Butterfly 5

ഒടുക്കം, ആയുസ്സിന്‍റെ പുസ്തകത്തില്‍ എനിക്കനുവദിച്ച പേജുകളുടെ കൃത്യമായ കണക്ക് അവരിന്നലെ – ഇനി പിശകുപറ്റില്ലെന്ന ദൃഡവിശ്വാസത്തോടെ – കൃത്യമായി നിര്‍ണ്ണയിച്ചു.

ഡോക്ടര്‍ ഡേവിസ് പോലുമെന്നോട് തുറന്നു പറയാതിരുന്ന എന്‍റെ ആസന്നമായ അന്ത്യം അവര്‍ക്കുപോലും അത്ഭുതമായി നീണ്ടു പോകവേ വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന നിയോഗമായി കടുത്ത ന്യുമോണിയ എന്നെത്തേടിയെത്തുകയായിരുന്നു.

“സാനിയാ, എനിക്കൊരു പുസ്തകമെഴുതണം !” ഏതാനും നിമിഷങ്ങള്‍ അവളെന്നെ അവിശ്വസനീയമായി നോക്കിയിരുന്നു. പിന്നെ അവളെന്നെ സന്തോഷം കൊണ്ട് വാരിപ്പുണര്‍ന്നു കൊണ്ട് പറഞ്ഞു – “തീര്‍ച്ചയായും നിങ്ങള്‍ക്ക് കഴിയും ടോം, തീര്‍ച്ചയായും കഴിയും !”

“എനിക്കല്ല സാനിയ, നമുക്ക്” ഞാനവളെ തിരുത്തി.

“ദൈവത്തെക്കുറിച്ച് ? അല്ലെങ്കില്‍ നിങ്ങളുടെ കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് ?” എന്തിനെക്കുറിച്ചെഴുതണം, എവിടെ തുടങ്ങണം എന്ന ആശയക്കുഴപ്പത്തില്‍ ഞാന്‍ ഉഴറി നില്‍ക്കെ അവള്‍ നിര്‍ദ്ദേശം വച്ചു.

“ഹഹ. നല്ല നിര്‍ദ്ദേശം. വിഷയം അതുതന്നെ ആയിക്കോട്ടെ. പക്ഷെ എന്ത് കൊണ്ട് ഞാന്‍ ദൈവത്തെയും കഴിഞ്ഞു പോയ ജീവിതത്തെയും കുറിച്ചെഴുതുന്നില്ല എന്നായിരിക്കണെന്ന് മാത്രം”

എന്‍റെ മറുപടി അവളെ തെല്ലു കുഴപ്പിച്ചു.

ഒറ്റക്കണ്ണിന്‍റെ ചിമ്മിത്തുറക്കലുകളിലൂടെ അക്ഷരങ്ങള്‍ കോര്‍ത്തു വാക്കുകള്‍ സൃഷ്ടിക്കുന്ന വിദ്യയില്‍ ഞാന്‍ നൈപുണ്യം നേടിക്കഴിഞ്ഞിരുന്നു. എങ്കിലും അതുതന്നെ ശരാശരി രണ്ടു മിനിറ്റില്‍ ഒരു വാക്കെന്ന ഒച്ചിഴയുന്ന വേഗത്തിലായിരുന്നു. വാക്കുകള്‍ തീരഞ്ഞെടുക്കുന്നതില്‍ പിശുക്കും സൂക്ഷ്മതയും പാലിക്കുവാന്‍ അതെന്നെ നിര്‍ബന്ധിതനാക്കി.

“ഞാനെന്നും ഒരു ദൈവവിശ്വാസിയായിരുന്നു. പക്ഷേ അപകടം എന്നിലെ ദൈവവിശ്വാസത്തിന്‍റെയും തീവ്രതയോ പ്രാര്‍ത്ഥനകളുടെ തോതോ
വർദ്ധിപ്പിച്ചിട്ടില്ല. സന്ദര്‍ഭത്തിനനുസരിച്ചു പ്രാർത്ഥനയുടെ ദൈര്‍ഘ്യത്തിലും
തീവ്രതയിലും ഏറ്റക്കുറച്ചിൽ വരുത്തുന്ന ദൈവവിശ്വാസത്തിലെ മുതലെടുപ്പ്
രാഷ്ട്രീയം എനിക്കൊരിക്കലും ഉൾക്കൊള്ളാൻ ആകുന്നതുമല്ല.” ദൈവവിശ്വാസത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് അവളെ ഞാന്‍ അറിയിച്ചു.

“ഇതുപോലെ തന്നെയാണ് എന്‍റെ മുന്‍കഴിഞ്ഞ ജീവിതവും. ഞാനൊരിക്കലും ഒരു നല്ലവനോ മാതൃകാപുരുഷോത്തമനോ ആയിരുന്നില്ല. ആയിരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. ഞാന്‍ ജീവിച്ചു തീര്‍ത്ത നിമിഷങ്ങളിലെ തിന്മകളോ നന്മകളോ എന്നെ അലട്ടുന്നില്ല. ഇനിയും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ അവസരം കിട്ടിയാലും ഞാനായിത്തന്നെ ജീവിക്കാനായിരിക്കും ഞാന്‍ ശ്രമിക്കുക. എന്‍റെ അടിസ്ഥാനസ്വഭാവങ്ങള്‍, ചിന്തകള്‍, ശരിതെറ്റുകള്‍, വിശ്വാസങ്ങള്‍ – എന്‍റെ ജീവിതം. അല്ലെങ്കിത്തന്നെ പഴയതും പുതിയതും താരതമ്യം ചെയ്യുന്നതിനേക്കാള്‍ നിരര്‍ത്ഥകമായി മറ്റെന്താനുള്ളത്‌ ?”

നാട്ടിലെ പഴയൊരു സുഹൃത്ത്‌ ഒരുദിവസം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനായി വന്നു. കിറുക്കനെന്നും ശല്യക്കാരനെന്നും മുദ്രകുത്തി എന്‍റെ തിരക്കുപിടിച്ച ജീവിതസമയങ്ങളില്‍ ഞാന്‍ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചിരുന്ന ഒരുമനുഷ്യന്‍. പക്ഷേ ഒരൊറ്റ ദിവസം കൊണ്ട് അയാളെന്‍റെ ധാരണകളെല്ലാം തിരുത്തിക്കുറിച്ച് കളഞ്ഞു. എന്‍റെ അവസ്ഥയില്‍ അയാള്‍ കപടമായി ഖേദിച്ചു കണ്ടില്ല. എന്‍റെ വക്രിച്ചു വിരൂപമായിപ്പോയ മുഖത്തെക്കും ശരീരത്തിലേക്കും ദയനീയമായി നോക്കി മുഖത്ത് നിഴലിച്ച അന്ധാളിപ്പിനെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചില്ല. ശ്രദ്ധയില്ലാത്ത മനസ്സോടെ പ്രാര്‍ത്ഥന ചൊല്ലി ഒടുവില്‍ ‘എല്ലാം ശരിയാകുമെന്ന’ ആശ്വാസവാക്കുകള്‍ ദൈവത്തിങ്കലേക്കെറിഞ്ഞു കൊടുത്തില്ല. പകരം സ്ഥിരമായി കാണുമ്പോള്‍ ചെയ്തിരുന്നതുപോലെ എന്തിനെയൊക്കെയോ കുറിച്ച് വാതോരാതെ സംസാരിച്ചു. അയാള്‍ സംസാരിക്കുന്ന വിഷയങ്ങളെയല്ല ഞാനപ്പോള്‍ ശ്രദ്ധിച്ചത്. അയാളെയായിരുന്നു ! സാനിയ കഴിഞ്ഞാല്‍ ഒരുദിവസം എന്നോടൊപ്പം ആ മുറിയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് അയാളായിരുന്നു. പോകും മുന്നേ ടീപ്പോയില്‍ കിടന്നിരുന്ന ദിനപത്രവും ആനുകാലികങ്ങളും ഒരുവരി പോലും വിടാതെ അയാളെന്നെ വായിച്ചു കേള്‍പ്പിച്ചു. ഇടയ്ക്കിടെ എന്‍റെ പ്രതികരണമറിയാനെന്നോണം എന്‍റെ ഇടതുകണ്ണിലേക്ക് നോക്കി ഞാന്‍ പറയാത്ത എന്‍റെ അഭിപ്രായങ്ങളെ വായിച്ചെടുത്തു. മനുഷ്യത്വമെന്നാല്‍ അനുകമ്പ കാണിക്കല്‍ എന്നല്ല, ഒരു മനുഷ്യനായി പെരുമാറുക എന്നതാണെന്ന് ഞാന്‍ പഠിച്ചു. ഒരിക്കൽ താൻ അകറ്റി നിർത്തിയതും ഇന്ന് തനിക്ക് തണലാകുന്നതും അയാളിലെ അതേ മനുഷ്യത്വമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഓരോ പ്രവൃത്തിയും മനസ്സിലാക്കപ്പെടാൻ ഓരോ സന്ദർഭങ്ങൾ ജനിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കാൻ അവസരം ഉള്ളപ്പോൾ മാത്രമേ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തപ്പെടുകയുള്ളൂ. ഒന്നും നാം കാണാത്തതല്ല, ശ്രദ്ധിക്കാൻ സമയമില്ലാത്തതാണ് !

ഞാനൊരു എഴുത്തുകാരനൊന്നും ആയിരുന്നില്ല. എന്നിട്ടും ഒരു പ്രമുഖ പ്രസാധകന്‍ എന്‍റെ പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ചു. ഞാനെഴുതിയ ആദ്യരണ്ട് അദ്ധ്യായങ്ങള്‍ വായിച്ച് ഇഷ്ടപ്പെട്ടിട്ടാണ് അവരതിന് സമ്മതിച്ചതെന്ന സാനിയയുടെ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചില്ല.  കണ്ണിമ മാത്രം അനക്കാന്‍ സാധിക്കുന്നയാളെ വിറ്റഴിക്കാന്‍ എളുപ്പമാണെന്ന കച്ചവടതന്ത്രം മാത്രമായിരിക്കണം. എങ്കിലും എന്‍റെ ചിന്തകള്‍ ആളുകളിലെക്കെത്തിക്കാന്‍ സാധിക്കുന്നതില്‍ എനിക്ക് കൃതാര്‍ത്ഥത തോന്നി.

ഇതുവരെ ഞാനെഴുതിയത് പുസ്തകത്തിന്‍റെ അളവില്‍ ഇരുപതോ മുപ്പതോ പേജുകളോളം വരുമെന്ന് സാനിയ പറഞ്ഞു. ഒരു പുസ്തകമാക്കാന്‍ തീര്‍ച്ചയായും അതു പോരാ. അറിയപ്പെടുന്ന എഴുത്തുകാരനെക്കൊണ്ട് അവതാരിക എഴുതിക്കാം എന്നുള്ള പ്രസാധകന്‍റെ നിര്‍ദ്ദേശം ഞാന്‍ ശക്തിയുക്തം തിരസ്കരിച്ചു. ഞാനെന്ന വ്യക്തിയുടെ അവതാരകയായ സാനിയയെ തന്നെ ഞാനാ കര്‍ത്തവ്യം ഏല്‍പ്പിച്ചിരിക്കുകയാണ്. അവളെക്കാള്‍ നന്നായി എന്‍റെ പുസ്തകം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കാണ് സാധിക്കുക ?

ഇന്ന് രാവിലെ സാനിയ കുറെ കുലുക്കി വിളിച്ചപ്പോഴാണ് ഞാന്‍ കഷ്ടപ്പെട്ട് എന്‍റെ ഇടം കണ്ണു ബലമായി വലിച്ചു തുറന്നത്. ഏറെ നേരമായി വിളിക്കാന്‍ തുടങ്ങിയിട്ടെന്നു അവള്‍ പറഞ്ഞു. “ഇന്നെഴുത്ത് വേണ്ട, എനിക്ക് നല്ല സുഖമില്ല” ഞാനവളോട്‌ പറഞ്ഞു. എനിക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് അവള്‍ ഉറപ്പിച്ചു. പരിഭ്രമത്തോടെ വേഗം പോയി അവള്‍ ഡോക്ടര്‍ ശ്രീധരനെ കൂട്ടിക്കൊണ്ടു വന്നു. വൈകുന്നേരത്തോടെ അവരത് സ്ഥിരീകരിച്ചു – എന്‍റെ അസുഖം ഒരുപാട് മൂര്‍ഛിച്ചിരിക്കുന്നു. എന്‍റെ ഇടതുകണ്ണ്‍ നിരന്തരം തുടിച്ചു. പ്രാണജലത്തിനായി വാ തുറക്കുന്നവന്‍റെ ആര്‍ത്തിയോടെ അത് ചുറ്റിലെ കാഴ്ചകളില്‍ അഭിരമിച്ചു. ഓര്‍മ്മ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഉണരാത്ത ഉറക്കം മാത്രമായി മാറി.

* * * ** ** ** ** ** ** ** ** *
വായിച്ചു തീര്‍ന്ന പുസ്തകം അടച്ചു വെക്കും മുന്നേ പുറം ചട്ടയില്‍ വിരലുകള്‍ ഓടിച്ചു കൊണ്ട് അവള്‍ ഒരിക്കല്‍ക്കൂടി ആമുഖം തുറന്നു വായിച്ചു.

“സാനിയ – എഴുത്തുകാരന്‍റെ പേരിനോപ്പമോ അതിനേക്കാള്‍ മുകളിലോ നിങ്ങള്‍ ഈ പേര് ചേര്‍ത്തു വായിക്കുക. കാരണം അപകടം മായ്ച്ചു കളഞ്ഞ എന്‍റെ ഓർമ്മകളിലേക്കുള്ള നൂലിഴകളിൽ തൂങ്ങിയുള്ള ഓരോ യാത്രകളൊരുക്കിയ ഓരോ നൂലിഴകളും അവൾ ഒരുക്കിത്തന്ന ദൃശ്യങ്ങളായിരുന്നു. ഒരിക്കൽ എന്നെ വീല്‍ചെയറിലിരുത്തി ആശുപത്രിയുടെ ബാല്‍ക്കണിയിലേക്കവള്‍ കൂട്ടിക്കൊണ്ടുപോയി. ഭൂമിക്കുസമാന്തരമായി ഒരുപക്ഷം പക്ഷികൾ സ്വതന്ത്രമായി  താഴ്ന്നു പറന്നു നീങ്ങുന്നുണ്ടായിരുന്നു. നിങ്ങൾ അത്ഭുതപ്പെട്ടു പോയേക്കും, ആ കാഴ്ച കണ്ടപ്പോൾ തടവുപുള്ളികളുടെ സ്വാതന്ത്രമില്ലായ്മയെക്കുറിച്ചോർത്ത് ഞാൻ സങ്കടപ്പെട്ടു പോയി !. തടവുകാരെ വച്ച് നോക്കുമ്പോൾ എന്‍റെയവസ്ഥ എത്രയോ പരിതാപകരമാണ്.എന്നിട്ടും അങ്ങനൊരു ചിന്തയിലേക്ക് എത്തിച്ചേരാൻ മാത്രം എന്‍റെ മനസ്സിനെ പരുവപ്പെടുത്തിയത് അവളാണ്. ലോകത്തിലെ ഏറ്റവും നല്ല ഹൃദയമുള്ള സ്പീച്ച് തെറാപ്പിസ്റ്റിനെ തേടി നിങ്ങള്‍ വേറെങ്ങും അലയേണ്ടതില്ല. കടപ്പാട് അവള്‍ക്കു മാത്രം !

പുറം ചട്ടയില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ട് നീലവിഹായസ്സിന്‍റെ സ്വാതന്ത്രത്തിലേക്ക് ചിറകടിച്ചു പറന്നുയര്‍ന്ന ശലഭങ്ങള്‍ വീണ്ടും കൊടും ചൂടില്‍ ചിറകുകള്‍ കരിഞ്ഞു ചത്തു വീണു. ഒരു നെടുവീര്‍പ്പോടെ വീണ്ടുമവള്‍ തലക്കെട്ട് വായിച്ചു –

ശലഭങ്ങള്‍ പാറി നടക്കുമ്പോള്‍ !
(അനുഭവക്കുറിപ്പുകള്‍)

തോമസ്‌ അമ്പാടന്‍ (1976 – 2016)

(അവസാനിച്ചു)

Leave a Reply

Your email address will not be published.