ഗ്ലാസ്സുകളിലേക്കും അളവില്‍ ഏറ്റക്കുറച്ചിലില്ലാതെ മദ്യം പകര്‍ന്ന ശേഷം സ്പൂണുകൊണ്ട് ഓരോ കഷണം ഐസെടുത്തിട്ട് ആദ്യം പ്രഭാകരേട്ടന് കൊടുത്ത ശേഷം രണ്ടാമത്തെ ഗ്ലാസ് എനിക്ക് നേരെ നീട്ടുമ്പോള്‍ രാജീവന്‍ എന്നോട് ചോദിച്ചു.

“കേട്ടിട്ടുണ്ട്” ഞാന്‍ പ്രഭാകരേട്ടനെ നോക്കി വിളറിയ ചിരി ചിരിച്ചു. നിങ്ങളറിയുന്ന ആ ആള്‍ ഞാന്‍ തന്നെയെന്ന ഭാവത്തില്‍ മൂപ്പര്‍ നിലക്കടല ചവച്ചുകൊണ്ട് ഗൌരവത്തില്‍ മെല്ലെ തല കുലുക്കി.

“1994 ഇല്‍ പ്രഭാകരേട്ടന്‍ പുതുമുഖങ്ങളെ വച്ചൊരു പടം പിടിച്ചു. പക്ഷെ ഇതുവരെ റിലീസ് ചെയ്യാന്‍ പറ്റിയിട്ടില്ല” ഗ്ലാസ്സില്‍ നിന്നൊരിറക്ക് കുടിച്ച് പോക്കറ്റില്‍ നിന്നും സിഗരറ്റ് പാക്കറ്റെടുത്തു തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടില്‍ വച്ച് കത്തിച്ചു ബാക്കി സിഗരറ്റ് ആര്‍ക്കുവേണമെങ്കിലുമെടുക്കാമെന്ന്‍ ഒരു ധര്‍മ്മിഷ്ടന്‍റെ ഭാവത്തില്‍ ടീപ്പോയിലേക്കെറിഞ്ഞിട്ടു കൊണ്ട് രാജീവന്‍ പറഞ്ഞു.

അതിനു പ്രതികരണമെന്നോണം പ്രഭാകരേട്ടന്‍ എന്‍റെ നേരെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു – പിന്നെ ആത്മഗതം പോലെ കൂട്ടിച്ചേര്‍ത്തു – “അതും ഇറക്കണം”. അപ്പോള്‍ പ്രഭാകരെട്ടന്‍റെ കണ്ണുകള്‍ എന്തോ ഗഹനമായ ആലോചനയില്‍ സ്വീകരണമുറിയുടെ സീലിംഗില്‍ ചുറ്റിത്തിരിഞ്ഞു. ഭിത്തിയിലെ നിറമില്ലായ്മ അയാളുടെ കണ്ണുകളില്‍ നിസംഗതയായി പ്രതിഫലിച്ചു.

അപ്പോള്‍ സ്വീകരണമുറിയിലേക്ക് തുറക്കുന്ന രണ്ടു വാതിലുകളോന്നിന്‍റെ കര്‍ട്ടന്‍ ഇളകി. ഏകദേശം പതിനാറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു തടിച്ച പെണ്‍കുട്ടി കയ്യിലൊരു പ്ലേറ്റുമായി കയറിവന്നു. അവള്‍ കയ്യിലിരുന്ന പ്ലേറ്റിലെ ചിക്കന്‍ ഫ്രൈ അല്‍പ്പം കുനിഞ്ഞ് ടീപ്പോയില്‍ വച്ചശേഷം തെല്ലുനീങ്ങി ഭിത്തിയില്‍ ചാരി നിന്നു.

“മകളാണ്, ഓള്‍ സെയിന്‍റ്സില്‍ ഡിഗ്രിക്ക് പഠിക്കുന്നു” പ്രഭാകരേട്ടന്‍ മകളെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.

ഞാന്‍ അവളെ നോക്കി. വിളറിച്ചിരിക്കുന്ന കുനിഞ്ഞ മുഖത്തോടെ തറയില്‍ തള്ളവിരല്‍ കൊണ്ട് കളം വരച്ചുകൊണ്ടവള്‍ നിന്നു.

“എന്താ പേര് ?” രാജീവന്‍ ചോദിച്ചു.

“നളിനി” മറുപടി പറഞ്ഞത് പ്രഭാകരേട്ടനാണ്.

“അമ്മെയെന്തിയെ ?” പ്രഭാകരേട്ടന്‍ മകളെ നോക്കി ചോദിച്ചു.

“അകത്തുണ്ട്, ടീവി കാണുന്നു” തെല്ലു പൌരുഷമുള്ള ശബ്ദത്തില്‍ അവള്‍ മറുപടി പറഞ്ഞു. തന്‍റെ അരോചകമായ ശബ്ദം അപരിചിതരെ കേള്‍പ്പിക്കാന്‍ അവസരമോരുക്കിയതിലുള്ള നീരസത്തോടെ അവള്‍ മുഖമുയര്‍ത്തി പ്രഭാകരേട്ടനെ തറപ്പിച്ചു നോക്കിയപ്പോള്‍ അയാള്‍ മുഖം താഴ്ത്തി. ദൃഷ്ടികള്‍ പിന്‍വലിക്കും മുന്‍പ് അവളുടെ കണ്ണുകള്‍ എന്‍റെയും രാജീവന്‍റെയും മുഖത്ത് ഒരുനിമിഷം സാവധാനം ഇഴഞ്ഞു നടന്നു.

“എന്നാപ്പിന്നെ മോളു പൊയ്ക്കോ” രാജീവന്‍റെ കണ്ണുകള്‍ പൂക്കളുള്ള ഫ്രോക്കിന് കീഴെ നഗ്നമായ അവളുടെ കണങ്കാലുകളില്‍ കറങ്ങി നടക്കുന്നത് കണ്ടിട്ടാണോ നിലത്തേക്കു നോക്കിയിരുന്ന് പ്രഭാകരേട്ടന്‍ അതുപറഞ്ഞതെന്ന ജാള്യതയോടെ ഞാന്‍ അവളെ അവസാനമായി ഒരുനോക്കു നോക്കി. ഒരിക്കല്‍ക്കൂടി ഞങ്ങളെയിരുവരെയും കടക്കണ്ണിലൂടെ ഒന്നുകൂടെ ഇരുത്തി നോക്കിയശേഷം പെണ്‍കുട്ടി മെല്ലെ നടന്ന്‍ മുറി വിട്ടു പോയി.

“പിന്നെ പ്രഭാകരേട്ടാ, ഞാന്‍ പറഞ്ഞത് മൂപ്പരുടെ കഥയാണ്‌. അതായതു ഒരു മലയാളി ചെറുപ്പക്കാരന്‍ ചൈനക്കാരിയെ ചാറ്റിംഗിലൂടെ പ്രണയിക്കുന്നതാണ് കഥ. വെറൈറ്റി സാധനമാ, ഉറപ്പായും ഹിറ്റാകും” മുറിക്കുള്ളില്‍ കട്ട പിടിച്ചു നിന്ന മഞ്ഞുരുക്കും പോലെ രാജീവന്‍ പറഞ്ഞു. ഞാന്‍ അവനെ പിന്താങ്ങുന്ന മട്ടില്‍ പ്രഭാകരേട്ടനെ നോക്കിച്ചിരിച്ചു. മൂപ്പര്‍ ഒന്നും പറയാതെ ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്ന മദ്യം ഒറ്റവലിക്കു തീര്‍ത്ത ശേഷം പ്ലേറ്റില്‍ നിന്ന് ഒരുപിടി നിലക്കടല വാരി വായിലിട്ടു ചവച്ചു കൊണ്ട് ഒരു ദീര്‍ഘദര്‍ശിയെപ്പോലെ പറഞ്ഞു.

“അപ്പൊ മലയാളി നായിക പറ്റില്ല”

“അത് പറ്റില്ല, ചൈനക്കാരി തന്നെ വേണം” രാജീവന്‍ തിരുത്തി.

“അപ്പൊ എന്‍റെ മോള് പറ്റില്ല. അവള്‍ അഭിനയിക്കണം എന്ന് പറഞ്ഞിരിക്കുവാരുന്നു”

“മോള്‍ക്കും നല്ലൊരു വേഷം കൊടുക്കാമല്ലോ. വേണേ മോളെ നമുക്ക് നായകന്‍റെ പെങ്ങളാക്കാം – എന്തേ ?” നല്ല ഐഡിയയല്ലേ എന്ന മട്ടില്‍ രാജീവന്‍ എന്നെയും പ്രഭാകരേട്ടനെയും മാറിമാറി നോക്കി. അവന്‍റെ കണ്ണുകളില്‍ ‘ആ തടിച്ചിയെ നായികയാക്കിയാലത്തെ കാര്യം നീയൊന്നോര്‍ത്തു നോക്കിക്കേ’ എന്ന മട്ടിലൊരു പരിഹാസച്ചിരി വിടര്‍ന്നത് ഞാന്‍ കൃത്യമായി തിരിച്ചറിഞ്ഞു.

ചിരി പൊട്ടാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട്‌ ഞാന്‍ തലകുലുക്കി. പ്രഭാകരേട്ടന്‍ തെല്ലു വൈമനസ്യത്തോടെ വേറെ നിവൃത്തിയില്ലല്ലോയെന്ന മട്ടില്‍ തലയാട്ടി.

“ചൈനക്കാരിയെന്നു പറയുമ്പോള്‍…. നമുക്ക് യൂറോപ്പോ അമേരിക്കയോ ആക്കരുതോ ?” അല്‍പ്പനേരം എന്തോ ചിന്തിച്ചിരുന്ന ശേഷം പൊടുന്നനെ പ്രഭാകരേട്ടന്‍റെ ചോദ്യം രാജീവനെ ഞെട്ടിച്ചു.

“കുഴപ്പമില്ല. അതും നമുക്കാലോചിക്കാവുന്നതെയുള്ളൂ, അല്ലേടാ ?” എന്‍റെ നേരെ നോക്കി കണ്ണിറുക്കിക്കൊണ്ട് രാജീവന്‍ ചോദിച്ചു. പെട്ടെന്നൊരു മറുപടി പറയാനാവാതെ ഞാന്‍ തപ്പിത്തടഞ്ഞപ്പോള്‍ എന്‍റെ മറുപടി അപ്രസക്തമാണെന്ന മട്ടില്‍ ഒന്നും മിണ്ടാതെ പ്രഭാകരേട്ടന്‍ ഗ്ലാസില്‍ അവശേഷിച്ചിരുന്ന മദ്യം തൊണ്ടയിലേക്ക്‌ കമഴ്ത്തി.

കുപ്പി തീര്‍ന്നു കുറേനേരം കൂടി കഥകളും പറഞ്ഞിരുന്ന ശേഷം ഞങ്ങള്‍ അവിടെ നിന്നിറങ്ങുമ്പോള്‍ സമയം രാത്രി 11 മണിയായിട്ടുണ്ടായിരുന്നു.

“അങ്ങേര് അത്താഴം കഴിക്കാന്‍ വിളിക്കാതിരുന്നത് കഷ്ടമായിപ്പോയല്ലോ. ഇനിയിപ്പോ ഈ കണ്ടീഷനില്‍, അതും ഈ നേരത്ത് റെയില്‍വേ ട്രാക്കിലൂടെ പോകുന്നത് അത്ര ബുദ്ധിയല്ല. നമുക്ക് ബസ്സില്‍ പോകാം. സ്റ്റാച്ചുവിലിറങ്ങിയാല്‍ തട്ടുകടയില്‍ നിന്ന് ദോശേം രസവടെം ഫ്രൈഡ്എഗ്ഗും കഴിക്കാം. അവിടന്ന് റൂമിലേക്ക്‌ നടക്കാം” രാജീവന്‍ പറഞ്ഞു. എനിക്കും ആ ആശയം സ്വീകാര്യമായിത്തോന്നി.

പ്രഭാകരേട്ടനെ കണ്ടുമുട്ടിയതിന്‍റെ മൂന്നാം ദിവസം, രാത്രി വൈകി ചീട്ടുകളിച്ചിരുന്നതിനാല്‍ രാവിലെ അല്‍പ്പം വൈകിയാണ് ഉണര്‍ന്നത്. കുളിച്ചു റെഡിയായി ബാഗുമെടുത്ത് ധൃതിയില്‍ ജോലിക്കുപോകാനായി താഴേക്കിറങ്ങി വരുമ്പോള്‍ രാജീവന്‍ ലോഡ്ജിന്‍റെ തിണ്ണയിലിരുന്നു പത്രം വായിക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ടപ്പോള്‍ പൊടുന്നനെ ദുഃഖം കനംതൂങ്ങിയ ഭാവം കൃതിമമായി മുഖത്തുവരുത്തി അവനെന്നെ അടുത്തേക്ക്‌ വിളിച്ചു.

“നീയറിഞ്ഞോ, ഇത് നോക്കിക്കേ, ഇന്നലെ രാത്രി പ്രഭാകരേട്ടന്‍ മരിച്ചു. അറ്റാക്ക് ആയിരുന്നത്രേ. ദാ, പത്രത്തിലുണ്ട്” ഞാന്‍ പത്രം കയ്യില്‍ വാങ്ങി നോക്കി. ചരമകോളത്തില്‍ ഏകദേശം മദ്ധ്യത്തിലായി ചുറ്റും മരണമടഞ്ഞവരുടെ വര്‍ണ്ണപ്പകിട്ടുള്ള ചിത്രങ്ങള്‍ക്കു നടുവില്‍ പ്രഭാകരെട്ടന്‍റെ ചിരിച്ചു കൊണ്ടിരിക്കുന്ന പണ്ടെങ്ങോ എടുത്ത മങ്ങിയ ഒരു ബ്ലാക്ക് ആണ്ട് വൈറ്റ് ഫോട്ടോ.

ഒരു സായാഹ്നത്തിന്‍റെ സുരപാനബന്ധം കൊണ്ട് എന്‍റെ മുഖത്ത് ഉണര്‍ത്താന്‍ സാധ്യമായതില്‍ പരമാവധി ശോകഭാവം കൈവരിക്കുന്നതില്‍ വിജയിച്ചെങ്കിലും മനസ്സ് മൃദുലവികാരങ്ങളൊന്നും ഉണരാതെ ഒരു മരുഭൂമിപോലെ ഊഷരമായി കിടന്നു. രാജീവനോട് യാത്ര പറഞ്ഞ് മനപൂര്‍വ്വം കൈവരിച്ച യാന്ത്രികമായ ചലനങ്ങളോടെ പുറത്തേക്കിറങ്ങുമ്പോള്‍ രാജീവന്‍ പത്രത്തിലെ മറ്റൊരു പേജിലേക്ക് അവന്‍റെ വായനയെ വഴിതിരിച്ചു വിട്ടിട്ടുണ്ടായിരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഹാസ്യമാസികയില്‍ രാജീവന്‍റെ ഒരു കഥ അച്ചടിച്ച്‌ വന്നു.

Leave a Reply

Your email address will not be published.