സന്ധ്യക്ക്‌ തെരുവിലൂടെ നടന്ന്‍ മെഡിക്കല്‍ഷോപ്പിനു മുന്നിലെ മൂലയിലുള്ള ഷവര്‍മ്മക്കടക്ക് മുന്നിലെത്തിയപ്പോള്‍ പതിവുപോലെ ഇന്നും ആ ഭ്രാന്തന്‍ ആക്രോശത്തോടെ അയാള്‍ക്കു നേരെ പാഞ്ഞടുത്തു. സാധാരണ അയാളവന്‍റെ മുഖത്തുതുപ്പുകയോ അടിക്കാനായി കൈയുയര്‍ത്തിപ്പിടിച്ചു കൊണ്ട് ഓടിയടുക്കുകയോ ആണ് പതിവ്. പക്ഷെ ഇന്നയാളുടെ മനസ്സില്‍ ചില വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു.

knife-316655_640

 

ഭ്രാന്തന്‍ അലറിക്കൊണ്ട്‌ മുഖത്തിനു നേരെ പാഞ്ഞടുത്തപ്പോള്‍ ഒഴിഞ്ഞുമാറിക്കൊണ്ട് അയാള്‍ വലതുകൈയുടെ മുഷ്ടി ചുരുട്ടി ഭ്രാന്തന്‍റെ വയറ്റില്‍ ആഞ്ഞിടിച്ചു. അവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ കുനിഞ്ഞു നിന്ന് ഇടതുകൈകൊണ്ട് വയറ്റില്‍ അമര്‍ത്തിപ്പിച്ചു വലതു കൈ അയാള്‍ക്കു നേരെ നീട്ടി അവനൊരു മുറിവേറ്റ മൃഗത്തിന്‍റെ ക്രോധാവേശത്തോടെ മുക്രയിട്ടു. അപ്പോള്‍ അയാളുടെ മുഷ്ടി വീണ്ടും ഭ്രാന്തന്‍റെ ഇടതുകവിളില്‍ നല്ലൊരു പ്രഹരമേല്‍പ്പിച്ചു. അപ്രതീക്ഷിതമായ ഇടിയുടെ അന്ധാളിപ്പില്‍ അവന്‍ ടൈല്‍സിട്ട നടപ്പാതയിലേക്കു മലര്‍ന്നു വീണു പോയി.  കിടന്നു കൊണ്ട് അവനയാളെ നോക്കി, ഇക്കുറി അവന്‍റെ കണ്ണുകളില്‍ തിളങ്ങിയത് ക്രോധമായിരുന്നില്ല, ദയനീയതയുടെ നിഴലാട്ടങ്ങളായിരുന്നു. ഇന്നലെവരെ ആ ഭ്രാന്തന്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവന്‍റെ എതിരാളിയായിരുന്നു. പക്ഷെ ഇന്നങ്ങനെയല്ല. തോല്‍വി ഉറപ്പായ യുദ്ധത്തില്‍ പൊരുതാന്‍ ആരാണാഗ്രഹിക്കുക ?

ഒരാക്ഷന്‍ സിനിമയുടെ ത്രസിപ്പിക്കുന്ന രംഗത്തിനിടയില്‍ അപ്രതീക്ഷിതമായി പോസ് ചെയ്തതു പോലെ തെരുവ് നിശ്ചലമായിട്ടുണ്ടായിരുന്നു. അയാള്‍ ചുറ്റും നോക്കി .ആരും നോട്ടങ്ങള്‍ കൊണ്ടുപോലും അയാളെ തടയാന്‍ ശ്രമിക്കുന്നില്ല. മൊബൈല്‍ ഫോണ്‍ പോലും മറന്നതുപോലെ ആളുകള്‍ കാഴ്ച്ചയുടെ അമ്പരപ്പില്‍ തരിച്ചു നില്‍ക്കുന്നു. എല്ലാം നിശ്ചയിച്ചുറച്ച പോലെ ഭ്രാന്തമായ ആവേശത്തോടെ വീണുകിടക്കുന്ന ഭ്രാന്തന്‍റെ ഇരുവശവും കാലിട്ട് അവന്‍റെ വയറില്‍ അമര്‍ന്നിരുന്ന്‍ അയാള്‍ അരയില്‍ നിന്ന് കത്തി വലിച്ചൂരിയെടുത്തു. വൃത്താകൃതിയിലുള്ള പാത്രത്തിലകപ്പെട്ട വരാലിനെപ്പോലെ ഭ്രാന്തന്‍റെ കൃഷ്ണമണികള്‍ മരണഭയത്താല്‍ കണ്ണിലെ വെളുപ്പില്‍ പാഞ്ഞു നടന്നു. മുഖത്തു ദയനീയഭാവം വരുത്താന്‍ പോലും മറന്ന ഭ്രാന്തനെ നോക്കി ഒരുനിമിഷം അയാളിരുന്നു. വിറയ്ക്കുന്ന കരങ്ങള്‍ കൊണ്ട് ഭ്രാന്തന്‍ അയാളുടെ കയ്യില്‍ നിന്ന് കുതറിത്തെറിച്ച കത്തിയുടെ തിളങ്ങുന്ന വായ്ത്തല തടുക്കാന്‍ ശ്രമിച്ചു. കണ്ണുകളടച്ചു കൊണ്ട് അയാള്‍ ആഞ്ഞാഞ്ഞു കുത്തി. ചുടുരക്തം അയാളുടെ മുഖത്തും ദേഹത്തും ചീറ്റിത്തെറിച്ചു. ഒരുന്മാദിയെപോലെ അയാള്‍ ചുറ്റുംനോക്കി അലറി വിളിച്ചു. പിന്നെയെപ്പോഴോ കണ്ണുകളിലേക്ക് കയറിവന്ന ഇരുട്ട് ബോധത്തെ അപഹരിച്ചു കൊണ്ട് പോയപ്പോള്‍ അയാള്‍ കുഴഞ്ഞുവീണു.

അക്രമാസക്തനായിരുന്നതിനാല്‍ പൊലീസുകാരയാളെ ഒരു കുടുസ്സായ സെല്ലിലായിരുന്നു അടച്ചിട്ടിരുന്നത്. തൊട്ടടുത്ത ബാത്ത്റൂമില്‍ നിന്നും മലിനജലത്തിന്‍റെ ചെറിയൊരു കീറ് സെല്ലിന്‍റെ വാതിലിന്നു തൊട്ടുമുന്നിലൂടെ ഒഴുകി പൊയ്ക്കൊണ്ടിരുന്നത് നേര്‍ത്തൊരു ദുര്‍ഗന്ധം സദാസമയവും പ്രസരിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ സംവേദനങ്ങളെല്ലാം മരവിച്ചുപോയ ഒരു മാനസികാവസ്ഥയിലായിരുന്നു അയാള്‍. അന്നേ ദിവസം ആരുമയാളോട് സംസാരിച്ചില്ല. രാത്രി ഒരു ചെറിയ ഉന്തുവണ്ടിയില്‍ ഭക്ഷണം കൊണ്ടുവന്ന്‍ അഴികള്‍ക്കടിയിലൂടെ സെല്ലിനകത്തേക്ക് തള്ളി വച്ചിട്ട് കുശിനിക്കാരന്‍ ഭയവിഹ്വലമായ മിഴികളോടെ അയാള്‍ക്ക്‌ നേരെ ഒരു നോട്ടം നോക്കി വേഗത്തില്‍ കടന്നു പോയി. അയാളാ ഭക്ഷണത്തിലേക്കൊന്നു നോക്കിയതുപോലുമില്ല. പിറ്റേന്നു രാവിലെ വന്ന തൂപ്പുകാരന്‍ അതെടുത്ത് വരാന്തയിലെ വേസ്റ്റ്‌ ബിന്നിലിട്ടു.

ഏകദേശം രാവിലെ പത്തു മണിയോടെ ഒരു പോലീസുകാരന്‍ വന്നയാളെ ഇന്‍സ്പെക്ടറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആരും അയാളെ ഇതുവരെ മര്‍ദ്ദിച്ചിട്ടില്ല. എന്തിനു കഴുത്തിനു പിടിച്ചൊരു തള്ളലോ ഒരു തെറിവാക്കോ പോലും ഉച്ചരിച്ചിട്ടില്ല. എന്നിട്ടും ഒരു കൊലക്കുറ്റത്തിനു പിടിയിലായി ജയിലിലടക്കപ്പെട്ട തടവുപുള്ളിയോടുള്ള അപ്രതീക്ഷിതമായ പെരുമാറ്റത്തിന്‍റെ പേരില്‍ അത്ഭുതം കൂറാനുള്ള ഒരു മാനസികാവസ്ഥയിലൊന്നും ആയിരുന്നില്ല അയാള്‍ !

“ഇരിക്കൂ” മേശക്കുപിന്നിലെ കസേരയിലിരുന്നിരുന്ന ഇന്‍സ്പെക്ടര്‍ ചെറുപുഞ്ചിരിയോടെ അയാളെ നോക്കി മുന്നിലെ രണ്ടു കസേരകളിലോന്നിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അയാളിരുന്നു. ഇന്‍സ്പെക്ടര്‍ ഫ്ലാസ്കില്‍ നിന്ന് ഒരു ചെറിയ കപ്പിലേക്ക് ചൂടുള്ള കട്ടന്‍ചായ പകര്‍ന്ന് അയാള്‍ക്ക്‌ മുന്നിലേക്ക്‌ നീക്കി വച്ചു കൊടുത്തു. അയാള്‍ അതെടുത്തു ചുണ്ടോടു ചേര്‍ത്തശേഷം ചൂട് അധികമായതിനാലായിരിക്കണം മേശപ്പുറത്തു തന്നെ തിരികെ വച്ചു.

“ചൂടുണ്ടല്ലേ, അല്‍പ്പം തണുക്കട്ടെ” ഇന്‍സ്പെക്ടര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അയാള്‍ ജനലിലൂടെ പുറത്തേക്കു നോക്കി. ദൂരെ പട്ടണത്തിലെ പ്രധാനപാതയെ പുകപടലങ്ങളാല്‍ പുതപിച്ചു കൊണ്ട് അവ്യക്തമായി നിറഞ്ഞൊഴുകുന്ന വാഹനങ്ങള്‍. ഒരു മേഘക്കീറ്കൊണ്ടുപോലും നാണം മറക്കാതെ സൂര്യന്‍റെ നിറഞ്ഞുകത്തുന്ന നഗ്നത.

“എന്താണ് നിങ്ങളുടെ പേര് ?” ഇന്‍സ്പെക്ടറുടെ ശബ്ദം അയാളെ കാഴ്ചകളില്‍ നിന്ന് തിരികെ വിളിച്ചു.

“ആസാദ്” അയാളുടെ ചുണ്ടുകള്‍ക്കിടയില്‍ നിന്ന് അറ്റുവീണ അക്ഷരങ്ങള്‍ ഇന്‍സ്പെക്ടറുടെ കൂര്‍പ്പിച്ച കാതുകള്‍ സസൂക്ഷ്മം പെറുക്കിയെടുത്തു.

“പാസ്പോര്‍ട്ടില്‍ മറ്റൊരു പേരാണല്ലോ ?” ഒരു തമാശ പറയുന്ന മുഖഭാവത്തോടെ ഇന്‍സ്പെക്ടര്‍ ചോദിച്ചു.

“അത് എന്‍റെ അനുവാദമില്ലാതെ മാതാപിതാക്കള്‍ ഇട്ട പേര്. ഞാന്‍ എന്നെ വിളിക്കുന്നത്‌ ആസാദ് എന്നാണ്. ആസാദ് എന്നാല്‍ ഞങ്ങളുടെ ഭാഷയില്‍ സ്വതന്ത്രന്‍”

“സ്വാതന്ത്രത്തിനു എല്ലാ ഭാഷയിലും ഒരൊറ്റ അര്‍ത്ഥമേയുള്ളൂ” ഇന്‍സ്പക്ടര്‍ ചിരിച്ചപ്പോള്‍ അയാളുടെ കറ പിടിച്ച പല്ലുകള്‍ സാഹചര്യത്തിന് തീരെ യോജിക്കാതെയെന്നോണം പിണങ്ങി നിന്നു.

“എന്തിനായിരുന്നു നിങ്ങളാ ഭ്രാന്തനെ കൊന്നത് ?” അനുനയത്തില്‍ അത് ചോദിക്കുമ്പോഴും ഇന്‍സ്പെക്ടറുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.

“വെറുതെ” ചിന്തിക്കാന്‍ പോലും തെല്ലും സമയമെടുക്കാതെയുള്ള അയാളുടെ മറുപടി പെട്ടെന്നായിരുന്നു. ഇന്‍സ്പെക്ടറുടെ മുഖത്തെ ചിരി മാഞ്ഞു.

“വെറുതെ ഒരാളെ കൊല്ലുകയോ ?” ഇക്കുറി ഇന്‍സ്പെക്ടറുടെ ശബ്ദത്തില്‍ തെല്ലു പാരുഷ്യമുണ്ടായിരുന്നു. പക്ഷെ അതളെ തെല്ലും അസ്വസ്ഥനാക്കിയില്ല. നിശബ്ദതയായിരുന്നു അയാളുടെ മറുപടി.

“ഭ്രാന്തനും നിങ്ങള്ക്കുമിടയില്‍ എന്തായിരുന്നു പ്രശ്നം ?” ഇന്‍സ്പെക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു.

“പ്രശ്നമോ എന്ത് പ്രശ്നം ?”

“എന്തുകൊണ്ടാണ് ഭ്രാന്തന്‍ സ്ഥിരമായി നിങ്ങളെ മാത്രം ആക്രമിച്ചിരുന്നത് ? എത്രയോ ആയിരംമാളുകള്‍ ദിവസവും സ്ഥിരമായി അതിലൂടെ കടന്നു പോയിരുന്നു. അവരെയൊന്നും ആക്രമിക്കാതെ നിങ്ങളെ കാണുമ്പോള്‍ മാത്രം എന്തുകൊണ്ട് അയാള്‍ അക്രമാസക്തനായി മാറി ?”

ഇന്‍സ്പെക്ടറുടെ ഭാവമാറ്റം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരുന്നു. ഇതിനകം പോലീസുകാര്‍ വിശദമായ അന്വേഷണം തന്നെ നടത്തിയിക്കഴിഞ്ഞിരിക്കുന്നു.

“ഞാനും നാളുകളായി അന്വേഷിച്ചു നടന്നിരുന്ന ചോദ്യങ്ങളായിരുന്നു ആ ഭ്രാന്തന്‍റെ മരണത്തില്‍ കലാശിച്ചത്. ഉത്തരങ്ങള്‍ പക്ഷെ ഇപ്പോഴും എനിക്കറിയില്ല. പക്ഷെ ഒന്നുമാത്രമറിയാം – മരണം എന്‍റെ തലയ്ക്കുമീതെയും കറുത്ത കുട വിരിച്ചു പിടിച്ചു നില്‍പ്പുണ്ടെന്ന വസ്തുത, ഞാനതില്‍ സംതൃപ്തനുമാണ്. താങ്കള്‍ക്ക് തൃപ്തികരമായ മറുപടികളിലൂടെ അതിനുള്ള ഒരു നേരിയ അവസരം പോലും ഇല്ലാതാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല”

ഇന്‍സ്പെക്ടറുടെ മുഖത്തിക്കുറി അമ്പരപ്പ് വ്യക്തമായിരുന്നു. അദ്ദേഹത്തിന്‍റെ വിരലുകള്‍ തെല്ലുനേരം മേശപ്പുറത്തിരുന്ന ബെല്ലിന്‍റെ സ്വിച്ചില്‍ തീരുമാനമേടുക്കാനാവാതെയെന്നോനം സാവധാനം ഉഴറി നടന്നു. പിന്നെ പരിഭ്രമം വിട്ടുമാറാത്ത ചലനങ്ങളോടെ അയാള്‍ ബെല്ലില്‍ വിരലമര്‍ത്തി. നേരത്തെ തടവുപുള്ളിയെ കൂട്ടിക്കൊണ്ടുവന്ന പോലീസുകാരന്‍ മുറിക്കുള്ളില്‍ പ്രവേശിച്ചു.

“ഉം” ഇന്‍സ്പെക്ടര്‍ അയാളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചു. കസേരയില്‍ നിന്നെഴുന്നെല്‍ക്കുമ്പോള്‍ അയാള്‍ ചായക്കപ്പില്‍ സ്പര്‍ശിച്ചുകൊണ്ട് അനുവാദം ചോദിക്കും പോലെ ഇന്‍സ്പെക്ടറെ നോക്കി. ഇന്‍സ്പെക്ടര്‍ തലകുലുക്കി. അയാള്‍ കപ്പ്‌ കയ്യിലെടുത്ത് അനുസരണയോടെ ചായ തുളുമ്പാതെ ശ്രദ്ധിച്ചു കൊണ്ട് പോലീസുകാരനോടൊപ്പം നടന്നു. അയാളെ സെല്ലിലടച്ച ശേഷം പോലീസുകാരന്‍ പോയി. അയാള്‍ അഴികള്‍ക്കിടയിലൂടെ അനന്തമായ എന്തിലേക്കോ നോട്ടമയച്ചു കപ്പില്‍ നിന്ന് ചായ അല്‍പ്പാല്‍പ്പമായി നുകര്‍ന്നു കൊണ്ട് നിന്നു.

വൈകിട്ടയാളെ കാണാന്‍ ആദ്യത്തെ സന്ദര്‍ശകനെത്തി. അയാളുടെ റൂംമേറ്റ്. കൊലയാളികള്‍ക്കുള്ള പ്രത്യേകസന്ദര്‍ശനമുറിയില്‍ നിന്ന് സുഹ്രുത്തിന്‍റെ പാതിമുഖത്തേക്ക് തുറക്കുന്ന അഞ്ചുമീറ്ററോളം നീളമുള്ള കുഴലിലൂടെ അയാള്‍ ചോദിച്ചു – ““ആരായിരുന്നു ആ ഭ്രാന്തന്‍ ? എന്തിനായിരുന്നു ഞാനയാളെ കൊന്നത് ?”

“ഇതേ ചോദ്യങ്ങള്‍ തന്നെയായിരുന്നു എനിക്ക് നിങ്ങളോടും ചോദിക്കുവാനുണ്ടായിരുന്നത്” തെല്ലമ്പരപ്പോടെയും നിരാശയോടെയും സുഹൃത്ത്‌ പറഞ്ഞു.

അയാളൊന്നു ചിരിച്ചു. പിന്നീട് നിര്‍വ്വികാരമായി പറഞ്ഞു.

“ഈ ചോദ്യങ്ങള്‍ ചിലനേരങ്ങളില്‍ എന്‍റെയും തലച്ചോറിനെ ഉത്തേജിപ്പിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു. അവയോടും എനിക്കുള്ള മറുപടി “അറിയില്ല” എന്നുതന്നെയായിരുന്നു. കാരണം അതുതന്നെയായിരുന്നു സത്യവും !” അയാള്‍ പറഞ്ഞു.

“നിങ്ങള്‍ക്കായി നല്ലോരു വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്” സുഹൃത്ത്‌ പറഞ്ഞു.

“എന്തിന് ?”

“നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍” സുഹൃത്ത്‌ ആശ്ചര്യത്തോടെ പറഞ്ഞു.

“അതിന്‍റെ ആവശ്യമില്ല. ഞാന്‍ പോലും എനിക്കുവേണ്ടി വാദിക്കുന്നില്ല” സുഹൃത്തിന്‍റെ മറുപടിക്കു കാത്തുനില്‍ക്കാതെ അയാള്‍ തിരിഞ്ഞു നടന്നു.

ഇന്‍സ്പെക്ടറുടെ മേശക്കു മുന്നിലെ കസേരകളിലൊന്നില്‍ ഡോക്ടര്‍ ചിന്താനിമഗ്നനായിരുന്നു. ഡോക്ടറുടെ ആലോചനകളില്‍ ഭംഗം വരുത്തണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തില്‍ ഏതാനും നിമിഷങ്ങള്‍ അക്ഷമനായിരുന്ന ഇന്‍സ്പെക്ടറുടെ ക്ഷമ നശിച്ചു –“ഡോക്ടര്‍, അങ്ങോന്നും പറഞ്ഞില്ല”

“ഹും” ഒരു ദീര്‍ഘനിശ്വാസത്തോടെ ഡോക്ടര്‍ മുഖം തിരിച്ച് ഇന്‍സ്പെക്ടറെ നോക്കി. പിന്നെ കസേരയില്‍ നിന്നെഴുന്നേറ്റു ജനലിനു നേരെ നടന്നു. ജനലിനടുത്തുള്ള കബോഡിലെ ഗ്ലാസ് ഭരണിക്കുള്ളില്‍ മുകളിലേക്ക് വട്ടം ചുറ്റി വളര്‍ന്നു നില്‍ക്കുന്ന ഒരു വള്ളിച്ചെടിയുണ്ടായിരുന്നു. ജനലിനു നേരെ വളരാന്‍ നടത്തിയ തടയപ്പെട്ട ശ്രമങ്ങളുടെ അടയാളങ്ങളെന്നോണം പിരിഞ്ഞുയര്‍ന്നു നില്‍ക്കുന്ന അതിന്‍റെ ഇലയുടെ ഒരു ചെറിയ കഷണം നഖം കൊണ്ട് കിള്ളിയെടുത്തു മണപ്പിച്ചു നോക്കിയശേഷം പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫെടുത്തു കൈതുടച്ച് ഡോക്ടര്‍ തിരികെ കസേരയില്‍ വന്നിരുന്നു. ഇന്‍സ്പെക്ടര്‍ തന്‍റെ അക്ഷമനിറഞ്ഞതും പ്രത്യാശാഭരിതവുമായ അപൂര്‍വ്വഭാവത്തോടെ ഡോക്ടറുടെ ചുണ്ടുകളിലേക്ക്‌ വാക്കുകള്‍ക്കായി ഉറ്റു നോക്കിയിരുന്നു.

“കഴിഞ്ഞു പോയ മൂന്നു ദിവസങ്ങള്‍ പകല്‍ മുഴുവന്‍ ഞാനാ തടവുപുള്ളിയോടൊപ്പമാണ് ചെലവഴിച്ചത്. ആദ്യമൊക്കെ എന്‍റെ സാന്നിധ്യം അയാളെ തികച്ചും അലോസരപ്പെടുത്തിയിരുന്നു. തികച്ചും വ്യക്തിപരവും നിറഞ്ഞ സൌഹാര്‍ദ്ദപരവുമായ ചോദ്യങ്ങള്‍ക്ക് പോലും മറുപടി തരാന്‍ വിസമ്മതിക്കുവാന്‍ അയാള്‍ക്കേറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. പക്ഷെ എന്‍റെ നിര്‍ബന്ധബുദ്ധിയില്ലാത്ത അത്യന്തം ക്ഷമയോടെയുള്ള സമീപനം ആയിരിക്കണം മെല്ലെ മെല്ലെ അയാളില്‍ മാറ്റം വരുത്തിത്തുടങ്ങിയത്. അയാള്‍ എന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങി. ഒരുവേള ഇങ്ങോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ പോലും ആരംഭിച്ചു. അയാള്‍ ചെയ്ത കൊലപാതകത്തെക്കുറിച്ച് ഒരു നേര്‍ത്ത പരാമര്‍ശം പോലും എന്‍റെ സംസാരത്തിലുണ്ടാകാതിരിക്കാന്‍ ഞാന്‍ അതീവ ശ്രദ്ധാലുവായിരുന്നു. അയാളുടെ അടിസ്ഥാനസ്വഭാവം, അയാളില്‍ ഈര്‍ഷ്യജനിപ്പിക്കുന്ന കാര്യങ്ങള്‍, അയാള്‍ക്ക്‌ പ്രിയപ്പെട്ടവ എന്നിവ അറിയാനായിരുന്നു എന്‍റെ ശ്രമം. അതിനായി ആദ്യം അയാളുടെ നാടിനെക്കുറിച്ചും, ജോലിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും എല്ലാം ഞാന്‍ ചോദിച്ചു. അതിനൊക്കെ അയാള്‍ തൃപ്തികരമായ മറുപടികള്‍ നല്‍കി. ഒരിക്കല്‍ പോലും അയാളില്‍ നീരസം സൃഷ്ടിക്കാന്‍ ആ ചോദ്യങ്ങള്‍ക്കൊന്നും ആയില്ല എന്നത് എന്നെ തെല്ലു നിരാശപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അയാളുടെ വീടിനെക്കുറിച്ചന്വേഷിച്ചത്. അയാള്‍ മറക്കാന്‍ ശ്രമിച്ചിട്ടും അതയാളില്‍ പൊടുന്നനെ ഭാവമാറ്റം സൃഷ്ടിക്കുന്നത് ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചറിഞ്ഞു. നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം എന്ന് പറഞ്ഞു വിഷയം മാറ്റാതെ അയാള്‍ എന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടികള്‍ നല്‍കി. പക്ഷെ അവയില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന അസത്യങ്ങളുടെയും അവാസ്തവികതയുടെയും നിഴലുകള്‍ ഞാന്‍ വേര്‍തിരിച്ചറിഞ്ഞു. പിന്നീട് ഞാന്‍ അതെക്കുറിച്ച് സംസാരിക്കാതിരുന്നതും അയാളെ തെല്ലസ്വസ്ഥനാക്കി. അന്ന് വൈകുന്നേരം ഞാന്‍ അയാളുടെ റൂം മേറ്റിനെ കാണാന്‍ പോയി”

“ആര്, അയാളെ കാണാന്‍ ഇവിടെ വന്ന ആ സുഹൃത്തിനെയോ ?” ഇന്‍സ്പെക്ടര്‍ ചോദിച്ചു.

“അതെ. അവര്‍ ഇരുവരും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരേ മുറിയില്‍ താമസിക്കുകയാണ്. അയാളെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിനു നൂറു നാവായിരുന്നു. ഇക്കാലമത്രയും ഒരു മോശം അനുഭവം പോലും അയാള്‍ക്കോ അയാളുടെ പരിചയത്തില്‍ മറ്റുള്ളവര്‍ക്കോ അയാളില്‍ നിന്നുണ്ടായിട്ടില്ലത്രേ. അപ്പോള്‍ ഞാന്‍ സുഹൃത്തിനോട്‌ അയാളുടെ വീടിനെക്കുറിച്ചു ചോദിച്ചു. നാട്ടില്‍ നഗരത്തിന്‍റെ കണ്ണായ സ്ഥലത്ത് അയാള്‍ക്ക് നല്ലൊരു വീടും വസ്തുവും ഉണ്ടത്രേ. സുഹൃത്തിന്‍റെ അഭിപ്രായത്തില്‍ അത് വിറ്റാല്‍ മരണം വരെ അയാള്‍ക്കും കുടുംബത്തിനും സുഖമായി താമസിക്കാവുന്ന അത്രയും വരുമത്. അയാളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് ആഴത്തിലുള്ള അറിവൊന്നും സുഹൃത്തുക്കള്‍ക്കാര്‍ക്കുമില്ല. അയാളതേക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ അവരാരും ആ വിഷയം എടുത്തിടാറുണ്ടായിരുന്നില്ലെന്നു പറഞ്ഞു. പിന്നെ എന്തുകൊണ്ടാണ് അയാള്‍ ഈ വിദേശരാജ്യത്ത് വന്നു ഇത്രയും തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ സുഹൃത്തിന്‍റെ മറുപടി മൌനമായിരുന്നു.”

“അതെക്കുറിച്ച് ഡോക്ടര്‍ക്കെന്തു തോന്നുന്നു ?” ഇന്‍സ്പെക്ടര്‍ ഇടയ്ക്കുകയറി ചോദിച്ചു.

“ഞാന്‍ അതെക്കുറിച്ച് ഒരുപാടാവര്‍ത്തി ആലോചിച്ചു. പക്ഷെ ലോജിക്കല്‍ ആയ ഒരു മറുപടി കണ്ടെത്താന്‍ എനിക്കും സാധിച്ചില്ല. അതെക്കുറിച്ച് കൂടുതല്‍ ആധികാരികമായി പറയണമെങ്കില്‍ അയാളുടെ നാട്ടില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ നേരിട്ടന്വേഷിക്കെണ്ടിയിരിക്കുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‍റെ ആവശ്യമില്ലല്ലോ. എന്താണ് ഈ കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥ ?”

“നമ്മുടെ രാജ്യത്ത് കോടതികള്‍ വിധി നടപ്പിലാക്കുന്നതിലുള്ള ചാടുലതയെക്കുറിച്ചു താങ്കള്‍ക്കറിവുള്ളതാണല്ലോ. അയാള്‍ പിടിയിലായിട്ടു ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെങ്കില്‍ക്കൂടിയും ഇതിനോടകം കോടതിയില്‍ ഈ കേസില്‍ രണ്ടു സിറ്റിംഗുകള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. പട്ടാപ്പകല്‍ നിറഞ്ഞു കവിഞ്ഞ പൊതുജനമധ്യത്തില്‍ വച്ചാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചതെന്നതുകൊണ്ടും, പ്രതി സന്ദേഹങ്ങളോ കുറ്റബോധമോ ഇല്ലാതെ കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നത് ഈ കേസില്‍ സംശയങ്ങള്‍ക്കും വാദത്തിനും പഴുതുകള്‍ അടച്ചതിനാല്‍ അടുത്തയാഴ്ച വിധി പ്രഖ്യാപിക്കപ്പെടനാണ് സാധ്യത. വധശിക്ഷ ഉറപ്പാണ്. പിന്നെ മരിച്ച മാനസിക രോഗി സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലത്തയാളായതിനാല്‍ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കി ശിക്ഷയില്‍ നിന്നോഴിവാകാനും സാധ്യതയില്ല.”

“ഉം” ഡോക്ടര്‍ ഒന്ന് മൂളുക മാത്രം ചെയ്തു. എന്തോ ഗഹനമായ ആലോചനയിലായിരുന്നു അദ്ദേഹം.

“മറ്റെന്തെങ്കിലും അയാളെക്കുറിച്ച് ?” ഇന്‍സ്പെക്ടര്‍ ചോദിച്ചു.

“ഞാന്‍ മനസ്സിലാക്കിയിടത്തോളം അയാളൊരു മാനസികരോഗിയാണ്. ആത്മഹത്യ ചെയ്യാനുള്ള അത്യധികമായ ത്വരയാണ് അയാളുടെ അസുഖം. പക്ഷെ സ്വയം ജീവനൊടുക്കാന്‍ അതിലേറെ ഭയപ്പെടുന്നു എന്ന വൈചിത്ര്യമാണ് അയാളെയൊരപകടകാരിയാക്കിത്തീര്‍ക്കുന്നത്. പരസ്പരം വൈരുദ്ധ്യാത്മകമായ രണ്ടു വൈകല്യങ്ങള്‍ ഒരേ വ്യക്തിയില്‍ സമ്മേളിച്ചിരിക്കുന്ന അത്യന്തം അപകടകരമായ ഒരു മനോരോഗനില”

ഇന്‍സ്പെക്ടര്‍ അമ്പരപ്പോടെ നോക്കിയിരിക്കെ ഡോക്ടര്‍ കസേരയില്‍ നിന്നെഴുന്നേറ്റു വീണ്ടും ജനലിന്നരികിലേക്ക് മെല്ലെ നടന്നു. വലതുകയ്യുടെ പെരുവിരലും ചൂണ്ടുവിരലുമുപയോഗിച്ച് വള്ളിച്ചെടിയുടെ ഇലയില്‍ മൃദുവായി തിരുമ്മിക്കൊണ്ട് അദ്ദേഹം തുടര്‍ന്ന് – “അയാള്‍ക്ക്‌ ജീവിതം അവസാനിപ്പിക്കണം, പക്ഷെ ആത്മഹത്യ ചെയ്യുവാന്‍ കടുത്ത ഭയവുമാണ്. അയാള്‍ സ്വയം ജീവനൊടുക്കാന്‍ മടിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാവാം. അതുചിലപ്പോള്‍ ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ അതിജീവിക്കാനുള്ള വൈമനസ്യം ആയിക്കൊള്ളണമെന്നില്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് നിസ്സാരമെന്നു തോന്നുന്ന ഒന്നുപോലുമാകാം യഥാര്‍ത്ഥ കാരണം.”

ഒന്ന് നിര്‍ത്തി ഇന്‍സ്പെക്ടര്‍ക്കു നേരെ തിരിഞ്ഞ ശേഷം ഡോക്ടര്‍ തുടര്‍ന്നു. “പക്ഷെ ഈ രാജ്യത്തെ നിയമമനുസരിച്ച് അത് എന്ത് തന്നെയായാലും വധശിക്ഷയില്‍ നിന്ന് അയാളെ ഒഴിവാക്കാന്‍ അതിനാവില്ല.”

“ഡോക്ടര്‍, താങ്കള്‍ പറയുന്നത് ശരിതന്നെ. കൊലപാതകം – അതെന്തു കാരണം കൊണ്ടായാലും അതിനുള്ള ശിക്ഷ മരണം തന്നെയാണ്. പ്രത്യേകിച്ച് കൊല്ലപ്പെട്ടയാല്‍ മാനസിക നില തെറ്റിയയാളും, ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാത്തയാളും സമൂഹത്തില്‍ ജീവിച്ചിരിക്കുന്നത്‌ കൊണ്ട് യാതൊരു പ്രസക്തിയോ പ്രതിബദ്ധതയോ ഇല്ലാതയാളുമാണെങ്കില്‍ക്കൂടി. പക്ഷെ എന്‍റെ ഇരുപത്തഞ്ചു കൊല്ലത്തെ സര്‍വ്വീസിനിടക്ക് ഇതുപോലെ ഒരു കൊലയാളിയെ ഞാന്‍ കണ്ടിട്ടില്ല. ന്യായീകരണങ്ങളില്ല, അപേക്ഷകളില്ല, നിരാശയില്ല, കുറ്റബോധമില്ല. അതുകൊണ്ട് തന്നെ അയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തോന്നി. മാനസിക നില തെറ്റിയ ആളായി പ്രത്യക്ഷത്തില്‍ തോന്നുന്നതുമില്ല. അതുകൊണ്ട് തന്നെ അങ്ങനെയൊരു ആനുകൂല്യം അയാള്‍ക്ക്‌ നേടിക്കൊടുക്കാന്‍ പരിശ്രമിക്കും മുന്നേ അക്കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് താങ്കളെപ്പോലെ പരിചയസമ്പന്നനായ ഒരു മനശാസ്ത്രന്ജന്റെ സഹായം തേടിയത്.”

“അനുസരിക്കാന്‍ നിര്‍ബന്ധിതമായതിനോട് അയാള്‍ പ്രകടിപ്പിക്കുന്ന അമിതമായ വിധേയത്വം – എന്നില്‍ അയാളെക്കുറിച്ച് ആശ്ചര്യം സൃഷ്ടിച്ച മറ്റൊരു വസ്തുത.” ഡോക്ടര്‍ പറഞ്ഞു.

“അങ്ങനെയെങ്കില്‍ വധശിക്ഷ വിധിക്കപ്പെടുന്നതിലൂടെ താന്‍ അനുസരിക്കാന്‍ ബാധ്യസ്തനാകുന്ന മരണശിക്ഷയെ ഏറ്റു വാങ്ങാന്‍ അമിതമായി വിധേയത്വം കാണിക്കാന്‍ ഇഷ്ടപ്പെടുന്ന അയാളുടെ മനസ്സിനു ഗത്യന്തരമില്ലാതെ വഴങ്ങേണ്ടിവരും എന്ന ചിന്തയായിരിക്കില്ലേ ഒരുപക്ഷെ അയാളെക്കൊണ്ട് ഇങ്ങനെയൊരു കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത് ?”

“ഏകസാക്റ്റ്ലി. താങ്കള്‍ സമര്‍ത്ഥന്‍ തന്നെ – കാര്യങ്ങള്‍ വളരെ കൃത്യമായി വിലയിരുത്തുന്നു” നടന്നുവന്ന് ഇന്‍സ്പെക്ടര്‍ക്ക് ഹസ്തദാനം ചെയ്തഭിനന്ദിച്ച ശേഷം ശേഷം ഡോക്ടര്‍ തുടര്‍ന്നു.

“അതുകൊണ്ട് തന്നെയായിരിക്കണം സ്വയം ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതെന്തിനെന്നു പോലുമറിയാത്ത ഒരു ഭ്രാന്തനത്തന്നെ അയാള്‍ കൊല്ലാനായി തെരഞ്ഞെടുത്തതും” ഡോക്ടര്‍ നെടുവീര്‍പ്പിട്ടു.

ഇന്‍സ്പെക്ടര്‍ മറുപടി പറയാതെ ഡോക്ടര്‍ പറഞ്ഞ വാക്കുകളിലെ സാംഗത്യത്തെക്കുറിച്ചു ചുഴിഞ്ഞാലോചിക്കുകയായിരുന്നു.

“അപ്പോള്‍ ഞാനിറങ്ങട്ടെ ഇന്‍സ്പെക്ടര്‍” ഡോക്ടര്‍ യാത്ര പറഞ്ഞു.
“എന്തായാലും നന്ദി ഡോക്ടര്‍, താങ്കള്‍ ഇവിടെ വന്നതിനും വിലപ്പെട്ട സമയം ചെലവഴിച്ചതിനും” ഡോക്ടറുടെ കൈ പിടിച്ചു കുലുക്കിക്കൊണ്ട്‌ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

“ഏയ്‌ സത്യത്തില്‍ ഞാന്‍ താങ്കളോടാണ് നന്ദി പറയേണ്ടത്. ഇതുപോലെ വിചിത്രമായ ഒരു വ്യക്തിയെ പഠിക്കാന്‍ അവസരം നല്‍കിയതിന്”

ഊഷ്മളമായി ഹസ്തദാനം ചെയ്തു നല്ലൊരു ദിനം നേര്‍ന്നു കൊണ്ട് ഡോക്ടര്‍ മുറിവിട്ടു പോയി. ഇന്‍സ്പെക്ടര്‍ തന്‍റെ കസേരയില്‍ ആലോചനയില്‍ മുഴുകിയിരുന്നു.

കോടതി അയാള്‍ക്ക്‌ മരണശിക്ഷ വിധിച്ച ദിവസം ഇന്‍സ്പെക്ടര്‍ നേരിട്ട് അയാളെ സെല്ലില്‍ സന്ദര്‍ശിച്ചു. വാര്‍ത്തകേട്ട് അയാളുടെ കണ്ണുകള്‍ ആദ്യം ഭീതിയാല്‍ ചുരുങ്ങിച്ചെറുതാകുന്നതും മെല്ലെമെല്ലെ അവയില്‍ പടര്‍ന്ന പ്രത്യാശ അവയ്ക്ക് തിളക്കം നല്‍കുന്നതും ഇന്‍സ്പെക്ടര്‍ കൌതുകത്തോടെ നോക്കി നിന്നു. എന്നാല്‍ തിരികെ പോകാന്‍ നേരം ഇന്‍സ്പെക്ടര്‍ പറഞ്ഞ കാര്യം അയാളെ തെല്ലമ്പരപ്പിച്ചു. മരിച്ചയാള്‍ക്ക് ബന്ധുക്കളോ ആശ്രിതരോയില്ലെന്നിരിക്കെ നാളിതുവരെയുള്ള വിധികളില്‍ നിന്ന് വിഭിന്നമായി ബ്ലഡ് മണിയായി നാട്ടിലെ അഞ്ചു കോടി രൂപയ്ക്കു തുല്യമായ സംഖ്യ ഗവര്‍മെന്‍റ് ഉടമസ്ഥതയിലുള്ള അനാഥാലയത്തിന് സംഭാവനയായി നല്‍കിയാല്‍ അയാളെ വെറുതെ വിട്ടയക്കാനായിരുന്നു കോടതിയുടെ ആ തീരുമാനം.

അന്ന് വൈകുന്നേരം അയാളെ സന്ദര്‍ശിക്കാന്‍ വന്ന റൂംമേറ്റ് ആ സന്തോഷവാര്‍ത്ത അയാളെ അറിയിച്ചു. നാട്ടില്‍ നിന്ന് അയാളുടെ ഭാര്യ വിളിച്ചിരുന്നു. വിധികെട്ട അവര്‍ അയാളുടെ ജീവനേക്കാള്‍ വിലപ്പെട്ടതല്ല തങ്ങള്‍ക്കൊന്നും എന്ന്‍ പറഞ്ഞുകൊണ്ട് നാട്ടിലെ പട്ടണത്തിലുള്ള വീടും സ്ഥലവും വിറ്റ് അയാളെ ബ്ലഡ് മണി നല്‍കി മോചിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു !

അന്നുരാത്രി അയാള്‍ അംബരചുംബികളെ ദുസ്വപ്നം കാണാതെ ശാന്തനായുറങ്ങി.

അയാളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിവന്നു മൂന്നാഴ്ച തികയുന്ന ദിവസം തല മുണ്ഡനം ചെയ്യപ്പെട്ട് ഇനിയൊരിക്കലും തിരിച്ചു വരാനാവാത്തവിധം മുദ്രവക്കപ്പെട്ട പാസ്പോര്‍ട്ടോടെ അവരയാളെ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടു.

നാട്ടില്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ കാത്തുനിന്നിരുന്ന വീട്ടുകാരുടെ കണ്ണില്‍പ്പെടാതെ വിദഗ്ദമായയാള്‍ വിമാനത്താവളത്തില്‍ നിന്നപ്രത്യക്ഷനായി.

മീനുകള്‍ക്ക് സമര്‍പ്പിക്കപ്പെട്ട അയാളുടെ അസ്ഥികൂടവും അവശേഷിപ്പുകളും മൂന്നാം പക്കം കടല്‍ത്തീരത്തടിഞ്ഞു കയറി. പക്ഷെ അയാള്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ചെറിയൊരു കുറിപ്പ് ആര്‍ക്കും വായിക്കാനവസരം നല്‍കാതെ മീനുകള്‍ അയാളോട് നീതികേട്‌ കാട്ടി.

അതിങ്ങനെയായിരുന്നു – “അരക്ഷിതാവസ്ഥയുടെ ഭയമില്ല, ഞാനിപ്പോള്‍ സ്വതന്ത്രനായിരിക്കുന്നു !”

Leave a Reply

Your email address will not be published.