Butterfly 2

എപ്പോഴാണ് ഉണര്‍ന്നെഴുന്നേറ്റതെന്നറിയില്ല. മുറിയിലേക്ക് പാളി വീണ സൂര്യപ്രകാശത്തില്‍ പച്ച ജനല്‍ക്കര്‍ട്ടനുകള്‍ നരവീണതുപോലെ കാറ്റില്‍ ഇളകിപ്പറക്കുന്നുണ്ടായിരുന്നു. ഉറങ്ങുന്നതിനു മുന്‍പ് മേശപ്പുറത്തെ ഫ്ലവര്‍ വേസില്‍  കണ്ട മഞ്ഞ ഡാലിയപ്പൂക്കളുടെ സ്ഥാനത്തിപ്പോള്‍ ചോരനിറമുള്ള പനിനീര്‍പ്പൂക്കളാണ്.

“ആരാണ് പൂക്കള്‍ കൊണ്ടുവന്നത് ? അതും ചുവന്ന പനിനീര്‍പ്പൂക്കള്‍ ?”

ചുവന്ന പനിനീര്‍പ്പൂവുകളുടെ കാഴ്ച കാര്‍മൂടി മാഞ്ഞുപോയ മനസ്സില്‍ ഓര്‍മ്മകളുടെ ഒരു നേര്‍ത്ത മിന്നല്‍പ്പിണര്‍ സൃഷ്ടിച്ചു. ഒരു വീടിന്‍റെ സ്വീകരണമുറി. അവിടെ ടീപോയിലെയും കബോഡിനുമുകളിലെയും ഫ്ലവര്‍ വേസുകളിലെ വാടിയ പൂക്കള്‍ എടുത്തുമാറ്റി പകരം തോട്ടത്തില്‍ നിന്നിറുത്തെടുത്ത ജീവന്‍ തുടിക്കുന്ന ചുവന്ന പനിനീര്‍പ്പൂക്കള്‍ നിറക്കുന്ന സുന്ദരിയായ യുവതി. അവളുടെ ഈറന്‍മുടിക്ക് മുകളില്‍ ചുറ്റിക്കെട്ടിയ നനഞ്ഞ വെള്ളത്തോര്‍ത്തില്‍ നിന്നും വെള്ളത്തുള്ളികള്‍ തിളങ്ങുന്ന മിനുസമാര്‍ന്ന മാര്‍ബിളില്‍ വീണു ചിതറുന്നു.

“ആന്‍ !” എന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു. അപ്പോള്‍ അവളെന്നെ തിരിഞ്ഞു നോക്കി മന്ദഹസിക്കുന്നു.

“നന്നായി ഉറങ്ങിയോ ?” മുറിക്കുള്ളില്‍ നേര്‍സിന്‍റെ ശബ്ദം കേട്ട് ഓര്‍മ്മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു.

“എവിടെ നോക്കട്ടെ” എന്‍റെ അനുവാദത്തിനു കാത്തു നില്‍ക്കാതെ പുതപ്പുമാറ്റി മെല്ലെ പിടിച്ചുയര്‍ത്തിയശേഷം എന്‍റെ അരയില്‍ നിന്നെന്തോ അഴിച്ചെടുത്തു. ഞാന്‍ ബലപ്പെട്ട് ആ കാഴ്ചയിലേക്ക് എന്‍റെ കണ്ണുകളെയെത്തിച്ചു, ഒരു സാനിട്ടറി നാപ്കിന്‍ !.

നനഞ്ഞ തുണി കൊണ്ടെന്നെ തുടച്ചു വൃത്തിയാക്കി അവരെന്നെ പുതിയ നാപ്കിന്‍ ധരിപ്പിച്ചു. ഇതെല്ലാം കാഴ്ചകളില്‍ നിന്നുമാത്രം ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളാണെന്നത് എന്നെ അമ്പരപ്പിച്ചു. അവരുടെ സ്പര്‍ശനങ്ങളൊന്നും ഞാന്‍ തിരിച്ചറിയുന്നില്ല. ആ തുണിയുടെ നനവ്‌ എന്‍റെ ശരീരത്തില്‍ ഒരു നേരിയ കുളിര്‍ വീഴ്ത്തിയിരുന്നെങ്കില്‍ – ഞാന്‍ ആത്മാര്‍ഥമായി കൊതിച്ചു പോയി.

“തോമസ്‌, ഇനിയുറങ്ങല്ലേ. ഡോക്ടര്‍ ഡേവിസ് നിങ്ങളെ കാണാന്‍ വരുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ന്യൂറോളജിസ്റ്റാണദ്ദേഹം. അദ്ദേഹത്തിന്‍റെ നിഗമനങ്ങളായിരിക്കും നിങ്ങളുടെ വിധി നിര്‍ണ്ണയിക്കുക. അതുകൊണ്ട് മിടുക്കനായിരിക്കണം, കേട്ടോ ?” അത്രയും പറഞ്ഞുകൊണ്ട് ഞാന്‍ കിടക്കുന കട്ടിലിന്‍റെ കാല്‍ഭാഗത്ത് ഭിത്തിയില്‍ ബ്രാക്കറ്റില്‍ പിടിപ്പിച്ചിരുന്ന ടെലിവിഷന്‍ ഓണ്‍ ചെയ്തു കൊണ്ട് അവര്‍ പോയി.

ഞാന്‍ കഷ്ടപ്പെട്ട് എന്‍റെ കണ്ണുകള്‍ ടെലിവിഷന്‍ സ്ക്രീനിലേക്ക് തിരിച്ചു. ഒരു ഫുട്ബോള്‍ മത്സരമാണ്. സ്റ്റേഡിയത്തിലെ ആരവങ്ങള്‍ക്കു മുകളില്‍ ആവേശം നിറച്ചുകൊണ്ട് കമന്‍റെട്ടറുടെ വാക്കുകള്‍ മുഴങ്ങുന്നുണ്ട്. ആരാണ് പന്തുമായി മുന്നേറുന്നത്. ഓ മെസി. ബാര്‍സലോണയും മറ്റേതോ ടീമുമായിട്ടുള്ള മത്സരമാണ്. സ്പാനിഷ് ലീഗ് ആയിരിക്കണം. ഗോള്‍ ! ടീവിയിലെ ആരവം ഉച്ചസ്ഥായിയിലായി.

ആനിമിഷം ഒരു നേര്‍ത്ത കരച്ചിലോടെ വാതില്‍ തുറന്നു. കാഴ്ചക്ക് അമ്പതിന് മേലെ പ്രായം തോന്നിക്കുന്ന, കഴുത്തില്‍ സ്റ്റെതസ്കോപ്പ് തൂക്കിയ വെളുത്ത കോട്ടിട്ട ഡോക്ടറും, ഏതാനും നേര്‍സുമാരും അകത്തേക്ക് കടന്നു വന്നു. ഒരു നേര്‍സ് ഓടിപ്പോയി ടീവി ഓഫ് ചെയ്തു.

“ഹലോ ഞാന്‍ ഡോക്ടര്‍ ഡേവിസ്, ന്യൂറോളജിസ്റ്റാണ്” വെളുത്ത ബുള്‍ഗാന്‍ താടിയും നരച്ച മുടിയുമുള്ള മനുഷ്യന്‍ സ്വയം പരിചയപ്പെടുത്തി. എന്‍റെ കട്ടിലിന്നടുത്തേക്കു നേര്‍സ് നീക്കിയിട്ടു കൊടുത്ത കസേരയിലേക്ക്  അദ്ദേഹം വളരെ സാവധാനം ഇരുന്നു.

“മിസ്റ്റര്‍ തോമസ്‌, അല്ല നിങ്ങളുടെ സുഹൃത്തുക്കള്‍ വിളിക്കുന്ന പേര് ടോം എന്നല്ലേ. അപ്പോള്‍ ഞാനും അങ്ങനെ തന്നെ വിളിക്കാന്‍ പോകുകയാണ് ടോം” ഡോക്ടറുടെ ആദ്യവാക്കുകള്‍ എന്നിലെ സമ്മര്‍ദം കുറച്ചു.

“നോക്കൂ, എന്നെയൊരു ഡോക്ടറായി കരുതണ്ട, ഒരു സുഹൃത്തായി കണ്ടാല്‍ മതി – ഓക്കേ ?”

“വേണ്ട താങ്കള്‍ എന്‍റെ ഡോക്ടറായാല്‍ മതി” ഞാന്‍ പറഞ്ഞു.

“ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ താങ്കളെ എത്രമാത്രം അസ്വസ്ഥനാക്കുമെന്നെനിക്കറിയാം. പക്ഷേ സത്യം മൂടിവെക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ രോഗി ചികിത്സക്ക് വിധേയനാകുന്നതാണ് എത്രയും വേഗം രോഗത്തില്‍ നിന്ന് മുക്തനാകാന്‍ അഭികാമ്യം. രോഗശമനത്തിനായി ഏറ്റവും പ്രധാനമായി വേണ്ടത് താങ്കളുടെ മനസ്സാന്നിധ്യമാണ്. ഇതുവരെ ആരും താങ്കളുടെ ശരിക്കുള്ള അവസ്ഥ താങ്കളെ അറിയിച്ചില്ലെന്ന് തോന്നുന്നു. ഞാനെല്ലാം തുറന്നു പറയാം. താങ്കള്‍ക്ക് തലച്ചോറില്‍ വളരെ ഗുരുതരമായ ഒരാഘാതമുണ്ടായി. മെഡിക്കല്‍ സയന്‍സിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘സെറിബ്രല്‍ വാസ്കുലര്‍ ആക്സിഡെന്‍റ്’. അത് താങ്കളുടെ തലച്ചോറിലെ ‘സ്റ്റെം സെല്ലു’കളുടെ പ്രവര്‍ത്തനം താറുമാറാക്കി. സ്റ്റെം സെല്ലുകള്‍ തലച്ചോറിലെ നമ്മുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള ഒരു ഭാഗമാണ്. തലച്ചോറും സ്പൈനല്‍ കോഡും തമ്മില്‍ യോജിപ്പിക്കുന്ന കണ്ണി. പണ്ടായിരുന്നെകില്‍ ഈയവസ്ഥയിലെ രോഗികള്‍ അധികകാലം ജീവിച്ചിരിക്കില്ലായിരുന്നു. എന്നാലിന്ന് വൈദ്യശാസ്ത്രത്തിനു താങ്കളുടെ ആയുസ്സ് ഏറെദൂരം നീട്ടിക്കൊണ്ടു പോകാനുള്ള സാങ്കേതികവിദ്യകള്‍ കൈവശമുണ്ട്.”

“ഇതെന്തു ജീവിതം, ഇതാണോ ജീവിതം, ഇതെനിക്ക് വേണ്ട” ഞാന്‍ ഉറക്കെക്കരഞ്ഞു പോയി.

“വാക്കുകള്‍ മിനിസപ്പെടുത്തിപ്പറഞ്ഞു താങ്കളെ കബളിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ല. താങ്കളുടെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു പോയിരിക്കുന്നു. ഒരുപക്ഷെ ഇതിനോടകം താങ്കള്‍ അത് മനസ്സിലാക്കിയിട്ടുണ്ടാകാം. താങ്കളുടെ സംസാരശേഷി പൂര്‍ണ്ണമായും നഷ്ടമായിരിക്കുന്നു. താങ്കള്‍ക്ക് സംസാരിക്കാന്‍ സാധിക്കുന്നുണ്ടോ ?”

ഞാന്‍ ഇല്ലെന്നര്‍ത്ഥത്തില്‍ കണ്ണു ചിമ്മി.

“സാധിക്കുന്നില്ല.” ഡോക്ടര്‍ ഡേവിസ് ഒരുനിമിഷം എന്‍റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയിരുന്ന ശേഷം തുടര്‍ന്നു.

“താങ്കളുടെ ഈയവസ്ഥയുടെ പേര് “ലോക്ക് ഡൌണ്‍ സിന്ദ്രോം” എന്നാണ്. അതായതു താങ്കളുടെ മനസ്സു ശരീരത്തിന്‍റെ തടവുകാരനാക്കപ്പെട്ടിരിക്കുന്നു. മനസ്സ് എല്ലാം ആഗ്രഹിക്കുന്നുണ്ട്, പക്ഷേ ഒരു ചെറുചലനം കൊണ്ടുപോലും ശരീരമതിനു വഴിപ്പെടുന്നില്ല. കേള്‍ക്കാന്‍ സുഖമുള്ളതല്ല, എങ്കിലും താങ്കളുടെ ഈയവസ്ഥ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. സത്യം പറഞ്ഞാല്‍ എന്തുകൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നതെന്ന കാര്യം വൈദ്യശാസ്ത്രത്തിനിന്നും അജ്ഞാതമാണ്. താങ്കള്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല, എന്നിട്ടും ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടാണെന്നതിന് ഞങ്ങളുടെ പക്കല്‍ ഒരു ന്യായീകരണങ്ങളുമില്ല. പക്ഷേ ശരീരം പൂര്‍ണ്ണമായും തളര്‍ന്നെങ്കിലും താങ്കളുടെ മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളൊക്കെത്തന്നെ തികച്ചും സ്വാഭാവിക രീതിയിലാണ് നടക്കുന്നത്. തീര്‍ച്ചയായും അത് പ്രതീക്ഷക്കു വകനല്‍കുന്നുണ്ട്.”

“എന്ത് നല്ല രീതിയില്‍. ഒന്നും ശരിയല്ല.” ഞാന്‍ നിരാശയോടെ പിറുപിറുത്തു.

“ഉദാഹരണത്തിന് താങ്കളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍. കണ്ണുകള്‍ കൊണ്ട് പ്രതികരിക്കുവാന്‍ താങ്കള്‍ക്കു സാധിക്കുന്നുണ്ട്. അതൊരു നല്ല സൂചന തന്നെയാണ്. പക്ഷേ താങ്കളുടെ വലതു കണ്ണിന്‍റെ അവസ്ഥ അത്ര നല്ലതല്ല” അതുപറഞ്ഞുകൊണ്ട് ഡോക്ടര്‍ ഡേവിസ് ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് എന്‍റെ വലതുകണ്ണിന്‍റെ പോളകള്‍ വിടര്‍ത്തിപ്പിടിച്ചു പരിശോധിച്ചു.

“ഇല്ല ഡോക്ടര്‍, എന്‍റെ രണ്ടു കണ്ണുകളും പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. താങ്കളുടെ വിരലുകള്‍ വലതു കണ്ണുകൊണ്ടെനിക്കു നന്നായി കാണാന്‍ സാധിക്കുന്നുണ്ട്” ഞാന്‍ നിലവിളിക്കും പോലെ പറഞ്ഞു.

“ഈ കണ്ണിലെ കണ്ണുനീര്‍ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ഇത് നമുക്ക് തുന്നിക്കെട്ടാം” ഡോക്ടര്‍ ഡേവിസ് തൊട്ടടുത്തു നിന്നിരുന്ന ഡോക്ടര്‍ ശ്രീധരനോട് പറഞ്ഞു.

“അല്ലെങ്കില്‍ അതെക്കുറിച്ച് ഒന്ന് രണ്ടുദിവസത്തിനുള്ളില്‍ നമുക്കൊരു അന്തിമതീരുമാനത്തില്‍ എത്തിച്ചേരാം” തന്‍റെ ആദ്യ നിര്‍ദ്ദേശം അല്‍പ്പം ആലോചിക്കാതെയുള്ളതാണോ എന്ന സംശയത്തോടെ ഡോക്ടര്‍ ഡേവിസ് പറഞ്ഞു.

“കണ്ണു തുന്നിക്കെട്ടാനോ, വേണ്ട. എന്‍റെ കണ്ണിനൊരു കുഴപ്പവുമില്ല. എന്തൊക്കെയാണ് വിഡ്ഢികളെ നിങ്ങളെന്നെ ചെയ്യാന്‍ പോകുന്നത് ?” ഞാന്‍ ദേഷ്യത്തോടെ ഉച്ചത്തില്‍ പറഞ്ഞു.

“പ്രതീക്ഷ കൈവെടിയരുത്. താങ്കളെപ്പോലെ കുറഞ്ഞ പ്രതികരണശേഷിയുള്ളവരുമായി ആശയവിനിമയം നടത്തുവാന്‍ പ്രത്യേക പരിശീലനം കിട്ടിയവരുണ്ട്‌. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കൊച്ചു സംസ്ഥാനത്ത് അത്തരം ആളുകളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. താമസിയാതെ അത്തരമോരാളെ കണ്ടെത്താന്‍ സാധിക്കുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം. താങ്കളും പ്രാര്‍ഥിക്കൂ. ഇപ്പോള്‍ ഞാന്‍ പോകുന്നു. ഞാന്‍ ഇടയ്ക്കിടെ വീണ്ടും വരും”

“പ്രതീക്ഷയൊ ?. ഈയവസ്ഥയില്‍ ഇനിയെന്തു പ്രതീക്ഷ !” ഞാന്‍ കഠിനമായ നിരാശയോടെ കണ്ണടച്ചു കിടന്നു. “അല്ലെങ്കില്‍ തന്നെ അടക്കാനും തുറക്കാനും മാത്രം കഴിയുന്ന ഈ കണ്ണുകള്‍ കൊണ്ട് ഞാനിനി ജീവിതത്തില്‍ എന്ത് ചെയ്യാനാണ് ?” ഞാന്‍ നിരാശയോടെ പിറുപിറുത്തു കൊണ്ടിരുന്നു.

ആഴക്കടലിലേക്ക് താണു പോയ്‌ക്കൊണ്ടിരിക്കുന്ന പൊള്ളയായ ഒരു ഇരുമ്പുകൂടം. അതിന്‍റെ തലയില്‍ ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ തുറന്ന മങ്ങിയ ഒരു ഗ്ലാസ് ജാലകമുണ്ട്. ശ്വസിക്കാന്‍ ഉള്ളില്‍ പ്രാണവായുവുണ്ട്. കൈകളും കാലുകളും അനക്കാനാവാതെ അതിനുള്ളിലെന്നെ അടക്കം ചെയ്തിരിക്കുന്നു. എന്‍റെ ആക്രോശങ്ങളും നിലവിളികളും ആ ഇരുമ്പുകൂടത്തിനുള്ളില്‍ തന്നെ ചിതറിപ്പരക്കുന്നു. ആകെ പുറം ലോകവുമായുള്ള ബന്ധം മങ്ങിയ ചില്ലുജാലകത്തിലൂടെയുള്ള കാഴ്ചകള്‍ മാത്രം. ശരീരത്തോട് കലഹിച്ചു മനസ്സുമാത്രം ഒരായിരം ശലഭങ്ങളെപ്പോലെ പുറം ലോകത്തെവിടെയോ പാറിപ്പറന്നു നടക്കുന്നുണ്ട് !

(തുടരും)

Leave a Reply

Your email address will not be published.