(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം)

11119504_986152351409005_330666073_n

ഒന്ന്

ത്വവാഫും സുന്നത്ത് നമസ്കാരവും കഴിഞ്ഞു സംസം വെള്ളം കുടിച്ച് ആഷിക് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വച്ചിരുന്ന ചെരിപ്പെടുക്കാന്‍ തുനിയുമ്പോഴാണ് അത് കണ്ടത് – നീല പുറംചട്ടയുള്ള ഒരിന്ത്യന്‍ പാസ്പോര്‍ട്ട്‌. എടുക്കാനായി നീട്ടിയ കൈ പൊടുന്നനെ പിന്‍വലിച്ചു. ഹറമിലും പരിസരത്തും നിന്ന് വീണുകിട്ടുന്നതൊന്നും എടുക്കരുതെന്ന അമീറിന്‍റെ നിര്‍ദ്ദേശം അവനോര്‍മ്മ വന്നു. ഹറം മൊത്തം സെക്യൂരിറ്റി കാമറകളുടെ നിരീക്ഷണ വലയത്തിലാണത്രേ !

എങ്കിലും അതൊന്നെടുത്ത് തുറന്നു നോക്കാന്‍ ഉള്ള ആഗ്രഹം അവനടക്കാനായില്ല. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തി പാസ്പോര്‍ട്ട് മെല്ലെ കയ്യിലെടുത്തു തുറന്നു നോക്കി. ഉസ്മാന്‍ ചിറക്കല്‍ എന്ന പേരുള്ള കഷണ്ടി കയറിത്തുടങ്ങിയ നാല്‍പ്പത്തഞ്ചു വയസ്സുള്ള ഒരു മദ്ധ്യവയസ്കനായ മലയാളിയുടെ പാസ്പോര്‍ട്ട്. അവസാനപേജു തുറന്നു നോക്കി – കുന്നംകുളമാണ് സ്വദേശം. പാസ്പോര്‍ട്ടിന്‍റെ പുറം ചട്ടയില്‍ ഒരു ട്രാവല്‍ ഏജന്‍സിയുടെ സ്റ്റിക്കറുണ്ട്. ആഷിക് മൊബൈലെടുത്ത് അതില്‍ കണ്ട നാട്ടിലെ നമ്പറിലേക്ക് വിളിച്ചു.

മറുതലക്കല്‍ ഒരു പെണ്‍കുട്ടിയാണ് ഫോണെടുത്തത്.

“ഹലോ, ബിസ്മി ട്രാവല്‍സ്”

“ആ, ഹലോ. ഞാന്‍ ആഷിക്, മക്കയില്‍ നിന്നാണ് വിളിക്കുന്നത്‌. എനിക്ക് നിങ്ങളുടെ നമ്പര്‍ കിട്ടിയത് ഹറമില്‍ വീണുകിട്ടിയ ഒരു പാസ്പോര്‍ട്ടില്‍ നിന്നാണ്. അതിന്‍റെ പുറംചട്ടയില്‍ നിങ്ങളുടെ ഏജന്‍സിയുടെ സ്റ്റിക്കര്‍ ഉണ്ടായിരുന്നു. ഈ പാസ്പോര്‍ട്ടിന്‍റെ ഉടമസ്ഥന്‍റെ പേര് ഉസ്മാന്‍ ചിറക്കല്‍, കുന്നംകുളംകാരനാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കാമോ, ഫോണ്‍ നമ്പറോ മറ്റോ ?”

പെണ്‍കുട്ടി മിടുക്കിയായിരിക്കണം, ആഷിക് പറഞ്ഞ വിവരങ്ങള്‍ അവള്‍ ഉടന്‍ തന്നെ എഴുതിയെടുത്തെന്ന് അവളുടെ മറുപടിയിലുള്ള കാലതാമസത്തില്‍ നിന്നവന്‍ തിരിച്ചറിഞ്ഞു. “ഒരു മിനിറ്റൊന്നു ഹോള്‍ഡ്‌ ചെയ്യാമോ, ഞാന്‍ ബ്രാഞ്ച് മാനേജരോടോന്നു ചോദിച്ചിട്ട് പറയാം”

“ആയിക്കോട്ടെ” കോള്‍ ഹോള്‍ഡ്‌ ചെയ്യുന്ന സംഗീതം ഇയര്‍പീസിലൂടെ മുഴങ്ങി. ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും പെണ്‍കുട്ടിയുടെ ശബ്ദം – “ഹലോ”

“ആ പറയൂ”

“ഈ പറഞ്ഞ ആള്‍ ഞങ്ങളുടെ ട്രാവല്‍സിന്‍റെ ഉമ്ര പാക്കേജില്‍ കഴിഞ്ഞ ചൊവ്വാഴ്ച മക്കയിലേക്ക് പോയതാണ്. ഇദ്ദേഹത്തിന്‍റെ നാട്ടിലെ നമ്പര്‍ മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ. അത് വേണമെങ്കില്‍ എഴുതിയെടുത്തോളൂ” അവള്‍ പറഞ്ഞ നമ്പര്‍ ആഷിക് മൊബൈലില്‍ സേവ് ചെയ്തു. ആ നമ്പറിലേക്ക് ഡയല്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഒരുനിമിഷം നിന്നു. “താനെന്തിനാണ് വേണ്ടാത്ത വയ്യാവേലിയൊക്കെ ഏറ്റെടുക്കുന്നത്? ഈ പാസ്പോര്‍ട്ട് ഏതെങ്കിലും സൗദി പോലീസുകാരനെ കണ്ടെത്തി ഏല്‍പ്പിച്ചാല്‍ പോരെ ?”

പിന്നെയോര്‍ത്തു – “അങ്ങനെ ചെയ്‌താല്‍ പിന്നെ എല്ലാം നിയമത്തിന്‍റെ വഴിക്കേ നടക്കൂ. ഇതിന്‍റെ ഉടമസ്ഥന്‍ പാസ്പോര്‍ട്ട് നഷ്ടപ്പട്ടതറിഞ്ഞു പരിഭ്രാന്തനായി നടക്കുകയാണെങ്കില്‍ ? ഈ നമ്പരിലേക്ക് വിളിച്ചു നോക്കിയാല്‍ ഒരുപക്ഷെ അയാളുടെ ഇവിടത്തെ നമ്പര്‍ കിട്ടിയാല്‍, ഇപ്പോള്‍ത്തന്നെ നേരിട്ട് കൈമാറാന്‍ സാധിച്ചാല്‍ അതൊരു വലിയ പുണ്യ പ്രവര്‍ത്തിയായിരിക്കില്ലേ ?”

അവനാ നമ്പറിലേക്ക് ഡയല്‍ ചെയ്തു. ഒരു പ്രായമായ സ്ത്രീയാണ് അങ്ങേത്തലക്കല്‍ ഫോണെടുത്തതെന്നു ശബ്ദത്തില്‍ നിന്ന് മനസ്സിലായി. മറുപടി പറയും മുന്നേ ഒരുനിമിഷം അവനാലോചിച്ചു – എന്ത് പറയണം ? ഇവര്‍ ഉസ്മാന്‍റെ ഉമ്മയാവാം. മകന്‍റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നു പറഞ്ഞാല്‍ ആ ഉമ്മ പരിഭ്രമിച്ചാലോ ?.

“ഹലോ, ഞാന്‍ സൗദി അറേബ്യയില്‍ നിന്നാണ് വിളിക്കുന്നത്‌. ഉസ്മാന്‍റെ ഒരു സുഹൃത്താണ്. ഉസ്മാന്‍ ഈയാഴ്ച ഉമ്രക്കു വരുമെന്ന് പറഞ്ഞിരുന്നു. വന്നാല്‍ എന്നെ വിളിക്കാമെന്നും പറഞ്ഞിരുന്നു. പക്ഷെ ഇതുവരെ എന്നെ വിളിച്ചില്ല. ഉസ്മാനെ ബന്ധപ്പെടാന്‍ സൌദിയിലെ നമ്പര്‍ വല്ലതും ഉണ്ടെങ്കില്‍…”

“മോളെ” അവര്‍ ആരെയോ വിളിക്കുന്നത്‌ കേട്ടു. “മോനെ ഒന്ന് നിക്കട്ടോ, മോളിപ്പോ വരും”

ആരോ തിരക്കിട്ടോടി വരുന്ന കാല്‍പ്പെരുമാറ്റം കേട്ടു. അടുത്ത നിമിഷം ഒരു പെണ്‍കുട്ടിയുടെ ശബ്ദം – “ഹലോ ആരാ ?”

ആഷിക് ഉമ്മയോട് പറഞ്ഞത് മുഴുവന്‍ അവളോട്‌ ആവര്‍ത്തിച്ചു.

“ഒരു മിനിറ്റെട്ടോ, അവര്‍ വിളിച്ച നമ്പര്‍ ഞാനിവിടെ എഴുതി വച്ചിട്ട്‌ണ്ട്. പക്ഷെ കഴിഞ്ഞ മൂന്നാല് ദിവസായിട്ട് അവരിങ്ങോട്ട് വിളിച്ചിട്ടില്ല. വിവരമറിയാതെ ഞങ്ങളും ആകെ വിഷമിച്ചിരിക്കുകയാണ്. ഇതാണ് നമ്പര്‍, എഴുതിയെടുത്തോളൂ”

അവള്‍ പറഞ്ഞ സൗദി ലോക്കല്‍ നമ്പര്‍ അവന്‍ നോട്ട് ചെയ്തു.

“ഇക്കാനെ കിട്ടിയാല്‍ ഒന്നിങ്ങോട്ടു വിളിക്കാന്‍ പറെണേ. ഇവിടെ ഉമ്മേം ഉപ്പേം ആകെ വിഷമിച്ചിരിക്ക്വാ” അവളുടെ ശബ്ദത്തില്‍ മൂത്തസഹോദരനോടുള്ള സ്നേഹത്തില്‍ ചാലിച്ച നേര്‍ത്ത നീരസം.

“പറയാം. ആട്ടെ, ഉസ്മാനോടൊപ്പം അവന്‍റെ കുടുംബോം വന്നിട്ടുണ്ടോ ?” അവന്‍ ചോദിച്ചു.

“ആ ഇക്കാക്കാടെ കൂടെ ഇത്താത്തെം മോളും ഉണ്ട്”

ഉസ്മാനോടു വീട്ടിലേക്കു വിളിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കാമെന്നു പറഞ്ഞവന്‍ ഫോണ്‍ വച്ചു.

 

 

രണ്ട്

അമീറിന്‍റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടുതന്നെ അവനാ പാസ്പോര്‍ട്ട് അരയില്‍ കെട്ടിയിരുന്ന ബെല്‍റ്റ്‌ പൌച്ചില്‍ സുരക്ഷിതമായി വച്ചു. പിന്നെ നിന്നിരുന്ന സ്ഥാനത്തുനിന്നും അല്‍പ്പം മാറി തിരക്ക് കുറഞ്ഞ ഭാഗത്തെ പടവിലേക്ക് മാറിയിരുന്നു ഫോണെടുത്ത് ആ പെണ്‍കുട്ടി പറഞ്ഞു തന്ന നമ്പറിലേക്ക് വിളിച്ചു. ആദ്യത്തെ തവണ റിംഗ് ചെയ്തു ആരും എടുക്കാതെ ഫോണ്‍ കട്ടായി. വീണ്ടും ശ്രമിച്ചപ്പോള്‍ ഏതാണ്ട് കട്ടാകുമെന്ന സമയത്ത് ഒരു കൊച്ചുപെണ്‍കുട്ടി ഫോണെടുത്ത് ഹലോ പറഞ്ഞു.

“ഉസ്മാന്‍ ഉണ്ടോ ?” അവന്‍ ചോദിച്ചു.

മറുതലക്കല്‍ നിശബ്ദത. പിന്നെയൊരു അടക്കിപ്പിടിച്ച തേങ്ങല്‍ കേട്ടുവോ !. അവള്‍ കരച്ചിലോടെ ഉമ്മിച്ചി എന്ന് വിളിച്ചു കൊണ്ട് ഓടിപ്പോകുന്നതു വ്യക്തമായി കേട്ടു. ആകാംക്ഷ നിറഞ്ഞ ശബ്ദത്തില്‍ “ആരാ മോളെ ?” എന്ന ഒരു സ്ത്രീയുടെ ചോദ്യം. അതിനു മറുപടിയായി, “അറിയില്ല, ആരോ വാപ്പിച്ചിയെ തെരക്കുന്നു” എന്ന് മകള്‍ അതിനു മറുപടിയായി പറഞ്ഞു.

“ഹലോ ആരാ “ ദുര്‍ബലമായ ശബ്ദത്തില്‍ അവര്‍ ചോദിച്ചു.

“നിങ്ങള്‍ ഉസ്മാന്‍റെ ഭാര്യയാണോ ?” ആഷിക് തിരിച്ചു ചോദിച്ചു.

“അതേ, ഇക്കാനെ കണ്ടോ ?” ആ വാക്കുകളില്‍ ആധിയും, വെപ്രാളവും, പ്രതീക്ഷയുമെല്ലാം മാറിമാറി തിരയടിക്കുന്നെന്നു തോന്നി.

“ഞാന്‍ ഹറമില്‍ നിന്നാണ് വിളിക്കുന്നത്‌. എനിക്ക് ഉസ്മാന്‍റെ പാസ്പോര്‍ട്ട്‌ കളഞ്ഞു കിട്ടി. അത് മടക്കിത്തരുവാനാണ്”

അപ്പുറത്ത് പൂര്‍ണ്ണ നിശബ്ദത. അടക്കിപിടിച്ച തേങ്ങല്‍ മാത്രം.

“ഹലോ” അവന്‍ വിളിച്ചു.

“ആ……. ഹ……ലോ” എങ്ങലടിയില്‍ വാക്കുകള്‍ മുറിഞ്ഞു.

“ഉസ്മാനെ ബന്ധപ്പെടാന്‍ വല്ല നമ്പറും ഉണ്ടോ ?”

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അവര്‍ ഫോണ്‍ മകളുടെ കൈയില്‍ കൊടുത്തെന്നു തോന്നുന്നു. “കരയല്ലേ ഉമ്മാ” ആഷിക്കിനോട് തുടര്‍ന്ന് സംസാരിക്കുന്നതിനിടയിലും മകള്‍ ഉമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഫോണിലൂടെ കൂടുതല്‍ സംസാരിക്കുന്നതിലെ അനൌചിത്യം മനസിലാക്കി അവര്‍ താമസിക്കുന്ന ഹോട്ടലിന്‍റെ പേരും ഏകദേശം സ്ഥലത്തെക്കുറിച്ചുള്ള രൂപവും മനസ്സിലാക്കി അവന്‍ ഫോണ്‍ വച്ചു.

ഹറമിന് തൊട്ടടുത്തു തന്നെയായിരുന്നു അവനുള്‍പ്പെടെ ആറുപേരുള്ള ഉമ്ര ഗ്രൂപ്പ് രണ്ടു ദിവസത്തേക്ക് റൂമെടുത്ത ഹോട്ടല്‍. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ നിന്ന് എത്തിയതാണവര്‍. ഉമ്രയുടെ ശേഷിക്കുന്ന ചടങ്ങായ സഇയ് നിര്‍വ്വഹിച്ചു മുടി മുറിച്ചശേഷം വേഗം റൂമിലെത്തി ഡ്രസ് മാറി ആഷിക് പുറത്തിറങ്ങി. ലോഡ്ജിനു വെളിയില്‍ ഒരു ടാക്സി കിടക്കുന്നുണ്ടായിരുന്നു. പാക്കിസ്ഥാനി ഡ്രൈവറോട് അവന്‍ പെണ്‍കുട്ടി പറഞ്ഞു തന്ന സ്ഥലപ്പേരും ഹോട്ടലിന്‍റെ പേരും പറഞ്ഞു.

“ഇരുപത്തഞ്ചു റിയാല്‍” ഡ്രൈവര്‍ തീരെ ദയാദാക്ഷിണ്യമില്ലാത്ത മട്ടില്‍ പറഞ്ഞു. പരിശുദ്ധഹറം ആയതിനാല്‍ ആഷിക് തര്‍ക്കിക്കാന്‍ നിന്നില്ല. മക്കയിലെ കച്ചവടക്കാരും സേവനദാതാക്കളും ഭൂരിഭാഗവും കഴുത്തറപ്പന്‍മാരാണ്, പരിശുദ്ധ ഭൂമിയിലാണെന്ന ചിന്തയില്ലാതെ തീര്‍ഥാടകരുടെ നിസ്സഹായതയെ എങ്ങനെ മുതലെടുക്കണമെന്നറിയാവുന്ന കൊള്ളലാഭക്കാര്‍ !.

ഏകദേശം പത്തു മിനിറ്റ് തിരക്കുള്ള ഇടറോഡുകളിലൂടെ മാറിമാറി ഓടി അവസാനം ഒരു ബഹുനിലക്കെട്ടിടത്തിനു മുന്നില്‍ ടാക്സി വന്നു നിന്നു. ആഷിക് കാറില്‍ നിന്നിറങ്ങി. പെണ്‍കുട്ടി പറഞ്ഞ പേരില്‍ ഒരു ബോര്‍ഡ് ഹോട്ടലിനു മുന്നില്‍ തൂങ്ങുന്നുണ്ടായിരുന്നു. നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന പണം തന്നെ കൊടുത്തപ്പോള്‍ പാക്കിസ്ഥാനി ഡ്രൈവറുടെ മുഖത്ത് എത്ര ഒതുക്കിപ്പിടിക്കാന്‍ ശ്രമിച്ചിട്ടും പൊട്ടിപ്പരന്നതു പോലെ ഒരു ചിരി തെളിഞ്ഞു. ഒരു തര്‍ക്കത്തിനായി മനസ്സില്‍ ഒരുക്കിയ വട്ടംകൂട്ടലുകള്‍ പാഴായതിന്‍റെ സന്തോഷമാകാം.

 

 

മൂന്ന്

റിസപ്ഷന് മുന്നില്‍ നിന്ന് ആഷിക് നേരത്തെ വിളിച്ച ആ നമ്പറിലേക്ക് തന്നെ വിളിച്ചു. ഇക്കുറിയും പെണ്‍കുട്ടി തന്നെയാണ് ഫോണെടുത്തത്.

“ഞാന്‍ താഴെയുണ്ട്. ഹോട്ടല്‍ റിസപ്ഷനിലേക്കൊന്നു വരാമോ ?”

വരാമെന്ന് പറഞ്ഞവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. അവന്‍ റിസ്പഷനിലെ തീരെ മാര്‍ദ്ദവമില്ലാത്ത സോഫയില്‍ ഇരുന്നു. അതൊരു ഇടത്തരം ഹോട്ടലായിരുന്നു, നൂറു രൂപ ദിവസവാടകയുള്ള തരം ഒന്ന്. റിസപ്ഷനിലിരുന്ന തലയില്‍ ‘വട്ടു’ള്ള അറബി അവനെയൊന്നു നോക്കുകപോലും ചെയ്യാതെ മുഖം കുനിച്ചു കയ്യിലിരുന്ന മൊബൈലില്‍ എന്തിലോ മുഴുകിയിരുന്നു. സ്റ്റെയര്‍കേസിലൂടെ ആരോ നടന്നു വരുന്ന ശബ്ദം കേട്ടവനങ്ങോട്ട്‌ നോക്കി. ഏകദേശം പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന വെളുത്തു കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടി. റിസപ്ഷനില്‍ ആകെ ഒന്ന് കണ്ണോടിച്ചശേഷം അവള്‍ സോഫയിലിരുന്നിരുന്ന ആഷിക്കിനിക്കടുത്തെക്ക് നടന്നു വന്നു.

“നിങ്ങളാണോ ഫോണില്‍ വിളിച്ചേ ?” അവള്‍ ചോദിച്ചു.

ആഷിക് പോക്കറ്റില്‍ നിന്ന് പാസ്പോര്‍ട്ട് എടുത്തു കാണിച്ചു. അവള്‍ മറുപടി പറയാതെ വിഷാദഭാവത്തോടെ സ്റ്റെയര്‍കേസിലേക്ക് നടന്നു പോയി മുകളിലേക്ക് നോക്കി കൈ കാണിച്ചു. അപ്പോള്‍ പര്‍ദ്ദ ധരിച്ച ഒരു മദ്ധ്യവയസ്ക സാവധാനം പടികളിറങ്ങി താഴേക്ക്‌ നടന്നു വന്നു. നടത്തത്തിനിടെ കാലുകള്‍ക്ക് ബലക്കുറവു ബാധിച്ചെന്നോണം വേച്ചു പോകുമ്പോള്‍ വീഴാതിരിക്കാന്‍ അവര്‍ കൈവരിയില്‍ ബലമായി അമര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ആഷിക് എഴുന്നേറ്റു നിന്നു. അവന്‍റെ കയ്യില്‍ ഉസ്മാന്‍റെ നീട്ടിപ്പിടിച്ച പാസ്പോര്‍ട്ട് ഒരു ചോദ്യചിഹ്നം പോലെ ഇരുന്നു. അവര്‍ മുന്നില്‍ വന്നു നിന്ന് അവന്‍റെ മുഖത്തേക്ക് നോക്കി. അവരുടെ മുഖത്തു ആകുലതയും വിഷാദവും തളം കെട്ടിയിരുന്നു. എങ്കിലും ആ കണ്ണുകളില്‍ ഇടയ്ക്കിടെ പ്രതീക്ഷയുടെ നേരിയ വെള്ളിവെളിച്ചവും മിന്നിമായുന്നുണ്ടായിരുന്നു. അവനാ പാസ്പോര്‍ട്ട് അവര്‍ക്ക് നേരെ നീട്ടി. അപ്പോള്‍ ആ കണ്ണുകളിലെ പ്രതീക്ഷയുടെ അവസാനനാളവും കരിന്തിരി കത്തുന്നത് വേദനയോടെ അവന്‍ കണ്ടു. അവര്‍ സോഫയിലേക്ക് ഇരുന്നു. തളര്‍ന്നു വീണു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പെണ്‍കുട്ടി ഓടിവന്ന് അവര്‍ക്കടുത്തിരുന്ന്‍ അവരുടെ കൈയെടുത്ത് അവളുടെ മടിയില്‍ വച്ചു തടവിക്കൊടുത്തു കൊണ്ട് മന്ത്രിക്കും പോലെ പറഞ്ഞു കൊണ്ടിരുന്നു “കരയല്ലേ ഉമ്മാ കരയല്ലേ”

“ഉസ്മാന്‍ എങ്ങോട് പോയി ?” ആ ചോദ്യം ഉയര്‍ത്തിയേക്കാവുന്ന വരുംവരായ്കകളെക്കുറിച്ച് ഏറെനേരം മനസ്സില്‍ കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ ആസന്നമായ ആ ചോദ്യമവന്‍റെ ചുണ്ടുകള്‍ വിട്ടവരുടെ കാതില്‍ പതിച്ചപ്പോള്‍ അവര്‍ വിളറിയ മുഖത്തോടെ അവനെ നോക്കി. ആ നിമിഷം ഭൂമിയിലെ മൊത്തം നിസ്സഹായതയും ആവാഹിച്ചുകൊണ്ട് അവരുടെ കണ്ണുകള്‍ രണ്ടു കുഴികളിലേക്ക് എന്നന്നേക്കുമായി ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത്പോലെ തോന്നി.

പറയാന്‍ ഏറെ ശ്രമിച്ചിട്ടും വാക്കുകള്‍ കണ്ഠനാളം വിട്ടു പോരാന്‍ അനുസരണക്കേടു കാണിച്ചുകൊണ്ടെയിരുന്നപ്പോള്‍ നിര്‍വ്വാഹമില്ലാതെ അറിയില്ലെന്നവര്‍ ഇരുകൈകളും മലര്‍ത്തിക്കാണിച്ചു കൊണ്ട് തലയുയര്‍ത്തി മുകളിലേക്ക് നോക്കി സോഫയില്‍ ചാരിയിരുന്നു. കണ്ണുനീര്‍ ഇരുകണ്ണുകളില്‍ നിന്നും നിര്‍ഗ്ഗളിച്ചു കവിളിലൂടെ ധാരധാരയായി ഒഴുകി.

“മോളിങ്ങു വന്നേ” ആഷിക് മകളെ അടുത്തേക്ക്‌ വിളിച്ചു. അവള്‍ അനുസരണയോടെ അവന്‍റെയടുത്തേക്ക് വന്നു. അവന്‍ ഇരുന്നുകൊണ്ട് അവളുടെ കൈയില്‍ പിടിച്ചു സോഫയില്‍ തന്‍റെ തൊട്ടടുത്തായിരുത്തി. പിന്നെ സ്നേഹപൂര്‍വ്വം തലയിലൂടെ കൈയോടിച്ചു കൊണ്ട് സ്നേഹമസൃണമായ സ്വരത്തില്‍ ചോദിച്ചു – “എന്താ മോള്‍ടെ പേര് ?”

“ഹുസ്ന” അവള്‍ മന്ത്രിക്കും പോലെ പറഞ്ഞു.

“ഏതു ക്ലാസ്സിലാ പഠിക്കുന്നെ ?”

“ഏഴാം ക്ലാസ്സില്‍”

“എന്നാണു നിങ്ങളിവിടെ എത്ത്യേ ?”

“കഴിഞ്ഞ ബുധനാഴ്ച രാവിലെ”

“എന്നിട്ട് ഉപ്പയെവിടെ പോയി ?”

“അറിഞ്ഞൂടാ” അത് പറയുമ്പോള്‍ അവള്‍ വിങ്ങിപ്പൊട്ടി.

“കരയണ്ടാ” അവനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവളുടെ ഉമ്മയുടെ സമ്മതത്തോടെ അവനവളെ ഹോട്ടലിനു വെളിയിലേക്ക് കൂട്ടികൊണ്ട് പോയി. തൊട്ടടുത്ത സ്റ്റെഷനറി കടയില്‍ നിന്ന് അവള്‍ക്കിഷ്ടപ്പെട്ട ബിസ്ക്കറ്റും , ചോക്കളേറ്റും വാങ്ങിക്കൊടുത്തു. അവള്‍ സംസാരിക്കാന്‍ ഉതകുന്ന മാനസികാവസ്ഥയിലെത്തി എന്നു തോന്നിയപ്പോള്‍ അവന്‍ മെല്ലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ഉമ്ര ഗ്രൂപ്പിനൊപ്പം മക്കയിലെത്തിയ അവര്‍ ആദ്യദിവസം ഒരുമിച്ചാണ് ഉമ്ര ചെയ്യാനായി ഹറമിലേക്ക് പോയത്. ആദ്യമായി കഅബ കണ്ടപ്പോള്‍ അവളുടെ ഉപ്പ അപ്രതീക്ഷിതമായി ഒരു കൊച്ചു കുട്ടിയെപ്പോലെ പരിസരബോധമോ, നിയന്ത്രണങ്ങളോയില്ലാതെ വാവിട്ടു കരഞ്ഞത്രേ ! അതിനു ശേഷം അയാളുടെ പെരുമാറ്റത്തില്‍ എന്തൊക്കെയോ അസ്വാഭാവികതകളുണ്ടായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഉമ്ര നിര്‍വ്വഹിച്ച ശേഷം അവളെയും ഉമ്മയെയും മുറിയില്‍ കൊണ്ട് വിട്ട ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞു ഉപ്പ പോയതാണ്. പിന്നീട് അയാളെക്കുറിച്ച് ഒരു വിവരവുമില്ല. കൂടെ വന്നവരൊക്കെ ഇപ്പോഴും ആ ഹോട്ടലില്‍ തന്നെയുണ്ട്‌. ഗ്രൂപ്പിന്‍റെ ലീഡര്‍ ആയ മൌലവിയോട് ചോദിക്കുമ്പോഴോക്കെ “നാളെ കൂടി നോക്കിയിട്ട് കണ്ടില്ലെങ്കില്‍ പോലീസില്‍ അറിയിക്കാം” എന്നാ മറുപടിയാണ് ലഭിക്കുന്നത്. ഉപ്പയെ കാണാതെ ഉമ്മയും മകളും ഏറെ പരിഭ്രാന്തിയിലാണ്. അപ്പോഴാണ്‌ ഉപ്പയുടെ പാസ്പോര്‍ട്ട് കിട്ടിയ വിവരം പറഞ്ഞു ആഷിക്കിന്‍റെ ഫോണ്‍. അതവരുടെ പരിഭ്രമം ഇരട്ടിയാക്കി. ഉമ്മ സകലസമയവും കിടന്നു കരച്ചിലാണ്.

അവനവളെയും കൂട്ടി തിരികെ ഹോട്ടലിലെത്തി. കഴിയാവുന്ന വിധത്തില്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കഴിവിന്‍റെ പരമാവധി അന്വേഷിക്കാം എന്നും എന്തെങ്കിലും വിവരം കിട്ടിയാല്‍ നിങ്ങളെ അറിയിക്കാമെന്നും പറഞ്ഞ് ഒരുവിധത്തില്‍ ഉസ്മാന്‍റെ പാസ്പോര്‍ട്ടും ഏല്‍പ്പിച്ച് അവരെ സമാധാനിപ്പിച്ചു മുറിയിലെക്കയച്ചശേഷം അവിടെ നിന്നിറങ്ങി. അവിടെ നിന്ന് കഷ്ടിച്ച് പത്തുമിനിറ്റ് നടന്നാല്‍ താന്‍ താമസിക്കുന്ന റൂമിലെത്തുമെന്നു ടാക്സിയില്‍ വരും വഴി അവന്‍ മനസ്സിലാക്കിയിരുന്നതിനാല്‍ ടാക്സി വിളിക്കാതെ വേഗത്തില്‍ നടന്നു. റിസപ്ഷനില്‍ ചാവി അന്വേഷിച്ചപ്പോള്‍ റൂമിലുള്ള മറ്റാരോ നേരത്തെ എടുത്തു കൊണ്ട് പോയതായി റിസപ്ഷനിസ്റ്റ് പറഞ്ഞു.

“ഡാ, ഇപ്പൊ ഹറമിലൊരു സംഭവമുണ്ടായി” വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറിയ ആഷിക്കിനെക്കണ്ട് കട്ടിലില്‍ കിടക്കുകയായിരുന്ന സിറാജ് പറഞ്ഞു.

“എന്ത് സംഭവം ?” അവനു പറയാനുള്ളത് കേട്ട ശേഷം തനിക്കുണ്ടായ അനുഭവങ്ങള്‍ പറയാമെന്നു കരുതി ആഷിക്കവന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തു.

“ഞാന്‍ തവാഫ് ചെയ്യമ്പോള്‍ ഹജറുല്‍ അസ്വദിനടുത്ത് നിന്ന് ബോധം കെട്ടുവീണ ഒരാളെ പോലീസുകാര്‍ എടുത്തു പൊക്കിക്കൊണ്ട് പോകുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ അയാള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരാള്‍ ജലപാനമില്ലാതെ അവിടെ കഅബയില്‍ കെട്ടിപ്പിടിച്ചു നിന്ന് കരഞ്ഞു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയയിരുന്നെന്നും ക്ഷീണിച്ചു ബോധംകെട്ടു വീണതാനെന്നും അറിഞ്ഞു. അയാള്‍ മലയാളിയാണെന്നും ആരോ പറഞ്ഞു.”

“എന്നിട്ടയാളെ എങ്ങോട്ടാണ് കൊണ്ട് പോയത് ?” കട്ടില്‍ ഇരുന്നിരുന്ന ആഷിക് പൊടുന്നനെ ചാടിയെഴുന്നേറ്റു. അവന്‍റെ ഭാവപ്പകര്‍ച്ച കണ്ടു സിറാജ് അമ്പരന്നു പോയെന്നു സ്പഷ്ടം. “അതെനിക്കറിയില്ല, എന്താ നീയയാളെ അറിയുമോ ?” അവന്‍ അമ്പരപ്പോടെ ആഷിക്കിനെ നോക്കി.

“നീ വേഗം വാ, നമുക്കെങ്ങനെയും അയാളെ കണ്ടുപിടിക്കണം” ആഷിക് കട്ടിലില്‍ കിടന്നിരുന്ന സിറാജിനെ പിടിച്ചു വലിച്ചെഴുന്നെല്‍പ്പിച്ചു നിര്‍ബന്ധിച്ചു വസ്ത്രം ധരിപ്പിച്ചു വാതില്‍ പൂട്ടി പുറത്തിറങ്ങി. നടക്കുമ്പോള്‍ ആഷിക് തനിക്കുണ്ടായ അനുഭവം അവനോടു വിവരിച്ചു.

“കേട്ടിട്ട് ഇതയാള്‍ തന്നെയായിരിക്കുമെന്ന് തോന്നുന്നു” സിറാജ് പറഞ്ഞു.

“അതെ”

“പക്ഷെ അയാളെ എവിടെപ്പോയി അന്വേഷിക്കും? പോലീസുകാര്‍ എങ്ങോട്ടായിരിക്കും അയാളെ കൊണ്ടുപോയിരിക്കുക”

അപ്പോള്‍ അവര്‍ സ്റ്റെപ്പിറങ്ങി റിസ്പഷനില്‍ എത്തിയിരുന്നു.

“ഇവിടെ അടുത്തെവിടെയാ ഗവര്‍മെന്‍റ് ഹോസ്പിറ്റല്‍ ഉള്ളത് ?” ആഷിക് മലയാളിയായ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു.

“ഏകദേശം ഇരുപതു കിലോമീറ്റര്‍ ദൂരെ ഒരെണ്ണമുണ്ട്. ടാക്സിയില്‍ പോകുന്നതാണ് നല്ലത്” അവന്‍ വേഗം സിരാജിനെയും പിടിച്ചു വലിച്ചു ഹോട്ടലിനു പുറത്തേക്കിറങ്ങി. അല്‍പ്പം നീങ്ങി ഒരു ടാക്സി കിടക്കുന്നുണ്ടായിരുന്നു.

ഗവര്‍മെന്‍റ് ഹോസ്പിറ്റല്‍ എന്ന് പറഞ്ഞപ്പൊള്‍ സൌദിയായ ടാക്സി ഡ്രൈവര്‍ 50 റിയാല്‍ പറഞ്ഞു. തര്‍ക്കിക്കാന്‍ നില്‍ക്കാതെ ആഷിക് വേഗം വാതില്‍ തുറന്നകത്തു കയറി. സംശയിച്ചു നിന്ന സിറാജിനെയവന്‍ ബലം പ്രയോഗിച്ചെന്നോണം വലിച്ചു കയറ്റി.

“ഡാ, അമ്പതു റിയാലോന്നും ആകില്ല, നിനക്ക് കുറച്ചു പറഞ്ഞൂടായിരുന്നോ ?” സിറാജ് അവനെ കുറ്റപ്പെടുത്തി.

“ഇപ്പൊ അതിനൊന്നും നേരമില്ല”

ആഷിക് സൗദി ഡ്രൈവറോട് സാധ്യമായതില്‍ പരമാവധി വേഗതയില്‍ പോകാന്‍ അപേക്ഷിച്ചു. കൂലിയില്‍ തര്‍ക്കിക്കാതിരുന്നത് കൊണ്ടോ അവന്‍റെ പരിഭ്രമം കണ്ടിട്ടോ എന്നറിയില്ല, അയാളാ അഭ്യര്‍ത്ഥന കാര്യമായിത്തന്നെ പരിഗണിച്ചു. ടാക്സി ഗവര്‍മെന്‍റ് ഹോസ്പിറ്റല്‍ ലാക്കാക്കി പാഞ്ഞു.

 

 

നാല്

കണ്ണ് തുറന്ന ഉസ്മാന്‍ അമ്പരപ്പോടെ ആഷിക്കിനെയും സിറാജിനെയും മാറിമാറി നോക്കി. കരഞ്ഞു കരഞ്ഞ് അയാളുടെ മുഖത്ത് കണ്ണുനീര്‍പ്പുഴ അക്ഷരാര്‍ത്ഥത്തില്‍ ചാലുകള്‍ കീറിയിരുന്നു. കണ്ണുനീര്‍ വീണു നനഞ്ഞു കുതിര്‍ന്നിട്ടാകണം മുഖത്തു മുളച്ചു പൊങ്ങിയ കുറ്റിത്താടി മുഴുവന്‍ നരച്ചു പോയിരുന്നു. രണ്ടു ദിവസങ്ങള്‍ കൊണ്ട് പൊടുന്നനെ വാര്‍ധക്യം ബാധിച്ചവനെപ്പോലെ ! അയാള്‍ ആയാസപ്പെട്ട്‌ കിടക്കയില്‍ എഴുന്നേറ്റിരുന്നു കയ്യില്‍ കയറ്റിയിരുന്ന ഡ്രിപ് വലിച്ചൂരാന്‍ ശ്രമിച്ചു. അതുകണ്ട് റൂമിലേക്ക്‌ കയറിവന്ന മെയില്‍ നര്‍സ് ശബ്ദമുയര്‍ത്തിക്കൊണ്ട് അടുത്തേക്ക്‌ വന്ന് ശകാരത്തോടെ അയാളെ ഇരുകൈകളിലും ബലമായി അനങ്ങാനാവാതെ പിടിച്ചു കൊണ്ട് കിടക്കയില്‍ നിര്‍ബന്ധമായി പിടിച്ചു കിടത്തി.

“അനങ്ങാതവിടെ കിടന്നോ, ഇല്ലെങ്കില്‍ നിങ്ങള്‍ മരിച്ചു പോകും” നര്‍സിന്‍റെ ശബ്ദത്തില്‍ ശകാരത്തെക്കാള്‍ നിറഞ്ഞു നിന്നത് സങ്കടമായിരുന്നെന്നു അവരിരുവരും തിരിച്ചറിഞ്ഞു. “ശ്രദ്ധിച്ചോളൂട്ടോ” എന്ന് അവരെ നോക്കി പറഞ്ഞു കൊണ്ട് നര്‍സ് മുറിവിട്ടു പോയി.

“ഉസ്മാനിക്ക” ആഷിക് അയാളുടെ കൈത്തണ്ടയില്‍ മൃദുവായി പിടിച്ചു കൊണ്ട് മെല്ലെ വിളിച്ചു. അയാള്‍ മറുപടി പറയാതെ മുഖം തിരിച്ചു. പക്ഷെ അയാളുടെ കണ്ണുകളില്‍ നിന്ന് ഒഴികിയിറങ്ങയ കണ്ണുനീര്‍ അയാളുടെ സമ്മതമില്ലാതെ തന്നെ അവന്‍റെ വിളിക്ക് ഉത്തരം നല്‍കിക്കഴിഞ്ഞിരുന്നു.

“ഇക്കാ, ഇതെന്തു പ്രാന്താ ? നിങ്ങളിതെന്ത് പണിയാ കാണിച്ചേ. നിങ്ങള്‍ടെ മോളേം ഭാര്യയേം കുറിച്ച് ഓര്‍ത്തോ ? അവരീ അന്യനാട്ടില്‍ ആരും തുണയില്ലാതെ ഒറ്റക്കാണെന്നു ഓര്‍ത്തോ ?” വീണ്ടും കണ്ണുനീര്‍ മറുപടി പറഞ്ഞു, ഇക്കുറി പൂര്‍വ്വാധികം ശക്തിയായിത്തന്നെ.

“ഇന്ന് രാവിലെ ഞാന്‍ അവരെക്കണ്ടിരുന്നു. നിങ്ങളുടെ പാസ്പോര്‍ട്ട് എനിക്ക് ഹറമില്‍ നിന്ന് കിട്ടി. അതില്‍ കണ്ട ട്രാവല്‍സിലെ നമ്പരിലേക്ക് വിളിച്ചപ്പോള്‍ അവര്‍ നിങ്ങളുടെ ഭാര്യയുടെ കൈവശമുള്ള ഫോണിന്‍റെ നമ്പര്‍ തന്നു.”

“നിങ്ങളെന്നെയെന്തിനാണ് പിന്തുടരുന്നത് ? . എന്നെ വിട്ടേര്. എനിക്ക് എന്‍റെ റബ്ബിന്‍റെ വീട്ടിന്നു പോകണ്ടാ, എനിക്കവിടെ കിടന്നു മരിച്ചാ മതി. എന്നെ ദയവുചെയ്ത് അങ്ങോടു കൊണ്ട് പോ. അത്രക്കും തെറ്റുകള്‍ ഞാന്‍ ചെയ്തു പോയിട്ടുണ്ട്. കഅബാലയത്തിന്‍റെ ഭിത്തിയില്‍ പിടിച്ചു തൌബ ചെയ്തു കരഞ്ഞു കരഞ്ഞെനിക്ക് മരിക്കണം” അപ്രതീക്ഷിതമായി അത് പറഞ്ഞു കൊണ്ട് അയാളൊരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാനാവാതെ പെയ്തു തീര്‍ന്ന മേഘം പോലെ അയാളുടെ കണ്ണുകള്‍ ഉണങ്ങി വരണ്ടു നിന്നു.

എന്ത് പറയണമെന്നറിയാതെ ഒരുനിമിഷം ആഷിക്കും സിറാജും പകച്ചു നിന്നു പോയി.

“ഒരുതെറ്റും ചെയ്യാതിരിക്കാന്‍ നമ്മളൊന്നും പ്രവാചകന്മാരോ, പുണ്യാത്മാക്കളോ അല്ലല്ലോ ഉസ്മാനിക്ക ?” ആഷിക് ചോദിച്ചു. പക്ഷെ അയാള്‍ അവനെതിരായി ഭിത്തിയിലേക്ക് മുഖം തിരിച്ചു വച്ചു കിടന്നതേയുള്ളൂ.

“പശ്ചാത്തപിച്ചു മരിക്കാന്‍ നടക്കുന്നു. നിങ്ങളൊരു വിശ്വാസി പോലുമല്ല” ആഷിക് പറഞ്ഞു.

പൊടുന്നനെ കണ്ണുകളില്‍ ക്രോധത്തിന്‍റെ സ്ഫുലിംഗങ്ങള്‍ പാറിച്ചു കൊണ്ട് ഉസ്മാന്‍ തിരിഞ്ഞവനെ നോക്കി.

“എന്താ പറഞ്ഞത് ?” അയാള്‍ ദുര്‍ബലമായ കയ്യെത്തിച്ച് എന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുക പോലും ചെയ്തു.

“എന്താ ഞാന്‍ പറഞ്ഞത് സത്യമല്ലേ ?” അയാളെ ഒന്നുകൂടി പ്രകൊപിപ്പിക്കുവാനെന്നോണം ആഷിക് അത് പറഞ്ഞപ്പോള്‍ സിറാജ് “ഡാ, ചുമ്മാതിരി – നീയെന്താ ഈ കാണിക്കുന്നേ” എന്ന് പറഞ്ഞുകൊണ്ട് അവനെ തടയാന്‍ ശ്രമിച്ചു.

“അല്ല, അല്ല, അങ്ങനെ……അതുമാത്രം……… പറയല്ലേ” അയാള്‍ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു കൊണ്ടാ വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

“അതെ അതെ. നിങ്ങളൊരു സാധാരണ വിശ്വാസി പോലുമല്ല !”

അയാള്‍ ദയനീയമായി അവന്‍റെ മുഖത്തേക്ക് നോക്കി.

“നിങ്ങളൊരു യഥാര്‍ത്ഥ വിശ്വാസിയായിരുന്നെങ്കില്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ തന്‍റെ അടിമയുടെ എത്ര വലിയ പാപങ്ങളും പൊറുക്കുന്ന കരുണാനിധിയാണ്‌ പടച്ചവനെന്ന സത്യം നിങ്ങള്‍ തിരിച്ചറിയുമായിരുന്നു” ഉറച്ചശബ്ദത്തില്‍ ഒരേ താളത്തില്‍ അവനതു പറഞ്ഞു നിര്‍ത്തിയപ്പോള്‍ അയാള്‍ അവിശ്വസനീയതയോടെ അവന്‍റെ മുഖത്തെക്കുറ്റു നോക്കി. പിന്നെ ഇരുകൈകളും ഉയര്‍ത്തി സ്വന്തം തലയില്‍ പ്രഹരിച്ചു കൊണ്ട് അലമുറയിട്ടു കരഞ്ഞു. ആഷിക് എഴുന്നേറ്റ് സ്നേഹപൂര്‍വ്വം അയാളെ തടഞ്ഞു.

“എന്തിനാണ് നിങ്ങളെല്ലാ കാര്യങ്ങളും ഇങ്ങനെ വൈകാരികമായി എടുക്കുന്നത് ? സമചിത്തതയോടെ ആലോചിച്ചു പ്രവൃത്തിക്കുവാനല്ലേ പടച്ചവന്‍ നിങ്ങള്ക്ക് വിശേഷബുദ്ധി നല്‍കിയിരിക്കുന്നത് ?” അവന്‍റെ ചോദ്യം അയാളെ അത്ഭുതകരമാംവിധം ശാന്തനാക്കി. നിര്‍ജ്ജീവമായ ഭാവത്തോടെ കണ്ണിമ ചിമ്മാതെ അവനെ നോക്കി അയാള്‍ അനങ്ങാതെ കിടന്നു. അതെ സമയം ഒരു മാന്ത്രികനെപ്പോലെ സംസാരിക്കുവാന്‍ ഇവനെവിടന്നാണ് പഠിച്ചതെന്ന മട്ടില്‍ കണ്ണിമചിമ്മാതെ ആഷിക്കിനെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു സിറാജ് !

 

 

അഞ്ച്

യാത്ര പറയുമ്പോള്‍ ഹുസ്ന മോള്‍ ആഷിക്കിനെ കെട്ടിപ്പിച്ച് ഇരുകവിളുകളിലും മാറിമാറി ഉമ്മവച്ചു. ഉസ്മാന്‍റെ ഭാര്യയുടെ കണ്ണുകളില്‍ ഇപ്പോള്‍ പൊഴിയുന്നത് ആനന്ദാശ്രുക്കളാണ്. തികച്ചും അപ്രതീക്ഷിതമായി തന്‍റെ ഭര്‍ത്താവ് ഇത്രയും അസ്വാഭാവികമായി പെരുമാറാന്‍ കാരണമെന്തെന്ന്‍ എത്രയാലോചിച്ചിട്ടും മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന ചിന്ത നല്‍കുന്ന നിരാശയേക്കാള്‍, അയാളുടെ മനസ്സില്‍ അന്തര്‍ലീനമായി കിടന്നിരുന്ന ഇത്തരമൊരു പെരുമാറ്റ വൈകൃതം മറനീക്കി പുറത്തു വന്ന ശേഷം അയാള്‍ തന്നെ അത് മനസിലാക്കി തിരുത്തിയതിലുള്ള ആശ്വാസമായിരുന്നു അവരുടെ മുഖത്തപ്പോള്‍ പ്രതിഫലിച്ചിരുന്നത്.

സിറാജിനെ ഷേക്ക്‌ ഹാന്‍ഡ് ചെയ്ത് ആലിംഗനം ചെയ്ത ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകാനായി കാറില്‍ കയറും മുന്നേ ഉസ്മാന്‍ ആഷിക്കിനെ ദീര്‍ഘമായി കെട്ടിപ്പിടിച്ചു നിന്നു. ഒടുവില്‍ പിടി വിടുമ്പോള്‍ അവന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി. അവിടെ കണ്ണുനീരിന്‍റെ നനവില്ലയിരുന്നു, പകരം അവിടെ തിളങ്ങി നിന്നത് ആത്മവിശ്വാസത്തിന്‍റെ ഒരു മഴവില്ലയിരുന്നു.

“എന്തായിരുന്നു വാസ്തവത്തില്‍ ഉസ്മാനിക്കാടെ പ്രശ്നം ?” കാറിലിരുന്നു കൈവീശുന്ന അവര്‍ക്ക് നേരെ കൈവീശിക്കൊണ്ട്‌ സിറാജ് അവനോടു ചോദിച്ചു.

“ഉസ്മാന്‍ തികഞ്ഞ ശുദ്ധനും സാധാരണയില്‍ കവിഞ്ഞ ഹൃദയ നൈര്‍മ്മല്യമുള്ളവനുമാണ്.അത് തന്നെയാണ് അയാളെ ജീവിതത്തില്‍ ചില തെറ്റുകളിലേക്ക് നയിച്ചതും. മദ്രസയിലെ പാഠങ്ങളില്‍ നിന്നും, വീട്ടിലുള്ള മുതിര്‍ന്നവരുടെ വാക്കുകളില്‍ നിന്നുമൊക്കെ കഅബ കാണുക എന്നത് അടങ്ങാത്ത ആഗ്രഹമായി ചെറുപ്പം മുതലേ ഉസ്മാന്‍റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം. പെട്ടെന്ന് അത് കണ്ടപ്പോള്‍ ഉണ്ടായ വികാരവിക്ഷോഭവും, ഇവിടത്തെ അന്ധാളിപ്പിക്കുന്ന പുരുഷാരവും, ഭക്തിയുടെ അന്തരീക്ഷവുമെല്ലാം അയാളില്‍ അന്തര്‍ലീനമായി ക്കിടന്നിരുന്ന ഒരുതരം ഉന്മാദാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കണം. സ്വതവേ ദുര്‍ബലഹൃദയനായ അയാളില്‍ താന്‍ ചെയ്തു കൂട്ടിയിട്ടുള്ള തെറ്റുകുറ്റങ്ങളെക്കുറിച്ചുള്ള അതിയായ പശ്ചാത്താപം അപ്പോഴത്തെ അന്തരീക്ഷത്തില്‍ വലിയൊരു കുറ്റബോധം ജനിപ്പിച്ചിരിക്കണം. അതിന്‍റെയൊക്കെ പ്രതിഫലനമായിരിക്കണം അങ്ങനെ വിചിത്രമായി പ്രതികരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്”

“ആയിരിക്കാം” സിറാജ് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“വിശ്വാസം , അതല്ലേ എല്ലാം” സിറാജ് അവനെ നോക്കി കണ്ണിറുക്കി.

Leave a Reply

Your email address will not be published.