Butterfly 4

വര്‍ണ്ണപ്പൂക്കളില്‍ തീര്‍ത്ത ഒരു ബൊക്കെയുമായാണ് ആന്‍ വന്നത്. കൂടെ അവളുടെ പുതിയ ഭര്‍ത്താവും എന്‍റെയും ആനിന്‍റെയും മക്കള്‍ പിങ്കിയും റിച്ചാര്‍ഡുമുണ്ടായിരുന്നു.

“ടോം, ഇത് സൈമണ്‍” അവള്‍ തികഞ്ഞ ഔപചാരികതയോടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി. അവസരത്തിന് യോജിച്ച രീതിയില്‍ നേര്‍ത്തൊരു തലയിളക്കലോടെ എന്നെ അഭിവാദ്യം ചെയ്ത ശേഷം അവള്‍ക്കെന്തിനും സ്വാതന്ത്രം അനുവദിക്കുന്നതുപോലെ അയാള്‍ നടന്നു ചെന്ന് കര്‍ട്ടന്‍ വലിച്ച് നീക്കി ജനലരികില്‍ പുറത്തേക്ക് നോക്കിയിരുന്നു.

കട്ടിലിന്നരികിലെ സന്ദര്‍ശകര്‍ക്കുള്ള കസേരയിലേക്കിരുന്ന് എന്‍റെ കരം ഗ്രഹിച്ചുകൊണ്ട് ഒരു നേര്‍ത്ത കരച്ചിലിന്‍റെ ശബ്ദത്തില്‍ ആന്‍ ചോദിച്ചു. “ഇപ്പോള്‍ നിനക്കെങ്ങനെയുണ്ട് ടോം ?”

എന്‍റെ കണ്ണുകളപ്പോള്‍ മക്കളെ തേടുകയായിരുന്നു. അത് മനസ്സിലാക്കിയ ആന്‍ “പപ്പയുടെ അടുത്തേക്ക് വാ” എന്ന് പറഞ്ഞ് ഞാനെന്ന ഭീതിതമായ കാഴ്ചയില്‍ നിന്ന് സംരക്ഷണം തേടി തനിക്കു പിന്നില്‍ മറഞ്ഞു നിന്നിരുന്ന മക്കളെ പിടിച്ചു വലിച്ച് എന്‍റെ നേര്‍ക്ക്‌ നീക്കി നിര്‍ത്താന്‍ ശ്രമിച്ചു. ആറു വയസ്സിന്‍റെ പക്വത പ്രകടിപ്പിക്കും പോലെ പിങ്കി ഒരു വിളറിയ ചിരിയോടെ കട്ടിലിനോട് ചേര്‍ന്നു നിന്നപ്പോള്‍ മൂന്നു വയസുകാരന്‍ റിച്ചാര്‍ഡ് ഭയന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് അമ്മയുടെ മടിയില്‍ അഭയം തേടി അവളുടെ മാറിടത്തില്‍ മുഖം പൂഴ്ത്തിയിരുന്നു.

“പിങ്കി, പപ്പയുടെ കൈയില്‍ തൊട്ടേ” ആന്‍ മകളുടെ കൈയെടുത്ത് എന്‍റെ കൈപ്പത്തിയോടു ചേര്‍ത്തു വച്ചു. കാഴ്ചയിലൂടെ അവളുടെ കൈയുടെ നൈര്‍മ്മല്യം എന്‍റെ ഹൃദയത്തെ കുറച്ചു നേരത്തേക്ക് അലിയിച്ചു കളഞ്ഞു. ആനിന്‍റെ സാന്ത്വന വാക്കുകള്‍ക്കു ചെവികൊടുക്കാതെ റിച്ചാര്‍ഡ് നിറുത്താതെ കരയുകയാണ്. പപ്പയെ ജീവനായിരുന്ന റിച്ചാര്‍ഡ്‌. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ക്കായുള്ള അവകാശ വാദം ഉന്നയിച്ചുകൊണ്ട് ദീര്‍ഘമായ നിയമയുദ്ധത്തിനൊടുവില്‍ കോടതി വിധി മാനിച്ച് ആനിന് പറിച്ചെടുത്തെന്നോണം കൈമാറുമ്പോഴും റിച്ചാര്‍ഡ് ഇതുപോലെ കരഞ്ഞിരുന്നു. ഏറെക്കാലം നഷ്ടബോധം തോനിയിരുന്നെങ്കിലും അന്ന് അങ്ങനെയൊരു വിധി വന്നത് നന്നായെന്നു ഇപ്പോള്‍ മനസ്സു പറഞ്ഞു.

സൈമണ്‍ എഴുന്നേറ്റു വന്ന് പുറം കാഴ്ചകള്‍ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞുകൊണ്ട് മക്കളെക്കൂട്ടി മുറിവിട്ടു പോയി. പിങ്കി അയാളുടെ ചൂണ്ടുവിരലില്‍ തൂങ്ങിയും റിച്ചാര്‍ഡ് തോളില്‍ക്കിടന്നും സന്തോഷത്തോടെ പോകുന്നത് നോക്കിക്കിടക്കുമ്പോള്‍ എന്‍റെ മനസ്സു തേങ്ങി. സ്നേഹവും കാരുണ്യവും അസഹിഷ്ണുത ജനിപ്പിക്കുന്ന മോശം ഗുണങ്ങളാവുന്ന അപൂര്‍വ്വ നിമിഷങ്ങളും ജീവിതത്തിലുണ്ട് !.

ദിവസവും നനഞ്ഞ തുണികള്‍ കൊണ്ട് വൃത്തിയാക്കപ്പെട്ടിരുന്ന ശരീരം കുളിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആഴ്ചയിലെ ഏകദിവസമായിരുന്നു അന്ന്. രണ്ട് അറ്റന്‍ഡര്‍മാര്‍ ചേര്‍ന്ന് രോഗബാധിതനായ ശേഷം ആദ്യമായെന്നെ വീല്‍ചെയറില്‍ എടുത്തിരുത്തി. സൂസന്ന സിസ്റ്റര്‍ വീല്‍ ചെയര്‍ തള്ളിക്കൊണ്ട് ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു. അല്‍പ്പം ചരിഞ്ഞു തൂങ്ങിക്കിടന്നിരുന്ന വീല്‍ചെയറിന്‍റെ ചലനത്തില്‍ ഇളകുന്ന ശിരസ്സില്‍ അടയാതെ തുറന്നു വച്ച ഇടതു കണ്ണ് പകല്‍ വെളിച്ചത്തിലെ കാഴ്ചകളെ ആര്‍ത്തിയോടെ വിഴുങ്ങി. അടച്ചിട്ട മുറിയുടെ ശ്വാസം മുട്ടലില്‍ നിന്നും തുറസ്സായ സ്വാതന്ത്രത്തിലേക്കുള്ള വരവ് എന്‍റെ നിരാശ ബാധിച്ച മനസ്സിനെ ഒരു മൃതസഞ്ജീവനി പോലെ പുനരുജ്ജീവിപിച്ചു തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു.

ഫിസിയോ തെറാപ്പി ബ്ലോക്കിലെ ശരീരം തളര്‍ന്ന രോഗികള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ കുളിമുറിയിലെ സ്റ്റീല്‍ ടബില്‍ അവരെന്നെയെടുത്തു കിടത്തി. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റി മുട്ടിനു മുകളില്‍ വരെയെത്തുന്ന ഒരു വെള്ളടവ്വല്‍ ഉടുപ്പിച്ചു. ടബ്ബില്‍ വെള്ളം വീഴുന്ന ശബ്ദം ഒരിക്കിളി പോലെ എന്‍റെ ഓര്‍മ്മകളെ ഉത്തേജിപ്പിച്ചു. കടല്‍ക്കരയില്‍ ഷൂസ് ഊരിമാറ്റിയിട്ടു നഗ്നപാദനായി പിങ്കിയെയും എടുത്തു തിരകളില്‍ ഓടിക്കളിക്കുന്ന ഞാന്‍. മടിയില്‍ കൈക്കുഞ്ഞായ റിച്ചാര്‍ഡുമായി അല്‍പ്പം അകലെ മണലില്‍ മാറിയിരിക്കുന്ന ആന്‍. ഒരൊ തിരമാലയും പാദങ്ങളെ ചുംബിക്കും മുന്നേ ഞാന്‍ ചാടി മാറുമ്പോള്‍ എന്‍റെ തോളിലിരുന്നു നിര്‍ത്താതെ പൊട്ടിച്ചിരിക്കുന്ന പിങ്കി. അവളുടെ ചിരികള്‍ ഒരു പകവീട്ടല്‍ പോലെ ഏറ്റു വാങ്ങി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന പ്രതിജ്ഞയുമായി കടലിലേക്ക്‌ പിന്‍വാങ്ങുന്ന തിരകള്‍.

“തണുക്കുന്നുണ്ടോ ?” സൂസന്ന സിസ്റ്ററുടെ ചോദ്യം സ്റ്റീല്‍ ടബിലെ തളര്‍ന്ന ശരീരത്തിലേക്ക് വീണ്ടും ഓര്‍മ്മകളെ നനച്ചു തളര്‍ത്തിയിട്ടു.

“ഇല്ല” അവര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും ഞാന്‍ പറഞ്ഞു.

സൂസന്ന സിസ്റ്ററും സുന്ദരിയായ ചെറുപ്പക്കാരി സിസ്റ്ററും കൂടിയാണ് കുളിപ്പിക്കുന്നത്. അവരുടെ പേര് നീലിമ എന്നാണ്. പരിമിതമായ കാഴ്ചയെ മുറിയുടെ സീലിംഗില്‍ തളച്ചിട്ടു ഞാന്‍ വെറുതെ കിടന്നു. ഉടുപ്പിച്ചിരിക്കുന്ന ടവ്വല്‍ ഇടയ്ക്കിടെ മാറിപ്പോകുമ്പോള്‍ വെളിവാകുന്ന നഗ്നത ജാള്യത സൃഷ്ടിച്ചു. ഒരിക്കലും സ്വന്തം നഗ്നത ഇത്രയും അരോചകമായി അനുഭവപ്പെട്ടിട്ടില്ല. പൌരുഷം തെളിയിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് നഗ്നത ഒരു ബാധ്യതയായി അനുഭവപ്പെടുക. പൂര്‍ണ്ണപുരുഷനായ ശേഷം പൗരുഷം തെളിയിക്കുക എന്ന ലക്ഷ്യത്തോടെയല്ലാതെ സ്ത്രീകൾക്ക് മുന്നിൽ നഗ്നനാക്കപ്പെടെണ്ടി വന്ന ആദ്യ സന്ദര്‍ഭമായിരുന്നിട്ടും അക്കാരണം കൊണ്ടുതന്നെയാവണം, എന്‍റെ മനസ്സ് ക്രമേണ നിര്‍വ്വികാരമായി മാറിയത്. എങ്കിലും മനസ്സിലിനിയും തളരാന്‍ സന്നദ്ധനായിട്ടില്ലാത്ത പുരുഷനെ സമാധിപ്പിക്കുവാൻ കുളിപ്പിക്കുന്ന കൈകള്‍ക്കു മുന്നില്‍ ഞാൻ ലജ്ജ പുതച്ചു കിടന്നു കൊടുത്തു.

കുളിക്ക് ശേഷം സൂസന്ന സിസ്റ്റര്‍ ടവല്‍ കൊണ്ട് എന്‍റെ ശരീരത്തിലെ നനവെല്ലാം തുടച്ചു മാറ്റി പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. മുടി ചീകി വെക്കാനായി ഒരു കണ്ണാടി എന്‍റെ മുഖത്തിനു നേരെ കൊണ്ടുവന്നു. കണ്ണാടിയില്‍ കണ്ട മുഖത്തെ ഞാന്‍ അറപ്പോടെ, അതിനേക്കാള്‍ അതിശയത്തോടെ നോക്കി. കരുത്തുറ്റതായിരുന്ന സമൃദ്ധമായ മുടി പോലും തളര്‍ച്ച ബാധിച്ചത് പോലെ വിളറിയിരിക്കുന്നു. വലതുകണ്‍പോളകളില്‍  ഭീഭത്സത ജനിപ്പിച്ച് തുന്നിക്കെട്ടിന്‍റെ കറുത്ത പാടുകള്‍. എല്ലുന്തി ഒട്ടിയ കവിളികള്‍ക്ക് നടുവില്‍ എപ്പോഴും തുറന്നിരിക്കുന്ന വായ അറപ്പുളവാക്കുന്ന രീതിയില്‍ ഒരു വശത്തേക്ക് കോടിപ്പോയിരിക്കുന്നു. അതിനുള്ളില്‍ ചത്ത മീനിനെ അനുസ്മരിപ്പിക്കുന്ന നിശ്ചലമായ നാവ്. ഇടതുകണ്ണ് മാത്രം ഒരു ശരീരത്തിന്‍റെ എല്ലാ ആര്‍ത്തിയും പ്രകടിപ്പിക്കും പോലെ അസാധാരണവലിപ്പത്തില്‍ കുഴിയില്‍ നിന്ന് പുറത്തു ചാടാന്‍ വെമ്പല്‍ കൂട്ടി ഇളകുന്നു. ആ കണ്ണാടിയില്‍ നിന്ന് മുഖം തിരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നായിരിക്കാം ഞാന്‍ ജീവിതത്തില്‍ ഏറ്റവും തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടായിരിക്കുക. ഒരിക്കല്‍ പ്രിയമിത്രമായിരുന്ന കണ്ണാടിയെ ഞാന്‍ അത്രയും വെറുത്തു പോകുന്നു. നിമിഷങ്ങള്‍ കൊഴിഞ്ഞു വീഴവെ മെല്ലെമെല്ലെ എന്‍റെ മനസ്സ് ശാന്തമാക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. സൂസന്ന സിസ്റ്റര്‍ മുടി ചീകി വച്ചപ്പോഴേക്കും ഒരുപാട് കാലം അകറ്റി നിര്‍ത്താനാകാത്ത, എപ്പോഴും സത്യം മാത്രം പറയുന്ന ഒരു നല്ല സുഹൃത്തിനെപ്പോലെ കണ്ണാടി വീണ്ടും എനിക്ക് പ്രിയപ്പെട്ടവനായി. ചാഞ്ഞും ചരിഞ്ഞുമുള്ള ഏതാനും നോട്ടങ്ങളില്‍ ഞാന്‍ വീണ്ടും സുന്ദരനായി ! മനസ്സാണ് ഏറ്റവും നല്ല കണ്ണാടി, സൗന്ദര്യവും !

സാനിയ അന്നു വന്നത് ഏറെ ആഹ്ലാദവതിയായിട്ടായിരുന്നു.

“ഞാന്‍ പറഞ്ഞില്ലേ, നിങ്ങളുടെ പരിമിതമായ സംവേദന രീതിയുപയോഗിച്ച് ആശയവിനിമയം സാധ്യമാക്കുന്ന ഏറ്റവും മികച്ച രീതി നമുക്ക് കണ്ടെത്താമെന്ന് ?” അവള്‍ ചോദിച്ചു.

ഞാന്‍ ആകാംക്ഷയോടെ അവളെത്തന്നെ നോക്കിക്കിടക്കെ അവള്‍ ബാഗില്‍ നിന്നൊരു പേപ്പര്‍ എടുത്തു. അതില്‍ മൊബൈല്‍ ഫോണിന്‍റെ ഡയല്‍പാഡിന്‍റെ വ്യക്തമായ ഒരു ചിത്രമുണ്ടായിരുന്നു.

“ഇത് നോക്കൂ” ചിത്രം വ്യക്തമായി കാണാവുന്ന വിധത്തില്‍ കടലാസ് എന്‍റെ മുഖത്തിനു നേരെ നീക്കിപ്പിടിച്ചു കൊണ്ടവള്‍ പറഞ്ഞു തുടങ്ങി.

“ഇതിലെ രണ്ടുമുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങള്‍ക്ക് മൂന്നും രണ്ടെണ്ണത്തിന് മാത്രം നാലും അക്ഷരങ്ങള്‍ എന്ന കണക്കില്‍ ഇംഗ്ലിഷ് അക്ഷരമാലയിലെ മുഴുവന്‍ അക്ഷരങ്ങളും സംവിധാനിച്ചിട്ടുണ്ട്‌. കുറച്ചുകാലം മുന്‍പ് വരെ നമ്മള്‍ മെസേജുകള്‍ ടൈപ് ചെയ്യാനും ഇത്തരം കീപാഡുകള്‍ ആണ് ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ ഒരൊ അക്കവും പ്രതിനിധാനം ചെയ്യുന്ന അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് പരിചിതമായിരിക്കും. നിങ്ങളുടെ സൌകര്യാര്‍ത്ഥം ഇമ്ഗ്ലിഷോ മലയാളം വാക്കുകളോ ചുരുക്കെഴുതോ ഉപയോഗിക്കാം.. ഞാന്‍ 2 മുതല്‍ 9 വരെ സാവധാനം പറയും. നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന അക്ഷരം വരുന്ന അക്കമെത്തുമ്പോള്‍ നിങ്ങള്‍ കണ്ണു ചിമ്മുക. അതിലുള്ള മൂന്നോ നാലോ അക്ഷരങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കും. അപ്പോഴും നിങ്ങളുദ്ദേശിക്കുന്ന അക്ഷരത്തില്‍ നിങ്ങള്‍ക്ക് കണ്‍ചിമ്മാം.” അവള്‍ എങ്ങനെയുണ്ട് എന്ന അര്‍ത്ഥത്തില്‍ ആവേശത്തോടെ എന്നെ നോക്കി.

“നിന്‍റെ ഐഡിയകളൊന്നും പ്രായോഗികമാകാന്‍ പോകുന്നില്ല പെണ്ണേ” അവളുടെ ആത്മവിശ്വാസം എന്നെ തെല്ലും ആവേശഭരിതനാക്കിയില്ല.

“നിങ്ങള്‍ പറയാനുദ്ദേശിക്കുന്ന വാക്കുകള്‍ മുഴുവന്‍ അക്ഷരങ്ങളും തെരഞ്ഞെടുത്തു പൂര്‍ണ്ണമായി പറയണമെന്നോന്നുമില്ല. ഉദാഹരണത്തിന് ‘ക്ഷമിക്കണം’ എന്ന വാക്കാണ്‌ നിങ്ങള്‍ പറയുവാന്‍ മനസ്സിലുദ്ദേശിച്ചതെങ്കില്‍ ‘S R Y’ എന്നീ അക്ഷരങ്ങള്‍ പറഞ്ഞാല്‍ മതി, വാക്ക് ഞാന്‍ ഊഹിച്ചെടുത്തു കൊള്ളാം. സംശയം തോന്നുന്നവ ശരിയാണോ എന്ന് ഒരുവട്ടം നിങ്ങളോട് ചോദിച്ച് ഉറപ്പുവരുത്തുകയും ആവാം. എങ്ങനെയുണ്ട് ?” അവള്‍ നിറഞ്ഞ പ്രതീക്ഷയോടെ എന്നെ നോക്കി. ഭാവരഹിതമായ എന്‍റെ മുഖത്തു നിന്നും തന്‍റെ മനസ്സിനെ ത്രുപ്തിപ്പെടുത്താന്‍ അവള്‍ തെരഞ്ഞെടുത്ത വികാരം സംത്രുപ്തിയാണെന്ന് ഞാന്‍ ഊഹിച്ചു.

“എങ്കില്‍ തുടങ്ങാം” ഒരു കയ്യില്‍ എനിക്കുനേരെ തിരിച്ചു പിടിച്ച ഡയല്‍ പാഡിന്‍റെ ചിത്രവും മറുകയ്യില്‍ പേനയും ലെറ്റര്‍ പാഡുമായി അവള്‍ എഴുതിയെടുക്കാന്‍ തയ്യാറായി.

“ഇന്ത്യയില്‍ ദയാവധത്തിന്‍റെ നിയമസാധുത എന്താണ് ? എനിക്ക് മരിക്കണം”. ഞാന്‍ ആദ്യമായി പറഞ്ഞ വാചകങ്ങള്‍ അതായിരുന്നു. സാനിയയുടെ മുഖത്തേക്ക് ആദ്യം സങ്കടവും നിരാശയും ദേഷ്യവും ഇരച്ചു കയറുന്നത് ഒരുതരം പ്രതികാരബുദ്ധിയോടെ ഞാന്‍ നോക്കിക്കണ്ടു. ദേഷ്യത്തോടെ അവള്‍ അമര്‍ത്തിച്ചവിട്ടിക്കൊണ്ട് മുറിവിട്ടു പോയി.

എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം അവള്‍ തിരികെയെത്തി. “ക്ഷമിക്കണം, ഞാനൊരു നിമിഷം ഒത്തിരി സ്വാര്‍ത്ഥയായിപ്പോയി. താങ്കളുടെ അവസ്ഥയില്‍ നിന്ന് ഞാന്‍ ഒരിക്കലും ചിന്തിക്കാന്‍ ശ്രമിച്ചില്ല. മനസ്സു നിറയെ എനിക്കെന്‍റെ കഠിനാധ്വാനം വിലകുറച്ച് കണ്ടതിന്‍റെ നിരാശയായി. ഞാനൊരു സാധാരണ മനുഷ്യനായി ചിന്തിച്ചു പോയി.” അവളുടെ ആത്മാര്‍ത്ഥമായ വാക്കുകള്‍ എന്‍റെ മനസ്സിനെ പിടിച്ചുലച്ചു കളഞ്ഞു. എന്‍റെ ഹൃദയത്തില്‍ ആത്മവിശ്വാസത്തിന്‍റെ വേലിയേറ്റമുണ്ടാകുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. എന്‍റെ മനസ്സിനു ആഹ്ലാദം എന്ന വികാരം കൊള്ളാനും സാധിക്കുമെന്ന് ആവേശത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു.

“ഹേ, നിസ്വാര്‍ത്ഥയായ പെണ്‍കുട്ടീ, നിന്‍റെ അദ്ധ്വാനവും പ്രതീക്ഷകളും നിറവേറ്റാനായിട്ടെങ്കിലും ഞാന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.” എന്‍റെ മനസ്സ് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു. അവള്‍ അവതരിപ്പിച്ച ആശയം എന്‍റെ ഇന്നത്തെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഏറ്റവും മികച്ചത് തന്നെയെന്നു ഞാന്‍ മനസ്സിലാക്കി. എന്‍റെ പ്രതീക്ഷകള്‍ നശിച്ചിട്ടില്ല, കാരണം എന്‍റെ ബുദ്ധിശക്തി ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. എനിക്ക് ലോകത്തോട്‌ സംവദിക്കണം !

“എന്നെ പുറത്തേക്ക് കൊണ്ടുപോകാമോ ?” എന്‍റെ രണ്ടാമത്തെ വാചകം എഴുതിത്തീര്‍ന്നപ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങി. ആ തിളക്കത്തിലേക്ക് എന്‍റെ മനസ്സിലെ ശലഭങ്ങള്‍ ചിറകടിച്ചു പറന്നു.

പലപ്പോഴും മനസ്സിലുദ്ദേശിച്ച ഒരു വാക്ക് അവളിലെത്തിക്കാന്‍ ഉസൈന്‍ ബോള്‍ട്ട് നൂറുമീറ്റര്‍ ഓടുവാനെടുക്കുന്ന മുഴുവന്‍ കായികാധ്വാനത്തേക്കാള്‍ പരിശ്രമം എന്‍റെ ഇടതുകണ്ണിന്‍റെ പേശികകള്‍ക്ക് നടത്തേണ്ടി വന്നെന്നത് സത്യമാണ്. കണ്ണുനീര്‍ ഗ്രന്ഥികള്‍ ഭാഗികമായി പണിമുടക്കിയത് കൊണ്ടുമാത്രമായിരിക്കാം എന്‍റെ വേദനകള്‍ പൂര്‍ണ്ണമായും ആരും തിരിച്ചറിയാതിരുന്നത് !

പക്ഷേ ഒരൊ വാക്കും ശരിയായി അവളെക്കെത്തിച്ചേരുമ്പോള്‍ ഞാന്‍ അനുഭവിച്ചത് മാരത്തോണ്‍ മത്സരം മൈലുകളുടെ വ്യത്യാസത്തില്‍ ജയിച്ച ഒരു ഓട്ടക്കാരന്‍റെ ആത്മസംതൃപ്തിയായിരുന്നു !

(തുടരും)

Leave a Reply

Your email address will not be published.