Butterfly

കണ്ണുകള്‍ ബലപ്പെട്ടു ചിമ്മിത്തുറക്കുമ്പോള്‍ ഞാനൊരു മുറിക്കുള്ളിലായിരുന്നു.

മേശപ്പുറത്ത് ഗ്ലാസ് ഫ്ലവര്‍വേസിനുള്ളില്‍ വാടിത്തുടങ്ങിയ ഡാലിയപ്പൂക്കള്‍. വലിച്ചു തുറക്കാന്‍ ശ്രമിക്കുന്തോറും കണ്ണിമകള്‍ അടയാന്‍ വാശി പിടിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ അനിവാര്യമായ വിധിപോലെ അതെന്‍റെ കഠിനപരിശ്രമത്തിനു വഴങ്ങി. മുറിക്കുള്ളില്‍ കടും പച്ച കര്‍ട്ടന്‍ വിരിച്ച ജനലിനു മുന്നില്‍  സംസാരിച്ചു കൊണ്ട് നിന്നിരുന്ന വെളുത്ത വസ്ത്രം ധരിച്ച രണ്ടു യുവതികളിലൊരാള്‍ എന്‍റെ നേരെ നോക്കി.

“നോക്കൂ, അയാളുണര്‍ന്നു. വേഗം ഡോക്ടറെ വിളിക്കൂ” എന്‍റെ തുറന്ന കണ്ണുകള്‍ കണ്ട് നിലവിളി പോലെ പറഞ്ഞുകൊണ്ട് അവളെന്‍റെയടുക്കലേക്ക് പാഞ്ഞെത്തി. മറ്റേ പെണ്‍കുട്ടി എന്നെത്തന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട്‌ വേഗത്തില്‍ മുറിവിട്ടു പോകുന്നുണ്ടായിരുന്നു.

“മിസ്റ്റര്‍ തോമസ്‌ കണ്ണുകള്‍ തുറന്നു പിടിക്കൂ” എന്‍റെ മുഖത്തിനു തൊട്ടടുത്ത്‌ വന്നു നിന്നു കൊണ്ട് അവള്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് കരച്ചിലിന്‍റെ വക്കത്തെത്തിയതുപോലെ തിളങ്ങുന്നുണ്ടായിരുന്നു.

“നിങ്ങളൊരു നീണ്ട ഉറക്കത്തിലായിരുന്നു തോമസ്‌, ദയവായി കണ്ണുകള്‍ തുറന്നു പിടിക്കൂ” ഒരു കരച്ചില്‍ പോലെ അവ‍ള്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

അല്‍പ്പസമയത്തിനകം ആകാംക്ഷ നിറഞ്ഞ മറ്റൊരു മുഖം എന്‍റെ മുഖത്തിന്‌ തൊട്ടു മുന്നിലെത്തി.

“തോമസ്‌, നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാമോ ?” വന്നയാള്‍ ചോദിച്ചു.

“കേള്‍ക്കാം” ഞാന്‍ പറഞ്ഞു.

“തോമസ്‌, നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാമോ ?” ചോദ്യം ആവര്‍ത്തിക്കപ്പെട്ടു.

‘എന്താണ് സംഭവിക്കുന്നത്‌. ഞാന്‍ പറഞ്ഞ മറുപടി ഇവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ലേ ?’. ഞാന്‍ അത്ഭുതപ്പെട്ടു.

“പറയൂ, എനിക്ക് നിങ്ങളെ നന്നായി കേള്‍ക്കാം” ഞാന്‍ അല്‍പ്പം ഉറക്കെത്തന്നെ വിളിച്ചു പറഞ്ഞു.

“അയാള്‍ക്ക് ഓര്‍മ്മയുണ്ടെന്നു തോന്നുന്നു, പക്ഷെ സംസാരിക്കാന്‍ സാധിക്കുന്നില്ല” അയാള്‍ അടുത്തു നിന്നിരുന്ന പെണ്‍കുട്ടിയോട് പറഞ്ഞു. അപ്പോഴാണ്‌ ഞാന്‍ അയാളുടെ കഴുത്തില്‍ തൂങ്ങിക്കിടന്നിരുന്ന സ്റ്റേതസ്കൊപ്പും അയാള്‍ ശരിച്ചിരുന്ന വെളുത്ത കോട്ടും ശ്രദ്ധിച്ചത്. “ഡോക്ടര്‍ ! അപ്പോള്‍ ഞാന്‍ ഒരു ഹോസ്പിറ്റലിലാണോ ?” ഞാന്‍ അമ്പരന്നു പോയി.

“മിസ്റ്റര്‍ തോമസ്‌, ദയവായി നിങ്ങളുടെ കണ്ണുകള്‍ അടയാതെ തുറന്നു പിടിക്കൂ” ഡോക്ടര്‍ എന്‍റെ മുഖത്തിനടുത്ത് വന്നു പറഞ്ഞു. “കണ്ണടക്കല്ലേട്ടോ” അയാള്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

“ഇല്ല.” ഞാന്‍ പറഞ്ഞു. ഭാരക്കൂടുതല്‍ കൊണ്ട് അടഞ്ഞു പോകാന്‍ തുടങ്ങിയ എന്‍റെ കണ്‍പോളകളെ സകലശക്തിയും സമാഹരിച്ചു ഞാന്‍ തുറന്നു പിടിച്ചു.

“ഈ വെളിച്ചത്തെ പിന്തുടരൂ.” അത് പറഞ്ഞു കൊണ്ട് ഡോക്ടര്‍ കയ്യിലിരുന്ന മങ്ങിയ വെളിച്ചമുള്ള ചെറിയ ടോര്‍ച് എന്‍റെ കണ്ണിലേക്കു പ്രകാശിപ്പിച്ചുകൊണ്ട് സാവധാനം അങ്ങോട്ടും ഇങ്ങോട്ടും നീക്കി. അടഞ്ഞു പോകാതെ ആ വെളിച്ചത്തെ പിന്തുടരാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.

“ഗുഡ്, വെളിച്ചത്തെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കൂ” ഡോക്ടര്‍ ടോര്‍ച്ചിന്‍റെ അങ്ങോടുമിങ്ങോടുമുള്ള ചലനത്തോടൊപ്പം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

“വെരി ഗുഡ്” തൃപ്തനായതു പോലെ അദ്ദേഹം ടോര്‍ച് കോട്ടിന്‍റെ പോക്കറ്റിലെക്കിട്ടു. പിന്നെ എന്‍റെ കണ്ണുകള്‍ക്ക്‌ തൊട്ടടുത്തേക്ക് കുനിഞ്ഞു.

“മിസ്റ്റര്‍ തോമസ്‌, ഭയപ്പെടെണ്ട. നിങ്ങളൊരു ആശുപത്രിയിലാണ്” പതിഞ്ഞ ശബ്ദത്തില്‍ ഡോക്ടര്‍ പറഞ്ഞു.

“ഞാന്‍ ഡോക്ടര്‍ ശ്രീധര്‍. ഇത് ഇവിടത്തെ നേര്‍സുമാരാണ്” ഡോക്ടര്‍ തന്നെയും അടുത്തുനിന്നിരുന്ന രണ്ടു നേര്‍സുമാരെയും പരിചയപ്പെടുത്തി.

“താങ്കളിവിടെ സുരക്ഷിതനാണ്. എന്താണ് സംഭവിച്ചതെന്ന് താങ്കള്‍ക്ക് വല്ല ഓര്‍മ്മയുമുണ്ടോ ?”

ഇടക്കെപ്പോഴോ നിശ്ചലമായ ഘടികാരം പോലെ എന്‍റെ ഓര്‍മ്മകള്‍ ചേതനയറ്റ്‌ പോയിരുന്നു. ഞാന്‍ ഓര്‍ത്തെടുക്കാന്‍ കഠിനമായി ശ്രമിക്കുമ്പോള്‍ എന്നെ ഉത്തേജിപ്പിക്കുവാനെന്നോണം അദേഹമാ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു – “എന്താണ് സംഭവിച്ചതെന്ന് താങ്കള്‍ക്കൊര്‍മ്മയുണ്ടോ ?”

ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു. വിറുങ്ങലിച്ച ഫ്രെയിമുകള്‍ പോലെ ഓര്‍മ്മകളുടെ എനിക്കുപോലും അപരിചിതമായ ഏതാനും ദൃശ്യങ്ങള്‍ മനോമുകുരത്തില്‍ തട്ടിത്തകര്‍ന്നു വീണു. എന്തോ കണ്ടു ഭയപ്പെട്ടതുപോലെയുള്ള എന്‍റെ മകളുടെ നിലവിളി മാത്രം അവയ്ക്കിടയില്‍ മറക്കപ്പെടാനാവാത്തതെന്നോണം തെളിഞ്ഞു നിന്നു.

“ഒന്നും വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നില്ല ഡോക്ടര്‍” ഞാന്‍ പറഞ്ഞു.

നിങ്ങളിപ്പോള്‍ സിറ്റി സെന്‍ട്രല്‍ ഹോസ്പിറ്റലിലാണ്.” എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാതെ ഡോക്ടര്‍ പറഞ്ഞു.

“ആദ്യം നിങ്ങളെ കൊണ്ടുപോയത് മെഡിക്കല്‍ കൊളേജിലേക്കായിരുന്നു. ആരാണ് ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് ഓര്‍മ്മയുണ്ടോ ?”

“ഇല്ല” ഞാന്‍ പറഞ്ഞു.

“തോമസ്‌” ഡോക്ടര്‍ വിളിച്ചു. “ആരാണ് നിങ്ങളെയിങ്ങോട്ട് കൊണ്ടുവന്നതെന്ന് ഓര്‍മ്മയുണ്ടോ ?”

ഞാന്‍ നിശബ്ദനായി കിടന്നു. എന്‍റെ വാക്കുകള്‍ എന്‍റെയുള്ളില്‍ മാത്രം കറങ്ങിത്തിരിഞ്ഞു നിശബ്ദമാകുന്നുതല്ലാതെ ബഹിര്‍ഗമിക്കുന്നിലെന്ന സത്യം കൊള്ളിയാന്‍ പോലെ എന്‍റെ മനസ്സിനെ കീറി മുറിച്ചു.

“നിങ്ങള്‍ക്ക് പെട്ടെന്നൊരു സ്ട്രോക്കുണ്ടായി. കഴിഞ്ഞ മൂന്നാഴ്ചയായി നിങ്ങളൊരു നീണ്ട ഉറക്കത്തിലായിരുന്നു”

“മൂന്നാഴ്ചകള്‍ !” ഡോക്ടറുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു.

“പക്ഷെ നിങ്ങള്‍ ഉണര്‍ന്നെഴുന്നെറ്റല്ലോ. ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വബോധവും തിരിച്ചു കിട്ടിയിരിക്കുന്നു. നല്ല പ്രതികരണശേഷിയുമുണ്ട്‌, അതിനര്‍ത്ഥം തലച്ചോറും നാഡീവ്യൂഹവും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. പേടിക്കേണ്ട, നിങ്ങള്‍ രക്ഷപ്പെടും. എനിക്കുറപ്പുണ്ട്. നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം”

ഒരുനിമിഷം നടന്നുചെന്നു നേര്‍സുമാരോടെന്തോ പറഞ്ഞ ശേഷം ഡോക്ടര്‍ തിരികെ വന്നു.

“നോക്കൂ, നമുക്ക് ചില സിമ്പിള്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ എന്‍റെ വിരലിനെ പിന്തുടരൂ” ഡോക്ടര്‍ തന്‍റെ ചൂണ്ടുവിരല്‍ എന്‍റെ മുന്നിലൂടെ തിരശ്ചീനമായി അങ്ങോടുമിങ്ങോടും ചലിപ്പിച്ചു. ഞാന്‍ കണ്ണുകള്‍ ചിമ്മാതെ അതിനെ പിന്തുടര്‍ന്നു.

“ഗുഡ് ഗുഡ്. ഇനി ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ കണ്ണു ചിമ്മണം. ഓക്കേ ? ഉം കണ്ണു ചിമ്മൂ”

ഞാന്‍ കണ്ണു ചിമ്മി.

ഡോക്ടറുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.

“വളരെ നല്ലത്. ഇനി നിങ്ങളുടെ പേര് പറയൂ”

“തോമസ്‌ അമ്പാടന്‍” ഞാന്‍ പറഞ്ഞു.

“അല്‍പ്പം കഠിനമായി ശ്രമിക്കൂ. എന്താണ് നിങ്ങളുടെ പേര്. ശ്രമിക്കൂ”

“ഞാന്‍ പറഞ്ഞല്ലോ ഡോക്ടര്‍, തോമസ്‌ അമ്പാടന്‍” ഞാന്‍ പറഞ്ഞു.

“എങ്കില്‍ നിങ്ങളുടെ കുട്ടികളുടെ പേരുകള്‍ ഓര്‍ത്തു പറയാന്‍ ശ്രമിക്കൂ”

“ആന്‍, റിച്ചാര്‍ഡ്” ഞാന്‍ പറഞ്ഞു.

“ശ്രമിക്കൂ. എന്താണ് നിങ്ങളുടെ മക്കളുടെ പേരുകള്‍”

“പിങ്കി, റിച്ചാര്‍ഡ്” ഞാന്‍ കഠിനമായ നിരാശയോടെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

“ശരി. വിഷമിക്കേണ്ട. നമുക്ക് സാവധാനം നിങ്ങളുടെ സംസാര ശേഷി വീണ്ടെടുക്കാം. പ്രതീക്ഷ കൈവിടരുത്” ഡോക്ടര്‍ ധൈര്യം തരുന്നത് പോലെ പറഞ്ഞു.

“എന്ത്, നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് സത്യമായും കേള്‍ക്കാന്‍ സാധിക്കുന്നില്ലേ ?” ഞാന്‍ അലറിക്കരയാന്‍ ശ്രമിച്ചു. പക്ഷെ വാക്കുകള്‍ എന്‍റെയുള്ളില്‍ തന്നെ തട്ടിച്ചിതറിത്തെറിച്ചു വീണതെയുള്ളൂ.

ഡോക്ടര്‍ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ തിരികെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷെ അദ്ദേഹമെന്‍റെ വാക്കുകള്‍ കേട്ടില്ല.

“ഒഹ് ദൈവമേ , എന്‍റെ സംസാരശേഷി നഷ്ടപ്പെട്ടോ !” ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.

നേര്‍സിനോട് എന്തോ സംസാരിച്ച ശേഷം ഡോക്ടര്‍ മുറിവിട്ടു പോയി.

“ഡോക്ടര്‍ ഡോക്ടര്‍, എന്‍റെ പേര് തോമസ്‌ അമ്പാടന്‍” ഞാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഒരു നേര്‍സ് എന്‍റെയരികിലേക്ക്‌ വന്നു.

“ഞാന്‍ തോമസ്‌ അമ്പാടന്‍. എനിക്കൊരു സ്ട്രോക്ക് ഉണ്ടായി. മൂന്നാഴ്ച ഞാന്‍ കോമയിലായിരുന്നു. എന്‍റെ ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു. സംസാരശേഷി നഷ്ടപ്പെട്ടു. പക്ഷേ എല്ലാം ശരിയാകും. ഡോക്ടര്‍ ഉറപ്പു പറഞ്ഞിട്ടുണ്ട്, എല്ലാം ശരിയാകുമെന്ന്” ഞാനവരോട് പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അവരൊന്നും കേട്ട മട്ടില്ല.

“വിഷമിക്കേണ്ട, എല്ലാം ശരിയാകും തോമസ്‌. പക്ഷേ അല്‍പ്പം സമയമെടുത്തേക്കും, ആത്മവിശ്വാസം കൈവിടരുത്” അവര്‍ എന്നെ സാമശ്വസിപ്പിച്ചു.

“ഇല്ല, ഞാന്‍ ആത്മവിശ്വാസം കൈവിടില്ല. ഞാന്‍ ക്ഷമയോടെ കാത്തിരിക്കാം. എനിക്ക് നിങ്ങളെ വിശ്വാസമാണ്” ഞാന്‍ പുലമ്പിക്കൊണ്ടിരുന്നു. അല്‍പ്പസമയത്തിനകം ആ നേര്‍സും മുറിവിട്ടു പോയി. കുറേനേരം കണ്ണെത്താവുന്നിടത്തെല്ലാം എന്‍റെ നോട്ടം ഉഴറി നടന്നു. പിന്നെ എപ്പോഴോ ക്ഷീണം എന്‍റെ മിഴികളിലേക്ക് ഉറക്കവുമായി കടന്നു വന്നു.

(തുടരും)

ഫ്രാന്‍സില്‍ നിന്നുള്ള ലോകപ്രശസ്തമായ Elle മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന ഷോണ്‍ ഡോമിനിക് ബൌബിയുടെ യഥാര്‍ത്ഥജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയത്.

Leave a Reply

Your email address will not be published.