Butterfly 3

കൈത്തണ്ടയില്‍ കുത്തിയിറക്കിയ ഐവി ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം എന്‍റെ ജീവന്‍ നിലനിര്‍ത്തി.

രാവിലെ സൂസന്ന സിസ്റ്റര്‍ ഒരു ചെറുപ്പക്കാരി നേര്‍സിനൊടൊപ്പം മുറിയിലേക്ക് വന്നു.

നാല്‍പതുകളിലേക്ക് കടന്ന ഒരു കൃശഗാത്രയാണ് സിസ്റ്റര്‍ സൂസന്ന. അവര്‍ മറ്റേ പെണ്‍കുട്ടിയുടെ സഹായത്താല്‍ എന്‍റെ അരയില്‍ കെട്ടിയിരുന്ന അഡള്‍ട്ട് ഡയപ്പര്‍ ഊരിമാറ്റി. ദേഹം നനഞ്ഞ തുണികള്‍ കൊണ്ട് തുടച്ചു വൃത്തിയാക്കി. എന്‍റെ കോച്ചിമടങ്ങിയ കൈപ്പത്തികള്‍ ബലമായി പിടിച്ചു നിവര്‍ത്തി ചുരുണ്ട് കൂടിയ കൈവിരലുകള്‍ ഓരോന്നും ബലമായി വലിച്ച് നേരെയാക്കാന്‍ ശ്രമിച്ചു. ശരീരം മുഴുവന്‍ വിരലുകള്‍ കൊണ്ട് മൃദുവായുഴിഞ്ഞു. ഒടുവില്‍ മടങ്ങിയിരിക്കുന്ന കാല്‍വണ്ണകള്‍ പിടിച്ചു നിവര്‍ത്തി ചുരുണ്ട്പോയ കാല്‍വിരലുകള്‍ക്കിടയില്‍ വിരലുകള്‍ കടത്തി അവയും നിവര്‍ത്താന്‍ ശ്രമിച്ചു. ഈ കാഴ്ചകളൊക്കെ കണ്ടു മനസ്സിലാക്കുകയല്ലാതെ സ്പര്‍ശനത്തിലൂടെ എനിക്കൊന്നും തന്നെ അനുഭവഭേദ്യമായിരുന്നില്ല. ആ അവസ്ഥയില്‍ ബലമായി പിടിച്ചു നിവര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിരലുകള്‍ അസഹയനീയമായ വേദന ഉളവാക്കേണ്ടതായിരുന്നു. പക്ഷേ ഞാനൊന്നും തന്നെയറിഞ്ഞില്ല.

“വേദനയെങ്കിലും അനുഭവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ !”

വേദന ജീവിച്ചിരിക്കുന്നു എന്നതിന്‍റെ അടയാളമാണ്. ജീവിതത്തിലാദ്യമായി ഞാന്‍ വേദനക്കായി ആത്മാര്‍ഥമായി കൊതിച്ചു പോയി !

“ഇന്നോരാള്‍ കാണാന്‍ വരുന്നുണ്ട്” പോകാന്‍ നേരം എന്‍റെ കണ്മുന്നില്‍ വന്നുനിന്നുകൊണ്ട് ചിരിയോടെ സിസ്റ്റര്‍ സൂസന്ന പറഞ്ഞു.

കുറെക്കഴിഞ്ഞപ്പോള്‍ അവള്‍ വന്നു. ഡോക്ടര്‍ ഡേവിസ് മുന്നേ പറഞ്ഞ, സിസ്റ്റര്‍ സൂസന്ന സൂചന നല്‍കിയ കുറഞ്ഞ പ്രതികരണശേഷിയുള്ളവരുമായി സംവദിക്കുവാന്‍ പ്രത്യേകപരിശീലനം കിട്ടിയ പെണ്‍കുട്ടി.

“ഹലോ മിസ്റ്റര്‍ തോമസ്‌. ഡോക്ടര്‍ ഡേവിസ് എന്നെക്കുറിച്ച് പറഞ്ഞു കാണണം, ഞാന്‍ സാനിയ. സ്പീച്ച് തെറാപ്പിസ്റ്റാണ്.” എന്‍റെ കിടക്കക്കരികില്‍ ഇരുന്നുകൊണ്ട് കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടവള്‍ പറഞ്ഞു.

“ഹലോ സാനിയ. തീര്‍ച്ചയായും ഞാനോര്‍ക്കുന്നു. അല്ലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ അധികമൊന്നും ഇല്ലല്ലോ. ഇനിയൊരിക്കലും ഒന്നും മറക്കാന്‍ സാധിക്കാത്ത വിധത്തില്‍ ജീവിതമെന്നെ കുരുക്കിക്കളഞ്ഞിരിക്കുകയല്ലേ ?” ഞാന്‍ ചോദിച്ചു.

ഒരു പുഞ്ചിരിയോടെ അവളെന്‍റെ തലയില്‍ തലോടാനായി നീട്ടിയ വിരലുകള്‍ ഒരു പുനര്‍വിചിന്തനം നടത്തി തീരുമാനത്തില്‍ മാറ്റം വരുത്തിയതുപോലെ എന്‍റെ മുടിയിഴകളില്‍ തൊട്ടശേഷം പിന്‍വലിച്ചു. പിന്നെ തെല്ലുപരിഭ്രമത്തോടെ കൈപ്പത്തികള്‍ മടിയില്‍ ഒന്നിനുമുകളില്‍ ഒന്നായി ചേര്‍ത്തു വച്ചു പരസ്പരം തിരുമ്മിക്കൊണ്ട് പറഞ്ഞു – “നിങ്ങളെ ടോമെന്നു വിളിക്കാന്‍ അനുവാദമുണ്ടെന്ന വിശ്വാസത്തോടെ ഞാന്‍ അങ്ങനെ വിളിച്ചു കൊള്ളട്ടെ. നോക്കൂ ടോം. കള്ളം പറയാന്‍ എനിക്കിഷ്ടമല്ല. എന്‍റെ കരിയറില്‍ വെറുമൊരു തുടക്കക്കാരി മാത്രമാണ് ഞാന്‍. നിങ്ങളുടെയത്രയും മോശപ്പെട്ട അവസ്ഥയിലുള്ള ഒരു രോഗിയെ ഞാനിതു വരെ കണ്ടുമുട്ടിയിട്ടു പോലുമില്ല.”

ഒന്ന് നിര്‍ത്തി എന്തോ ആലോചിച്ചിരുന്ന ശേഷം അവള്‍ തുടര്‍ന്നു. “ഡോക്ടര്‍ ഡേവിസാണ് എനിക്ക് ആത്മവിശ്വാസം തന്നത്. എന്നെക്കൊണ്ട് നിങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇതുപോലെ സ്വപ്നസമാനമായ ഒരു കരിയറിന്‍റെ തുടക്കം മറ്റാര്‍ക്കും ലഭിച്ചേക്കില്ലെന്നു പറഞ്ഞദ്ദേഹമെന്നെ കൊതിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഞാനിതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. നിങ്ങളെക്കൊണ്ട് സംസാരിക്കാന്‍ സാധിക്കും വരെ എന്‍റെ എല്ലാ പരിശ്രമങ്ങളും അതിനായി ഞാന്‍ മാറ്റി വയ്ക്കും.”

“പരീക്ഷിച്ചു പഠിക്കാന്‍ നിനക്ക് കിട്ടിയ ഗിനിപ്പന്നി കൊള്ളാമൊ ?” അവളുടെ ആത്മവിശ്വാസത്തിന് എന്‍റെ വിശ്വാസം പിടിച്ചു പറ്റാനായില്ല.  പരിഹാസച്ചുവയുള്ള ഒരു തമാശ കൊണ്ടവളെ നേരിടാനാണെനിക്കു തോന്നിയത്.

ഞാനവളെ സൂക്ഷിച്ചു നോക്കി. സുന്ദരിയെന്നോ, വിരൂപയെന്നോ പറയാന്‍ സാധിക്കാത്ത ഒരു സാധാരണ പെണ്‍കുട്ടി. ബ്യൂട്ടിപാര്‍ലറില്‍ മഴവില്ലായി വിരിയിച്ചെടുത്ത നേര്‍ത്തു വളഞ്ഞ പുരികക്കൊടികള്‍ മുഖത്തെ അഭംഗി കൂട്ടാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ. അല്‍പ്പം നീണ്ട് ആകൃതിയൊത്ത മൂക്ക്. ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ല.

“ടോമിന്‍റെ ഇടതു കണ്ണിനുമാത്രമേ ചലനശേഷിയുള്ളൂ അല്ലെ ? പക്ഷേ അതിലൂടെ സംവദിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. ശരിയാണോ ?”

“അത് പൂര്‍ണ്ണമായും ശരിയല്ല, എന്‍റെ രണ്ടു കണ്ണുകളും നല്ലതാണ്. പക്ഷെ അതുകൊണ്ട് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിക്കുമെന്നെനിക്ക് യാതൊരു വിശ്വാസവുമില്ല. സംസാരശേഷിയും പൂര്‍ണ്ണ ആരോഗ്യവുമുള്ളവരുടെ വാക്കുകള്‍ക്കു പോലും യാതൊരു ചലനങ്ങളുമുണ്ടാക്കുവാന്‍ സാധിക്കാത്ത ഈ ലോകത്ത് ജീവച്ഛവമായ ഒരുവന്‍റെ കണ്‍ചിമ്മലുകള്‍ എന്ത് മാറ്റം വരുത്താനാണ് ?” – എന്‍റെയുള്ളില്‍ വന്നു നിറഞ്ഞ പുച്ഛത്തെ ഒരു പൊട്ടിച്ചിരിയായി തുറന്നുവിടാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു ഞാന്‍ കൊതിച്ചു.

“നോക്കൂ. ടോമിന്‍റെ ചിന്തകള്‍ക്ക് ഈ ഒരൊറ്റക്കണ്ണിന്‍റെ ചിമ്മലുകളിലൂടെ പുറം ലോകവുമായി സംവദിക്കാന്‍ കഴിയുമെന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതിനായി ശാസ്ത്രീയമായ രീതികളൊന്നും ഇപ്പോഴെന്‍റെ കയ്യിലില്ല. പക്ഷേ അധികം താമസിയാതെ നമുക്കൊരെണ്ണം കണ്ടെത്തിക്കൂടെന്നില്ല” കുസൃതി നിറഞ്ഞ ഒരു ചിരിയോടെ അവള്‍ പറഞ്ഞു.

“എന്ത്, ഈ പെണ്ണിന് വട്ടാണോ ? ഇവളുടെ പരീക്ഷണങ്ങള്‍ക്ക് എന്നെ വിട്ടു കൊടുക്കാന്‍ അയാള്‍ക്ക് വട്ടാണോ ?” എനിക്ക് ഡോക്ടര്‍ ഡേവിസിനോട് കലശലായ ദേഷ്യം തോന്നി.

“ടോം, ആദ്യം ആശയവിനിമയത്തിലെ ഏറ്റവും അടിസ്ഥാനകാര്യം. ഇപ്പോള്‍ മുതല്‍ “എസ്” എന്നതിന് ടോം ഒരുതവണ കണ്ണുചിമ്മണം. “നോ” ആണെങ്കില്‍ രണ്ടു തവണയും – സമ്മതിച്ചോ ?“

ഞാന്‍ ശരിയെന്ന അര്‍ത്ഥത്തില്‍ ഒരുതവണ കണ്ണു ചിമ്മി. “നിന്‍റെ ആശയങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ല പെണ്ണേ” എന്‍റെ നിരാശ ഉള്ളിലിരുന്ന് മന്ത്രിച്ചു കൊണ്ടിരുന്നു.

“വെരി ഗുഡ്” സാനിയയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.

“ഇനി ഞാന്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കും. “എസ്” ആണെകില്‍ ഒരു കണ്‍ചിമ്മല്‍, “നോ” ആണെകില്‍ രണ്ട് – അപ്പോള്‍ തുടങ്ങാം ?”

ഒരു തമാശക്കളിക്ക് ഗത്യന്തരമില്ലാതെ കൂട്ടുചേരേണ്ടി വരുന്ന മാനസികാവസ്ഥയോടെ ഞാന്‍ ശരിയെന്ന അര്‍ത്ഥത്തില്‍ ഒരുതവണ കണ്‍ചിമ്മി.

“നമ്മളിപ്പോള്‍ ബാംഗ്ലൂരില്‍ അല്ലേ ?”

“അല്ല” (രണ്ടു കണ്‍ചിമ്മലുകള്‍)

നമ്മളിപ്പോള്‍ കൊച്ചിയിലാണോ ?”

“അതേ” (ഒരു കണ്‍ചിമ്മല്‍)

“ഐസ് വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കും – ശരിയാണോ ?”

“അതേ” (എന്തൊക്കെ വിചിത്രമായ ചോദ്യങ്ങളാണ് !!)

“നിങ്ങള്‍ക്ക് സ്ട്രോക്ക് ഉണ്ടാകും മുന്നേയുള്ള അവസാന നിമിഷങ്ങളെ നിങ്ങള്‍ ഓര്‍ക്കുന്നു”

“യെസ്”

നിങ്ങള്‍ ഒരു എംബിയെക്കാരന്‍ ആണ്”

“യെസ്”

“നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആണ്”

“യെസ്”

“നിങ്ങള്‍ ടെക്നോപാര്‍ക്കില്‍ ആല്‍ഫാ സോഫ്റ്റ്‌വെയര്‍ എന്നാ കമ്പനിയുടെ ഡെപ്യൂട്ടി സിഇഓ ആയിരുന്നു”

“അതേ”

ഒരൊ ചോദ്യങ്ങളും എന്‍റെ ഭൂതകാലഓര്‍മ്മകളെ അതിശയകരമാം വണ്ണം തട്ടിയുണര്‍ത്തിക്കൊണ്ടിരുന്നു, ഒരു സിനിമയിലെ രംഗങ്ങള്‍ റീവൈന്‍ഡ് ചെയ്യും പോലെ ! അവളുടെ അവസാന ചോദ്യത്തിന്‍റെ ഉത്തരത്തോടൊപ്പം എന്‍റെ ഓര്‍മ്മകള്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് കെട്ടുപൊട്ടിച്ചോടിപ്പോയി. എന്‍റെ കമ്പനിയും, എന്‍റെ ആഡംബര ഓഫീസും, രാവിലെ ഓഫീസിലേക്ക് കടന്നു വരുന്ന എന്നെ നിറഞ്ഞ ബഹുമാനത്തോടെ ആദരപൂര്‍വ്വം സല്യൂട്ട് ചെയ്യുന്ന യൂണിഫോം ധരിച്ച സെക്യൂരിറ്റിയും, ഓഫീസ് ജീവനക്കാരും, ബഹുമാനപൂര്‍വ്വം എനോട് സംസാരിക്കുന്ന ഇടപാടുകാരുമെല്ലാം എന്‍റെ മനസ്സിലൂടെ കടന്നു പോയി. വൈകുന്നേരങ്ങളില്‍ കാറില്‍ നഗരം ചുറ്റുന്നതും ഏതെങ്കിലും ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ നിന്ന് ഡിന്നറും രണ്ടു വോഡ്കയും കഴിച്ചു വീട്ടിലേക്കു പോകുന്നതും എല്ലാം.

“മിസ്റ്റര്‍ തോമസ്‌, ഞാന്‍ താങ്കളുടെ വലതുകണ്ണ് തുന്നിക്കെട്ടാന്‍ പോകുകയാണ്.” ഡോക്ടര്‍ ശ്രീധരന്‍റെ ശബ്ദം എന്നെ ഉണര്‍ത്തി. സാനിയ കസേരയില്‍ നിന്നെഴുന്നേറ്റു ബഹുമാനപൂര്‍വ്വം അല്‍പ്പം മാറി നില്‍ക്കുന്നുണ്ട്.

“മിസ്റ്റര്‍ തോമസ്‌ കേള്‍ക്കുന്നുണ്ടോ, ഞാന്‍ നിങ്ങളുടെ നിര്‍ജ്ജീവമായ വലതു കണ്ണു തുന്നിക്കെട്ടാന്‍ പോകുകയാണ്. കണ്ണീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിലച്ചതുമൂലം അതാകെ വരണ്ടുണങ്ങി പോയിരിക്കുന്നു. ഇനിയും തുറന്നു വച്ചിരുന്നാല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. അത് ഭാവിയില്‍ അതിന്‍റെ പ്രവര്‍ത്തനം തിരിച്ചു കിട്ടുവാനുള്ള സാധ്യതകളെ ഇല്ലാതാക്കും. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ ?”

ഞാന്‍ ഒരുതവണ കണ്ണു ചിമ്മി.

“തുന്നിക്കെട്ടും മുന്നേ മരവിപ്പിക്കണോ ? നിങ്ങള്‍ക്ക് വേദന അറിയാന്‍ സാധിക്കുന്നുണ്ടോ ?”

“നോ” ഞാന്‍ പറഞ്ഞു.

ഡോക്ടര്‍ ശ്രീധരന്‍റെ കൈകള്‍ എന്‍റെ വലതുകണ്‍പോളകളില്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം എന്‍റെ വലതു കണ്‍പോളകള്‍ അയാളുടെ സര്‍ജിക്കല്‍ നൂലിനാല്‍ പരസ്പരം ബന്ധിതരായി. അങ്ങനെ ഞാനൊരു ഒറ്റക്കണ്ണനായി – അല്ല, ഒറ്റക്കണ്ണ് മാത്രം ജീവനുള്ളവനായി !

(തുടരും)

Leave a Reply

Your email address will not be published.